22 January 2012

കാവ്യഭാഷയിലെ ഭിന്ന ഭാവങ്ങള്‍


പത്താം ക്ളാസിലെ (മലയാളം ) 'ഗാന്ധാരീവിലാപം' എന്ന കാവ്യപാഠത്തെ കുറിച്ചു ഒരു കുറിപ്പ്


കവിക്ക് സൃഷ്ടിക്കുള്ള ഉപകരണം ഭാഷയാണ്`. ഭാഷകൊണ്ട് സാഹിത്യം രചിക്കുന്നു. സഹിതമായതാണ്` സാഹിത്യം. വാക്കും അര്‍ഥവുമാണ്` സഹിതമാകുന്നത്. വികാരവും വിചാരവുമാണ്` സഹിതമാകുന്നത്. വാക്കിലൂടെയും അര്‍ഥത്തിലൂടെയും വികാരവും വിചാരവും വായനക്കാരിലാണ്` ഉല്പ്പാദിപ്പിക്കുന്നത്. അതു പൂര്‍ണ്ണമായും സാധിക്കുന്നത് ഭാഷ കൊണ്ടാണ്`. അങ്ങനെ കവി രണ്ടിടങ്ങളില്‍ സൃഷ്ടി നടത്തുന്നു. ആദ്യം കൃതിയിലും തുടര്‍ന്ന് വായനക്കാരിലും. ആദ്യ നിര്‍മ്മിതി ഒരിക്കലേ ഉള്ളൂ. കാവ്യം രചിച്ചു കഴിഞ്ഞാല്‍ ആ പണി തീര്‍ന്നു. എന്നാല്‍ രണ്ടാമത്തേത് - വായനക്കാരില്‍ വികാരവിചാരങ്ങള്‍ നിര്‍മ്മിക്കല്‍ പലതവണയാണ്` ; പലരിലാണ്`; പലകാലത്തും ചിലത് എക്കാലത്തുമാണ്`; ഓരോന്നും പുതുപുത്തനും.

ഒരേ സംഗതികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പറയേണ്ടിവരുമ്പോള്‍ സന്ദര്‍ഭാനുസാരിയാക്കാനുള്ള മിടുക്കാണ്` കവിത്വത്തിന്റെ ഒരു ലക്ഷണം. മഹാഭാരതം കിളിപ്പാട്ടില്‍ എഴുത്തഛന്‍ - 'ഗാന്ധാരീവിലാപ' ത്തില്‍ ഭഗദത്തനെക്കുറിച്ച് പറയുന്നത് നോക്കുക.
...... ധരണിയിലുണ്ടായ
മന്നരില്‍ മുമ്പന്‍ ഭഗദത്തന്‍
തന്‍കരിവീരനരികെ ധനുസ്സുമായ്
സംക്രന്ദനാത്മജനെയ്ത ശരത്തിനാല്‍
വീണിതല്ലോ കിടക്കുന്നു
ധരണിയില്‍ ശോണിതവുമണഞ്ഞയ്യോ ശിവ! ശിവ! [ പദ്യം 1]
ഗാന്ധാരി കാണുന്ന ഈ ഭഗദത്ത രൂപം ഈ അവസ്ഥയിലായ സന്ദര്‍ഭം എഴുത്തഛന്‍ ഇങ്ങനെ എഴുതുന്നു. [ ദ്രോണം]
...... സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-
നുമ്പര്‍കോന്‍ തന്നുടെ നന്ദനനര്‍ജുനന്‍
വാരണവീരന്‍ തലയറ്റു വില്ലറ്റു
വീരന്‍ ഭഗദത്തന്‍ തന്റെ തലയറ്റു
നാലാമതാനതന്‍ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും . .... [പദ്യം 2]
ഹാസ്യരസപ്രയോഗത്തില്‍ ഏറ്റവും പിശുക്കനായ കവിയാണ്` എഴുത്തഛന്‍. ഭഗദത്ത പതനം വിവരിക്കുന്നിടത്ത് കവി ആലോചനാമൃതമായ ഹാസ്യം തന്നെ ഉപയോഗിച്ചിരിക്കുന്നു. സുവ്യക്തമായ ഒരു ചിത്രരചനയാണ്` - അമ്പിന്റെ യാത്ര കവി വിവരിക്കുന്നു. ഭഗദത്തന്‍, അര്‍ജുനന്‍, സുപ്രതീകോപമനായ ആന എന്നീ ഘടകങ്ങളില്‍ വര്‍ണ്ണനാപരമായി ഒരു മാറ്റവും രണ്ടു കാവ്യഭാഗത്തും ഇല്ലതാനും.


പദ്യം 1
പദ്യം 2
ഗാന്ധാരീ വിലാപം - സന്ദര്‍ഭം
ഗാന്ധാരിയുടെ കാഴ്ച
ശോകരസം
അവസ്ഥാവിവരണം - വീണിതല്ലോ....ശിവ! ശിവ!
യുദ്ധ വര്‍ണ്ണന - സന്ദര്‍ഭം
കവിയുടെ കാഴ്ച
ഹാസ്യരസം
അമ്പിന്റെ യാത്ര- ക്രിയകള്‍

കവി രണ്ടു സന്ദര്‍ഭങ്ങളും എഴുതിത്തീര്‍ത്തതോടെ കവിത - ഈ കാവ്യഭാഗം- തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വായനക്കാരിലാണ്`. രസോത്പാദനം നടക്കുന്നത് വായനക്കാരിലാണ്`. ദൃശ്യത്തിന്റെ ഫ്രയിമില്‍ ഉള്ളടങ്ങിയിട്ടുള്ള ഘടകങ്ങളാണ് ഭിന്ന രസാവിഷ്കാരത്തിന്ന് നിദാനമായിട്ടുള്ളത്. ശോക- ഹാസ്യ രസങ്ങള്‍ ഉണ്ടാക്കാന്‍ കവി ഉപയോഗിക്കുന്ന ഭാഷാപരമായ ഘടകം ' ശിവ! ശിവ! എന്നും, കോലാഹലം എന്നും രണ്ടു പദങ്ങളാണ്`. 'റ്റു' എന്ന അക്ഷരത്തിന്റെ ആവര്‍ത്തനവും ശ്രദ്ധേയമാകുന്നു. പദ്യം 1 ലെ 'സംക്രന്ദനാത്മജന്‍ ' എന്ന പദം വായിക്കുമ്പോള്‍ ' ക്രന്ദനം' [= കരച്ചില്‍ ] എന്ന പദവും ശോകാത്മകത ഉണ്ടാക്കുന്നുണ്ടാവും . ശത്രുക്കളെ കരയിപ്പിക്കുന്നവന്റെ പുത്രന്‍ = സംക്രന്ദനാത്മജന്‍ എന്ന അര്‍ജുന വിശേഷണം ഗാന്ധാരി [ കവി ] ഉപയോഗിക്കുന്നത് വളരെ ബോധപൂര്‍വമാകാം. പദ്യം 2 ഇല്‍ ' ഉമ്പര്‍കോന്‍ തന്നുടെ മകന്‍ ' എന്നര്‍ഥത്തിലുള്ള വിശേഷണത്തേക്കാള്‍ പദ്യം 1 ലെ വിശേഷണം അര്‍ജുനനെ കുറ്റവിമുക്തനാക്കുകയാണ്`. എല്ലാറ്റിനും കാരണക്കാരനായി മുകുന്ദനെ മാത്രമാണ്` ഗാന്ധാരി കാണുന്നത്.

ഇനി അഭിമന്യുവിന്റെ അവസ്ഥ : പാഠഭാഗത്ത് വളരെ ശോകാത്മകമായി വിവരിച്ചിരിക്കുന്നത് നമുക്ക് വായിക്കാം.
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍ ......
എന്നാല്‍ അഭിമന്യു വധവും തുടര്‍ന്നുള്ള ജയദ്രഥ വധവും വീരം, ഭയാനകം തുടങ്ങിയ രസങ്ങള്‍ ഉല്പ്പാദിപ്പിച്ചു കൊണ്ടാണ്`കിളിപ്പാട്ടില്‍ ദ്രോണത്തില്‍ വര്‍ണ്ണിക്കുന്നത്. ഒന്ന് കൊന്നുവീഴ്ത്തിയ കഥയും മറ്റൊന്ന് അതിന്റെ ദു:ഖപൂര്‍ണ്ണമായ അവസ്ഥയും ആണല്ലോ. ഇരു ഭാഗത്തും ഉപയോഗിക്കുന്ന പദാവലി, വിശേഷണങ്ങള്‍, അക്ഷരക്രമീകരണം എന്നിവയിലൂടെയാണ് ഈ ഭിന്ന ഭാവരസങ്ങള്‍ നിഷ്പാദിപ്പിച്ചിരിക്കുന്നത്.
അര്‍ണ്ണവം പോലെ യലറീ യഭിമന്യു
തിണ്ണം പൊരുതങ്ങടുക്കുന്നതു നേരം ...... [ ദ്രോണം]

ഇരു ഭാഗവും വായനക്കാരന്‍ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു. ആസ്വാദനത്തില്‍ മുന്‍ പറഞ്ഞ സംഗതികള്‍ പരിഗണിക്കപ്പെടില്ല. ' കല്യാണരൂപന്‍ ...അലറി.... ' എന്നിവ ബന്ധിപ്പിക്കാറില്ല. മറ്റൊന്ന് കാവ്യാസ്വാദനത്തില്‍ ആരുചെയ്തത് ശരി / ആരു ചെയ്തത് തെറ്റ് എന്നിങ്ങനെയുള്ള ധര്‍മ്മാധര്‍മ്മ ചിന്തയും ഇല്ല. രസാസ്വാദനം മാത്രമേ ഉള്ളൂ. അതു സാധ്യമാക്കുന്നത് ധര്‍മ്മാധര്‍മ്മവിചാരങ്ങളല്ല; കാവ്യഭാഷമാത്രം .

ആദ്യം വീരശൂരപരാക്രമത്തോടെ കൊല്ലുകയും / കൊല്ലിക്കുകയും പിന്നെ ചത്തുകിടപ്പുകണ്ട് കരയുകയും ചെയ്യുന്നത് ഭിന്ന കഥാപാത്രങ്ങളെങ്കിലും [യുദ്ധം കാണുന്ന ആള്‍, ഗാന്ധാരി ] രണ്ടും ആസ്വദിക്കുകയാണ്` വായനക്കാരന്‍. കാവ്യഭാഷയും അതുല്‍പ്പാദിപ്പിക്കുന്ന ഭാവരസങ്ങളും മാത്രമാണ്` വായനക്കാരന്‍ പരിഗണിക്കുന്നത്. അതില്‍ മാത്രമാണ് കവിയുടെ പ്രഥമപരിഗണനയും.

4 comments:

achuthan vatakketath ravi said...

അങ്ങിനെ കാവ്യങ്ങള്‍ വായനക്കാരില്‍ എത്തുമ്പോള്‍ എല്ലാ കാലത്തും എല്ലാവരാലും ആരാധിക്കപ്പെടുന്നതായി മാറുന്നു.അപ്പോള്‍ അവ ആംഗലേയ ഭാഷയില്‍ ക്ലാസ്സിക് എന്ന് വിശേഷിക്കപ്പെടുന്നു.ഇന്നും വേണമെങ്കില്‍ അത്തരം ക്ലാസ്സിക്കുകള്‍ ഉണ്ടാകാം!

Kalavallabhan said...

"കാവ്യാസ്വാദനത്തില്‍ ആരുചെയ്തത് ശരി / ആരു ചെയ്തത് തെറ്റ് എന്നിങ്ങനെയുള്ള ധര്‍മ്മാധര്‍മ്മ ചിന്തയും ഇല്ല. രസാസ്വാദനം മാത്രമേ ഉള്ളൂ. അതു സാധ്യമാക്കുന്നത് ധര്‍മ്മാധര്‍മ്മവിചാരങ്ങളല്ല; കാവ്യഭാഷമാത്രം ."
വളരെ നല്ലത്‌

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിജ്ഞാനപ്രദമായ വിശകലനം

സുജനിക said...

thanks. achuthan, kalavallabhan, muhammad