23 June 2011

പ്രിയപ്പെട്ട ടീച്ചർ...

A discussion based on T.P.Kaladharan's Blogpost 'choontuviral'


മാഷ്‌,
മലയാളത്തിലാണ്പങ്കെടുത്തത്.കോഴ്സ് ആസ്വാദ്യകരം.എങ്കിലും എനിക്കൊരു സംശയം.പുതിയ സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നോ എന്നു..
എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാ പ്രക്രിയ.അതു ഇനിയും ദഹിച്ചിട്ടില്ല.

·                     വ്യക്തിഗത രചന
·                     ഏതാനും  പേരുടെ പൊതു അവതരണം
·                     ചര്‍ച്ച
·                     സവിശേതകള്‍ കണ്ടെത്തല്‍
·                     അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍
·                     ഗ്രൂപ്പില്‍ പങ്കിടല്‍
·                     സൂചകങ്ങള്‍ ഉപയോഗിച്ചു വിശകലനം
·                     മികവുകള്‍ പരിമിതികള്‍ ഇവ പങ്കിടല്‍
·                     റിപ്പോര്‍ടിംഗ്
·                     സ്വയം മെച്ചപ്പെടുത്തല്‍

ഇതാണ് പറഞ്ഞു തന്നത്
സുനാമിയുടെ വീഡിയോ കാണിച്ചു വര്‍ണന എഴുതാന്‍ ഈ പ്രക്രിയ
ഉപയോഗിച്ചു,
എന്‍റെ സംശയം തെറ്റാവാം.
ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍
ഈ പ്രക്രിയക്ക് ശേഷം ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണംഇവയ്ക്കു ടീച്ചര്‍ ഉദാഹരണങ്ങള്‍ നല്കണം.
പിന്നെ നല്ല വര്‍ണനകള്‍ പരിചയപ്പെടുത്തണം. മാതൃകകള്‍ വായിക്കുന്നതിലൂടെ വര്‍ണനയെക്കുറിച്ചു നല്ല അവബോധം കുട്ടികള്‍ക്കുണ്ടാകും
ഏതാനം വര്‍ണനകള്‍ പരിചയപ്പെടുത്തി.
മറ്റു മാതൃകകള്‍ നല്‍കിയാല്‍ സുനാമിയുടെ വര്‍ണന എങ്ങനെ മെച്ചപ്പെടും എന്നു ചോദിക്കണം എന്നുണ്ടായിരുന്നു ചോദിച്ചില്ല.
ഈ സൂചകങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുമോ എന്ന ചിന്ത എന്നെ അലട്ടി.
ചൂണ്ടു വിരലില്‍“ മറുപടി പ്രതീക്ഷിക്കാമോ
വിനയത്തോടെ
രമ ടീച്ചര്‍
(രമടീച്ചര്‍ ‘ചൂണ്ടുവിരലി’ന്ന് അയച്ച മെയിലില്‍നിന്ന് )


കലാധരന്‍ മാഷ്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ നല്ലൊരു ചിന്ത അവതരിപ്പിക്കുന്നുണ്ട്. പ്രഗത്ഭമായ ഒരു പ്രക്രിയയും. അനുബന്ധമെന്നപോലെ ചിലകാര്യങ്ങള്‍ കമന്റ്ബോക്സില്‍ (ഇത്രയും കാര്യം കമന്റ് ബോക്സില്‍ ഒതുങ്ങില്ല എന്നു തോന്നി) ചേര്‍ക്കുകമാത്രമാണിവിടെ.
താഴെപ്പറയുന്ന സംഗതികളിലാണ് ഞാന്‍ ഊന്നല്‍ കൊടുക്കുന്നത്:
1.    എല്ലാ വ്യവഹാരരൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാപ്രക്രിയ നിര്‍ദ്ദേശിക്കാമോ
2.    മാതൃകകളുടെ പ്രയോഗം
3.    മികവിന്റെ സൂചകങ്ങള്‍ കുട്ടിക്ക് മനസ്സിലാവുമോ എന്ന അലട്ട്

വ്യവഹാരം-പ്രക്രിയ

ചര്‍ച്ചക്കുള്ള സൌകര്യത്തിനായി ‘വര്‍ണ്ണന ‘ എന്ന വ്യവഹാരം തന്നെ എടുക്കുന്നു. കലാധരന്‍ മാഷ് ഈ അംശം വിശദീകരിക്കുന്നു: നിര്‍ദേശം - ഈ കാഴ്ച്ചയുടെ അനുഭവം അതെ തീവ്രതയോടെ ഇത് കാണാത്ത മറ്റൊരാള്‍ക്ക് കിട്ടത്തക്കവിധം നിങ്ങള്‍ ഇപ്പോള്‍ കണ്ട സുനാമിയെ കുറിച്ച് എഴുതാമോ .(നിര്‍ദേശത്തില്‍ അവ്യക്തത ഉണ്ടോ ?സ്വയം ചോദിക്കും ഇല്ല ..)
വീഡിയോ കണ്ട് വര്‍ണ്ണന എഴുതുക എന്ന പ്രവര്‍ത്തനം – സുനാമിയെ വര്‍ണ്ണിക്കലാണ്. ‘കണ്ടത് എഴുതുക ‘ എന്ന പ്രവര്‍ത്തനം. ഈ വര്‍ണ്ണന ഏറ്റവും ചുരുങ്ങിയത് രണ്ടു തരത്തിലാവാം.’അതേ തീവ്രതയോടെ’ എന്ന് കലാധരന്‍ മാഷ് പറയുന്നുമുണ്ട്.
കണ്ടത് കണ്ടതുപോലെ  എഴുതാം (റിപ്പോര്‍ട്ട്)
കണ്ടത് അനുഭവിച്ചതുപോലെ എഴുതാം (അനുഭവക്കുറിപ്പ്)
അതായത് വെറും വര്‍ണ്ണന ചെയ്യാനാവില്ല. അപ്പോള്‍ രചന (വ്യവഹാരം) ഒന്നുകില്‍ ‘റിപ്പോര്‍ട്ടോ‘ അല്ലെങ്കില്‍ ‘അനുഭവക്കുറിപ്പോ‘ ആകും. വേറെയും സാധ്യതകള്‍ ഉണ്ട്.
ചുരുക്കത്തില്‍ വ്യവഹാരരൂപം റിപ്പോര്‍ട്ട്, അനുഭവക്കുറിപ്പ്, കവിത, കഥ…….ഇങ്ങനെയെന്തെങ്കിലുമാവും. അതുകൊണ്ടുതന്നെ പ്രക്രിയയും വ്യത്യസ്തമാവും.

റിപ്പോര്‍ട്ട് ആണെങ്കില്‍ പ്രക്രിയ:
1.    വീഡിയോ കാണല്‍ : ക്ലാസ് മുറിയില്‍ കുട്ടികള്‍ ഒന്നിച്ചിരുന്ന് വീഡിയോ കാണുന്നു.
2.    അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍: (എല്ലാവരും കണ്ടല്ലോ / നമുക്കൊരു റിപ്പോര്‍ട്ട് തയ്യാറാക്കണം / എല്ലാവരും എഴുതണം / നന്നായി എഴുതണം / എങ്ങനെയാ ‘നന്നാവുക‘? നന്നാവാന്‍ രചനയില്‍ എന്തെല്ലാം വേണം? [ഇക്കാര്യത്തില്‍ കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളോടെ ബോര്‍ഡില്‍ കുറിക്കണം] ) ഓര്‍മ്മപ്പെടുത്തലുകള്‍ [സുനാമിയുടെ പഴയ പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍ ഒക്കെ വേണം, കുട്ടികളുടെ  വായനയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള കാഴ്ച അനുഭവങ്ങള്‍ പങ്കിടല്‍,  ]
3.    വീണ്ടും ഒരിക്കല്‍ കൂടി വീഡിയോ കാണാല്‍
4.    വ്യക്തിഗതരചന: (ഗൃഹപാഠം)
5.    അടുത്ത ക്ലാസില്‍: ഗൃഹപാഠങ്ങളില്‍ തെരഞ്ഞെടുത്തവയുടെ അവതരണം. (തെരഞ്ഞെടുപ്പില്‍ കലാധരന്‍ മാഷ് പറയുന്ന കാര്യം ഉണ്ടാവണം)
6.    പൊതുചര്‍ച: ‘നന്നായി എഴുതാന്‍’ നാം തീരുമാനിച്ച സംഗതികള്‍ മുഴുവന്‍ രചനയില്‍ വന്നോ? സൂക്ഷ്മപരിശോധന (രചകള്‍ കൈമാറി ചെറിയ ഗ്രൂപ്പുകളില്‍. മികവുകള്‍ നമ്പറിടുന്നു.[അതില്‍ നിന്ന് കുറവുകള്‍ സ്വയം കുട്ടി മനസ്സിലാക്കും.-അതുശരിയാആ പോയിന്റ് ഞാന്‍ വിട്ടുകളഞ്ഞുഅതും ചേര്‍ത്ത് എഴുതാം..] ..)
7.    വിട്ടുപോയ സംഗതികള്‍ ഗ്രൂപ്പുകളില്‍ ഇടപെട്ട് അധ്യാപിക കൂട്ടിച്ചേര്‍ക്കുന്നു.
8.    സ്വന്തം രചനകള്‍ കുട്ടികളിലെത്തുന്നു.
9.    സ്വയം പരിശോധന- അധ്യാപികയുടെ സഹായം ലഭിക്കല്‍
10.  ഒരിക്കല്‍ കൂടി വീഡിയോ കാണല്‍
11.  സ്വയം മെച്ചപ്പെടുത്തിയ രചന (ഗൃഹപാഠം) പോര്‍ട്ട്ഫോളിയോയിലേക്ക്.


Box 1
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ‘നന്നാവല്‍‘ പോയിന്റ്സ് അധ്യാപിക ബ്ലാക്ക്ബോര്‍ഡില്‍ കുറിച്ചവ
1.    കണ്ടതില്‍ പ്രധാനപ്പെട്ടതൊക്കെ എഴുതണം (ലിസ്റ്റ്)
ഒരു കുട്ടി കരയുന്നു
അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു
കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അത് ശക്തിയോടെ അടിച്ചു മറിയുന്നു
വീടുകള്‍ തകരുന്നു
കെട്ടിടങ്ങള്‍ മുങ്ങുന്നു.
ബോട്ടുകളും കാറുകളും വാഹനങ്ങളും കരയിലൂടെ ഒഴുകിപ്പോകുന്നു.
മരങ്ങള്‍ കടപുഴകുന്നു
ആളുകള്‍ ജീവനും കൊണ്ടോടുന്നു
നിലവിളിക്കുന്ന ബന്ധുക്കള്‍
[നിര്‍ദ്ദേശം: ഇനി വിട്ടുപോയ വല്ലതും ഉണ്ടാവുമോ?
ഒരു കുട്ടി: ചിലര്‍ വീഡിയോ പിടിക്കുന്നു (ഒരു പക്ഷെ, എഴുത്തില്‍ പിന്നാക്കമായ ഒരു   കുട്ടിയാവുമോ ഇതു?)
     മറ്റൊരുകുട്ടി: പല പ്രായക്കാരുടെ ശവങ്ങള്‍ ഒലിച്ചു പോകുന്നു (കാഴ്ചയിലെ കൃത്യത)
      വിട്ടുപോയവ പറഞ്ഞവരെ അനുമോദിച്ചുകൊണ്ട് അതും ലിസ്റ്റ് ചെയ്യുന്നു]
2.   വീഡിയോ കണ്ടപ്പോള്‍ നമുക്കെന്തു തോന്നി?അതു എഴുത്തില്‍ ഉണ്ടാവണം (സാധാരണ അധ്യാപിക നിങ്ങള്‍ക്കെന്തു തോന്നി എന്നേ ചോദിക്കൂ. അതു മാറണം.സഹപഠിതാവാണ്!)
ചര്‍ച്ച: [ പേടി? സങ്കടം? സുനാമിയില്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടിവരുന്ന നമ്മള്‍, ഇനി ഇങ്ങനെ ഒന്നു ഉണ്ടാവരുതേ എന്ന പ്രാര്‍ഥന..]
അധ്യാപിക: പേടിഎന്തിലൊക്കെ ഉണ്ടായി? സുനാമിത്തിരമാലകള്‍ / അവയുടെ വലിപ്പം / രൂപം / അലര്‍ച്ച / കുത്തിയൊഴുക്ക് / ഒലിവ് /
സങ്കടം.വീടുകള്‍ തകരുന്നു / എല്ലാം ഒലിച്ചുപോകുന്നു / ആളുകള്‍ ഓടുന്നു / കുട്ടികള്‍ / നിലവിളി / ശവങ്ങള്‍
.
.
അധ്യാപിക: ഈ ‘പേടി‘യും ‘സങ്കട‘വും ഒക്കെ എങ്ങനെയാ എഴുത്തില്‍ ഉണ്ടാക്കുക?
ചര്‍ച്ച: കുട്ടികള്‍ വാക്യങ്ങള്‍ പറയുന്നു:
ആകാശം മുട്ടെ ഉയരമുള്ള തിരമാലകള്‍ വന്നു
ആകാശം മുട്ടെ ഉയരമുള്ള കൂറ്റന്‍ തിരമാലകള്‍ വന്നു
മഹാപര്‍വതത്തോളം വലുപ്പമുള്ള തിരമാലകള്‍ അലറി പാഞ്ഞെത്തി.
കടല്‍ ഇളകി ഉയര്‍ന്നു. രാക്ഷസ രൂപം പൂണ്ട തിരമാലകള്‍ മാനത്തോളം ഉയരത്തില്‍ പൊങ്ങി എല്ലാം വിഴുങ്ങാന്‍ എന്നപോലെ അലറി കുതിച്ചെത്തി.
എന്നിങ്ങനെ എഴുതണം.ഇതിലും നല്ല വാക്യങ്ങള്‍ ഉണ്ടാക്കാമോ? അതും ആലോചിക്കണം.
[ചര്‍ച്ചകളുടെ പോയിന്റ്സ് മാത്രം ബി.ബി.യില്‍ എഴുതണം. കുട്ടിയുടെ ബുക്കിലും അതു വരണം. ]
3.   എങ്ങനെ എഴുതണം?
(അ)തുടക്കം എങ്ങനെ? ചര്‍ച്ച:
·         വീഡിയോയുടെ തുടക്ക സീന്‍ മുതല്‍ എഴുതാം
·         പേടിപ്പിച്ച ചില ദൃശ്യങ്ങളില്‍ തൊട്ടു തുടങ്ങാം
·         സങ്കടപ്പെടുത്തിയ ചില ദൃശ്യങ്ങളില്‍ തൊട്ട്
·         വ്യക്തിപരമായുള്ള സുനാമി അനുഭവങ്ങളില്‍ നിന്ന്
·         .
[ഓരോ കുട്ടിയും സ്വന്തം ഇഷ്ടപ്രകാരം എഴുതട്ടെ. ഓരോ തുടക്കത്തിന്റേയും ഗുണാംശങ്ങള്‍  വിശദീകരിക്കാം എല്ലാര്‍ക്കും]
(ഇ) വാക്യങ്ങള്‍
·         ചെറിയ വാക്യങ്ങള്‍
·         നീണ്ട വാക്യങ്ങള്‍
·         ചെറുതും നീണ്ടതും ഇടകലര്‍ന്നത്
(ഉ) ഖണ്ഡികകള്‍, ചിന്‍ഹനം
(എ ) സമാപനം
·         പ്രകൃതിയുടെ മുന്‍പില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കൊണ്ട്
·         ഇങ്ങനെയുള്ളവ ആവര്‍ത്തിക്കരുതേ എന്നാഗ്രഹിച്ചുകൊണ്ട്
·         ഇതില്‍നിന്നൊക്കെ മനുഷ്യന്ന് അതിജീവിക്കാനാവുമെന്ന് ചൂണ്ടിക്കൊണ്ട്
·         .
[ഓരോ കുട്ടിയും സ്വന്തം ഇഷ്ടപ്രകാരം എഴുതട്ടെ. ഓരോന്നിന്റേയും ഗുണാംശങ്ങള്‍  വിശദീകരിക്കാം എല്ലാര്‍ക്കും]


അപ്പോള്‍

നേരത്തെ സംശയിച്ച മാതൃകകളുടെ പ്രയോഗം
നമ്മുടെ പ്രക്രിയയില്‍ സ്വാഭാവികമായി ചേര്‍ന്നുവല്ലോ. പ്രക്രിയയില്‍ രണ്ടാമത്തെ ഇനത്തില്‍ അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച  എന്ന ഭാഗത്ത് (ഓര്‍മ്മപ്പെടുത്തലുകള്‍ ) ഇതു വരും. അല്ലാതെ സുനാമിക്ക് പകരം അഗ്നിപര്‍വതസ്പോടനം മാതൃകയാക്കാനവില്ല. ‘പ്രകൃതിക്ഷോഭങ്ങള്‍‘ ആണ് വിഷയമെങ്കില്‍ ശരി. ഇവിടെ ഒരു വീഡിയോ ‘അനുഭവം‘ ആണ് വിഷയം.

മികവിന്റെ സൂചനകള്‍
ഇതും സ്വാഭാവികമായി നമ്മുടെ പ്രക്രിയയില്‍ വന്നു. ‘എന്താണു നന്നാവല്‍’  എന്ന ചര്‍ച്ചയില്‍.

മറ്റൊന്ന് : ഈ പ്രവര്‍ത്തനം ഒരിക്കലും ഒരു പീരിയേഡ് കൊണ്ട് തീര്‍ക്കാനാവില്ല.2-3 പീരിയേഡുകള്‍ (ദിവസം തന്നെ) അവിടെ ഗൃഹപാഠം പ്രയോജനപ്പെടുത്തണം. വീഡിയോ അനുഭവം ഒരു ദിവസമെങ്കിലും കുട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. കൂട്ടുകാരുമായും വീട്ടുകാരുമായും വീഡിയോ അനുഭവം പങ്കുവെക്കാന്‍ കഴിയണം. അങ്ങനെ അതു കുറേകൂടി തീവ്രമായിത്തീരും.

തീര്‍ച്ചയായും ഒരേപ്രക്രിയ ആവര്‍ത്തിക്കാനാവില്ല. കുട്ടിക്കും അധ്യാപികക്കും അതു മടുപ്പുണ്ടാക്കും.’ എല്ലാ വിഷയത്തിലും കൃഷി തന്നെയാണല്ലൊ പ്രശ്നം’ എന്നു ആറാം ക്ലാസിലെ കുട്ടി പറഞ്ഞതുകേട്ട് ചൂളിപ്പോയ അനുഭവം ഉണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനവും മറ്റെന്തായാലും കുട്ടി വൈവിധ്യം പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇതൊക്കെയും ഒരു ട്രയിനിങ്ങ് ക്യാമ്പുകൊണ്ട് തീര്‍ക്കാവുന്നതുമല്ല. അതു ഒരു ഓപ്പണിങ്ങ് മാത്രം. ബാക്കിയൊക്കെ അധ്യാപകരുടെ അര്‍പ്പണവും ബോധ്യങ്ങളും തന്നെ.















2 comments:

drkaladharantp said...

മാഷ്‌, ചര്‍ച്ച തുടരാം.
മാതൃക എന്നൊന്നില്ല ഓരോരോ പുതിയ അനുഭവങ്ങള്‍ .
മകച്ച അനുഭവങ്ങള്‍ കൂടുതല്‍ തെളിച്ചം നല്‍കുമായിരിക്കും.
ഇവിടെ അനുകരിചെഴുതാനുള്ള മാതൃകകള്‍ ആണ് അധ്യാപകര്‍ തിരയുന്നത്.അതിനു പകരം വ്യത്യസ്ത രീതിയില്‍ ചിന്തിച്ചതിന്റെ ആവിഷകരിച്ചതിന്റെ മാതൃകകളാണ് വേണ്ടത്.തനിക്കും വ്യത്യസ്തമായി ചെയ്യാന്‍ അത് പ്രചോദനം നല്‍കുമെങ്കില്‍
.

drkaladharantp said...

മാഷ്‌, ചര്‍ച്ച തുടരാം.
മാതൃക എന്നൊന്നില്ല ഓരോരോ പുതിയ അനുഭവങ്ങള്‍ .
മകച്ച അനുഭവങ്ങള്‍ കൂടുതല്‍ തെളിച്ചം നല്‍കുമായിരിക്കും.
ഇവിടെ അനുകരിചെഴുതാനുള്ള മാതൃകകള്‍ ആണ് അധ്യാപകര്‍ തിരയുന്നത്.അതിനു പകരം വ്യത്യസ്ത രീതിയില്‍ ചിന്തിച്ചതിന്റെ ആവിഷകരിച്ചതിന്റെ മാതൃകകളാണ് വേണ്ടത്.തനിക്കും വ്യത്യസ്തമായി ചെയ്യാന്‍ അത് പ്രചോദനം നല്‍കുമെങ്കില്‍
.