30 September 2008

വൈദ്യോ യമ:... ?

ഒരിക്കല്‍
പണിക്കര്‍ ആഴ്ന്ന ചിന്തയിലാണു.
പണിക്കര്‍ ഇടക്ക് ഗൗരവമായി ചില സംഗതികള്‍ ചിന്തിക്കുന്ന പതിവുണ്ടല്ലോ!
ഇപ്പോ ആലോചന...
കാലനാണോ വൈദ്യനാണോ അധികം ക്രൂരന്‍ എന്നാണു....
ഒടുക്കം തീരുമാനത്തിലെത്തി.
കാലനല്ല.....
കാലന്‍ ജീവന്‍ മാത്രമേ ഏടുക്കൂ....നിര്‍ദ്ദയം തന്നെ ആണതു..
വൈദ്യന്‍ ജീവന്‍ എടുക്കും...അതിനു മുന്‍പ് നിര്‍ദ്ദയം സമ്പത്തും കൈക്കലാക്കും....

പെരുന്നാള്‍ ആശംസകള്‍
സുജനിക

27 September 2008

വിശുദ്ധി/കാരുണ്യം/പ്രാര്‍ഥന/ ആനന്ദം

വിശുദ്ധി/കാരുണ്യം/പ്രാര്‍ഥന/ ആനന്ദം
എല്ലാം തികഞ്ഞ പെരുന്നാള്‍....


ഇന്ന്
വിശുദ്ധിയെന്ന വാക്ക്
കൂടുതല്‍ വെണ്മയെ ഉടുക്കും
കാരുണ്യം കൂടുതല്‍ അലിവുള്ളതാകും
ആനന്ദം എന്ന വാക്ക്മാത്രം
ഇന്നാളിന്റെ ആനന്ദത്തെ മുഴുവന്‍ വഹിക്കാനാകാതെ
ശിരസ്സുകുനിക്കും
നക്ഷത്രങ്ങളുടെ ചെറിയലിപികളില്‍
ഇന്നു രാത്രി മുഴുവന്‍ നിങ്ങള്‍
അനുഗ്രഹത്തിന്റെ കവിത വായിക്കും.


(കവിത: പെരുന്നാള്‍
കവി: വീരാന്‍ കുട്ടി)


എന്റെ വായനാസുഹൃത്തുക്കള്‍ക്ക് പെരുന്നാള്‍ദിന ആശംസകള്‍::സുജനിക

25 September 2008

പണിക്കരും പശുക്കുട്ടിയും

പണ്ട്....
ഇന്നത്തെ സ്റ്റയ്ലന്‍ കക്കൂസുകള്‍ ഉണ്ടാവുന്നതിന്നു മുന്‍പ് ഒരു കാലത്ത്.....
രാവിലെ
പണിക്കത്യാരു കൊടുക്കുന്ന കട്ടങ്കാപ്പി കുടിച്ചുകഴിഞ്ഞാല്‍
പിന്നെ സംശല്ല്യാ....പണിക്കര്‍ക്കു ശോധനക്ക് സമയമായി....
അപ്പോഴേക്കും ഒന്നു മുറുക്കാനുള്ളതു (ഇടിച്ചുകൂട്ടിയതു)ഉം ഒരു ബക്കറ്റ് വെള്ളവും റഡി.പണിക്കര്‍ വെള്ളമെടുത്തു പൊന്തക്കാട്ടിലേക്കു കയറും.പിന്നെ സുഖം...മനോരാജ്യവും അന്നത്തെ പരിപാടികളും, അകായിലെ പ്രാരബ്ധങ്ങളും ഒക്കെ ആലോചിക്കും.....അപ്പോഴേക്കും സുഖം...
പക്ഷെ, ശൗചത്തിന്നു വെച്ച ബക്കറ്റ് വെള്ളം അപ്പോഴേക്കും ഒരു പശുക്കുട്ടി വന്നു കുടിച്ചിരിക്കും..ച്ച്ഹെ...ച്ച്ഹെ...എന്നാവും.
പലപ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോ...
പണിക്കരു തീര്‍ച്ചയാക്കി....ഇങ്ങനെ പറ്റില്ല.....
പിറ്റേന്നു പശുക്കുട്ടിയെ പറ്റിച്ചു......
പണിക്കര്‍ ആദ്യം തന്നെ ശൗചം കഴിച്ചു വൃത്തിയായി ശോധനക്കു കയറി...
പശുക്കുട്ടി വന്നു ബക്കറ്റില്‍ വെള്ളമില്ലെന്നു കണ്ട് ഇളിഭ്യനായി പോകുന്നതു പൊന്തക്കാട്ടില്‍ ഇരിക്കുന്ന പണിക്കര്‍ നിരീക്ഷിച്ചു....
അങ്ങനെയാ പശുക്കുട്ടിയെ പറ്റിക്യാ.....എന്നോടു കളിച്ചാല്‍....ഹും....

22 September 2008

തീരുമാനങ്ങള്‍ നടപ്പാക്കുന്നതു

പണ്ട്.............

ഒരു ദിവസം മൂപ്പില്‍ നായര്‍ ഇന്നത്തെ പരിപാടി നായാട്ടെന്നു തീര്‍ച്ചയാക്കി. നായട്ടിന്നു ഇഷ്ടമ്പോലെ കാടു ഉണ്ട്.സഹായികള്‍ ഉണ്ട്.മേത്തരം തോക്ക്,കത്തി എന്നിവയും.
എല്ലാരും കൂടെ പുറപ്പെട്ടു.
സഹായികള്‍ കാടിളക്കി.
ഒരു മുയല്‍ വഴിയില്‍ ചാടി...
പക്ഷേ, അതല്ല ലക്ഷ്യം.മൂപ്പില്‍ നായര്‍ക്കു പുലിയാണു ഉന്നം..പുലിയെ വെടിവെക്കണം...അതാണു ഗമ...
ഉച്ചവരെ നോക്കി...പുലി പോയിട്ട് എലിപോലും ഇല്ല...
സുഖമായി ഭക്ഷണം കഴിച്ചു...ഒന്നു വിശ്രമിച്ചു...
വീണ്ടും നായാട്ടിനിറങ്ങി....
യജമാനനു പുലിയെ കിട്ടാന്‍ എല്ലാരും ശ്രമം ചെയ്തു....
ഇനി തിരിയെ ഇറങ്ങിയില്ലെങ്കില്‍ മാളികയിലെത്താന്‍ വൈകും....
സഹായികള്‍ക്ക് പരിഭ്രമം ആയി....തിരിച്ചു പോരാറായി....പുലിയെ ത്രനേരമായിട്ടും കണ്ടതുതന്നെയില്ല.
യജനാനന്നു അസാരം മുഷിഞ്ഞു...
അദ്ദേഹം പിന്നെ മറ്റൊന്നും ചിന്തിച്ചില്ല..നിറതോക്ക് ഉന്നം പിടിച്ചു നാലു ദിക്കിലേക്കും നന്നാലു വെടിപൊട്ടിച്ചു...
ങ്ങാ...ങ്ങാ....ഇനി പൂവ്വാ....വേഗം... : യജമാനന്‍.
അപ്പോ പുലി?.....
അതൊക്കെ ഇനി വന്നാല്‍ കൊണ്ടൊട്ടെ...
വെടി വെച്ചിട്ടിട്ടുണ്ട്.....വന്നാ കൊണ്ടോട്ടെ....കൊള്ളും സംശല്യ...
തിരിച്ചു വേഗം കാടിറങ്ങി.

18 September 2008

എപ്പോള്‍ ഭക്ഷണം കഴിക്കാം?

പണ്ട്.....
ച്ചാല്‍ അത്ര പണ്ടല്ല......

മണ്ണാനു വയസ്സായി..പണിയൊന്നും എടുക്കാന്‍ വയ്യ.എന്നാലോ എന്നും തിരക്കുപണികള്‍ ഉണ്ടുതാനും...മതിലു,ചുമരു,തേപ്പ്,നിലം പണി.......
ഒരുദിവസം മതിലു (കയ്യാല) കെട്ടുന്ന പണിയാണു.സഹായികള്‍ ഉണ്ട്..ഉരുളന്‍ കല്ലും കുഴച്ചമണ്ണും ഉപയോഗിച്ചാണു മതിലു പണി..നല്ല ഉഷാറില്‍ സഹായികള്‍...
പക്ഷെ, നല്ല മഴ...പെരുമഴ.. അതൊന്നും കൂസാതെ മണ്ണാന്‍ പണിയിലാണു..
മണ്ണു മതിലാണു...കെട്ടും തോറും മഴയില്‍ കൊഴകൊഴാ ന്നാണു.കുറേശ്ശെ ആടുന്നുണ്ട് മതില്‍....
ആട്ന്നിടത്തൊക്കെ കൊഴമണ്ണു തേച്ച് ഉറപ്പിക്കാന്‍ നോക്കുന്നുണ്ട്...രണ്ടു കയ്യും പരത്തിവെച്ചു ആട്ടം പിടിച്ചു നിര്‍ത്തുന്നുണ്ട്....മണ്ണാന്‍.
ഉച്ചായ്പ്പോഴേക്കും
കെട്ടിയിടത്തോളം കുഴഞ്ഞു ആടി ..ദാ കെടക്കുണൂ...
ആവൂ....വീഴേ....ന്നാ കുട്ടാണിയ്യേ....വീണേന്നു കല്ലൊക്കെ പെറുക്കിക്കൂട്ടി വെച്ചു ഊണുകഴിക്കാന്‍ പോരേ...
ഇനി കെട്ടലു അതു കഴിഞ്ഞിട്ടാകാം...

16 September 2008

ആശാരിപ്പണി

അത്ര പണ്ടല്ല.......
ഒരുപാട്ദിവസം കാത്തിരുന്നിട്ടാ
പണിക്ക് ആശാരിയെ കിട്ടിയതു...
മിടുക്കനൊന്നും അല്ല...എന്നാലും ആശാരിക്കു ആശാരിതന്നെ വേണ്ടേ...
വന്നു...സന്തോഷായി....ലോഗ്യം പറഞ്ഞു..
ഒന്നു മുറുക്കി..
പണി തുടങ്ങി..വന്നാല്‍ പിന്നെ നന്നായി ജോലി ചെയ്യും. (വന്നു കിട്ടാനാ പാട്)
ഒരു ചെറിയ മരത്തടിയാണു...
അതു പൊളിച്ചു ചെത്തി ശരിയക്കണം..
മഴു തേച്ച് മൂര്‍ച്ച കൂട്ടി വയം നോക്കി അളവു നോക്കി. നൂലിട്ട് വരച്ചു..തൊട്ടു തൊഴുതു
ഒരൊറ്റവെട്ട്...
മഴു മരത്തില്‍ കുടുങ്ങി....
ഇളക്കി...വലിച്ചു....കിട്ടിയില്ല...
പിന്നെയും ഒരു പാടു ശ്രമിചു..
ഇളക്കി...പിടിച്ചു... വലിച്ചു...മരം തിരിച്ചിട്ടു....കുലുക്കി...മഴുത്തായ മുറിഞ്ഞു....കുറ്റിവെച്ചിളക്കി....മേടി നോക്കി..കല്ലിട്ടു കുത്തി...വലിച്ചു.വിയര്‍ത്തു....ചായകുടിച്ചു....മുറുക്കി...ഉച്ചക്കു ഊണു കഴിച്ചു...ഒന്നു മയങ്ങി....ഇളക്കി....ആട്ടി...കല്ലുവെച്ചു കുത്തിയിളക്കി....മരം തന്നെ ഇളക്കി...ചെരിച്ചിട്ടു....മറിച്ചിട്ടു...പ്രാര്‍ഥിചു..ശപിച്ചു....തെറിവിളിച്ചു....ഇളക്കി....കരഞ്ഞു....പ്രാകി.....തുപ്പി....പിടിച്ചു വലിച്ചു....
ആവൂ....ഊരിപ്പോന്നു.....
സന്ധ്യായി....ശരിക്കും ക്ഷീണിച്ചു.....കൂലി വാങ്ങി...
ന്നാ നാളെ കാണാം എളാരേ.......

എളാരു=ഇളയനായര്‍...ബഹുമാനംകാണിക്കുന്ന വിളി.

13 September 2008

വ്യാഖ്യാനങ്ങളുടെ പ്രസക്തി

ഒരിക്കല്‍
ഒരാള്‍ ചന്തയില്‍ നിന്നു നല്ലോരാടിനെ വിലപേശി വാങ്ങി.ചുറ്റും നിന്നവര്‍ അസൂയപ്പെട്ടു.ഭാഗ്യവാന്‍...എന്തു നല്ല ആട്.ചെറിയ വിലയും...ഭാഗ്യം....ഭാഗ്യം...
അസൂയക്കാരില്‍ ചിലര്‍ ഈ ആടിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടു....
അയാള്‍ ആടിന്നു തീറ്റിയും കൊടുത്തു സന്തോഷമായി വീട്ടിലേക്ക് പോന്നു.
വഴിയില്‍ വെച്ചു ഒരാള്‍:എന്താടോ....ആടിനെ വാങ്ങുന്നു എന്നു പറഞ്ഞ് എന്താപ്പോ ഈ പട്ടിയെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: ഏയ്...എന്താ ദ് കാണിക്കണു..പട്ടിയെ കയറിട്ടു നടത്തരുതു...ചങ്ങല വേണം...അല്ലെങ്കില്‍ കടിക്കും.
നല്ല പട്ടി...നാലു ചെവിയുള്ള പട്ടി വീടു മുടിക്കും..എന്തിനാ ഇതിനെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: നന്നായി ...ഇപ്പൊ ആളുകള്‍ നല്ല പട്ടികളെ വാങ്ങുന്ന കാലമാ..തനിക്കു ഭാഗ്യം ഉണ്ട്..നല്ലതു തന്നെ കിട്ടിയല്ലോ..ചെന്നു നന്നയി കുളിപ്പിച്ചു ചോറു കൊടുക്കണം..ഇടക്കു അല്‍പ്പം മാസവും..വീടു നോക്കിക്കൊള്ളും..നന്ദിയുള്ളതാ പട്ടി.
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.

എല്ലാരും ഇങ്ങനെ പറയുമ്പോള്‍....ഇതു പട്ടിയാണോ എന്നു മൂപ്പര്‍ സംശയിച്ചു..സംശയം കൂടി...ആടിനെ സൂക്ഷിച്ചു നോക്കി..അതു പട്ടിയാണെന്നു ഉറപ്പിച്ചു..
പിന്നൊന്നും ചിന്തിച്ചില്ല..താന്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലായി..ആടിനെ കെട്ടാഴിച്ചു വിട്ടു.
ഒളിച്ചു പിന്നാലെ വന്നിരുന്ന കള്ളന്മാര്‍ ആടിനെ പിടിച്ചു കൊണ്ടും പോയി.അവര്‍ക്കന്നു കുശാലായി.

11 September 2008

ഓണപ്പിറ്റേന്ന്

ഓണം പോയ്......
ഓണം പൊയ്യ്......ഓട്ടക്കയ്യാ...
വീട്ടിക്കൊണ്ടക്കടാ ചെരട്ടക്കയ്യീ....

പ്രതീക്ഷകളുടെ പൊന്നോണം


10 September 2008

തിരുവോണം

തുമ്പീ,തുള്ളുക,തുള്ളിയാര്‍ക്കുക,
രസമ്മുറ്റുന്ന കാറ്റേ, മലര്‍ത്തുമ്പേ,
കമ്പിത കമ്രകുഡ്മളദളാനമ്മ്രേ,
പതിഞ്ഞാടുക!
എന്‍പച്ചക്കിളി ഒന്നുവായ്ക്കുരയിടൂ,
നില്‍ക്കുന്നു മുറ്റത്തതാ മുന്‍പില്‍
സ്വാര്‍ജ്ജിതനിര്‍ജ്ജരാജ്ജുന യശോവൃദ്ധന്‍
ബലിത്തമ്പുരാന്‍!
(വൈലോപ്പിള്ളി കവിത )

ഓണാശംസകളോടെ
സുജനിക

07 September 2008

രുചി കാര്‍ഷികം

പണ്ട്...

ഓണത്തിന്നു കാഴച്ചക്കുല ഒഴിച്ചുകൂടാനാവാത്തതാണു.കുടിയാന്‍ ജന്മ്മിക്കു....അടിയാന്‍ ഉടയോനു...സാധാരണക്കാര്‍ പ്രഭുക്കള്‍ക്കു അസ്സ്ലൊരുകുല നേന്ത്രക്കാ കാഴ്ച്ചയായി എത്തിക്കും...എത്തിക്കണം.പ്രഭു...തമ്പുരാന്‍ തിരിച്ച് ഓണപ്പുടവ..ഓണസ്സദ്യ എന്നിവ നല്‍കുകയും ചെയ്യും.

ഒരിക്കല്‍ ഒരു തമ്പുരാന്‍ തനിക്കു കിട്ടിയ ഓണക്കുല പഴുപ്പിച്ചു
കറുത്തപുള്ളി വീണ പഴം തെരെഞ്ഞെടുത്ത് (നല്ല പാകം വന്ന പഴം എന്നര്‍ഥം)...ഒരണ്ണം 3 ആയി മുറിച്ചു ചെമ്പില്‍ ആവിയില്‍ വേവിച്ചു.ചൂടാറിയപ്പോള്‍ കാച്ചിയപപ്പടവും കൂട്ടി കുഴച്ചു ചെറിയ ഉരുളയാക്കി തിന്നു.
(പണ്ടല്ലെ...12 പഴനുറുക്കും 24 പപ്പടവും കൂട്ടികുഴക്കുഴച്ചു ഒരു ഉരുളയാക്കിയാല്‍ ഒരു 'ചാണ' എന്നാണു അളവു പറയുക.ഇങ്ങനെ ഒരു 20 ചാണ...22 ചാണ യൊക്കെയാണു ഓണക്കാലത്തു കാരണവര്‍ക്കു പ്രാതല്‍.)

തിന്നുകഴിഞ്ഞപ്പോള്‍ തമ്പുരാണു തൃപ്തിയായില്ല. പഴം നന്നു.സ്വാദുണ്ട്...നന്നു...മധുരം ണ്ട്...പക്ഷെ എന്തോ ഒരു കുറവ്...എന്താവാം...അലോചിച്ചു
പെട്ടെന്നു തിരിച്ചറിഞ്ഞു..വേനക്കാല്‍ത്തു കുളം വറ്റിയപ്പോ ഒരു നന കുറവായി....അതാണു കാരണം...

കാര്യസ്ഥനെ വിട്ടു അന്വേഷിപ്പിച്ചു...സംഗതി ശരിതന്നെ...ഒരു നന കുറവുണ്ടായിട്ടുണ്ട്....

(ഒന്നിടവിട്ട ദിവസങ്ങളില്‍ നേന്ത്രവാഴക്കു നല്ലവണ്ണം വെള്ളം നനക്കണം. ഇതിനു 'നന' എന്നു ചുരുക്കിപ്പറയും)

പി.എസ്.
ഇന്നൊക്കെ എത്ര നന കുറഞ്ഞാലും ആളുകള്‍ വാങ്ങി തിന്നോളും അല്ലെ?

05 September 2008

ജലസം ഭരണി

പണ്ട്....
ഇന്നും?

സദ്യക്കു തൈരുവേണം..100 കുടം...കേമായിട്ടുള്ള സദ്യ...ഓണമല്ലേ...കുടിയാന്മാരൊക്കെ ഉണ്ടാവും ഉണ്ണാന്‍...അതുകൊണ്ട് എല്ലാരും നാളെ ഓരോ കുടം തൈര്‍ കൊണ്ടുവരണം...തമ്പുരാന്‍ കാര്യസ്ഥന്മാരെ ശട്ടം കെട്ടി.അമാന്തിക്കരുതു.
മിടുക്കനായ ഒരു കാര്യസ്ഥന്‍ ഒരു സൂത്രം കണ്ടെത്തി.തമ്പുരാന്റെ കല്‍പ്പന നിരസിക്കാനാവില്ല.പക്ഷെ,ഒരുകുടം തൈര്‍....എന്താ ചെലവ്....നടക്കില്ല...പകരം ഒരു കുടം വെള്ളം കൊണ്ടു പോകാം....എല്ലാരും തൈര്‍ കൊണ്ടു വരും ..അപ്പൊ തന്റെ ഒരുകുടം വെള്ളം ആരും ശ്രദ്ധിക്കില്ല...സൂത്രം സൂത്രം...
പിറ്റേന്നു എല്ലാരും തൈര്‍ക്കുടവുമായി വന്നു..തമ്പുരാനു സന്തോഷം...കാര്യസ്ഥന്മാരില്‍ അഭിമാനം...
എല്ലാരും തൈര്‍ വലിയൊരുകുടത്തില്‍ ഒഴിച്ചുവെച്ചു..അടച്ചും വെച്ചു.
സമയമായപ്പോള്‍ ദേഹണ്ണക്കാര്‍ കുടം തുറന്നു....അന്തം വിട്ടു....വലിയൊരുകുടം നിറയെ ശുദ്ധജലം...ഇതുകൊണ്ട് കാളനെങ്ങനെ വെക്കും???