21 August 2020

school notes 15

 

അദ്ധ്യാപനനൈപുണികൾ

[മൊഡുലാർ വിദ്യാഭ്യാസം ]


മിക്കവാറും സ്വയം പൂർണ്ണതയുള്ള ചെറിയ ഭാഗങ്ങളെ സംയോജിപ്പിച്ച് വലിയ ഘടനകളെ പ്രവർത്തനക്ഷമമാക്കലാണ് മോഡുലാർ എന്ന സങ്കൽപ്പം. സാമ്പത്തിക വാണിജ്യരംഗത്ത് ആധുനികകാലത്ത് വളരെ പ്രവർത്തനക്ഷമതയുള്ള ഒന്നാണിത്. ആഗോളസമ്പത്ഘടനയുടെ ഇക്കാലത്ത് വളരെ മെച്ചപ്പെട്ടതെന്ന് തെളിഞ്ഞത്.

വിദ്യാഭ്യാസപ്രവർത്തനങ്ങളിലും ഇതാവാം എന്നു ആധുനികലോകം തിരിച്ചറിഞ്ഞിറിക്കുന്നു. പഠനപ്രവർത്തനസൗകര്യത്തിനായി വലിയ യൂണിറ്റുകളെ ചെറിയ മൊഡ്യൂളുകളാക്കുക. ഓരോ മൊഡ്യൂളും സാമാന്യമായി സ്വയം സമ്പൂർണ്ണതയുള്ളതാവുക. ഓരോ മൊഡ്യൂൾ വെച്ച് പഠിപ്പിക്കുക. കുട്ടിക്ക് പഠന ഭാരം സ്വാഭാവികമായും കുറയും. അദ്ധ്യാപിക ഇതിനാവശ്യമായ തയാറെടുപ്പുകൾക്കുള്ള നൈപുണി നേടണമെന്നു മാത്രം.

ഭാഷാപഠനത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ ഈ വഴിക്ക് ശ്രമം തുടങ്ങിയത്. ആലോചനകളും പഠനങ്ങളും വിപുലമായി നടന്നിട്ടുണ്ട്. തീർച്ചയായും നമ്മുടെ സ്കൂളുകളിലും ഇത് വരും എന്നായിട്ടുണ്ട്. ഉയർന്ന ക്ളാസുകളിൽ സെമസ്റ്റർ രീതികൾ ആലോചിക്കുന്നത് ഇതിന്റെ വെളിച്ചത്തിലാണ്.

കുട്ടിക്ക് പഠനഭാരം കുറയുന്നത് പ്രത്യക്ഷമായി പരീക്ഷാവേളയിലാണ്. ഒരുമൊഡ്യൂൾ പഠിക്കുക , അതിന്റെ മൂല്യനിർണ്ണയം ചെയ്യുക. കിട്ടുന്ന സ്കോർ ഒക്കെയും കൂട്ടിവെക്കുക. മൊത്തം ഉയർന്ന സ്കോറും ഉയർന്ന വിജയവും. കുട്ടിക്ക് ഇഷ്ടപ്പെട്ടതാവും തീർച്ച. ചെറിയ ചെറിയ പരീക്ഷകളിൽ ലഭിച്ച സ്കോറുകളുടെ സങ്കലിതഫലം വലിയ സ്കോറും ഉയർന്ന വിജയവും.

സാമ്പത്തിക ‌‌- വാണിജ്യരംഗത്തെ ഒരു തത്വം വിദ്യാഭ്യാസ രംഗത്ത് പ്രയോഗിക്കുകയാണ് ഫലത്തിൽ. സാമ്പത്തിക - വാണിജ്യ ശാസ്ത്ര തത്വങ്ങളും വിദ്യാഭ്യാസ തത്വങ്ങളും ഒരേപോലെയാണെന്ന് വിചാരിക്കുകയാണ്. രണ്ടും രണ്ട് ചിന്താപദ്ധതികളും രണ്ട് ജ്ഞാനശാസ്ത്രവുമാണെന്ന് മറക്കുന്നു. ശാരീരികശാസ്ത്രം [ കയ്യിലെ എല്ലാ വിരലും ഒരുപോലെയല്ലല്ലോ ] അല്ലെങ്കിൽ പ്രകൃതിശാസ്ത്രം [ ഒരു കൂന്നുണ്ടെങ്കിൽ ഒരുകുഴിയുമുണ്ട് ] സാമ്പത്തിക ശാസ്ത്രവുമായി [ എല്ലാവരും ഒരു പോലെ സമ്പന്നരാവില്ല] സമപ്പെടുത്തുന്നതിലെ അശാസ്ത്രീയത നാമും തിരിച്ചറിഞ്ഞിട്ടില്ലല്ലോ ഇതുവരെ !

പഠനം / അറിവ് സൃഷ്ടിക്കുന്നത് ഭാഗം ഭാഗം ആയിട്ടല്ല, സമഗ്രതയിലാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. യന്ത്രഭാഗങ്ങൾ സംയോജിപ്പിച്ച് യന്ത്രമാകുന്നതുപോലല്ല. സമഗ്രതയിലേ ജ്ഞാനം ഉടലെടുക്കുന്നുള്ളൂ. കുട്ടി അറിവ് നേടുകയാണോ പരീക്ഷക്ക് ജയിക്കലാണോ പ്രധാനം എന്നു തന്നെയാണ് അലോചിക്കാനുള്ളത്.

No comments: