23 December 2009

ഇമ്മിണി ബല്യ ഒന്ന്

സ്കൂൾ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം ക്വിസ്സിൽ പങ്കെടുക്കുകയാണ്. ഈ ആറുമാസത്തിനിടയ്ക്ക് 15 ക്വിസ്സിൽ പങ്കെടുത്ത് 16ആമത്തേതിന്ന് തയ്യാറായി വന്ന ഒരു കൊച്ചു മിടുക്കനെ കണ്ടു.കേമൻ! മനസ്സിൽ ചെറിയൊരു അസൂയ തോന്നി.
ക്വിസ്സ് മാസ്റ്റർ ചോദിക്കുന്ന ചോദ്യം---അതിന്റെ ശരിയുത്തരം…സ്കോർ..സമ്മാനങ്ങൾ..ഇത്രയും കൊണ്ട് ക്വിസ്സ് തീരുമോ? തീരരുത്. തന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞ ഉത്തരമെന്ത്? തൊട്ടടുത്ത ബഞ്ചിലിരുന്ന കുട്ടിയുടെ ഉത്തരമോ? അതൊക്കെ പൂർണ്ണമായും തെറ്റോ? അടുത്ത ക്ലാസിലിരുന്നിരുന്ന കുട്ടി പറഞ്ഞ ഉത്തരമോ? അടുത്ത സബ്ജില്ലയിലെ/ ജില്ലയിലെ/ സംസ്ഥാനത്തെ/ രാജ്യത്തെ/ കുട്ടികൾ പറഞ്ഞ ഉത്തരങ്ങളോ? കഴിഞ്ഞകാലങ്ങളിലെ ഉത്തരമോ? ഇനി വരും കാലങ്ങളിലെ ഉത്തരം എന്താവാം?...ഇങ്ങനെയുള്ള ഒരു പഠനം നടക്കുമ്പോഴാണ് ക്വിസ്സിൽ പങ്കെടുക്കുന്നതിന്റെ ഗുണം കിട്ടുക.
ഇതു കേരളീയമായ ഒരു അറിവാണ്. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടല്ല; മറിച്ച് ഇമ്മിണി ബല്യ ഒന്നാണ് എന്നു പറഞ്ഞത് കേരളീയനായ ഒരു എഴുത്തുകാരനാണ്. ഒരു ചോദ്യത്തിന്ന് ഒരുത്തരമല്ല; അനേകം ഉത്തരം ഉണ്ട്. അറിവിന്ന് കേവലത്വമില്ല. സ്ഥലകാലങ്ങളിൽ അതു ബന്ധിതമാണ്. ചരിത്രത്തിൽ ഒരേ ചോദ്യത്തിന്ന് ഉത്തരങ്ങൾ മാറിവരുന്നുണ്ട്.
അപ്പോൾ ശരിക്കാലോചിച്ചാൽ ക്വിസ്സിന്ന് എക്കാലത്തേക്കുമായി ഒരൊറ്റ ചോദ്യം മതി. മികച്ച ഉത്തരങ്ങൾക്ക് സ്കോർ നൽകുമെങ്കിൽ.
ഇതറിഞ്ഞുതന്നെയാവണം കഴിഞ്ഞകാലങ്ങളിൽ ഒരുപാടു സംഘടനകളും മറ്റും നടത്തിയ 99% ചോദ്യാവലിയിലും ഒരേ ചോദ്യം ആവർത്തിക്കുന്നത്.

20 December 2009

ചെവിയും വെള്ളവും

മുങ്ങിക്കുളിക്കുമ്പോൾ ചിലപ്പോൾ ചെവിയിൽ വെള്ളം കയറും. അതു ചോർന്നു പോകുന്നതുവരെ ഒരസ്വസ്ഥതയാണ്. കേരളീയമായ ഒരു പരിഹാരവിദ്യ (മുങ്ങിക്കുളി സാധാരണ കേരളീയർക്കല്ലേ ഉണ്ടായിരുന്നത്?1) കുറച്ചുകൂടി വെള്ളം ചെവിയിൽ ഒഴിച്ച് കൊട്ടിക്കളയലാണ്. പ്രശ്നം പരിഹരിക്കും.
കീഴ്ജീവനക്കാരെ പണിയെടുപ്പിക്കാൻ ചെവിയിൽ വെള്ളമൊഴിക്കുന്ന വിദ്യ നമ്മുടെ മേലധികാരികൾക്കറിയാം.കുറേ അധികം പണികൾ ഏൽപ്പിച്ച് ഇതു നിർവഹിക്കും. 2 പണിഏൽപ്പിച്ചാൽ 1 എണ്ണം ചെയ്യും=50% /മറിച്ച് 100 പണി ഏൽപ്പിച്ചാൽ 10 എണ്ണം ചെയ്യും=10%. ഇതാണ് ബുദ്ധി. എത്രശതമാനം എന്നല്ല എത്ര എണ്ണം പണി എടുത്തു എന്നല്ലേ നോക്കേണ്ടത്?
അധ്യാപകർക്ക് ഒരു മാസം ചെയ്യേണ്ട പണികൾ ഇതിന്നു ഉദാഹരണം:
അറ്റൻഡൻസ്, പാഠം തീർക്കൽ, റ്റീച്ചിങ്ങ് മാന്വൽ, കുട്ടിയുടെ പ്രതികരണക്കുറിപ്പ്, പരിഹാരബോധനം (ഓരോ കുട്ടിക്കും!) സി.ഇ. പരിശോധന, വിവിധ ക്ലബ് പരിപാടികൾ, ഒരു മാസത്തിൽ ചുരുങ്ങിയത് 5 ക്വിസ്സ് പരിപാടിക്ക് കുട്ടിയെ തയ്യാറാക്കൽ-കൊണ്ടുപോകൽ, ക്ലസ്റ്റർ മീറ്റിങ്ങുകൾ, കമ്പ്യൂട്ടർ ഫീസ് പിരിവ്, പി.ടി.എ ഫണ്ട് ബാക്കി പിരിക്കൽ, സ്റ്റാമ്പ് വിൽപ്പന, യൂണിഫോം ഇല്ലാത്തവരുടെ കയ്യിൽ നിന്നും ഫയിൻ വാങ്ങി കണക്കു വെക്കൽ, കലോത്സവനടത്തിപ്പ്, കായികോത്സവം, എസ്.സി.എസ്.ടി ലിസ്റ്റ്, എ.പി.എൽ.ബി.പി.എൽ ലിസ്റ്റ്, രണ്ടാംവർഷക്കാർ ആദ്യവർഷക്കാർ ലിസ്റ്റ്, അരി വിതരണം ലിസ്റ്റ്, അരിവിതരണം, കഞ്ഞിലിസ്റ്റ്, ആബ്സന്റ് ലിസ്റ്റ്, ക്ലാസ് പി.ടി.എ, പഠനവീട്,പ്രാദേശിക പഠന കേന്ദ്രം, സബ്ജക്ട് കൌൺസിൽ (മിനുട്ട്സ് നിർബന്ധം), പിന്നോക്കക്കരായ വിദ്യാർഥികളുടെ ലിസ്റ്റ്, ക്ലാസ് ടെസ്റ്റ്, ക്ലാസ്ടെസ്റ്റ് ഗ്രേഡ് ലിസ്റ്റ്, ഓടിക്കളിച്ച് വീണ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകൽ, കുറ്റം ചെയ്ത കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു വരുത്തി ഉപദേശിക്കൽ, തെളിമ വിതരണം, റോഡ് സുരക്ഷ ബോധവത്കരണം, മരം ഡയറി പരിശോധന, മന്ത് ഗുളിക, പുകയില വിരുദ്ധ- മയക്കുമരുന്നു വിരുദ്ധ ബോധവത്കരണം, ഐ.ഇ.ഡി.പി കുട്ടികൾക്ക് പ്രത്യേക സംവിധാനം, സ്കൌട്ട്-ഗയ്ഡ്, എൻ.സി.സി, വൈകീട്ട് അധിക ക്ലാസുകൾ,……………
പക്ഷെ, മാഷക്കറിയാം; ചെവിയിലെ വെള്ളം അവിടെ കിടക്കട്ടെ! നടക്കുമ്പോൾ ഒരു കുലുക്കം കിട്ടും.പാഠം തീർക്കൽ മാത്രം നടക്കും.

sujanika@gmail.com

19 December 2009

പകരം സംവിധാനം

പിതൃക്കൾക്ക് ശാന്തി ലഭിക്കാൻ വർഷാവർഷം ശ്രാർദ്ധമൂട്ടുന്ന ചടങ്ങ് (ബലിയിടൽ) നമ്മൾ മലയാളികൾ ഉഷാറായി നിർവഹിക്കാറുണ്ട്.ഇതിന് വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദർഭപ്പുല്ല്. പലപ്പോഴും ഇതു കിട്ടാനുണ്ടാവില്ല. എന്നാൽ ബലിയിടൽ ഒഴിവാക്കാനാവില്ല. ദർഭക്ക് പകരം കുശപ്പുല്ല് മതി യെന്നു ‘വിധി‘ യുണ്ട്. കുശയും കിട്ടിയില്ലെങ്കിൽ ഞെങ്ങണപ്പുല്ല് മതി. അതും കിട്ടില്ലെങ്കിൽ ബലിയിടാതെ പറ്റില്ല; പകരം വൈക്കോൽ മതി. ദർഭ > കുശ > ഞെങ്ങണപ്പുല്ല് > വൈക്കോൽ…
ഇതു തനി കേരളീയമായ ഒരു ‘വിധി‘യാണ്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിലെ ശാസ്ത്രീയത ഈ വിധിക്കനുസരിച്ചാവണം എന്നു നമുക്കറിയാം.അതുകൊണ്ടാണ് പല ഔദ്യോഗിക രംഗങ്ങളിലും ‘വൈക്കോൽ’ സന്നിഹിതനാവുന്നത്. മന്ത്രിക്ക് പകരം ഡ്രൈവർ വരെ റീത്ത് സമർപ്പിക്കുന്നത്.അതാവാം എന്നാണ് ‘വിധി’. ആപ്പീസർക്ക് പകരം മീറ്റിങ്ങ് നടക്കുന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന ഒരു ഗുമസ്ഥൻ യോഗത്തിൽ ഒരൽപ്പം താമസിച്ചായാലും ഹാജരാവുന്നത്.
ഇതുകൊണ്ട് നാട്ടുകാർക്ക് ഗുണമുണ്ട്; ബലിയിടൽ നടക്കും. ശാന്തി ലഭിച്ചോ എന്നാരും അന്വേഷിക്കാറില്ല. ആപ്പീസർമാർ ബലിയിട്ട് ‘കൈകൊട്ടും’.കാക്ക വന്നാലെന്ത്? വന്നില്ലെങ്കിലെന്തു?

sujanika@gmail.com

18 December 2009

‘ഒടും പാളയും’

ഓടും പാളയും ഒരു പ്രതീകം ആകുന്നു. ഇതു ഒരു രീതി ശാസ്ത്രവും തനി കേരളീയമായ ഒരു ജ്ഞാനശാസ്ത്രശാഖയും ആകുന്നു.

നമ്മുടെ കാരണവന്മാർ രൂപപ്പെടുത്തിയ ഒരു പ്രശ്നപരിഹാരരീതിയാണിത്. അന്നു വീടുകൾ മിക്കതും ഓടിട്ടവയായിരുന്നു. ഇന്നത്തെപ്പോലെ ടെറസ്സിന്നു മുകളിൽ ഓട് കമഴ്ത്തിവെച്ചതല്ല. കഴുക്കോലും ഉത്തരവും പട്ടികയും അടിച്ചു അതിനു മുകളിൽ ഓട് പാകും. താമസിക്കാൻ നല്ല സുഖമുള്ളവ.
പക്ഷെ, ചിലപ്പൊൾ ചില ഓടുകൾ പൊട്ടും. ‘പുരപ്പുറത്തു കല്ലിട്ട് മുതുകു കാണിക്കുന്നവർ‘ അന്നുണ്ടായിരുന്നു. അല്ലെങ്കിൽ ‘പുരക്കുമുകളിൽ ചാഞ്ഞ കൊമ്പ് മുറിക്കാൻ‘ മടിച്ചവർ. ഇത്തരക്കരുടെ പുരപ്പുറത്തെ ഓടുകളാണ് സാധാരണ പൊട്ടിയിരിക്കുക.ആദ്യമഴയിൽ തന്നെ ഇതു മനസ്സിലാവും. പുര ചോരും. വെള്ളം അകത്തു വീഴും. ഉണ്ണാനിരിക്കുന്നിടത്തും, കിടക്കുന്നിടത്തും ഒക്കെ ചോർന്നാൽ ഒരു സുഖമില്ല. ഓടുമാറ്റിവെക്കൽ എളുപ്പമല്ല. ഒരോട് മാറ്റാൻ പുരപ്പുറത്ത് കയറിയാൽ നാലോ അഞ്ചോ ഓട് മാറ്റേണ്ടിവരും. അപ്പോഴാണു കഴുക്കോലിന്റെ, പട്ടികയുടെ ചിതൽ തിന്ന അവസ്ഥ മനസ്സിലാവുക. അപ്പൊൾ അതും മാറ്റേണ്ടി വരും. ഇതൊക്കെ മഹാപാടാണ്. ഇതിന്നൊരു പരിഹാരമാണ് ‘പാള’.

നല്ല കവുങ്ങിൻപാള നീളത്തിൽ മുറിച്ചെടുത്തു ചോർച്ചയുള്ള ഓടിന്റെ താഴെ പട്ടികയിൽ തിരുകി ഉറപ്പിച്ചു വെക്കും കാരണവർ. അകത്തുനിന്നു പാളക്കീറ് കാണാം. ഒന്നോ രണ്ടോ സ്ഥലത്തെ ചോർച്ച തൽക്കാലം ഇങ്ങനെ അടച്ചു ചോർച്ച പ്രശ്നം അസ്സലായി പരിഹരിക്കും.

ഇങ്ങനെ ഒരു നാലഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് നിരവധി പാളക്കീറുകൾ ഓടിന്നടിയിൽ തിരുകിയിരിക്കും. അടുത്തകൊല്ലം മുഴുവൻ ഓടും മാറ്റി, അതോടൊപ്പം പട്ടികയും കഴുക്കോലും ഉത്തരവും കട്ടിളയും ജനലും വരെ (ഈർപ്പവും ചിതലും വേണ്ടതു ചെയ്തിരിക്കും) മാറ്റി വെച്ചാലേ അകത്തു കിടക്കാനാവൂ എന്നവസ്ഥ ഉണ്ടാവും.

നമ്മുടെ മേലധികാരികൾ, ഹേഡ്മാഷന്മാർ, ജില്ല സംസ്ഥാന അധികാരികൾ , മന്ത്രിമാർ…..എല്ലാരും പ്രശ്നം പരിഹരിക്കുന്നതിൽ ‘ഓടും പാളയും’ വിദ്യ പ്രയോഗിച്ചുകൊണ്ടിരിക്കയാണ് എന്നു മനസ്സിലാക്കാൻ നമുക്കവുന്നില്ലേ? ഏതാപ്പീസിലു ഏതു ഫയലാ വേണ്ടതുപോലുള്ളത്? എന്തു കാര്യാ വേണ്ടതുപോലുള്ളത്? തൽക്കാലം പ്രശനം പരിഹരിക്കണം എന്നല്ലതെന്താ നടക്കുന്നത്? അതിനെത്ര പണമാ സർക്കാർ ചെലവാക്കുന്നതു? എല്ലാ സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ ഓടിനേക്കാൾ അധികം പാളക്കീറുകൾ തിരുകപ്പെട്ടു നിൽക്കുകയല്ലേ? പ്രശ്നപരിഹാരത്തിന്റെ കേരളീയമായ ജ്ഞാനരൂപം നാം ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിമാനിക്കാം.
sujanika@gmail.com