20 June 2011

പാഠപുസ്തകങ്ങൾ ആർക്ക്?


ഡി.പി..പി തുടങ്ങിയതുതൊട്ട് ഇതുവരെ മുഴുവന്‍ സ്കൂള്‍പാഠപുസ്തകങ്ങളും രണ്ടുപ്രാവശ്യം പുതുക്കിയെടുത്തു. തീര്‍ച്ചയായും ഓരോപ്രാവശ്യവും ഇതു നിര്‍വഹിച്ചതിന്ന് പിന്നില്‍ വിപുലമായ ആലോചനയും ചര്‍ച്ചയും തീരുമാനങ്ങളും കഠിനാധ്വാനവും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  ദാര്‍ശനികാംശങ്ങളിലെ കൂടുതല്‍ ഉള്‍ക്കാഴ്ചയും സമകാലികാനുഭവങ്ങളും ദേശീയാവശ്യങ്ങളും പരിപ്രേക്ഷ്യവും ജനാധിപത്യതീരുമാനങ്ങളും ഒക്കെ ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാഠപുസ്തക പരിഷ്കരണങ്ങളുടെ ഭാഗമായി ഏറ്റവും പുതിയതായി ചെയ്ത പ്രവര്‍ത്തനം ഇക്കൊല്ലം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ആയിരുന്നു. പാഠപുസ്തകങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നു തൊട്ട് സ്കൂള്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു. അവസരത്തില്‍ നാം ചോദിക്കേണ്ട ഒരു ചോദ്യം ഇപ്പൊഴും പാഠപുസ്തകങ്ങള്‍ ആര്‍ക്കാണ്? കുട്ടിക്കോ, മാഷക്കോ?

പാഠപുസ്തകവും അധ്യാപന സഹായിയും

പാഠപുസ്തകം കുട്ടിക്കും അധ്യാപനസഹായി അധ്യാപകനും എന്നകാര്യത്തില്‍ വ്യക്തത ആര്‍ക്കാണില്ലാത്തത് ? ഓരോക്ലാസിലും വിവിധ വിഷയങ്ങള്‍ പഠിക്കാനുള്ള പ്രാഥമിക ഉപകരണം കുട്ടിക്ക് പാഠപുസ്തകം തന്നെ. പഠനപ്രവര്‍ത്തനങ്ങള്‍ ശരിയായരീതിയില്‍ ഒരുക്കാനുള്ളതെളിച്ചവും വെളിച്ചവുംലക്ഷ്യമിട്ട്  അധ്യാപനസഹായി തയ്യാറാക്കിയിരിക്കുന്നു. പാഠപുസ്തകത്തിലെ ഉള്ളടക്കവും, അധ്യാപനസഹായിയിലെ ഉള്ളടക്കവും ലക്ഷ്യങ്ങളോടെ തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാല്‍ പിന്നെന്തുകൊണ്ട് കുട്ടി നന്നായി/ മികച്ച പഠനം ചെയ്യുന്നില്ല? അധ്യാപകന്‍ നന്നായി/ മികവാര്‍ന്നരീതിയില്‍ പഠിപ്പിക്കുന്നില്ല? ഇത് തീര്‍ച്ചയായും ചര്‍ച്ചയില്‍ വരേണ്ടതല്ലേ? ഇതോടൊപ്പം ചോദ്യങ്ങളും പരിഗണനയില്‍ വരേണ്ടതല്ലേ?
·         പാഠപുസ്തകം കയ്യിലുണ്ടായിട്ടും കുട്ടി നന്നായി പഠിക്കാത്തതെന്താ?
·         പാഠങ്ങള്‍ (ഏതുവിഷയവും) കുട്ടി സ്വയം പഠിക്കാന്‍ ശ്രമിക്കാത്തതെന്താ?
·         അധ്യാപിക ഒരു പാഠം ക്ലാസില്‍ എടുക്കുന്നതോടെ മാത്രം കുട്ടി പാഠം പഠിക്കാന്‍ തുടങ്ങുന്നതെന്താ?
·         പാഠം ക്ലാസില്‍ എടുത്തിട്ടുംമുഴുവന്‍ നന്നായി മനസ്സിലായില്ലഎന്നു കുട്ടി ആവലാതിപ്പെടുന്നതെന്താ?
·         ഒരിക്കല്‍ നന്നായി എടുത്ത പാഠം,(പുസ്തകം കയ്യിലുണ്ടായിട്ടും) പലപ്പോഴും പിന്നീട് കുട്ടിക്ക് അറിയാതിരിക്കുന്നത്  എന്തുകൊണ്ട്?
·         പാഠപുസ്തകം കുട്ടി എത്രത്തോളം പ്രയോജനപ്പെടുത്തി എന്ന് പരിശോധിക്കാന്‍ ആരും ഒരുങ്ങാത്തതെന്ത്?
·         പാഠപുസ്തകങ്ങളെ കുറിച്ച് ഒരു കുട്ടിയും പരാതിയോ നിര്‍ദ്ദേശങ്ങളോ വെക്കാത്തതെന്തുകൊണ്ട്? (പാഠം അധികമാണെന്ന് അധ്യാപകരാണ് നിര്‍ദ്ദേശിക്കാറ്; അതനുസരിച്ച് ചില പാഠങ്ങള്‍ പരീക്ഷക്ക് ഒഴിവാക്കിക്കൊടുക്കും എന്നു മാത്രം)
·         .
·         .
ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഉണ്ടാകുമ്പോഴാണ് നിലവിലുള്ള പാഠപുസ്തകങ്ങളുടെ സങ്കല്‍പ്പനം നവീകരിക്കേണ്ടിവരുമെന്ന് മനസ്സിലാവുക..

പാഠങ്ങള്‍ പഠിക്കുന്നത് / പഠിപ്പിക്കുന്നത്

മലയാളം , ബി ടെക്സ്റ്റുകള്‍ നോക്കുക. കഥ, കവിത, ഉപന്യാസം എന്നിങ്ങനെ ഭാഷയിലെ ലഭ്യമായ മികച്ച രചനകളാണ് പാഠങ്ങള്‍. അതൊക്കെയും ക്രമത്തില്‍ ചിത്രസഹിതം വിന്യസിച്ചിരിക്കുന്നു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായതുകൊണ്ട് അതേറ്റവും ശാസ്ത്രീയമായി ഡിസൈന്‍ചെയ്യാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു കുട്ടിയും പുസ്തകം കിട്ടിയാലുടന്‍ ആവേശം കൊള്ളും. വായിക്കാന്‍ തുടങ്ങും. കഥ, കവിത , ഉപന്യാസം എന്നിങ്ങനെ  (കുട്ടിയുടെ വ്യക്തിപരമായ താല്‍പ്പാര്യം കൂടി വെച്ച്) ഓരോന്നായി വായിക്കാന്‍ തുടങ്ങും. വളരെ ചുരുക്കത്തിലാണെങ്കില്‍ പോലും ആമുഖമായി കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മിക്കവരും ഇന്നേവരേ ശ്രദ്ധിച്ചിട്ടില്ല.നേരേ പാഠങ്ങളിലേക്കാണ് പോകുക. ക്ലാസില്‍ അധ്യാപികയും അങ്ങനെതന്നെ. ആമുഖം ഒക്കെ വെറും ചടങ്ങ്!. വായിക്കാനുള്ളതല്ലല്ലോ! എന്ന ഭാവം.ഇനി വായനയാണ്.
കഥകളും കവിതകളും ഉപന്യാസങ്ങളും ഒക്കെ മിക്കകുട്ടിയും താല്‍പ്പര്യമനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ വായിക്കുന്നുണ്ട്. പല്‍തും ഒന്നിലധികം തവണയും വായിക്കുന്നുണ്ട്. എന്നാല്‍ വായന ഒരിക്കലും പാഠം പഠിക്കലായി മറുന്നതേ ഇല്ല. കേവലാസ്വാദനം മാത്രമാണ് നടക്കുന്നത്. കവിത ഈണത്തില്‍ ചൊല്ലുന്നു. കഥയിലെ വൈകാരികാംശങ്ങള്‍ ആസ്വദിക്കുന്നു. ഉപരിപ്ലവമായ ഒരു വായനയും ആസ്വാദനവും നടക്കുന്നു എന്നത് നിഷേധിക്കാനാവില്ല. പാഠപുസ്തകം ഒരിക്കലും വെറും ഒഴിവുസമയ വിനോദത്തിനോ കേവലാസ്വാദനത്തിനോ അല്ലല്ലോ. അതാണ് നിലവില്‍ പാഠപുസ്തകങ്ങളുടെ പ്രശ്നം. കുട്ടിക്ക് തനിക്ക് പഠിക്കാനുള്ളത് എന്തെന്നോ അതെങ്ങനെ സ്വയം പഠിക്കാന്‍ തുടങ്ങണമെന്നോ ഒരു സൂചനയും പുസ്തകങ്ങളിലില്ല. കുട്ടി പണം കൊടുത്ത് വാങ്ങുന്ന പുസ്തകം കുട്ടിക്ക് സ്വയം ഉപയോഗിക്കാനാവുക എന്ന അടിസ്ഥാനപരമായ – user friendly- ഘടകം നിലവില്‍ ഇല്ല.
നേരത്തെ ഉണ്ടായിരുന്ന പാഠപുസ്തകത്തിലൊക്കെയും ഓരോ ഭാഗത്തും ആമുഖമായി ചില കാര്യങ്ങള്‍ കുറിച്ചിരുന്നു. പൊതുവെ യൂണിറ്റ് പഠിക്കുന്നതിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതില്‍ നിന്നും വളരെ അവ്യക്തമായെങ്കിലും ഉണ്ടായിരുന്നു. “.കാവ്യമാതൃകകളുടെ അടിസ്ഥാനത്തില്‍ സാഹിത്യചരിത്രം നിര്‍മ്മിക്കുന്നതിന്ന്, സാഹിത്യത്തിലൂടെ തെളിയുന്ന ജീവിതവീക്ഷണം, തത്വചിന്ത, സാമൂഹികജീവിതം എന്നിവ അപഗ്രഥിക്കുന്നതിന്ന്.“(കേരളപാഠാവലി, മലയാളം, പത്താം തരം, 2004) ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായുള്ള പാഠാവലിയും (ഓരോ യൂണിറ്റിലും) ഓരോ പാഠത്തിന്നും ഒടുവില്‍ ചില ചോദ്യങ്ങളും തുടര്‍ന്ന് യൂണിറ്റവസാനത്തില്‍ വലിയൊരു നിര പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അത്രയെങ്കിലും കുട്ടിക്ക് പഠിക്കാന്‍ സഹായം ഉണ്ടായിരുന്നു!
പുതിയ പുസ്തകത്തില്‍ യൂണിറ്റില്‍ ആമുഖമായി ഒന്നും തന്നെയില്ല (ഇന്റെര്‍നെറ്റ് വേര്‍ഷന്‍). യൂണിറ്റ് പഠിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അധ്യാപികക്കേ അറിയൂ (അധ്യാപന സഹായിയില്‍ ). ഓരോ പാഠത്തിന്റേയും അവസാനം ചില പ്രവര്‍ത്തനങ്ങള്‍ കൊടുക്കുന്നുണ്ട് . അതു സമഗ്രമായി ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കുന്നതിന്ന് പര്യാപ്തമാണൊ എന്നൊന്നും തീരുമാനിക്കാന്‍ വയ്യെങ്കിലും നമുക്കത് അങ്ങനെയാവുമെന്ന് കരുതാം. പക്ഷെ , ഇതുകൊണ്ട് കുട്ടിക്കെന്തു മെച്ചം ഉണ്ടാവും? കുട്ടിയുടെ സ്വയം പഠനത്തില്‍ ഇതെന്തുമാത്രം സഹായിക്കും? ഏതൊരു പ്രവര്‍ത്തനവും ചെയ്യാനുള്ള ഏറ്റവും ആദ്യത്തെ പ്രേരണ കുട്ടിയില്‍ അറിവ് നേടാനുള്ള മനോഭാവം സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുക എന്നതാണല്ലോ. ഒരു സംഗതി നിലവില്‍ പാഠപുസ്തകങ്ങളില്‍ സ്വയമേവ  (in bulit) ഇല്ല എന്നതാണ് മുഖ്യപ്രശ്നം.അപ്പോള്‍ പുത്തന്‍ പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ തന്നെ അതു മിക്കപ്പോഴും കുട്ടിക്കൊരു പൊതിയാതേങ്ങയാവുന്നു. പരസഹായമില്ലതെ ഒന്നും ചെയ്യാനാവില്ല. മലയാളം (മാതൃഭാഷയിലെ)പാഠപുസ്തകം  പോലും ഈയൊരവസ്ഥയില്‍ ആവാമോ എന്നാണ് ആലോചിക്കേണ്ടത്. ഗണിതം, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ഒക്കെയും കുട്ടിയുമായി സംവദിക്കുന്നതും പഠിക്കാന്‍ സ്വയം കുട്ടിയെ പ്രേരിപ്പിക്കുന്നവയും ആകണം. പാഠം എങ്ങനെ പഠിക്കണം? എന്തിനു പഠിക്കണം? മറ്റു പാഠങ്ങളുമായി (വിഷയങ്ങളിലേതും) എന്തൊക്കെ തരത്തില്‍ ബന്ധപ്പെടുന്നു? അധികവായനക്കുള്ളവ എന്തൊക്കെ? പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ? അതെങ്ങനെ ചെയ്യാന്‍ ശ്രമിക്കണം? തുടങ്ങി ഒരുപാട് സംഗതികള്‍ സൂചിപ്പിക്കുന്നതായിരിക്കണം കുട്ടി വാങ്ങുന്ന പാഠപുസ്തകങ്ങള്‍.
ഇനി തീര്‍ച്ചയായും ഇതു നികത്തപ്പെടുന്നത് ക്ലാസ്മുറിയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അത് ഏറ്റവും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ അധ്യാപകശാക്തീകരണ സന്ദര്‍ഭങ്ങളിലും ക്ലസ്റ്ററുകളിലും ഒക്കെ ഉണ്ടാവും. അപ്പോഴും അതു കുട്ടിക്ക് അജ്ഞാതമാണെന്നതു നാം വിസ്മരിക്കുന്നു. ക്ലാസ്മുറികള്‍ ഇപ്പോഴും ഒരു തരം സസ്പെന്‍സിലാണ് നിലകൊള്ളുന്നത്. അധ്യാപിക ക്ലാസില്‍ വന്ന് അന്നന്നത്തെ പഠനപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നതുവരെ കുട്ടികള്‍ സസ്പെന്‍സിലാണ്. നാളെ കണക്ക് ക്ലാസില്‍- ചരിത്രം ക്ലാസില്‍.. എന്തു ചെയ്യേണ്ടിവരും എന്ന് ഒരൊറ്റക്കുട്ടിക്കും അറിയില്ല. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില അധ്യാപികമാര്‍ നാളത്തെ പ്രവര്‍ത്തനം സൂചിപ്പിക്കാറുണ്ട്. എന്നാല്‍ അതാകട്ടെ ഗൃഹപാഠത്തിന്റെ ഒരു സ്വഭാവത്തിലാണെന്നതും കാണണം!
രണ്ടുകാര്യങ്ങളില്‍ നാം ഇനിയും ചില സംഗതികള്‍ ആലോചിക്കേണ്ടതുണ്ട്. ഒന്ന്: കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വലിയൊരളവോളം കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്നതും അതിനപ്പുറത്തുള്ള അറിവിന്റെ ഉയരങ്ങളിലേക്ക് അധ്യാപികയുടെ സഹായത്തോടെ എത്തിച്ചേരാനുള്ള വഴിയുമായിരിക്കണം. ക്ലാസില്‍ വെച്ച് തുറക്കപ്പെടേണ്ട ഒരു പേജല്ല പാഠം. അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരംഭിക്കേണ്ട ഒന്നല്ല പഠനം. പുസ്തകം കയ്യില്‍ കിട്ടുന്നതോടെ അതു വായിക്കാനും പഠിക്കാനും തുടങ്ങാന്‍ കുട്ടിക്ക് കഴിയണം.നാളേക്ക് വേണ്ടുന്നതിന്ന് ഇന്നേ തയ്യാറാവന്‍ കുട്ടിക്ക് കഴിയണം. പ്രക്രിയ പുരോഗമിക്കുന്നതോടെ തീര്‍ച്ചയായും ക്ലാസ് ഗ്രൂപ്പുകളുടേയും അധ്യാപികയുടേയും സഹായം ആവശ്യമായി വരും. കുറേകൂടി നിലവാരത്തിലുള്ള ബോധനപ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മപഠനത്തിന്റേയും തലങ്ങളിലൂടെ കുട്ടിക്ക് കടന്നുപോകാന്‍ കഴിയും. ഇതു ഉയര്‍ന്ന നിലവാരത്തിലുള്ള വിജയത്തിലേക്ക് കുട്ടിയെ നയിക്കും. ഇപ്പോള്‍ സംഭവിക്കുന്നത് ഒന്ന് തൊട്ട് തുടങ്ങുകയാണ്’. ക്ലാസില്‍ പാഠം വായിക്കാന്‍ തുടങ്ങുന്നതുതന്നെ പലപ്പോഴും ടീച്ചര്‍ തന്നെ.കുട്ടിയുടെ പുസ്തകം ആദ്യം പഠിക്കുന്നത് അധ്യാപികയാണ് എന്ന അവസ്ഥ ശാസ്ത്രീയമാണോ! അതു അധ്യാപികക്ക് അധികഭാരവും അനാവശ്യമായ സമയനഷ്ടവും വരുത്തുന്നു.
രണ്ടാമത്, ഈശേഷികൈവരുത്താനുള്ള പരിശീലനം കുട്ടിക്ക് നല്‍കണം. എങ്ങനെ നന്നായി പഠിപ്പിക്കണം എന്നതിന്ന് അധ്യാപകര്‍ക്ക് ദീര്‍ഘകാല പരിശീലനമുണ്ട്. ശാക്തീകരണപ്രവര്‍ത്തനങ്ങളും ഇടക്കിടക്ക് ക്ലസ്റ്ററുകളും ഉണ്ട്. എന്നാല്‍ കുട്ടിക്കോ? പഠനത്തിന്റെ ശാസ്ത്രം ഇന്നേവരെ കുട്ടിയോട് ആരും സംസാരിച്ചിട്ടില്ല. ഒരു പരിശീലനവും നല്‍കിയിട്ടില്ല. നന്നായി ഫുട്ട്ബാള്‍ കളിക്കാന്‍, ക്രിക്കറ്റ്കളിക്കാന്‍ ഒക്കെ പരിശീലനം ഇവിടെ ഉണ്ട്. എന്നാല്‍ നന്നയി പഠിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ കുട്ടി നിസ്സഹായനാണ്. ഓരോകുട്ടിക്കും പഠിക്കുന്നതിന്ന് സ്വന്തമായ ചില ശീലങ്ങളും ശൈലികളുമുണ്ട്. ഉറക്കെ വായിക്കുക, എഴുതിപ്പഠിക്കുക, ഇരുന്ന് വായിക്കുക, കിടന്ന് എഴുതുക, പാടിപ്പഠിക്കുക, പരീക്ഷത്തലേന്ന് പഠിക്കുക, അന്നന്ന് പഠിക്കുക, രാത്രി വളരെ വൈകി, അതിരാവിലെ.എന്നിങ്ങനെ. തനത് ശൈലികളൊന്നും ക്ലാസ്മുറിയില്‍ അനുവദനീയമല്ല.ക്ലാസിന്റെ ചിട്ടവട്ടങ്ങള്‍, അച്ചടക്കം എന്നിവ പരിഗണിക്കണമല്ലോ. എന്നാല്‍ ശാസ്ത്രീയമായ ശൈലികള്‍ ആരും പഠിപ്പിക്കുന്നുമില്ല. പഠിക്കാന്‍ പരിശീലനം വേണം എന്നു നമ്മുടെ ചര്‍ച്ചയില്‍ ഒരിക്കലും വരാറില്ല.
ഭാഷ പഠിക്കേണ്ടതെങ്ങനെ?
ശാസ്ത്രം, ചരിത്രം എന്നിവ പഠിക്കുന്നതെങ്ങനെ?
കവിത പഠിക്കുന്നതെങ്ങനെ?
ആസ്വാദനക്കുറിപ്പ് എങ്ങനെയെഴുതാം?
