28 January 2012

കുട്ടി പരീക്ഷ എഴുതുകയായിരുന്നു...


പരീക്ഷ – 3



പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ പരീക്ഷയുടെ ബെല്ല്, ഇന്‍വിജിലേറ്ററുടെ സാന്നിധ്യം, സമയകൃത്യത, അച്ചടക്കം , ജയം / തോല്‍വി എന്നിങ്ങനെ നിരവധി സംഗതികള്‍ മനസ്സില്‍ നിറയും...എല്ലാം കൂടി അകത്തൊരു പേടി ഉണ്ടാക്കും.
എന്നാല്‍ പരീക്ഷ എന്നു പറയുന്നില്ലെങ്കിലോ? ഇതൊന്നും ഇല്ല. ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാവുകയും കുട്ടി അസ്സലായി പഠിക്കുകയും കുട്ടിതന്നെ അറിയാതെ ജയിക്കുകയും ചെയ്യും. പക്ഷെ, ഇതു നമ്മുടെ ആളുകള്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല എന്നത് മറ്റൊരുകാര്യം. അതാണല്ലോ CE ഇപ്പൊഴും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്.
ചോദിക്കട്ടെ, എന്താണ്` പരീക്ഷ? പഠിപ്പിച്ച ഒരു സംഗതിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്ക് ഒരു പ്രവര്‍ത്തനം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് [ അധ്യാപിക] മനസ്സിലാക്കലാണ്` പരീക്ഷ. 'എത്രത്തോളം മികവ് ' എന്ന് അളക്കും; അളക്കണം.
ഒരു ക്ളാസ് സന്ദര്‍ഭം നോക്കാം: 'കാലിലാലോലം ചിലമ്പുമായ്' എന്ന യൂണിറ്റ് പഠിപ്പിക്കുന്നതിനിടയ്ക്ക് സ്വാഭാവികമായും നിരവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ഒറ്റക്കും കൂട്ടായും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്ന്: ' ആര്‍ട്ട് അറ്റാക്ക് ' എന്ന ശീര്‍ഷകം സൃഷ്ടിക്കുന്ന അര്‍ഥതലങ്ങള്‍ എന്തൊക്കെയെന്ന് കുറിക്കുക - എന്നൊരു പ്രവര്‍ത്തനം ക്ളാസ് മുറിയില്‍ ചെയ്തുവല്ലോ. ഗ്രൂപ്പ് പ്രവര്‍ത്തനം, അധ്യാപികയുടെ സഹായം, സ്വയം ശ്രമങ്ങള്‍ , മുന്‍ അറിവുകള്‍, താരതമ്യപ്പെടുത്തലുകള്‍, മെച്ചപ്പെടുത്തല്‍....തുടങ്ങി ഒരു പാട് ഘട്ടങ്ങളിലൂടെ കുട്ടി ഇതിന്റെ 'ഉത്തരം' കുട്ടി നന്നായി എഴുതിയി [ കുറിച്ചി ] രിക്കും. [ അധ്യാപിക ഇത് ശ്രദ്ധിക്കുകയും ചിലപ്പോള്‍ CE യുടെ ഭാഗമായി പരിഗണിക്കുകയും ചെയ്തിരിക്കും. ]
ശീര്‍ഷകത്തിന്റെ ഔചിത്യം - എന്ന പ്രവര്‍ത്തനം ചെറിയ ക്ളാസ്‌‌മുതല്‍ കുട്ടി പരിശീലിക്കുന്നതാണ്`. ക്ളാസ് മുറിയിലും, വീട്ടിലും, മറ്റെവിടെയും... [ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ ] ഇത് നന്നായി ചെയ്യാനും കുട്ടിക്ക് പ്രയാസമില്ല. ചെറിയ / വലിയ കഥാഭാഗങ്ങള്‍ കൊടുത്ത് എപ്പോള്‍ വേണമെങ്കിലും നമുക്കിത് ബോധ്യപ്പെടാം. കുറിപ്പുകള്‍ എന്ന വ്യവഹാരം ഉപയോഗിക്കുന്നില്ലെങ്കിലും എന്തു വായിക്കുമ്പോഴും / എഴുതുമ്പോഴും ഈ പ്രക്രിയ മാനസികമായി എല്ലാ കുട്ടിയും ചെയ്യുന്നുമുണ്ട്.
ഭാഷാ ക്ളാസുകളില്‍ മാത്രമല്ല, എല്ലാവിഷയക്ളാസുകളിലും ഇതുതന്നെയാണ്` സംഭവിക്കുന്നത്. അധ്യാപിക കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനിടയ്ക്കും അതിനു ശേഷവും നല്കുന്ന ചെറിയതും വലിയതുമായ പ്രവര്‍ത്തനങ്ങള്‍ കുട്ടി നന്നായി ചെയ്തുതീര്‍ക്കുന്നു. അധ്യാപിക അതു ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതൊന്നും കേവല ആവര്‍ത്തനങ്ങളല്ല. എല്ലാം പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ. അതൊക്കെയും ഓരോ കുട്ടിയും അവര്‍ക്കുകഴിയുന്നത്ര മികവില്‍ സ്വയം ചെയ്തുതീര്‍ക്കുന്നു. ജയം കിട്ടുന്നു. ക്ളാസ്മുറിയിലെ സ്വാഭാവിക കാലക്രമവും, ശാന്തമായ - പഠനസന്നദ്ധമായ അന്തരീക്ഷവും ഈ ജയം നിര്‍മ്മിക്കുകയാണ്`.
എന്നാല്‍ ഇതേ പ്രവര്‍ത്തനം പരീക്ഷാ ഹാളില്‍ നടക്കുമ്പോള്‍ അവസ്ഥയാകെ മാറുന്നു എന്നാണോ? നേരത്തെ സൂചിപ്പിച്ച പരീക്ഷാ പരിസ്ഥിതിയുടെ സമ്മര്‍ദ്ദമാണത്. ഇതിനെ മറികടക്കാന്‍ കുട്ടിക്ക് മാനസികമായി കഴിഞ്ഞാല്‍ പേടി പമ്പ കടക്കുന്നു. അത്:
  • പരീക്ഷയും പരീക്ഷാഹാളിന്റെ ചുറ്റുപാടും അവഗണിക്കുക.
  • പരീക്ഷാഹാളിനേയും ക്ളാസ്മുറിയായി- പഠനമുറിയായി കണക്കാക്കുക.
  • പഠനത്തിന്റെ സാധാരണ അച്ചടക്കം മാത്രം പുലര്‍ത്തുക.
  • പരീക്ഷ പഠനം തന്നെയെന്ന് മനസ്സിലാക്കുക.
  • എഴുതിയും വായിച്ചുനോക്കിയും ചെറിയ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സ്വയം ചെയ്യുക.
  • പ്രവര്‍ത്തനം മികച്ചതാക്കാന്‍ പരിശ്രമിക്കുക. ജയപരാജയങ്ങളെ കുറിച്ച് വേവലാതിപ്പെടാതിരിക്കുക. [ നന്നായി ചെയ്യലാണ് പ്രധാനം . ജയം അതോടൊപ്പം ഉണ്ട്. ]
  • പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. മറ്റു ചിന്തകള്‍ മാറ്റിവെക്കുക.
  • ചെയ്യാന്‍ കഴിയാതെ പോകുന്നവയെ കുറിച്ചുള്ള ഉത്കണ്‍ഠ മാറ്റിവെക്കുക.

ഏതൊരാളുടേയും സാധാരണ ജീവിതത്തില്‍ ഇതൊക്കെത്തന്നെയാണ്` സംഭവിക്കുന്നത്. നമുക്കിഷ്ടമല്ലാത്തത് അവഗണിക്കുക/ മറക്കുക. എന്നാല്‍ സ്ഥിതിഗതികള്‍ക്കനുസൃതമായ പെരുമാറ്റം [ അച്ചടക്കം] പാലിക്കുക. ലക്ഷ്യം മാത്രം മുന്നില്‍ കാണുക. പരിസ്ഥിതി മോശമാണെങ്കില്‍ ലക്ഷ്യം ഉപേക്ഷിക്കാനാവില്ലല്ലോ.
ക്ളാസ്മുറിയിലും വീട്ടിലും കുട്ടി എന്നും പരീക്ഷ എഴുതുകയായിരുന്നു. കൂടുതല്‍ മികവിലേക്ക് വളരുകയായിരുന്നു. പരിസ്ഥിതിയില്‍ എന്നും ഉണ്ടാകാവുന്ന നേരിയ വ്യത്യാസങ്ങളെ മറികടന്ന്....
ആയതിനാല്‍
നമുക്ക് പരീക്ഷയെ മറക്കാം; പരീക്ഷാഹാളിനെ അവഗണിക്കാം.....
പരീക്ഷ പഠനം മാത്രമാണ്` ; സ്വാഭാവികമായ പഠനം.

ജയം അതോടൊപ്പം ഉണ്ട്.






No comments: