30 June 2012

ഓസോണ്‍ കുടയിലെ ദ്വാരങ്ങള്‍



[ പത്താം ക്ളാസ് - മലയാളം 'വാക്കാം വര്‍ണ്ണക്കുടചൂടി' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ]
ആദ്യം ഈ കവിത വായിക്കൂ.

നിഘണ്ഡു

[ കവിത : സച്ചിദാനന്ദന്‍]

മുത്തശ്ശി മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:ആരവാരം ആലഭാരം ഇനിപ്പ് കുരിപ്പ് മുത്താരം കിണ്ണാരം കടുപ്പൊട്ടന്‍ കുമ്പളപ്പൊട്ടന്‍ മാച്ചി പേറ്റിച്ചി അറിവാളന്‍ അപ്പോത്തിക്കിരി ചെറൂള നെടൂളാന്‍ ഒടിയന്‍ ഓത്തന്‍ എഴുത്തോല എഴുത്താണി മാടന്‍ മറുത അറുകൊല കരിങ്കുട്ടി...
അമ്മൂമ്മ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:നായിടി പൂതന്‍ പൂവട പാനകം പാച്ചെറ്റി പനീര്‍വീശി കടുപ്പെട്ടി മരപ്പട്ടി ചെങ്കീരി ശങ്കീരി
കുഴിയാന കുഴിനേന്ത്രന്‍ പാനീസ് പനിക്കൂര്‍ക്ക ചണുങ്ങ് ഇണങ്ങന്‍ കരവീരം കുമ്പളപ്പം
ചിറ്റമൃത് കീഴാര്‍നെല്ലി...
അമ്മ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:ആനയടിയന്‍ പൂവ്വാങ്കുറുന്നില തേക്കുപാട്ട് വെറ്റിലപ്പാട്ട് കോരുകൊട്ട മുളയേണി
ഉമിക്കരി ഇല്ലനക്കരി പൂവട്ടി തീവെട്ടി ചെത്തം ചേല് ഒന്നര ഞൊറിമുണ്ട്
കൊലുസ്സ് തട്ടം നാവേറ് കണ്ണോക്ക് ഏത്തം ചമ്രം
ആവണപ്പലക വെളക്കത്തില ഓവ് കിണ്ടി ഈറ്റില്ലം പാത്യമ്പ്രം
പാക്കുവെട്ടി പാളത്തൊട്ടി...
ഞാന്‍ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:താളു താളി ഞാറ്റുവേല ഞാറുപറി അതിയന്‍ മുണ്ടകന്‍ ഉപ്പന്‍ ഊളന്‍
ഏത്ത എറവെള്ളം ഇമ്പാട്ടി കുമ്മാട്ടി...
എന്റെ മകള്‍
ഭാഷയുടെ ഇരുട്ടിലിരുന്ന്
മരിച്ച വാക്കുകളുടെ
ഒരു നിഘണ്ടു നിര്‍മിക്കുന്നു
വാക്കുകളുടെ ശ്മശാനത്തില്‍
കവിത അവസാനത്തെ
താണ്ഡവമാടുന്നു
മഴയായിപ്പെയ്യുന്ന ജ്ഞാനപ്പാനയില്‍നിന്ന്
ചവിട്ടിത്താഴ്ത്തപ്പെട്ട
മറ്റൊരു ഭാഷയുടെ
വിത്തുകള്‍ മുളച്ചുപൊങ്ങുന്നു,കറുത്തവരുടെ സൂര്യനെ
ധ്യാനിച്ചുവരുത്തുന്നു.
[ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ]



അധിനിവേശശക്തികള്‍ ആദ്യം കീഴടക്കുന്നത് ഭാഷയെയാണന്നല്ലോ പൊതു നിരീക്ഷണം. അതുകൊണ്ടാണ് സ്വന്തം ഭാഷയെ സംരക്ഷിക്കാന്‍ നടത്തുന്ന ഏതു പരിശ്രമവും ആത്യന്തികമായി ആധിപത്യത്തിനെതിരെയുള്ള സമരമാവുന്നത്. ' വാക്കാകുന്ന വര്‍ണ്ണക്കുടയുടെ ' സംരക്ഷണം ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും സംരക്ഷണമാവുകയാണ്`.
സച്ചിദാനന്ദന്റെ കവിത മുകളില്‍ വായിച്ചല്ലോ. ഓരോ തലമുറ കഴിയുമ്പോഴും അതിന്റെയൊപ്പം നഷ്ടപ്പെടുന്നത് വേണ്ടപ്പെട്ടവര്‍ മാത്രമല്ല 'വേണ്ടപ്പെട്ട' വാക്കുകള്‍ കൂടിയാണ്`. 'വേണ്ടപ്പെട്ട ' വാക്കുകള്‍ക്കൊപ്പം 'വേണ്ടപ്പെട്ട ' ഒരു സംസ്കാരം' കൂടിയാണ്`. അതാകട്ടെ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തവണ്ണവും. 'വര്‍ണ്ണക്കുടയില്‍' വീഴുന്ന തുളക്കുത്തുകള്‍ . അന്തരീക്ഷശാസ്ത്രത്തില്‍ പ്രധാനപ്പെട്ട ഒരു ചര്‍ച്ച വിഷയമാണല്ലോ ' ഓസോണ്‍ കുടയിലെ ദ്വാരങ്ങള്‍ '. ഇതിനു സമാനമായ ഒരു സംഗതിതന്നെയാണ്` വാക്കാകുന്ന വര്‍ണ്ണക്കുടയില്‍ വീഴുന്ന തുളകളും.
ഇതെന്തുകൊണ്ട് എന്ന ചര്‍ച്ച ക്ളാസ്മുറികളില്‍ നടക്കുന്നുണ്ടാവും.വൈകാരികമായും വൈചാരികമായും ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടാവും. കാരണങ്ങള്‍ നികത്തുന്നുണ്ടാവും. ഭാഷയെ തിരിച്ചു പിടിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാക്കുന്നുണ്ടാവും.
നിഘണ്ഡു
ശബ്ദതാരാവലി തൊട്ടുള്ള നമ്മുടെ [ ഏതുഭാഷയിലേയും ] നിഘണ്ഡുക്കളൊക്കെയും വാക്കര്‍ഥങ്ങള്‍ കണ്ടെത്താനുള്ള ഒരു സംവിധാനം അല്ലേയല്ല എന്നല്ലേ നാം തിരിച്ചറിയേണ്ടത്. ഭാഷയുടെ തുടക്കം തൊട്ടുള്ള പദങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭണ്ഡാരമാകുന്നു ഇതെല്ലാം. പദങ്ങള്‍ സംരക്ഷിക്കുന്നു എന്നതുകൊണ്ട് ആത്യന്തികമായി സംസ്കാരത്തെ , ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കായാണിതിലൊക്കെ എന്നു വേണം മനസ്സിലാക്കാന്‍. ഈ സംസ്കാരത്തെ മനസ്സിലാക്കാന്‍ നിഘണ്ഡുക്കള്‍ ക്ളാസില്‍ നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും ഒപ്പം ആലോചിക്കണം. അപ്പോഴാണ്` നാമും നിഘണ്ഡുക്കള്‍ നിര്‍മ്മിക്കേണ്ടവരാണെന്ന് / നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് തിരിച്ചറിയുക.



2 comments:

സുജനിക said...

ശബ്ദതാരാവലി തൊട്ടുള്ള നമ്മുടെ [ ഏതുഭാഷയിലേയും ] നിഘണ്ഡുക്കളൊക്കെയും വാക്കര്‍ഥങ്ങള്‍ കണ്ടെത്താനുള്ള ഒരു സംവിധാനം അല്ലേയല്ല എന്നല്ലേ നാം തിരിച്ചറിയേണ്ടത്.

jalaja puzhankara said...

നിഘണ്ടു അല്ലേ ശരി?