ഉപന്യാസം എഴുതേന്റതെങ്ങനെ?
കാലാവസ്ഥയെ കുറിച്ചുള്ള പാഠം എങ്ങനെ വേണം പഠിക്കാന്‍?
അന്തര്‍വൃത്തം വരക്കാന്‍ പഠിക്കുന്നതെങ്ങനെ?
വാക്കര്‍ഥം , നാനാര്‍ഥം എന്നിവ എങ്ങനെ പഠിക്കാം?
എന്തെല്ലാം പഠിക്കനുണ്ട് ക്ലാസില്‍/ പാഠത്തില്‍/ യൂണിറ്റില്‍?
പരീക്ഷയുടെ അടിസ്ഥനമെന്ത്?
ഉത്തരം എങ്ങനെ എഴുതണം?
സ്കോര്‍ വിതരണം എങ്ങനെ?
ഇങ്ങനെ നിരവധി സംഗതികള്‍ ഉണ്ട്. ഇതൊക്കെയും ഇപ്പോള്‍ ഒരു സാധാരണ കുട്ടിക്ക് അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ചേ ചെയ്യാനവൂ. അനുസരിക്കാന്‍ പഠിച്ചാല്‍ മതി! എന്നാല്‍ പഠിക്കാന്‍ പഠിക്കലാണ് പഠനം എന്ന അടിസ്ഥനതത്വം ക്ലാസ്മുറിയില്‍ അനാഥമാവുന്ന അവസ്ഥയാണ് ഇന്ന്. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ പ്രോസസ്സ് തത്വത്തിലൂന്നിയാണ് എന്നതു ശരി. അതു കുട്ടിക്ക് അജ്ഞാതമാണ്. കുട്ടി പ്രവര്‍ത്തിക്കുന്നേ ഉള്ളൂ. പ്രവര്‍ത്തിയുടെ ഉള്ള് കുട്ടിക്കറിയാന്‍ വഴിയില്ല. ആരും കുട്ടിയുമായി പ്രോസസ്സിന്റെ തത്വശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല. എങ്ങനെ പഠിക്കണം എന്നതിന്ന്മാഷ് പറയുമ്പോലെ പഠിക്കണംഎന്നേ കുട്ടിക്ക് ഉത്തരമുള്ളൂ.

പാഠപുസ്തകങ്ങള്‍ user friendly ആവുക എന്നതുപോലെപഠിക്കാനുള്ള പരിശീലനവും, കുട്ടിക്ക് ലഭ്യമാവുമ്പോഴേ ഉയര്‍ന്ന നിലവാരമുള്ള പഠനം നടക്കൂ. അധ്യാപക പരിശീലനം പോലെ ഗൌരമായി പരിശീലനം കുട്ടിക്കും നലകണം. അതു വെക്കേഷന്‍ കാലത്തോ ഒഴിവ് ദിവസങ്ങളിലോ എന്നൊക്കെ ആലോചിച്ച് തീരുമാനിക്കാം. .ടി പോലുള്ള സങ്കേതങ്ങളും പ്രയോജനപ്പെടുത്താം. സുതാര്യമായ അറിവിന്റെ ഉയരങ്ങളിലേക്ക് കുട്ടിക്ക് സ്വയവും സ്കൂള്‍ അടക്കമുള്ള സമൂഹത്തിന്റെ സഹായത്തോടെയും എത്തിച്ചേരാനുള്ള കെല്‍പ്പ് നല്‍കിയേ നാം പറയുന്ന ശിശുകേന്ദ്രീകൃതം, ജനാധിപത്യപരം, തുടങ്ങിയ മൂല്യങ്ങള്‍ അര്‍ഥപൂര്‍ണ്ണമവൂ.ഒരു പക്ഷെ, ഇതിന്റെ കുറവ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ പരീക്ഷാ റിസള്‍ട്ട് അവലോകനങ്ങളിലാണ്. ഫുള്‍ +കാര്‍ വളരെ വളരെ കുറവും ഡി+ കാര്‍ ധാരാളവും. ഡി+കാര്‍ പൊതുവേ നന്നായി പഠിക്കാന്‍ കഴിയാത്തവരാവുമല്ലോ!

No comments: