19 December 2009

പകരം സംവിധാനം

പിതൃക്കൾക്ക് ശാന്തി ലഭിക്കാൻ വർഷാവർഷം ശ്രാർദ്ധമൂട്ടുന്ന ചടങ്ങ് (ബലിയിടൽ) നമ്മൾ മലയാളികൾ ഉഷാറായി നിർവഹിക്കാറുണ്ട്.ഇതിന് വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദർഭപ്പുല്ല്. പലപ്പോഴും ഇതു കിട്ടാനുണ്ടാവില്ല. എന്നാൽ ബലിയിടൽ ഒഴിവാക്കാനാവില്ല. ദർഭക്ക് പകരം കുശപ്പുല്ല് മതി യെന്നു ‘വിധി‘ യുണ്ട്. കുശയും കിട്ടിയില്ലെങ്കിൽ ഞെങ്ങണപ്പുല്ല് മതി. അതും കിട്ടില്ലെങ്കിൽ ബലിയിടാതെ പറ്റില്ല; പകരം വൈക്കോൽ മതി. ദർഭ > കുശ > ഞെങ്ങണപ്പുല്ല് > വൈക്കോൽ…
ഇതു തനി കേരളീയമായ ഒരു ‘വിധി‘യാണ്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിലെ ശാസ്ത്രീയത ഈ വിധിക്കനുസരിച്ചാവണം എന്നു നമുക്കറിയാം.അതുകൊണ്ടാണ് പല ഔദ്യോഗിക രംഗങ്ങളിലും ‘വൈക്കോൽ’ സന്നിഹിതനാവുന്നത്. മന്ത്രിക്ക് പകരം ഡ്രൈവർ വരെ റീത്ത് സമർപ്പിക്കുന്നത്.അതാവാം എന്നാണ് ‘വിധി’. ആപ്പീസർക്ക് പകരം മീറ്റിങ്ങ് നടക്കുന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന ഒരു ഗുമസ്ഥൻ യോഗത്തിൽ ഒരൽപ്പം താമസിച്ചായാലും ഹാജരാവുന്നത്.
ഇതുകൊണ്ട് നാട്ടുകാർക്ക് ഗുണമുണ്ട്; ബലിയിടൽ നടക്കും. ശാന്തി ലഭിച്ചോ എന്നാരും അന്വേഷിക്കാറില്ല. ആപ്പീസർമാർ ബലിയിട്ട് ‘കൈകൊട്ടും’.കാക്ക വന്നാലെന്ത്? വന്നില്ലെങ്കിലെന്തു?

sujanika@gmail.com

No comments: