20 December 2009

ചെവിയും വെള്ളവും

മുങ്ങിക്കുളിക്കുമ്പോൾ ചിലപ്പോൾ ചെവിയിൽ വെള്ളം കയറും. അതു ചോർന്നു പോകുന്നതുവരെ ഒരസ്വസ്ഥതയാണ്. കേരളീയമായ ഒരു പരിഹാരവിദ്യ (മുങ്ങിക്കുളി സാധാരണ കേരളീയർക്കല്ലേ ഉണ്ടായിരുന്നത്?1) കുറച്ചുകൂടി വെള്ളം ചെവിയിൽ ഒഴിച്ച് കൊട്ടിക്കളയലാണ്. പ്രശ്നം പരിഹരിക്കും.
കീഴ്ജീവനക്കാരെ പണിയെടുപ്പിക്കാൻ ചെവിയിൽ വെള്ളമൊഴിക്കുന്ന വിദ്യ നമ്മുടെ മേലധികാരികൾക്കറിയാം.കുറേ അധികം പണികൾ ഏൽപ്പിച്ച് ഇതു നിർവഹിക്കും. 2 പണിഏൽപ്പിച്ചാൽ 1 എണ്ണം ചെയ്യും=50% /മറിച്ച് 100 പണി ഏൽപ്പിച്ചാൽ 10 എണ്ണം ചെയ്യും=10%. ഇതാണ് ബുദ്ധി. എത്രശതമാനം എന്നല്ല എത്ര എണ്ണം പണി എടുത്തു എന്നല്ലേ നോക്കേണ്ടത്?
അധ്യാപകർക്ക് ഒരു മാസം ചെയ്യേണ്ട പണികൾ ഇതിന്നു ഉദാഹരണം:
അറ്റൻഡൻസ്, പാഠം തീർക്കൽ, റ്റീച്ചിങ്ങ് മാന്വൽ, കുട്ടിയുടെ പ്രതികരണക്കുറിപ്പ്, പരിഹാരബോധനം (ഓരോ കുട്ടിക്കും!) സി.ഇ. പരിശോധന, വിവിധ ക്ലബ് പരിപാടികൾ, ഒരു മാസത്തിൽ ചുരുങ്ങിയത് 5 ക്വിസ്സ് പരിപാടിക്ക് കുട്ടിയെ തയ്യാറാക്കൽ-കൊണ്ടുപോകൽ, ക്ലസ്റ്റർ മീറ്റിങ്ങുകൾ, കമ്പ്യൂട്ടർ ഫീസ് പിരിവ്, പി.ടി.എ ഫണ്ട് ബാക്കി പിരിക്കൽ, സ്റ്റാമ്പ് വിൽപ്പന, യൂണിഫോം ഇല്ലാത്തവരുടെ കയ്യിൽ നിന്നും ഫയിൻ വാങ്ങി കണക്കു വെക്കൽ, കലോത്സവനടത്തിപ്പ്, കായികോത്സവം, എസ്.സി.എസ്.ടി ലിസ്റ്റ്, എ.പി.എൽ.ബി.പി.എൽ ലിസ്റ്റ്, രണ്ടാംവർഷക്കാർ ആദ്യവർഷക്കാർ ലിസ്റ്റ്, അരി വിതരണം ലിസ്റ്റ്, അരിവിതരണം, കഞ്ഞിലിസ്റ്റ്, ആബ്സന്റ് ലിസ്റ്റ്, ക്ലാസ് പി.ടി.എ, പഠനവീട്,പ്രാദേശിക പഠന കേന്ദ്രം, സബ്ജക്ട് കൌൺസിൽ (മിനുട്ട്സ് നിർബന്ധം), പിന്നോക്കക്കരായ വിദ്യാർഥികളുടെ ലിസ്റ്റ്, ക്ലാസ് ടെസ്റ്റ്, ക്ലാസ്ടെസ്റ്റ് ഗ്രേഡ് ലിസ്റ്റ്, ഓടിക്കളിച്ച് വീണ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകൽ, കുറ്റം ചെയ്ത കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു വരുത്തി ഉപദേശിക്കൽ, തെളിമ വിതരണം, റോഡ് സുരക്ഷ ബോധവത്കരണം, മരം ഡയറി പരിശോധന, മന്ത് ഗുളിക, പുകയില വിരുദ്ധ- മയക്കുമരുന്നു വിരുദ്ധ ബോധവത്കരണം, ഐ.ഇ.ഡി.പി കുട്ടികൾക്ക് പ്രത്യേക സംവിധാനം, സ്കൌട്ട്-ഗയ്ഡ്, എൻ.സി.സി, വൈകീട്ട് അധിക ക്ലാസുകൾ,……………
പക്ഷെ, മാഷക്കറിയാം; ചെവിയിലെ വെള്ളം അവിടെ കിടക്കട്ടെ! നടക്കുമ്പോൾ ഒരു കുലുക്കം കിട്ടും.പാഠം തീർക്കൽ മാത്രം നടക്കും.

sujanika@gmail.com