26 May 2012

പരിസ്ഥിതി പഠനങ്ങള്‍ - ഭാഷാക്ളാസുകളില്‍


പുതിയ കരിക്കുലം തയ്യാറാക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ ദേശീയതലത്തിലും അതോടൊപ്പം സംസ്ഥാനത്തും പാഠ്യവിഷയങ്ങളില്‍ പരിസ്ഥിതി സംബന്ധമായ അവബോധവും പരിസ്ഥിതി സംരക്ഷണത്തിന്നുള്ള പ്രവര്‍ത്തനങ്ങളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയേ പറ്റൂ എന്ന് തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസം കുറേകൂടി മികച്ച സാമൂഹ്യജീവിതം ഉണ്ടാക്കിയെടുക്കാന്‍ പര്യാപ്തമാകണമെന്ന ലക്ഷ്യത്തിലൂന്നിയാണിത്. അറിവ് വ്യക്തിപരവും സാമൂഹ്യവുമായ ജീവിതം മെച്ചപ്പെടുത്താനാവുന്നതുമാണെങ്കിലേ അതിനെ മികച്ചത്, കാലാനുസൃതമായത്, സാമൂഹ്യമായി ബന്ധപ്പെട്ടത് എന്നൊക്കെ പറയാനാവൂ. പഠിക്കാനുള്ള നിരവധിപാഠങ്ങളില്‍ ഒന്നുരണ്ടെണ്ണം [ ഭാഷയിലോ സാമൂഹ്യശാസ്ത്രത്തിലോ ] പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതെന്ന പഴയ ഫോര്‍മുല പിന്തുടരുന്നതില്‍ കാര്യമില്ല. പരിസ്ഥിതി നാശംപോലുള്ള സാമൂഹ്യപ്രശ്നങ്ങള്‍ ഏതെങ്കിലും ഒരു പാഠത്തില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ച് പരിഹാരം കണ്ടെത്താനാവുകയില്ല എന്ന ബോധ്യമാണിതിന്നു പിന്നില്‍ പ്രവൃത്തിച്ചത്.പരിസ്ഥിതിനാശം മാത്രമല്ല; നിത്യജീവിത വൃത്തത്തില്‍ മനുഷ്യന്‍ ഇടപെടേണ്ടിവരുന്ന നിരവധി സാമൂഹ്യ പ്രശ്നങ്ങളുണ്ട്. അതിലൊന്നുമാത്രമാണ്` പരിസര/പ്രകൃതി-നാശം/മലിനീകരണം എന്നിങ്ങനെ പരിസ്ഥിതിയുമായി നേരിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
പാഠഭാഗങ്ങളില്‍ ഈ വിഷയം രണ്ടുതരത്തില്‍ പ്രധാനമായി ഉള്‍പ്പെടുന്നു. ഒന്ന്) പരിസ്ഥിതിനാശം- പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സംഗതികളിലെ ദത്തങ്ങളുമായി ബന്ധപ്പെട്ടവ. കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണിത് . രണ്ട്) രൂപീകരിക്കുന്ന അവബോധം പ്രത്യക്ഷ കര്‍മ്മങ്ങളുമായി - ഇടപെടലുകളുമായി ബന്ധപ്പെട്ട് ക്ളാസ് മുറിയിലും പുറത്തും ചെയ്യാവുന്ന- ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവ. ആദ്യത്തേത് പാഠവും രണ്ടാമത്തേത് പാഠം പഠിക്കാനുള്ള പ്രവര്‍ത്തനങ്ങളുമാണ്`. പാഠഉള്ളടക്കവും പാഠപ്രവര്‍ത്തനങ്ങളും പ്രക്രിയാബന്ധിതമായിരിക്കും. അതുകൊണ്ടുതന്നെ പാഠങ്ങള്‍ കേവല വിജ്ഞാനം സ്വീകരിക്കാലല്ലാതെ വിജ്ഞാന നിര്‍മ്മാണമായി സജിവത കൈവരിക്കുന്നു.
ഭാഷാക്ളാസുകളില്‍ 'കന്നിക്കൊയ്ത്ത്' , 'അരിശ്രീ', കൃഷിക്കാരന്‍ ' എന്നീ പാഠങ്ങള്‍ [ കേരളപാഠാവലി , ക്ളാസ് 8] [നിശ്ചയമായും മറ്റു പല പാഠങ്ങളും ]ഇതിനുദാഹരണമാണ്`. പരിസ്ഥിതി- പ്രകൃതി സ്നേഹം, പ്രകൃതി സൗന്ദര്യം, മനുഷ്യന്ന് കാര്‍ഷികവൃത്തി ഒരു സാംസ്കാരിക ഘടകം എന്നനിലയില്‍ , നശിപ്പിക്കപ്പെടുന്ന പ്രകൃതി, വ്യവസായ യുഗത്തില്‍ പ്രകൃതിക്കും കാര്‍ഷിക സംസ്കാരത്തിനും ഉണ്ടാക്കുന്ന ഉടവുകള്‍, പ്രകൃതിയുടെ നാശം മനുഷ്യജീവിതത്തില്‍ വരുത്തിവെക്കുന്ന ആകുലതകള്‍, എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി വൈകാരിക- ഭൗതിക ദത്തങ്ങള്‍ ഈ പാഠങ്ങള്‍ കുട്ടിക്ക് നല്കുന്നു. ഈ ദത്തങ്ങള്‍ [ വൈകാരികവും, ഭൗതികവും ] വള്ളിപുള്ളി തെറ്റാതെ മനസ്സിലാക്കിവെക്കലും അത് പരീക്ഷകളില്‍ തെറ്റാതെ എഴുതിച്ചേര്‍ക്കലും മാത്രമായി ക്ളാസുകള്‍ അവസാനിക്കുന്നില്ല. ഉള്ളക്കത്തിലെ ഒന്നാം ഭഗം മാത്രമാണിത്. രണ്ടാം ഭാഗം ഈ മനസ്സിലാക്കലുകള്‍ പ്രവര്‍ത്തനങ്ങളായി മാറലാണ്`. അത് ചിലപ്പോള്‍ 'എന്റെ മരം ' പദ്ധതിയില്‍ ഉഷാറായി കുട്ടികള്‍ പങ്കെടുക്കലാകാം. [ വിദ്യാഭ്യാസരംഗത്തുണ്ടായ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു ' എന്റെ മരം' . എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന്ന് ക്ളാസ്‌‌റൂം ആക്ടിവിറ്റികള്‍ ഇതുമായി കോര്‍ത്തുപിടിച്ച് ഉണ്ടായി. ക്ളാസ്‌‌മുറിയില്‍ മാത്രമല്ല വീട്ടിലും നാട്ടിലും കുട്ടികള്‍ക്കിത് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കി. ] സ്കൂള്‍ വളപ്പില്‍ ഒരു ചെറിയ പച്ചക്കറിത്തോട്ടം നട്ടുനനച്ച് വളര്‍ത്തിയെടുക്കലാകാം. പ്രകൃതിനാശവുമായി ബന്ധപ്പെട്ട ദിനപത്രവാര്‍ത്തകള്‍ ചര്‍ച്ച ചെയ്യലോ പത്രാധിപകര്‍ക്ക് ഒരു കത്ത് തയ്യാറാക്കലോ ആവാം. സ്കൂളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു കയ്യെഴുത്ത് മാസികയില്‍ ഒരു ലേഖനം എഴുതലാവാം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്ന ഒരു കൂട്ടം സിനിമകള്‍ കാണിക്കുന്ന ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കലാകാം. കുട്ടികള്‍ കൂട്ടായി ഒരു വീഡിയോ ഫിലിം നിര്‍മ്മിക്കലാവാം. അവനവന്റെ വീടിന്നടുത്തുള്ള വായനശാലയിലോ ക്ളബ്ബിലോ നടക്കുന്ന പ്രസ്ഥിതി ദിനാചരണത്തില്‍ ഉഷാറായി പങ്കെടുക്കലാവാം. സ്വന്തം വീട്ടില്‍ ഒരു മരം വെച്ചു പിടിപ്പിക്കലാവാം. ഒരു നാടകം രചിച്ച് അവതരിപ്പിക്കലാവാം. മുദ്രാവാക്യ രചനയാവാം. പോസ്റ്റര്‍ നിര്‍മ്മാണമാവാം. അനവധി സാധ്യതകള്‍ പ്രവര്‍ത്തനങ്ങളായി മാറുന്ന പാഠമായി പാഠപുസ്തകത്തിലെ ഒരു സംഗതി വളരുകയാണ്`.
പാഠങ്ങളും രണ്ടുതരത്തില്‍ കാണാം. ഒന്ന്) പരിസ്ഥിതിവിഷയങ്ങളുമായി നേരിട്ട് ബന്ധമുള്ളവ. 'മുല്ലവള്ളിയും മാന്‍കിടാവും, കടമ്മനിട്ട, സൗന്ദര്യപൂജ തുടങ്ങിയ പാഠങ്ങള്‍. പരിസ്ഥിതി, പ്രകൃതി - ഇവകളുടെ സൗന്ദര്യം, ഇവകളുടെ നാശം / സൗന്ദര്യാസ്വാദനം, നാശത്തിലുള്ള വൈകാരികാവസ്ഥകള്‍ / സംരക്ഷിക്കുന്നതിന്റെ ഉദാഹരണങ്ങള്‍, വളര്‍ത്തിയെടുക്കന്നതിന്റെ ഉദാഹരണങ്ങള്‍.... എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ്` ഈ ഇനം.' മലയാളം എന്ന കവിത [ പാഠം] ഇതിന്നുദാഹരണമാണല്ലോ. രണ്ട്) പാഠഭാഗത്ത് ആനുഷംഗികമായി വരുന്ന പരിസ്ഥിതി പ്രശ്‌‌നങ്ങള്‍ / പരിസ്ഥിതി സൂചനകള്‍.'ഭൂമിയുടെ അവകാശികള്‍' പോലുള്ള പാഠങ്ങള്‍ ഈ ഇനത്തില്‍ പെടുമെന്ന് കരുതാം. ശാസ്ത്ര - സാമൂഹ്യ പാഠങ്ങളില്‍ പരിസ്ഥിതി നാടിന്റെ വികസനവുമയി ബന്ധപ്പെട്ടാണ്` കടന്നുവരിക.
ഭാഷാക്ളാസുകളില്‍ ഭാഷാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഭാഷയിലൂന്നിയ ഉല്പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്കിയണ്` അധ്യാപകര്‍ ഈ പാഠം പഠിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക. എല്ലാ നിലവാരത്തിലും പെട്ട കുട്ടികള്‍ക്ക് ഒരുപോലെ പങ്കെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കും. ഒറ്റക്കും കൂട്ടായും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കും. ചെറിയക്ളാസുകള്‍ മുതല്‍ മുതിര്‍ന്ന കള്ലസുകളില്‍ വരെ ഈ പ്രവര്‍ത്തനങ്ങള്‍ [ അതാത് തലത്തിന്ന് അനുയോജ്യമായ നിലവാരത്തില്‍ ] നിരന്തരം തുടരും.
ഭാഷാപഠനം വിവിധ വ്യവഹാരരൂപങ്ങളില്‍ പ്രാവീണ്യം നേടുന്നതിന്നാണ്`. പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി നാശം, പ്രകൃതി സൗന്ദര്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ക്ളാസില്‍ കൈകാര്യം ചെയ്യുന്നത് - നിവേദനം, കത്ത്, തിരക്കഥ, പത്രവാര്‍ത്ത, നോട്ടീസ്, പോസ്റ്റര്‍, പട്ടിക, പട്ടിക വിശകലനം, ആസ്വാദനക്കുറിപ്പ്, ഉപന്യാസം, പ്രസംഗം, ശീര്‍ഷകരചന എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ്`. ഈ പ്രവര്‍ത്തനങ്ങളൊക്കെയും - ഭാഷാ പഠനം- വ്യവഹാര പരിശീലനങ്ങളാണ്`. ശാസ്ത്രീയമായ പരിസ്ഥിതി ബോധം ഉണ്ടാവുകയും അത് ഭാഷാപഠനത്തിലൂടെ പ്രവര്‍ത്തനങ്ങളായി മാറുകയുമാണ്`. ഇതിന്റെ തുടര്‍ച്ച ഇനിയുള്ള നാളുകളില്‍ കുട്ടി ജീവിക്കുന്ന സമൂഹത്തില്‍ ഉണ്ടാവുകയാണ്`. പാഠം ആദ്യം ക്ളാസിലും പിന്നീട് ക്ളാസിനുപുറത്തും പഠിപ്പും പരീക്ഷയും ഒക്കെ കഴിഞ്ഞാലും കുട്ടിയില്‍ സമൂഹത്തിനുകൂടിവേണ്ട അറിവായി വികസിക്കുകയാണ്`. മനുഷ്യജീവിതത്തിന്ന് ആവശ്യമായ- അനുപേക്ഷണീയമായ അറിവും ഇടപെടലും കൂടിയായി മാറുകയാണ്`. പരിസ്ഥിതി ബോധം 'നാളത്തെ പൗരനില്‍ ' സംസ്കാരമായി ഊറിക്കൂടുകയാണ്`. വീണ്ടും അത് കഥയായും കവിതയായും സാമൂഹ്യപ്രവര്‍ത്തനമായും ഒക്കെ പുനര്‍ജ്ജനിക്കുകയാണ്`.
' കസ്തൂരിക്കുറിപൂശുന്ന
വരമ്പിന്‍ വക്കിലൊക്കെയും
കാല്‍വെപ്പിനാല്‍ പൂനിരത്തീ
രമ്യ ശാരദകന്യക.'