24 June 2012

വായനാവാരം ക്ളാസ്‌‌ മുറിയില്‍


വായനാദിനവും തുടര്‍ന്നുള്ള വായനാ വാരവും സ്കൂളിലെ ഒരു പൊതുപരിപാടി എന്നനിലയില്‍ ഒരു വിധം നന്നായി നടക്കുനുണ്ടാവും. ഇതില്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് [ ചിലതോ മുഴുവനുമായോ] നടപ്പാക്കിക്കാണും.
  1. വയനാദിനാചരണം- പൊതുയോഗം [ അസംബ്ലിയില്‍ / ഹാളില്‍] [വിശിഷ്ടാതിഥിയുടെ സാന്നിദ്ധ്യം- പ്രസംഗം]
  2. വായനാദിനം - പുസ്തകവായന
  3. വായനാദിന- വാര മത്സരങ്ങള്‍ [ ക്വിസ്സ്, ഉപന്യാസം, സശബ്ദ വായന..]
  4. വായനാക്കുറിപ്പുകള്‍ തയ്യാറാക്കല്‍
  5. ലൈബ്രറി മെമ്പര്‍ഷിപ്പ്, ലൈബ്രറി സന്ദര്‍ശനം
  6. വായനാവാരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/ കുറിപ്പുകള്‍ എന്നിവ പത്രപംക്തികളില്‍ വരുന്നത് ശേഖരിക്കലും വായിക്കലും
  7. ക്ളാസ് മുറികളില്‍ ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ആരംഭിക്കല്‍
    എന്നാല്‍ ഇതിന്റെയൊക്കെ സഫലത 10-15 % കുട്ടികളില്‍ മാത്രമല്ലേ? അതുതന്നെ തുടര്‍ച്ചയില്ലാത്തതും. നമ്മുടെ ബഹുഭൂരിപക്ഷം ക്ളാസുകളിലും ലൈബ്രറി പുസ്തകവിതരണം വായനാവാരാവസാനത്തോടെ നിലയ്ക്കുകയാണ്`. തുടരുന്നവതന്നെ ആദ്യദിവസങ്ങളില്‍ നല്‍കിയ പുസ്തകങ്ങള്‍ പരസ്പരം കൈമാറിവായിക്കും ആ വര്‍ഷം മുഴുവന്‍. അത്യപൂര്‍വം ക്ളാസുകളില്‍ അര്‍ഥപൂര്‍ണ്ണമായ പുസ്തകവിതരണം നടക്കും.
ഇവിടെയൊക്കെ അദ്ധ്യാപകര്‍ ചെയ്തെടുക്കുന്ന ഒരുക്കം മിക്കപ്പോഴും വളരെ ദുര്‍ബലമാകുന്നുണ്ട്. ഒറ്റക്കും കൂട്ടായും ഉള്ള തയാറെടുപ്പുകള്‍ മാത്രമാണ് ഏത് പ്രവര്‍ത്തനത്തേയും ഫലപ്രാപ്തിയിലെത്തിക്കുന്നത്. ഒരു പ്രവര്‍ത്തനം മാത്രം ഉദാഹരണത്തിന്നായി നോക്കൂ:
ക്ളാസ് മുറികളില്‍ ലൈബ്രറി വിതരണം നടപ്പാക്കുന്നത് സംബന്ധിച്ച് -

അദ്ധ്യാപകര്‍ കൂട്ടായി ചെയ്യേണ്ടത്:

ഒരു ക്ളാസില്‍ അവനവന്‍ കൈകാര്യം ചെയ്യാനുള്ള വിഷയത്തില്‍ [ ക്ളാസ് നിലവാരം നോക്കി] അധികവായനക്കു വേണ്ട പുസ്തകങ്ങള്‍ തീരുമാനിക്കുക. ഒരു വര്‍ഷം മുഴുവന്‍ മുന്നില്‍ കണ്ട് പ്ളാന്‍ ചെയ്യണം. അതുതന്നെ
) ഉള്ളടക്കം കൂടുതല്‍ മനസ്സിലാക്കാനുള്ള പുസ്തകങ്ങള്‍
) ഉള്ളടക്കത്തോട് അധിക ജിജ്ഞാസ ഉളവാക്കുന്ന കൃതികള്‍.
] മിടുക്കരായ കുട്ടികളെ ഉദ്ദേശിച്ച് ഉള്ളടക്കത്തില്‍ നിന്നും പുറത്തേക്ക് വഴികാണിക്കുന്ന കൃതികള്‍.
എല്ലാ വിഷയങ്ങളിലും ഈയൊരു ലിസ്റ്റ് തയ്യാറായാല്‍ [ ഇതെല്ലാം എവിടെനിന്ന് സംഘടിപ്പിക്കാമെന്നുകൂടി തീരുമാനിച്ച്] ആ ക്ളാസില്‍ പോകുന്ന മുഴുവന്‍ പേരും കൂടിയിരുന്ന് ലിസ്റ്റ് ക്രമീകരിച്ച് വെക്കണം. ലിസ്റ്റ് - പുസ്തകങ്ങള്‍ , മാസികകള്‍, ലേഖനങ്ങള്‍, ഇന്റെര്‍നെറ്റ് മെറ്റീരിയല്‍, സി.ഡി കള്‍, ഡി.വി.ഡി.കള്‍... എന്നിങ്ങനെ വൈവിദ്ധ്യമുള്ളതാകാം. ഓരോന്നിന്റേയും ലഭ്യത, അതുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സമയം [ പാഠം തുടങ്ങുന്നതിന്ന് മുന്‍പ് , ഇടയ്ക്ക്, ഒടുക്കം, മറ്റു സമയം... ആര്‍ക്കെല്ലാം - ഏതേതല്ലാം..] എന്നിവ തീരുമാനിക്കണം. എല്ലാവരും കൂടിയിരുന്ന് അലോചിച്ചാല്‍ പലതും ആവര്‍ത്തനം കൂടാതെ ചെയ്യാം. ഒരു വായനാ സാമഗ്രി തന്നെ പല വിഷയക്കാര്‍ക്ക് പലമട്ടില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

അദ്ധ്യാപകന്‍ ചെയ്യേണ്ടത് :

)
ഇന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഒരദ്ധ്യാപകനില്‍ [ ക്ളാസ് മാഷ്, മലയാളം മാഷ്.... ] ഊന്നിയാണ്`. ലൈബ്രറി മലയാളം മാഷടെ ഒരേര്‍പ്പാടാണ് പലപ്പോഴും. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും വായനാ സാമഗ്രികള്‍ ഉണ്ടെന്ന് മുകളില്‍ കണ്ടല്ലോ. അതുകൊണ്ടുതന്നെ ലൈബ്രറി ഒരദ്ധ്യാപകന്റെ മാത്രം ചുമതലയാവുന്നില്ല. എല്ലാവരുടേയും മേല്‍നോട്ടം ഇതിലുണ്ടാവണം.
വായനാ സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള റജിസ്റ്റര്‍ ഉണ്ടാകുന്നതോടെ കാര്യങ്ങള്‍ എളുപ്പത്തിലാവും. ഒരു കുട്ടിക്ക് ഒരു പേജ് എന്ന നിലക്ക് ഈ റജിസ്റ്റര്‍ ഉണ്ടാക്കിവെക്കാം. ആ റജിസ്റ്ററില്‍ വിഷയം , പുസ്തകം, തീയതി എന്നിങ്ങനെയുള്ള വിവരങ്ങളും വേണം. കുട്ടികളുടെ ഒരു ചെറിയ ഗ്രൂപ്പിന്ന് ഈ ചുമതല നല്കാം. മുഴുവന്‍ അദ്ധ്യാപകരുടേയും മേല്‍നോട്ടവും വേണം.
)
തന്റെ വിഷയം കൈകാര്യം ചെയ്യുന്നതിന്ന് ആവശ്യമായ വായനാസാമഗ്രികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കല്‍ തന്നെയാണ് ആദ്യ ചുമതല. എല്ലാ കുട്ടികള്‍ക്കും ആയതെല്ലാം കിട്ടിയെന്ന് ഉറപ്പാക്കണം.
)
വായനാ സാമഗ്രി ഒരു ഒഴിവ് സമയ വിനോദത്തിന്ന് നല്കുന്നതല്ല. പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ തന്നെയാണിവ. അപ്പോള്‍ അദ്ധ്യാപകന്‍ ഇതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറക്കണം. ആയത് കുട്ടികള്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കി മൂല്യനിര്‍ണ്ണയം ചെയ്യുകയും വേണം. ക്ളാസ് മുറിയില്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം, അതിനു നല്‍കുന്ന വായനാ സാമഗ്രി, അതിന്റെ ലഭ്യത- ചിലപ്പോള്‍ ഒരു കോപ്പിയേ കാണൂ... കുട്ടികള്‍ 45 ഉണ്ടാവും..- അപ്പോള്‍ എല്ലാവര്‍ക്കും വായിക്കാനുള്ള ഏര്‍പ്പാട് - ഗ്രൂപ്പ്- വലിയ ഗ്രൂപ്പ്... അതിന് നല്‍കുന്ന സമയം... എന്നിങ്ങനെ ആ പ്രവര്‍ത്തനം സമയബന്ധിതമാക്കേണ്ടതുണ്ട്. ഉല്പ്പന്നം : വായനാക്കുറിപ്പ്, പ്രസംഗം, കാലക്രമം കാണിക്കുന്ന പട്ടിക, ജീവചരിത്രക്കുറിപ്പ്, രസകരങ്ങളായ ചില സന്‍ദര്‍ഭങ്ങള്‍ കുറിച്ചുവെക്കല്‍, സെമിനാര്‍ പ്രബന്ധം.... എന്നിങ്ങനെ പലതാകുമല്ലോ.

കുട്ടികള്‍ക്ക് നല്‍കാവുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍
)
തന്റെ പാഠപുസ്തകങ്ങളില്‍ പലയിടങ്ങളിലായി പറഞ്ഞിട്ടുള്ള അധികവായനക്കുള്ള സാമഗ്രികള്‍ ലിസ്റ്റ് ചെയ്യല്‍. ആദ്യം ഒറ്റക്കും പിന്നെ ഗ്രൂപ്പായും ഇതു നിര്‍വഹിക്കാം. മറ്റു ഗ്രൂപ്പുകളുമായി ഒത്തുനോക്കാം. അദ്ധ്യാപകരുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ പൂര്‍ണ്ണമാക്കാം.
)
പ്രാദേശികമായി പലകാലങ്ങളിലായി ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ ചെറുതും വലുതുമായ സാഹിത്യകാരന്‍മാരെ കണ്ടെത്തി രേഖപ്പെടുത്തുന്ന പരിപാടി ഗ്രൂപ്പായി ചെയ്യണം. സര്‍ഗ്ഗത്മക രചനകള്‍ ചെയ്തവര്‍, ശാസ്ത്രസംബന്ധിയായ രചനകള്‍ നിര്‍വഹിച്ചവര്‍,പത്രപ്രവര്‍ത്തകര്‍, ചരിത്രകാരന്‍മാര്‍.... എന്നിങ്ങനെ ഏതൊരു പ്രദേശത്തും ഇവരുണ്ട്. അതു രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ വളരെ വലിയൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടി നിര്‍വഹിക്കുകയാണ്` എന്നും ഓര്‍ക്കണം.
)
വായനാക്കുറിപ്പുകള്‍, കയ്യെഴുത്തു പ്രതികള്‍ [ മാതൃകകള്‍ ശേഖരിക്കല്‍], കവിതാഭാഗങ്ങള്‍ [ വായിച്ചു രസിച്ചവ] എഴുതിസൂക്ഷിക്കല്‍, ഡയറിക്കുറിപ്പുകള്‍... തുടങ്ങിയുള്ള പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് സ്വയമേവ ചെയ്യാം. ഇതെല്ലാം തുടര്‍ന്നുള്ള ക്ളാസുകളില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ലൈബ്രറിയും വായനയും വിദ്യാഭ്യാസകാലത്തെ വളരെ ശക്തവും അനേകമുഖങ്ങളുള്ള സര്‍ഗത്മക പ്രവര്‍ത്തനവും തന്നെയാണ്`. വിദ്യാഭ്യാസകാലത്തു ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങളൊക്കെ തുടര്‍ച്ചയുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അദ്ധ്യാപകരാന്`. അതെല്ലാ സൂക്ഷിച്ചുവെക്കാനും തുടര്‍ന്ന് പ്രയോജനപ്പെടുത്താനും അദ്ധ്യാപകര്‍ മുന്‍കയ്യെടുക്കണം. കുട്ടി എട്ടാം ക്ളാസില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്തുള്ളല്‍ വിഷയവുമായി ബന്ധപ്പെട്ടെഴുതിയ ഉപന്യാസം ഒമ്പതിലും പത്തിലും ഒക്കെ പ്രയോജനപ്പെടുത്തണം. ഇപ്പോള്‍ സംഭവിക്കുന്നത് വളരെ പരിതാപകരമായ സംഗതികളാണ്`. ഒരിക്കല്‍ എഴുതിയത് കുട്ടികളാരും സൂക്ഷിക്കുന്നില്ല. കാരണം വീണ്ടുമത് ഒരദ്ധ്യാപകനും പ്രയോജനപ്പെടുത്തുന്നില്ല. ഓരോ ക്ളാസിലും ആദ്യം മുതല്‍ മാഷ് നമ്പ്യാരെപ്പറ്റി എഴുതിക്കയാണ്`. എട്ടില്‍ ചെയ്തതിന്റെ ഉയര്‍ന്ന തലം പത്തില്‍ ചെയ്യാന്‍ കുട്ടിക്കാവുന്നില്ല. കുട്ടി എട്ടിലെ ഓര്‍മ്മയില്‍ അതുതന്നെ പകര്‍ത്തുന്നു. ഫുള്‍ സ്കോറും കിട്ടുന്നു. തുടര്‍ച്ചകള്‍ സൂക്ഷിക്കാനുള്ള ബാധ്യത പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്തുമ്പോള്‍ അദ്ധ്യാപകന്‍ ഏറ്റെടുക്കണം. ഒരിക്കല്‍ തയ്യാറാക്കിഅയത് - പഠിച്ചത് സംരക്ഷിക്കാന്‍ , വീണ്ടും പ്രയോജനപ്പെടുത്താന്‍ കുട്ടിയെ പരിശീലിപ്പിക്കണം.
തുടര്‍ച്ചയറ്റ കുട്ടി എന്നും ഒന്നാം ക്ളാസിലെ കുട്ടിയാകുന്നു.No comments: