24 May 2008

എന്തു പഠിക്കണം

പണ്ട്...
സുഹൃത്തുക്കള്‍....സതീര്‍ഥ്യര്‍, മികച്ചകവികള്‍...ഒന്നിച്ചായിരുന്നു ജീവിതം.
അങ്ങനെയിരിക്കെ ഒരാള്‍ രാജസദസ്സില്‍ എത്തി..രാജകവിയായി....പിന്നെ സുഖം.
മറ്റേയാള്‍ സാധാരണകവി....പരമദാരിദ്ര്യം......സുഖം
രാജകവി വഴിയാത്രയില്‍ വെച്ചു പഴയ സുഹൃത്തിനെ കണ്ടു....വഴിവക്കിലിരുന്നു ആരോകൊടുത്ത പഴംകഞ്ഞി കുടിക്കയായിരുന്നു..
കഷ്ടം തോന്നി...മഹാനായകവി....ഇങ്ങനെ പഴം കഞ്ഞി കുടിച്ചു.....കഷ്ടം....
രാജകവി: നിനക്കു രാജാവിനെ സേവിക്കാമായിരുന്നു.എന്നാല്‍ ഇങ്ങനെ പഴംകഞ്ഞികുടിക്കേണ്ടി വരുമായിരുന്നോ?
ദരിദ്ര കവി: നിനക്കു പഴം കഞ്ഞി സേവിക്കാമായിരുന്നു....എനാല്‍ ഇങ്ങനെ രാജാവിനെ സ്തുതിക്കേണ്ടി വരുമായിരുന്നോ?


(പഴമക്കാര്‍ പറഞ്ഞു കേട്ടതു)

22 May 2008

ജന്മ്മപ്രകൃതി

പണ്ട്....ഒരു മുത്തശ്ശി ഉണ്ടായിരുന്നു.
മുത്തശ്ശി എന്തു നിഷേധാത്മകമായിട്ടെ കാണൂ...പറയൂ..
ഇല്ല്യാ....എന്നാണു എന്തിനും ഉത്തരം...
ഊണുകഴിഞ്ഞു കയ്യ്കഴുകുമ്പോള്‍ മുത്തശ്ശിയോട് ഊണുകഴിഞ്ഞോ മുത്തശ്ശീ....എന്നു ചോദിച്ചാല്‍ ..ഇല്ല്യാ..വൈകുന്നേരം കഴിക്കണം....എന്നേ പറയൂ.
ഇതാണു ശൈലി.
ഒരു വിരുതന്‍ മുത്തശ്ശിയെ പറ്റിക്കാന്‍ ഉറപ്പിച്ചു..ഇങ്ങനെ ഒക്കെ നിഷേധം പറ്റിലല്ലോ...
നല്ല മഴ...മുത്തശ്ശിയുടെ വീടു മുഴുവന്‍ ചോര്‍ന്നൊലിക്കുന്നു....വിരുതന്‍ ചോദിച്ചു...
വീടൊക്കെ ചോരുന്നു അല്ലേ മുത്തശ്ശീ...
ചോര്‍ച്ച ഇല്ല്യായൈല്ല്യാ...കുട്ട്യേ...
എന്നാ ഉത്തരം.വിരുതന്‍ തോറ്റു..


പ.ലി
അല്ലാ.....ആരാദ്....ശങ്കരങ്കുട്ട്യല്ലേ....
അല്ലാ....നീയ്യ്പ്പോ എവട്യാ
അല്ലാ നീയ്യ് ഉണ്ടോ
ഇല്ല്യാ...അതുണ്ടല്ലൊ
ഇല്ല്യ...ഇല്ല്യ....ണ്ടുട്ടോ

18 May 2008

വകതിരിവ്

മരുമക്കത്തായ കാലം...നായര്‍ കുടുമ്പങ്ങളില്‍ നമ്പൂതിരിയാണു സമ്പന്ധക്കാരന്‍...
തിരുമേനി വന്നു കയറിയപ്പോള്‍ കാരണവര്‍....
ട്ടിച്ചിര്യേ....നിന്റെ നമ്പൂതിരി ഇന്നു നേരത്തെ ഉണ്ട്.......വൈകുന്നേരത്തെ കാപ്പി വേണ്ടീരും.....വിളിച്ചുപറഞ്ഞു.
കൃത്യം നാലുമണിക്കു ട്ടിച്ചിരി അച്ചന്നമ്പൂതിരിക്കു കാപ്പി കൊടുക്കാന്‍ ഓര്‍മ്മിപ്പിച്ചു...
കുട്ടിപ്പട്ടരു ശുദ്ധായി കാപ്പി കൊണ്ടു കൊടുത്തു....വിഭവം.........
നാലു ചക്കക്കുരു ചുട്ടതും ഒരു കിണ്ടി ചുക്കുവെള്ളവും.
തിരുമേനിക്കു സുഖായി..

16 May 2008

തിരിച്ചറിവ്

തിരുമേനിക്കു സ്വജാതിയില്‍ ഒരു വേളിയും ദാസി ( ഇരിക്കണമ്മ) യില്‍ സമ്പന്ധവും ഉണ്ട്...
രണ്ടാളും ഇല്ലത്തു തന്നെയാണു താമസം.രണ്ടാള്‍ക്കു ഓരോ ആണ്‍കുട്ടികളും.സമപ്രായം.സുഖം.
ഒരു ദിവസം എന്തോ വാശിപിടിച്ചു രണ്ടാളും ഉറക്കെ കരയാണു. അതുകേട്ടാണു തിരുമേനി കയറിവരുന്നതു...കുട്ടികളുടെ കരച്ചില്‍ കേട്ട് വിഷമം തോന്നി...
പക്ഷെ ആരെയാ ആശ്വസിപ്പിക്കുക...എന്നു സംശായി..അകത്തേക്കു ഉറക്കെ ചോദിച്ചു....
എഠകള്‍...ആരൂല്ല്യ്യേ ഇബടെ..എന്താ ചെയ്യാ....ഇതിലു ഏതാ ഉണ്ണി.....ഏതാ കൊരങ്ങന്‍ എന്നു എങ്ങനെയാ അറിയാ....കഷ്ടായില്ലോ......


പ.ലി
താഴ്ന്നജാതിയിലെ കുട്ടികളെ കൊരങ്ങന്‍ എന്നാണു സം ബോധന....ടാ കൊരങ്ങാ ഇബടെ വാ....ഇങ്ങനെ
നമ്പൂതിരി ഫലിതം

11 May 2008

ഐക്യദാര്‍ഢ്യം

സമുദ്രലംഘനത്തിനായി നളന്റെ മേല്‍നോട്ടത്തില്‍ ചിറകെട്ടുന്ന പണി തകൃതിയായി നടക്കുന്നു.ഊക്കന്‍ കല്ലുകളും മലകളും വാനരന്മാര്‍ പിഴിഴുതെടുത്തു കൊണ്ടുവന്നു ചിറപണിയുകയാണു.
ത്രികൂടാചലത്തിന്റെ താഴ് വരയില്‍ തണലില്‍രുന്നു ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവനും സേതുബന്ധനം നിരീക്ഷിക്കുന്നുണ്ടു.
അപ്പോഴാണു അതു കണ്ടതു......ഒരു അണ്ണാറക്കണ്ണന്‍ സമുദ്രതീരത്ത് മണലില്‍ കിടന്നു ഉരുളുന്നു..എഴുന്നേറ്റ് ചെന്നു ചിറകെട്ടുന്നിടത്തു ശരീരത്തില്‍ പറ്റിയ മണല്‍ കുടയുന്നു..തിരിച്ചു പോരുന്നു....വീണ്ടും ഇതു ചെയ്യുന്നു.....
കണ്ട് അത്ഭുതം തോന്നി ശ്രീരാമദേവന്‍ അണ്ണാറക്കണ്ണനെ വിളിപ്പിച്ചു....എന്താണു ചെയ്യുന്നതെന്നു അന്വേഷിച്ചു.....
ഈ വലിയൊരു സം രം ഭത്തില്‍ തന്നെക്കൊണ്ടാവും വിധം പങ്കാളിയാവുകയാണു...ഒരു തരി മണലെങ്കിലും ചിറക്കുപ്രയോജനപ്പെടുത്തുകയാണു....അണ്ണാന്‍ തൊഴുതു പറഞ്ഞു...
ശ്രീരാമനു എന്തെന്നില്ലാത്ത അലിവ് തോന്നി.
അണ്ണാന്റെ മുതുകില്‍ തലോടി..
ശ്രീരാമചന്ദ്രന്റെ കൈവിരല്‍ പതിഞ്ഞ പാട് ..മൂന്നുവര... അണ്ണാറക്കണ്ണന്റെ മുതുകില്‍ ഇപ്പൊഴും ഉണ്ടല്ലൊ.

09 May 2008

സൌഹൃദം

ഒരിക്കല്‍
ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചതുരംഗം കളിക്കയായിരുന്നു.ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു.
കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല.ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....
കര്‍ണ്ണന്‍: അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു...എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.
കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം പൊട്ടി..മുത്തുമണികള്‍ ചിതറി....
കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...
ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

(ഭാരതകഥാസന്ദര്‍ഭങ്ങള്‍...കേട്ടഓര്‍മയില്‍ നിന്നു)

ഭര്‍തൃഹരീയം 1

ഭോഗേ രോഗഭയം
കുലേച്യുതിഭയം
വിത്തേ നൃപാലാല്‍ഭയം
മാനേ ദൈന്യ ഭയം
ബലേ രിപു ഭയം
രൂപേ ജരായാല്‍ ഭയം
ശാസ്ത്രേ വാദി ഭയം
ഗുണേ ഖല ഭയം
കായേ കൃതാന്താല്‍ ഭയം
സര്‍വ്വം വസ്തു ഭയാന്വിതം
ഭുവി നൃണാം
വൈരാഗ്യ മേവാഭയം
(ഭര്‍തൃഹരി)
സുഖമായി ഇരിക്കുമ്പോള്‍ രോഗം വരുമോ എന്നു ഭയം
സമ്പത്തുള്ളവന്നു രാജാവ് അറിയുമോ എന്ന ഭയം
മാനമുള്ളവന്ന് മാനം പോകുമോ എന്നു ഭയം
ശക്തന്നു ശത്രുഭയം
സുന്ദരിക്കു വാര്‍ധക്യമാവുമോ എന്നു ഭയം
അറിവുള്ളവന്നു വാദിച്ചു തോല്‍ക്കുമോ എന്നു ഭയം
നല്ലവര്‍ക്കു തെമ്മാടികളെ ഭയം
ശരീരത്തിന്റെ കാര്യത്തില്‍ മരണഭയം
ഭൂമിയില്‍ എല്ലാം മനുഷ്യന്നു ഭയം നല്‍കുന്നുവയാണു.
വൈരാഗ്യം( ഒന്നിനോടും അമിത താല്‍പര്യം ഇല്ലാത്ത അവസ്ഥ) മാത്രമാണു അഭയം.

07 May 2008

രക്ഷ മാം........

ഒരിക്കല്‍....
ശ്രീരാമസീതാലക്ഷ്മണന്മാര്‍ വനവാസക്കാലത്ത് ഒരു അരുവിയുടെ തീരത്ത് വിശ്രമിക്കയായിരുന്നു.
ശ്രീരാമന്‍ വില്ലും അമ്പും ഒക്കെ ഒരു മരത്തില്‍ ചാരിവെച്ച് അരുവിയില്‍ ഇറങ്ങി കൈകാലുകളും മുഖവും കഴുകി ക്ഷീണം തീര്‍ത്തു.
തിരിച്ചു വന്നു വില്ലെടുത്തപ്പോള്‍ അതിന്റെ മുനയില്‍ ഒരു തവള കിടന്നു പിടയുന്നു.ഭഗവാന്‍ പെട്ടെന്നു അതിനെ രക്ഷിച്ചു.എന്നിട്ടു ചോദിച്ചു:
വില്ലു വെച്ചതു നിന്റെ പുറത്താണന്നു ഞാന്‍ കണ്ടിരുന്നില്ല..നീയെന്തെ ഒന്നു കരയാത്തതു...അപ്പൊള്‍ എനിക്കറിയാമായിരുന്നല്ലോ...ഞ്ഞാന്‍ വില്ലു അവിടെ വെക്കില്ലായിരുന്നല്ലോ.....
തവള പറഞ്ഞു.....
അമ്മ കുട്ടിക്കാലത്തു പറഞ്ഞുതന്നിട്ടുള്ളതു...ആപത്തു വരുമ്പോള്‍ ഭഗവാനെ വിളിച്ചു കരയണമെന്നാണു....അങ്ങുതന്നെ ഇതു ചെയ്യുമ്പോള്‍ ഞാന്‍ ആരെയാ വിളിച്ചു കരയുക......എന്നു വിചാരിച്ചു...മിണ്ടിയില്ല.

(ശ്രീരാമകൃഷ്ണപരമഹംസകഥകള്‍...വായിച്ച ഓര്‍മ്മയില്‍ നിന്നു)