Showing posts with label TEXTBOOKS. Show all posts
Showing posts with label TEXTBOOKS. Show all posts

05 July 2012

കഥകളിയിലെ ആഹാര്യം


'ചെറുതായില്ല ചെറുപ്പം ' എന്ന പാഠം [ പത്താം ക്ളാസ്- കേരളപാഠാവലി- യൂണിറ്റ് 1 ] കേരളത്തിലെ ദൃശ്യകലകള്‍, ആട്ടക്കഥ... എന്നിവയില്‍ കൂടി ഊന്നിക്കൊണ്ടുള്ളതാണ്`. കഥകളി നമ്മുടെ സ്വന്തമായ വിശ്വപ്രസിദ്ധ കലാരൂപമാകുന്നു. അതുകൊണ്ടുതന്നെ ക്ളാസില്‍ കഥകളിയിലെ ആഹാര്യരീതിയും പാഠഭാഗത്തെ ചിത്രവും താരതമ്യം ചെയ്യുമെന്നത് സ്വാഭാവികം.

കഥകളിയിലെ വേഷം :
നാട്യധര്‍മ്മിക്കനുസൃതമായ ആഹാര്യമാണ്` കഥകളിക്ക് പ്രയോജനപ്പെടുത്തുന്നത്. പാത്രസ്വഭാവം, ഭാവപ്രകടനത്തിന്നനുയോജ്യം, അലൗകികത എന്നീ അംശങ്ങള്‍ ഉള്‍ച്ചേരുന്നതാണ്` കഥകളി വേഷം.കഥകളിയില്‍ വരുന്ന നൂറുകണക്കിന്ന് കഥാപാത്രങ്ങളെ പച്ച, കത്തി, താടി , മിനുക്ക് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. വിഭജനം ഇങ്ങനെയാണെങ്കിലും ഓരോ വേഷങ്ങള്‍ക്കും [ കഥാപാത്രങ്ങള്‍ക്കും ] ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട്.
വേഷം
പ്രധാന കഥാപാത്രങ്ങള്‍
പച്ച
ശ്രീകൃഷ്ണന്‍, ബലരാമന്‍, രാമലക്ഷമണന്‍മാര്‍, കുശലവന്‍മാര്‍, അര്‍ജുനന്‍, നളന്‍, വസുദേവര്‍, ജയന്തന്‍, ദേവേന്ദ്രന്‍, വൈശ്രവണന്‍, രുഗ്മാംഗദന്‍, കര്‍ണ്ണന്‍.... [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
കത്തി
രാവണന്‍, കീചകന്‍, ശിശുപാലന്‍, ദുര്യോധനന്‍,നരകാസുരന്‍.....
താടി
ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, നരസിംഹം, ഹനുമാന്‍, കലി, സുദര്‍ശനം,കാട്ടാളന്‍, കിരാതന്‍, സിംഹിക, നക്രതുണ്ഡി,നന്ദികേശ്വരന്‍, ........ [ നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]
മിനുക്ക്
സ്ത്രീവേഷങ്ങള്‍, മഹര്‍ഷിമാര്‍, ദൂതന്‍, ഭീരു, ആശാരി, മണ്ണാന്‍, മല്ലന്‍, ചണ്ഡാളന്‍, ..... [നേരിയ വ്യത്യാസങ്ങള്‍ എല്ലാറ്റിനും ഉണ്ട് ]]

ആഹാര്യം : നിര്‍വഹണം

കഥകളി അരങ്ങില്‍ ആരംഭിക്കുന്നതിന്ന് 3-4 മണിക്കൂര്‍ മുമ്പേ വേഷം ഒരുങ്ങാന്‍ തുടങ്ങണം. വേഷം ഒരുങ്ങുന്നത് അണിയറയിലാണ്`. മുഖത്തെഴുത്തിന്നുള്ള സാമഗ്രികള്‍, ഉടുത്തുകെട്ടിന്നുള്ള വസ്ത്രവകകള്‍, കേശാലങ്കാരങ്ങള്‍, കിരീടങ്ങള്‍ എന്നിവയൊക്കെ അണിയറയില്‍ ഒരുക്കിവെച്ചിരിക്കും.

വേഷം ഒരുങ്ങുന്നത് ആദ്യഘട്ടത്തില്‍ നടന്‍ സ്വയം തന്നെയാണ്`. അണിയറയില്‍ വിരിച്ചിട്ട പായില്‍ , നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നാണ്` ഒരുക്കം തുടങ്ങുക. ഒരുക്കം മുഴുവനായും വളരെ ഭക്ത്യാദരപൂര്‍വം ആയിരിക്കും നിര്‍വഹിക്കുക.നടന്റെ മനസ്സില്‍ നിറഞ്ഞ പ്രാര്‍ഥന ഉണ്ടാവും. നെറ്റിയില്‍ മനയോലകൊണ്ട് ഗോപി വരച്ച് കണ്ണും പുരികവും മഷികൊണ്ടെഴുതി കവിളില്‍ അരികിട്ട് മനയോലതേച്ച് ചുണ്ട് ചുവപ്പിച്ച് ചുട്ടിക്ക് തയ്യാറാകും.
ചുട്ടി ചെയ്യുന്നത് സ്വയം അല്ല. അതിന്ന് വൈദഗ്ദ്ധ്യമുള്ള ചുട്ടിക്കാരന്‍ ഉണ്ടാവും. കവിളില്‍ അരികിട്ടതില്‍ കണക്കൊപ്പിച്ച് അരിമാവുകൊണ്ട് ചുട്ടി ചെയ്യും. പണ്ടുകാലത്ത് ചുട്ടി മുഴുവന്‍ അരിമാവുകൊണ്ടായിരുന്നു. ഇപ്പോള്‍ പരിഷ്കാരങ്ങളുടെ ഭാഗമായി കട്ടിക്കടലാസ് കൊണ്ട് മനോഹരമായ ചുട്ടി പിടിപ്പിക്കും.ഇതിന്ന് ഒന്നര- രണ്ടു മണിക്കൂര്‍ സമയമെടുക്കും. [ കത്തി താടി വേഷങ്ങള്‍ക്ക് മൂക്കത്ത് കെടേശം വെക്കും ] ചുട്ടികഴിഞ്ഞാല്‍ മുഖത്തേപ്പുകള്‍ ഒന്നുകൂടി മിനുക്കി കണ്ണില്‍ ചുണ്ടപ്പൂവിടും.
ഇനിയാണ്` ഉടുത്തുകെട്ട് . കാലില്‍ തണ്ടപ്പതപ്പ്, കച്ചമണി എന്നിവ കെട്ടി അടിയുടുപ്പുകള്‍ ധരിക്കും. അരക്കുചുറ്റും കച്ച കെട്ടി [ ഏകദേശം 5 മീറ്റര്‍] ഉള്ളുവാലും പുറംവാലും ധരിക്കും. പിന്നെ അതിനുമുകളില്‍ പാവാടഞൊറിഞ്ഞ് ചേര്‍ത്ത് ഉറപ്പിക്കും. തുടര്‍ന്ന് പട്ടുവാല്‍ കെട്ടും. പാവാടക്ക് മുന്നില്‍ വില്ലിന്റെ ആകൃതിയിലുള്ള വളച്ചുവെപ്പ് വെക്കും. ഇതെല്ലാം കച്ചകൊണ്ടാണ്` മുറുക്കുന്നത്. ഇത്രയുമായാല്‍ 'ഉടുത്തുകെട്ട്' കഴിഞ്ഞു. കഥാപാത്രം, തലയില്‍ വെക്കുന്ന കിരീടം എന്നിവയുടെ ഗാംഭീര്യം എന്നിവക്കനുസരിച്ച് ഉടുത്തുകെട്ടിന്ന് വലിപ്പം നിശ്ചയിക്കും. പച്ചക്ക് ഒരല്പ്പം ചെറുതും ചുകന്ന താടിക്ക് വളരെ വലുതുമായ ഉടുത്തുകെട്ട് ആയിരിക്കും ഒരുക്കുക.

ഉടുത്തുകെട്ട് കഴിഞ്ഞാല്‍ കുപ്പായം വള ഹസ്തകടകം എന്നിവ ധരിക്കും. ഭുജത്തില്‍ തോള്‍പ്പൂട്ട് , പരുത്തിക്കായ് മണി എന്നിവ കെട്ടും. കഴുത്തില്‍ കൊരലാരം, കഴുത്തുനാട, കഴുത്താരം, എന്നിവയും ചെവിയില്‍ തോട, ചെവിപ്പൂവ്, നെറ്റിയില്‍ നെറ്റിനാട എന്നിവയും പിന്നീടണിയും. തലമുടി കെട്ടി ഭക്ത്യാദരപൂര്‍വം കിരീടം അണിയും. തുടര്‍ന്ന് ഉത്തരീയങ്ങള്‍, നഖങ്ങള്‍ എന്നിവ ധരിക്കും. ഇത്രയുമായാല്‍ വേഷം ഒരുങ്ങി എന്നു പറയാം. നടന്‍ കഥാപാത്രമായി മാറുകയായിരുന്നു ഇതുവരെ. മികച്ച നടന്‍മാരൊക്കെ ഏതുപ്രായത്തിലും ഇത്രയും വേഷവിധാനങ്ങളോടെ 2-3 മണിക്കൂര്‍ അരങ്ങില്‍ കളിച്ചാലും ഈ ഉടുത്തുകെട്ടിനോ ചുട്ടിക്കോ കിരീടത്തിനോ ഒരു ഉലച്ചില്‍ പോലും സംഭവിക്കില്ല.

പാഠചിത്രം

ഇത്രയും വിശദമായ വേഷവിധാനങ്ങളെ കുറിച്ച് അറിയുമ്പോഴാണ്` പാഠത്തിലെ ചിത്രം നമ്മുടെ മുന്നില്‍ കാണുന്നത്. [ ഹംസത്തിന്റേയും ദമയന്തിയുടേയും ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തത് കൂടെ ചേര്‍ക്കുന്നു.കടപ്പാട് സൂചിപ്പിക്കുന്നു. ]




ഇന്ത്യന്‍ ചിത്രകാരന്മാരമ്മാര്‍ക്കെല്ലാം പ്രിയപ്പെട്ട വിഷയമായിരുന്നു ' ഹംസവും ദമയന്തിയും' . രാജാ രവിവര്‍മ്മയുടെ ദമയന്തി വളരെ പ്രസിദ്ധവുമാണ്`.


ആയതുകൊണ്ട്:



പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സദൃശമായ ചിത്രങ്ങള്‍ കണ്ടെത്താന്‍ നോക്കണം. കഥകളിയിലെ പ്രസിദ്ധമായ ഹംസ ദമയന്തി ചിത്രങ്ങള്‍ ശേഖരിക്കണം. കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുടെ ദമയന്തി വേഷങ്ങളും കുറിച്ചി കുഞ്ഞന്‍ പിള്ള, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങിയവരുടെ ഹംസം വേഷങ്ങളും [ ചിത്രങ്ങളും വീഡിയോയും] കാണണം.

അപ്പോഴാണ്` പാഠപുസ്തകത്തിലെ ദമയന്തിയും ഹംസവും ചിത്രം അതിനപ്പുറത്തേക്കുള്ള ആസ്വാദനത്തിന്റെ തലങ്ങളിലേക്കുയരുക. അപ്പോഴാണ്`
'മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ ?
വിധുമണ്ഡലമിറങ്ങി കഷിതിയിലേ പോരികയോ?
തുടങ്ങിയ കാവ്യഭാഷക്ക് അര്‍ഥം കിട്ടൂ. അലൗകികമായ ഒരന്തരീക്ഷവും കഥാപാത്ര സാന്നിദ്ധ്യവും ഒക്കെ ഒത്തുചേര്‍ന്നാലേ കഥകളിപോലുള്ള ഒരു കല അനുഭവവേദ്യമാകയുള്ളൂ.

23 March 2012

എല്ലാരേയും തൃപ്തിപ്പെടുത്തുന്ന പാഠപുസ്തകങ്ങള്‍ അസാധ്യമോ?


മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ' മതമേ, മതമേ പുസ്തകം കീറല്ലേ...' എന്ന ലേഖനം [ പ്രേമന്‍മാഷ്] വളരെ പ്രഗത്ഭമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിശകലനങ്ങളുടെയൊക്കെ ആധാരശില നിലവിലുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെടുന്നതാണ്`. ഉള്ളടക്കം എന്നാല്‍ (ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സവിശേഷമായി) ലിറ്ററേച്ചര്‍ മാത്രമല്ല. ഭാഷയുടേയും സാമൂഹ്യപാഠങ്ങളുടേയും ശാസ്ത്രവും രീതിയും ഉണ്ട്. വ്യാകരണം, സംസ്കാരം, വ്യവഹാരരൂപം, സമൂഹ്യപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണമെങ്കില്‍ ഇടപെടുന്നതിനും ഉള്ള അക്കാദമിക് രീതികള്‍ , ഇതെല്ലാം പഠിക്കാന്‍ കുട്ടികള്‍ ( അധ്യാപകരും) അനുവര്‍ത്തിക്കുന്ന രീതികള്‍... എന്നിവയെല്ലാം ചേരുന്നതാണ്` ഏതു പാഠത്തിന്റേയും - പാഠപുസ്തകത്തിന്റെയും ഉള്ളടക്കം. ഇതില്‍ മതം, സമുദായം, എന്നീ ഘടകങ്ങള്‍ ഇടപെടുന്നത് ലിറ്ററേച്ചറില്‍ മാത്രമാണ്`. വ്യാകരണം, ശാസ്ത്രരീതി, വ്യവഹാരരൂപങ്ങള്‍, പഠനരീതി എന്നിവയിലൊന്നും കാര്യമായ ഇടപെടലുകള്‍ നാളിതുവരെ ഉണ്ടായിട്ടില്ല.

അപ്പോള്‍ പ്രശ്നം ലിറ്ററേച്ചറിലാണ്`. ഇതാണ് 'പാഠം' എന്ന് ഉറപ്പിക്കുകയാണ്`. ഒരു കഥയുടെ / കവിതയുടെ / ഉപന്യാസത്തിന്റെ ഒരു ചെറിയ ഭാഗമാണ്` ഈ ലിറ്ററേച്ചര്‍ - പാഠം. പാഠം പഠിപ്പിക്കുക എന്നാല്‍ ഈ 'സാഹിത്യം' പഠിപ്പിക്കുക എന്നായിരിക്കുകയാണ്`. പാഠപുസ്തകം എന്നാല്‍ ഈ ' സാഹിത്യത്തിന്റെ സമാഹാരമായിരിക്കുകയാണ്`. ലേഖകന്‍ പോലും ഈ വഴിയിലാണ്` ആലോചിച്ചു പോയത് എന്നു തോന്നും. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരവും എളുപ്പമല്ലാതാവുന്നു. സര്‍വസമ്മതമായ ഒരു കഥ / കവിത / ഉപന്യാസം / നാടകം / ചരിത്ര കൃതി സാധ്യമല്ലല്ലോ.

അതുകൊണ്ട് നിലവിലുള്ള പാഠപുസ്തകങ്ങളുടെ രൂപപരവും ഉള്ളടക്കപരവുമായ സംവിധാനത്തിലെ അപാകതകള്‍ അന്വേഷിക്കണം. വിദ്യാഭ്യാസരംഗത്തു നടക്കുന്ന പരിഷ്കാരങ്ങള്‍ പാഠപുസ്തകം തൊട്ടു തുടങ്ങണം.
ഭാഷാപാഠപുസ്തകത്തിലെ ഒരു പാഠം എന്തായിരിക്കണം. ഭാഷാപഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും , ക്ളാസ്റൂം പ്രവര്‍ത്തനങ്ങളും , മൂല്യനിര്‍ണ്ണയവും ഒക്കെ ആധാരമാക്കിക്കൊണ്ടുതന്നെ (വേണ്ട മാറ്റങ്ങള്‍ വരുത്തിയും) പാഠങ്ങള്‍ തയ്യാറാക്കണം. അങ്ങനെ ഉണ്ടാക്കുന്ന പാഠം ഇന്നത്തെപ്പോലെ ഒരു കഥ / കവിത / ഉപന്യാസഭാഗം എന്നിവയിലൂന്നിയാവരുത്. പ്രവര്‍ത്തനങ്ങളിലൂന്നിയാവണം. പഠന രീതികളിലൂന്നി നിന്നാവണം. ഭാഷാ ശേഷികളിലൂന്നി നിന്നുകൊണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യാന്‍ സാഹിത്യകൃതികള്‍ ഉപയോഗിക്കേണ്ടിവരും. ആയത് സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ കുട്ടികളും അധ്യാപകരും കണ്ടെത്തുന്നതാവണം. ( ഇന്നിപ്പോള്‍ ഒരു ലൈബ്രറിയിലും പോകാത്ത , പാഠപുസ്തകമൊഴിച്ച് മറ്റൊരു പുസ്തകവും വായിക്കാത്ത കുട്ടിക്കും ഫുള്‍ എ+ കിട്ടുന്നുണ്ടല്ലോ. അതല്ലെ എല്ലാ ലൈബ്രറികളും എന്നും പൂട്ടിക്കിടക്കുന്നതു? ) ഒരു ദാഹരണത്തിന്ന് - താന്‍ ജീവിക്കുന്ന ചുറ്റുപാട്, പ്രകൃതി , മറ്റു ജീവജാലങ്ങള്‍ എന്നിവയുടെ സംരക്ഷണവും സാംസ്കാരികബോധവും വളരാന്‍, അത് നല്ല ഭാഷയില്‍ (ഭാഷാശേഷി ) പ്രകടിപ്പിക്കാന്‍ പാഠപുസ്തകത്തിലൊരു കഥ/ കവിത/ ഉപന്യാസഭാഗം തന്നെ ഉണ്ടാവണമെന്ന് ആരാ പറയുക? മലയാളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ലക്ഷക്കണക്കിന്ന് രചനകള്‍ കേരളത്തിലങ്ങഓളമിങ്ങോളം ലഭ്യമാണല്ലോ. അതില്‍ നിന്ന് ചിലതെടുത്ത് വായിക്കാനും പഠിക്കാനും ചര്‍ച്ച ചെയ്യാനും സെമിനാറില്‍ അവതരിപ്പിക്കാനും നോട്ടിസ് തയ്യാറാക്കാനും, ആസ്വാദനക്കുറിപ്പെഴുതാനും ഒക്കെ കഴിയുന്ന രീതിയില്‍ അധ്യാപകരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങളും സത്യസന്ധമായ സഹായങ്ങളുമാവണം പാഠപുസ്തകം. ഭാഷ, ചരിത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള പാഠപുസ്തകങ്ങളെങ്കിലും ഇങ്ങനെയാവണം.

ഇതിന്റെ സാധ്യതകള്‍ വളരെ വലുതാണ്`. കുട്ടിയുടേയും അധ്യാപകന്റേയും സര്‍ഗാത്മകതയും നിര്‍വഹണശേഷിയും എത്രയോ വളരും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ജ്ഞാനസ്രോതസ്സുകള്‍ അന്വേഷിക്കപ്പെടും; ഉപയോഗിക്കപ്പെടും. ലൈബ്രറികള്‍ പ്രവര്‍ത്തിപ്പിക്കാതെ കഴിയാനാവില്ലെന്നാകും. കുട്ടികളുടെ പഠനരീതികളില്‍ വളരെ വലിയ മാറ്റം ഉണ്ടാവും. ഓരോ ക്ളാസും സത്യത്തില്‍ അറിവുല്പ്പാദിപ്പിക്കുന്ന ഇടങ്ങളായിത്തീരും. അന്വേഷണത്തിലെ ജനാധിപത്യവും സര്‍ഗശേഷിയും നൂറിരട്ടി വികസിക്കും. അധ്യാപകന്റെ തൊഴില്പരമായ ഉത്തരവാദിത്തം അര്‍ഥപൂര്‍ണ്ണമാകും. പാഠം പഠിക്കുന്ന / പഠിപ്പിക്കുന്ന തത്തമ്മേ പൂച്ച പൂച്ച സ്കൂളില്‍ നിന്ന് പടികടക്കും. മൂല്യനിര്‍ണ്ണയം ശക്തിപ്പെടും.

പരാതികള്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാവും. ചില എഴുത്തുകാരെ മാത്രം എടുത്തു; മഹാന്‍മാരായ ചിലരെ ഒഴിവാക്കി എന്ന ആക്ഷേപം ഇല്ലാതാവുമെന്നു മാത്രമല്ല , മലായളത്തിലെ എല്ലാ എഴുത്തുകാരും പരിഗണിക്കപ്പെടും. പുതിയവായനകള്‍ നടക്കും. സംവാദാത്മകമായ ക്ളാസുമുറികള്‍ എങ്ങും കാണാറാകും. ഭാഷയും സാമൂഹ്യശാസ്ത്രവും ചരിത്രവും എല്ലാം കുട്ടിയില്‍ സര്‍ഗാത്‌‌മകവും അര്‍ഥപൂര്‍ണ്ണവുമായി പ്രവേശിക്കും. ഭാഷയും ശാസ്ത്രവും ചരിത്രവും പഠിക്കേണ്ടകുട്ടി ഇന്നത്തെ പാഠപുസ്തകങ്ങളുടെ കെട്ടുകുറ്റിയില്‍ തളക്കപ്പെടേണ്ടതില്ല. കുട്ടിയുടെ ക്ളാസിനും പ്രായത്തിനും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുക്കും അനുസരിച്ചുള്ള ചുറ്റുപാടില്‍ നിന്ന് പഠിച്ച് പരിമിതികളെ മനസ്സിലാക്കാനും മറികടക്കാനും കെല്പ്പുള്ളവരായിത്തീരും.

20 June 2011

പാഠപുസ്തകങ്ങൾ ആർക്ക്?


ഡി.പി.ഇ.പി തുടങ്ങിയതുതൊട്ട് ഇതുവരെ മുഴുവന്‍ സ്കൂള്‍പാഠപുസ്തകങ്ങളും രണ്ടുപ്രാവശ്യം പുതുക്കിയെടുത്തു. തീര്‍ച്ചയായും ഓരോപ്രാവശ്യവും ഇതു നിര്‍വഹിച്ചതിന്ന് പിന്നില്‍ വിപുലമായ ആലോചനയും ചര്‍ച്ചയും തീരുമാനങ്ങളും കഠിനാധ്വാനവും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  ദാര്‍ശനികാംശങ്ങളിലെ കൂടുതല്‍ ഉള്‍ക്കാഴ്ചയും സമകാലികാനുഭവങ്ങളും ദേശീയാവശ്യങ്ങളും പരിപ്രേക്ഷ്യവും ജനാധിപത്യതീരുമാനങ്ങളും ഒക്കെ ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാഠപുസ്തക പരിഷ്കരണങ്ങളുടെ ഭാഗമായി ഏറ്റവും പുതിയതായി ചെയ്ത പ്രവര്‍ത്തനം ഇക്കൊല്ലം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ആയിരുന്നു. പാഠപുസ്തകങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നു തൊട്ട് സ്കൂള്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു.ഈ അവസരത്തില്‍ നാം ചോദിക്കേണ്ട ഒരു ചോദ്യം ഇപ്പൊഴും ഈ പാഠപുസ്തകങ്ങള്‍ ആര്‍ക്കാണ്? കുട്ടിക്കോ, മാഷക്കോ?

പാഠപുസ്തകവും അധ്യാപന സഹായിയും

പാഠപുസ്തകം കുട്ടിക്കും അധ്യാപനസഹായി അധ്യാപകനും എന്നകാര്യത്തില്‍ വ്യക്തത ആര്‍ക്കാണില്ലാത്തത് ? ഓരോക്ലാസിലും വിവിധ വിഷയങ്ങള്‍ പഠിക്കാനുള്ള പ്രാഥമിക ഉപകരണം കുട്ടിക്ക് പാഠപുസ്തകം തന്നെ. പഠനപ്രവര്‍ത്തനങ്ങള്‍ ശരിയായരീതിയില്‍ ഒരുക്കാനുള്ള ‘തെളിച്ചവും വെളിച്ചവും ‘ ലക്ഷ്യമിട്ട്  അധ്യാപനസഹായി തയ്യാറാക്കിയിരിക്കുന്നു. പാഠപുസ്തകത്തിലെ ഉള്ളടക്കവും, അധ്യാപനസഹായിയിലെ ഉള്ളടക്കവും ഈ ലക്ഷ്യങ്ങളോടെ തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാല്‍ പിന്നെന്തുകൊണ്ട് കുട്ടി നന്നായി/ മികച്ച പഠനം ചെയ്യുന്നില്ല? അധ്യാപകന്‍ നന്നായി/ മികവാര്‍ന്നരീതിയില്‍ പഠിപ്പിക്കുന്നില്ല? ഇത് തീര്‍ച്ചയായും ചര്‍ച്ചയില്‍ വരേണ്ടതല്ലേ? ഇതോടൊപ്പം ഈ ചോദ്യങ്ങളും പരിഗണനയില്‍ വരേണ്ടതല്ലേ?
·         പാഠപുസ്തകം കയ്യിലുണ്ടായിട്ടും കുട്ടി നന്നായി പഠിക്കാത്തതെന്താ?
·         പാഠങ്ങള്‍ (ഏതുവിഷയവും) കുട്ടി സ്വയം പഠിക്കാന്‍ ശ്രമിക്കാത്തതെന്താ?
·         അധ്യാപിക ഒരു പാഠം ക്ലാസില്‍ എടുക്കുന്നതോടെ മാത്രം കുട്ടി ആ പാഠം പഠിക്കാന്‍ തുടങ്ങുന്നതെന്താ?
·         പാഠം ക്ലാസില്‍ എടുത്തിട്ടും ‘മുഴുവന്‍ നന്നായി മനസ്സിലായില്ല’ എന്നു കുട്ടി ആവലാതിപ്പെടുന്നതെന്താ?
·         ഒരിക്കല്‍ നന്നായി എടുത്ത പാഠം,(പുസ്തകം കയ്യിലുണ്ടായിട്ടും) പലപ്പോഴും പിന്നീട് കുട്ടിക്ക് അറിയാതിരിക്കുന്നത്  എന്തുകൊണ്ട്?
·         പാഠപുസ്തകം കുട്ടി എത്രത്തോളം പ്രയോജനപ്പെടുത്തി എന്ന് പരിശോധിക്കാന്‍ ആരും ഒരുങ്ങാത്തതെന്ത്?
·         പാഠപുസ്തകങ്ങളെ കുറിച്ച് ഒരു കുട്ടിയും പരാതിയോ നിര്‍ദ്ദേശങ്ങളോ വെക്കാത്തതെന്തുകൊണ്ട്? (പാഠം അധികമാണെന്ന് അധ്യാപകരാണ് നിര്‍ദ്ദേശിക്കാറ്; അതനുസരിച്ച് ചില പാഠങ്ങള്‍ പരീക്ഷക്ക് ഒഴിവാക്കിക്കൊടുക്കും എന്നു മാത്രം)
·         .
·         .
ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഉണ്ടാകുമ്പോഴാണ് നിലവിലുള്ള പാഠപുസ്തകങ്ങളുടെ സങ്കല്‍‌പ്പനം നവീകരിക്കേണ്ടിവരുമെന്ന് മനസ്സിലാവുക..

പാഠങ്ങള്‍ പഠിക്കുന്നത് / പഠിപ്പിക്കുന്നത്

മലയാളം എ, ബി ടെക്സ്റ്റുകള്‍ നോക്കുക. കഥ, കവിത, ഉപന്യാസം എന്നിങ്ങനെ ഭാഷയിലെ ലഭ്യമായ മികച്ച രചനകളാണ് പാഠങ്ങള്‍. അതൊക്കെയും ക്രമത്തില്‍ ചിത്രസഹിതം വിന്യസിച്ചിരിക്കുന്നു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായതുകൊണ്ട് അതേറ്റവും ശാസ്ത്രീയമായി ഡിസൈന്‍‌ചെയ്യാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു കുട്ടിയും പുസ്തകം കിട്ടിയാലുടന്‍ ആവേശം കൊള്ളും. വായിക്കാന്‍ തുടങ്ങും. കഥ, കവിത , ഉപന്യാസം എന്നിങ്ങനെ  (കുട്ടിയുടെ വ്യക്തിപരമായ താല്‍‌പ്പാര്യം കൂടി വെച്ച്) ഓരോന്നായി വായിക്കാന്‍ തുടങ്ങും. വളരെ ചുരുക്കത്തിലാണെങ്കില്‍ പോലും ആമുഖമായി കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മിക്കവരും ഇന്നേവരേ ശ്രദ്ധിച്ചിട്ടില്ല.നേരേ പാഠങ്ങളിലേക്കാണ് പോകുക. ക്ലാസില്‍ അധ്യാപികയും അങ്ങനെതന്നെ. ആമുഖം ഒക്കെ വെറും ചടങ്ങ്!. വായിക്കാനുള്ളതല്ലല്ലോ! എന്ന ഭാവം.ഇനി വായനയാണ്.
കഥകളും കവിതകളും ഉപന്യാസങ്ങളും ഒക്കെ മിക്കകുട്ടിയും താല്‍‌പ്പര്യമനുസരിച്ച് മുന്‍‌ഗണനാക്രമത്തില്‍ വായിക്കുന്നുണ്ട്. പല്‍തും ഒന്നിലധികം തവണയും വായിക്കുന്നുണ്ട്. എന്നാല്‍ ഈ വായന ഒരിക്കലും ‘പാഠം പഠിക്ക‘ലായി മറുന്നതേ ഇല്ല. കേവലാസ്വാദനം മാത്രമാണ് നടക്കുന്നത്. കവിത ഈണത്തില്‍ ചൊല്ലുന്നു. കഥയിലെ വൈകാരികാംശങ്ങള്‍ ആസ്വദിക്കുന്നു. ഉപരിപ്ലവമായ ഒരു വായനയും ആസ്വാദനവും നടക്കുന്നു എന്നത് നിഷേധിക്കാനാവില്ല. പാഠപുസ്തകം ഒരിക്കലും വെറും ഒഴിവുസമയ വിനോദത്തിനോ കേവലാസ്വാദനത്തിനോ അല്ലല്ലോ. അതാണ് നിലവില്‍ പാഠപുസ്തകങ്ങളുടെ പ്രശ്നം. കുട്ടിക്ക് തനിക്ക് പഠിക്കാനുള്ളത് എന്തെന്നോ അതെങ്ങനെ സ്വയം പഠിക്കാന്‍ തുടങ്ങണമെന്നോ ഒരു സൂചനയും പുസ്തകങ്ങളിലില്ല. കുട്ടി പണം കൊടുത്ത് വാങ്ങുന്ന പുസ്തകം കുട്ടിക്ക് സ്വയം ഉപയോഗിക്കാനാവുക എന്ന അടിസ്ഥാനപരമായ – user friendly- ഘടകം നിലവില്‍ ഇല്ല.
നേരത്തെ ഉണ്ടായിരുന്ന പാഠപുസ്തകത്തിലൊക്കെയും ഓരോ ഭാഗത്തും ആമുഖമായി ചില കാര്യങ്ങള്‍ കുറിച്ചിരുന്നു. പൊതുവെ ആ യൂണിറ്റ് പഠിക്കുന്നതിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതില്‍ നിന്നും വളരെ അവ്യക്തമായെങ്കിലും ഉണ്ടായിരുന്നു. “….കാവ്യമാതൃകകളുടെ അടിസ്ഥാനത്തില്‍ സാഹിത്യചരിത്രം നിര്‍മ്മിക്കുന്നതിന്ന്,… സാഹിത്യത്തിലൂടെ തെളിയുന്ന ജീവിതവീക്ഷണം, തത്വചിന്ത, സാമൂഹികജീവിതം എന്നിവ അപഗ്രഥിക്കുന്നതിന്ന്….“(കേരളപാഠാവലി, മലയാളം, പത്താം തരം, 2004)ഈ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള പാഠാവലിയും (ഓരോ യൂണിറ്റിലും) ഓരോ പാഠത്തിന്നും ഒടുവില്‍ ചില ചോദ്യങ്ങളും തുടര്‍ന്ന് യൂണിറ്റവസാനത്തില്‍ വലിയൊരു നിര പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അത്രയെങ്കിലും കുട്ടിക്ക് പഠിക്കാന്‍ സഹായം ഉണ്ടായിരുന്നു!
പുതിയ പുസ്തകത്തില്‍ യൂണിറ്റില്‍ ആമുഖമായി ഒന്നും തന്നെയില്ല (ഇന്റെര്‍നെറ്റ് വേര്‍ഷന്‍). ആ യൂണിറ്റ് പഠിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അധ്യാപികക്കേ അറിയൂ (അധ്യാപന സഹായിയില്‍ ). ഓരോ പാഠത്തിന്റേയും അവസാനം ചില പ്രവര്‍ത്തനങ്ങള്‍ കൊടുക്കുന്നുണ്ട് . അതു സമഗ്രമായി ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കുന്നതിന്ന് പര്യാപ്തമാണൊ എന്നൊന്നും തീരുമാനിക്കാന്‍ വയ്യെങ്കിലും നമുക്കത് അങ്ങനെയാവുമെന്ന് കരുതാം. പക്ഷെ , ഇതുകൊണ്ട് കുട്ടിക്കെന്തു മെച്ചം ഉണ്ടാവും? കുട്ടിയുടെ സ്വയം പഠനത്തില്‍ ഇതെന്തുമാത്രം സഹായിക്കും? ഏതൊരു പ്രവര്‍ത്തനവും ചെയ്യാനുള്ള ഏറ്റവും ആദ്യത്തെ പ്രേരണ കുട്ടിയില്‍ അറിവ് നേടാനുള്ള മനോഭാവം സ്വാഭാവികമായി ഉല്‍‌പ്പാദിപ്പിക്കുക എന്നതാണല്ലോ. ഈ ഒരു സംഗതി നിലവില്‍ പാഠപുസ്തകങ്ങളില്‍ സ്വയമേവ  (in bulit) ഇല്ല എന്നതാണ് മുഖ്യപ്രശ്നം.അപ്പോള്‍ പുത്തന്‍ പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ തന്നെ അതു മിക്കപ്പോഴും കുട്ടിക്കൊരു പൊതിയാതേങ്ങയാവുന്നു. പരസഹായമില്ലതെ ഒന്നും ചെയ്യാനാവില്ല. മലയാളം (മാതൃഭാഷയിലെ)പാഠപുസ്തകം  പോലും ഈയൊരവസ്ഥയില്‍ ആവാമോ എന്നാ‍ണ് ആലോചിക്കേണ്ടത്. ഗണിതം, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ഒക്കെയും കുട്ടിയുമായി സംവദിക്കുന്നതും പഠിക്കാന്‍ സ്വയം കുട്ടിയെ പ്രേരിപ്പിക്കുന്നവയും ആകണം. ഈ പാഠം എങ്ങനെ പഠിക്കണം? എന്തിനു പഠിക്കണം? മറ്റു പാഠങ്ങളുമായി (വിഷയങ്ങളിലേതും) എന്തൊക്കെ തരത്തില്‍ ബന്ധപ്പെടുന്നു? അധികവായനക്കുള്ളവ എന്തൊക്കെ? പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ? അതെങ്ങനെ ചെയ്യാന്‍ ശ്രമിക്കണം? തുടങ്ങി ഒരുപാട് സംഗതികള്‍ സൂചിപ്പിക്കുന്നതായിരിക്കണം കുട്ടി വാങ്ങുന്ന പാഠപുസ്തകങ്ങള്‍.
ഇനി തീര്‍ച്ചയായും ഇതു നികത്തപ്പെടുന്നത് ക്ലാസ്‌മുറിയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അത് ഏറ്റവും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ അധ്യാപകശാക്തീകരണ സന്ദര്‍ഭങ്ങളിലും ക്ലസ്റ്ററുകളിലും ഒക്കെ ഉണ്ടാവും. അപ്പോഴും അതു കുട്ടിക്ക് അജ്ഞാതമാണെന്നതു നാം വിസ്മരിക്കുന്നു. ക്ലാസ്മുറികള്‍ ഇപ്പോഴും ഒരു തരം സസ്പെന്‍സിലാണ് നിലകൊള്ളുന്നത്. അധ്യാപിക ക്ലാസില്‍ വന്ന് അന്നന്നത്തെ പഠനപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നതുവരെ കുട്ടികള്‍ സസ്പെന്‍സിലാണ്. നാളെ കണക്ക് ക്ലാസില്‍- ചരിത്രം ക്ലാസില്‍.. എന്തു ചെയ്യേണ്ടിവരും എന്ന് ഒരൊറ്റക്കുട്ടിക്കും അറിയില്ല. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില അധ്യാപികമാര്‍ നാളത്തെ പ്രവര്‍ത്തനം സൂചിപ്പിക്കാറുണ്ട്. എന്നാല്‍ അതാകട്ടെ ഗൃഹപാഠത്തിന്റെ ഒരു സ്വഭാവത്തിലാണെന്നതും കാണണം!
രണ്ടുകാര്യങ്ങളില്‍ നാം ഇനിയും ചില സംഗതികള്‍ ആലോചിക്കേണ്ടതുണ്ട്. ഒന്ന്: കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വലിയൊരളവോളം കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്നതും അതിനപ്പുറത്തുള്ള അറിവിന്റെ ഉയരങ്ങളിലേക്ക് അധ്യാപികയുടെ സഹായത്തോടെ എത്തിച്ചേരാനുള്ള വഴിയുമായിരിക്കണം. ക്ലാസില്‍ വെച്ച് തുറക്കപ്പെടേണ്ട ഒരു പേജല്ല പാഠം. അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരംഭിക്കേണ്ട ഒന്നല്ല പഠനം. പുസ്തകം കയ്യില്‍ കിട്ടുന്നതോടെ അതു വായിക്കാനും പഠിക്കാനും തുടങ്ങാന്‍ കുട്ടിക്ക് കഴിയണം.നാളേക്ക് വേണ്ടുന്നതിന്ന് ഇന്നേ തയ്യാറാവന്‍ കുട്ടിക്ക് കഴിയണം. ഈ പ്രക്രിയ പുരോഗമിക്കുന്നതോടെ തീര്‍ച്ചയായും ക്ലാസ് ഗ്രൂപ്പുകളുടേയും അധ്യാപികയുടേയും സഹായം ആവശ്യമായി വരും. കുറേകൂടി നിലവാരത്തിലുള്ള ബോധനപ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മപഠനത്തിന്റേയും തലങ്ങളിലൂടെ കുട്ടിക്ക് കടന്നുപോകാന്‍ കഴിയും. ഇതു ഉയര്‍ന്ന നിലവാരത്തിലുള്ള വിജയത്തിലേക്ക് കുട്ടിയെ നയിക്കും. ഇപ്പോള്‍ സംഭവിക്കുന്നത് ‘ഒന്ന് തൊട്ട് തുടങ്ങുകയാണ്’. ക്ലാസില്‍ പാഠം വായിക്കാന്‍ തുടങ്ങുന്നതുതന്നെ പലപ്പോഴും ടീച്ചര്‍ തന്നെ.കുട്ടിയുടെ പുസ്തകം ആദ്യം പഠിക്കുന്നത് അധ്യാപികയാണ് എന്ന അവസ്ഥ ശാസ്ത്രീയമാണോ! അതു അധ്യാപികക്ക് അധികഭാരവും അനാവശ്യമായ സമയനഷ്ടവും വരുത്തുന്നു.
രണ്ടാമത്, ഈശേഷികൈവരുത്താനുള്ള പരിശീലനം കുട്ടിക്ക് നല്‍കണം. എങ്ങനെ നന്നായി പഠിപ്പിക്കണം എന്നതിന്ന് അധ്യാപകര്‍ക്ക് ദീര്‍ഘകാല പരിശീലനമുണ്ട്. ശാക്തീകരണപ്രവര്‍ത്തനങ്ങളും ഇടക്കിടക്ക് ക്ലസ്റ്ററുകളും ഉണ്ട്. എന്നാല്‍ കുട്ടിക്കോ? പഠനത്തിന്റെ ശാസ്ത്രം ഇന്നേവരെ കുട്ടിയോട് ആരും സംസാരിച്ചിട്ടില്ല. ഒരു പരിശീലനവും നല്‍കിയിട്ടില്ല. നന്നായി ഫുട്ട്ബാള്‍ കളിക്കാന്‍, ക്രിക്കറ്റ്കളിക്കാന്‍ ഒക്കെ പരിശീലനം ഇവിടെ ഉണ്ട്. എന്നാല്‍ നന്നയി പഠിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ കുട്ടി നിസ്സഹായനാണ്. ഓരോകുട്ടിക്കും പഠിക്കുന്നതിന്ന് സ്വന്തമായ ചില ശീലങ്ങളും ശൈലികളുമുണ്ട്. ഉറക്കെ വായിക്കുക, എഴുതിപ്പഠിക്കുക, ഇരുന്ന് വായിക്കുക, കിടന്ന് എഴുതുക, പാടിപ്പഠിക്കുക, പരീക്ഷത്തലേന്ന് പഠിക്കുക, അന്നന്ന് പഠിക്കുക, രാത്രി വളരെ വൈകി, അതിരാവിലെ….എന്നിങ്ങനെ. ഈ തനത് ശൈലികളൊന്നും ക്ലാസ്മുറിയില്‍ അനുവദനീയമല്ല.ക്ലാസിന്റെ ചിട്ടവട്ടങ്ങള്‍, അച്ചടക്കം എന്നിവ പരിഗണിക്കണമല്ലോ. എന്നാല്‍ ശാസ്ത്രീയമായ ശൈലികള്‍ ആരും പഠിപ്പിക്കുന്നുമില്ല. പഠിക്കാന്‍ പരിശീലനം വേണം എന്നു നമ്മുടെ ചര്‍ച്ചയില്‍ ഒരിക്കലും വരാറില്ല.
ഭാഷ പഠിക്കേണ്ടതെങ്ങനെ?
ശാസ്ത്രം, ചരിത്രം എന്നിവ പഠിക്കുന്നതെങ്ങനെ?
കവിത പഠിക്കുന്നതെങ്ങനെ?
ആസ്വാദനക്കുറിപ്പ് എങ്ങനെയെഴുതാം?
ഉപന്യാസം എഴുതേന്റതെങ്ങനെ?
കാലാവസ്ഥയെ കുറിച്ചുള്ള പാഠം എങ്ങനെ വേണം പഠിക്കാന്‍?
അന്തര്‍വൃത്തം വരക്കാന്‍ പഠിക്കുന്നതെങ്ങനെ?
വാക്കര്‍ഥം , നാനാര്‍ഥം എന്നിവ എങ്ങനെ പഠിക്കാം?
എന്തെല്ലാം പഠിക്കനുണ്ട് ഈ ക്ലാസില്‍/ ഈ പാഠത്തില്‍/ ഈ യൂണിറ്റില്‍?
പരീക്ഷയുടെ അടിസ്ഥനമെന്ത്?
ഉത്തരം എങ്ങനെ എഴുതണം?
സ്കോര്‍ വിതരണം എങ്ങനെ?
ഇങ്ങനെ നിരവധി സംഗതികള്‍ ഉണ്ട്. ഇതൊക്കെയും ഇപ്പോള്‍ ഒരു സാധാരണ കുട്ടിക്ക് അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ചേ ചെയ്യാനവൂ. അനുസരിക്കാന്‍ പഠിച്ചാല്‍ മതി! എന്നാല്‍ പഠിക്കാന്‍ പഠിക്കലാണ് പഠനം എന്ന അടിസ്ഥനതത്വം ക്ലാസ്മുറിയില്‍ അനാഥമാവുന്ന അവസ്ഥയാണ് ഇന്ന്. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ പ്രോസസ്സ് ഈ തത്വത്തിലൂന്നിയാണ് എന്നതു ശരി. അതു കുട്ടിക്ക് അജ്ഞാതമാണ്. കുട്ടി പ്രവര്‍ത്തിക്കുന്നേ ഉള്ളൂ. പ്രവര്‍ത്തിയുടെ ഉള്ള് കുട്ടിക്കറിയാന്‍ വഴിയില്ല. ആരും കുട്ടിയുമായി പ്രോസസ്സിന്റെ തത്വശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല. എങ്ങനെ പഠിക്കണം എന്നതിന്ന് ‘ മാഷ് പറയുമ്പോലെ പഠിക്കണം’ എന്നേ കുട്ടിക്ക് ഉത്തരമുള്ളൂ.

പാഠപുസ്തകങ്ങള്‍ user friendly ആവുക എന്നതുപോലെ ‘പഠിക്കാനുള്ള പരിശീലനവും, കുട്ടിക്ക് ലഭ്യമാവുമ്പോഴേ ഉയര്‍ന്ന നിലവാരമുള്ള പഠനം നടക്കൂ. അധ്യാപക പരിശീലനം പോലെ ഗൌരമായി പരിശീലനം കുട്ടിക്കും നലകണം. അതു വെക്കേഷന്‍ കാലത്തോ ഒഴിവ് ദിവസങ്ങളിലോ എന്നൊക്കെ ആലോചിച്ച് തീരുമാനിക്കാം. ഐ.ടി പോലുള്ള സങ്കേതങ്ങളും പ്രയോജനപ്പെടുത്താം. സുതാര്യമായ അറിവിന്റെ ഉയരങ്ങളിലേക്ക് കുട്ടിക്ക് സ്വയവും സ്കൂള്‍ അടക്കമുള്ള സമൂഹത്തിന്റെ സഹായത്തോടെയും എത്തിച്ചേരാനുള്ള കെല്‍‌പ്പ് നല്‍കിയേ നാം പറയുന്ന ശിശുകേന്ദ്രീകൃതം, ജനാധിപത്യപരം, തുടങ്ങിയ മൂല്യങ്ങള്‍ അര്‍ഥപൂര്‍ണ്ണമവൂ.ഒരു പക്ഷെ, ഇതിന്റെ കുറവ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ പരീക്ഷാ റിസള്‍ട്ട് അവലോകനങ്ങളിലാണ്. ഫുള്‍ എ+കാര്‍ വളരെ വളരെ കുറവും ഡി+ കാര്‍ ധാരാളവും. ഡി+കാര്‍ പൊതുവേ നന്നായി പഠിക്കാന്‍ കഴിയാത്തവരാവുമല്ലോ!