02 January 2016

പ്രണയഭാഷയുടെ അഗ്നിശിൽപ്പം


എം. നന്ദകുമാറും ജി. എസ്. ശുഭയും ചേർന്നെഴുതിയ ' പ്രണയം : 1024 കുറുക്കുവഴികൾ ' എന്ന ആഖ്യാനം കഥപറച്ചിലും കവിതയും ചിത്രങ്ങളും ഒഴിഞ്ഞ‌‌ഇടങ്ങളും സംഖ്യാകേളികളും എല്ലാം ഒന്നിക്കുന്ന ഒരു ഭാഷാഇൻസ്റ്റലേഷൻ തന്നെയാണ്`. മലയാളത്തിന്ന് അത്ര പരിചയമില്ലാത്ത ഒരു രൂപഘടന വായനയെ ഇടതടവില്ലാത്ത ഒഴുക്കാക്കുന്നു.


ആഖ്യാനം തുടങ്ങുന്നത് - ' എവിടെ നിന്ന് തുടങ്ങും ? അത് പ്രസക്തമല്ല. വർത്തുളമാകാനിരിക്കുന്ന ഈ ആഖ്യാനത്തിൽ ഏത് ആരംഭവും സമാനമായിരിക്കും. ചേർന്നിരിക്കുന്ന കമിതാക്കൾ തോളുകൾ ഉരുമ്മുന്ന തുടർച്ച കണക്ക്. ' എന്നിങ്ങനെയാണ്`. നോവലിന്റെ ഉള്ളടക്കം മുളപൊട്ടുമ്പോൾ ഉണ്ടാകുന്ന പേജുകളുടെ കിരുകിരിപ്പും നേരിയ വിള്ളലും ഈ ആദ്യ വാക്യത്തിൽ ഉണ്ട്. തുടർന്ന് പ്രണയത്തിന്റെ മഹാഖ്യാനമായി ആഖ്യാനത്തിന്റെ മഹാവൃക്ഷമായി എഴുത്ത് വളരുന്നു. ഈരേഴുലോകങ്ങളും ത്രികാലങ്ങളും അതിവർത്തിച്ചുകൊണ്ട്. 35 അദ്ധ്യായങ്ങളേ എഴുതിയിട്ടുള്ളൂ. അവിടെ വെച്ച് പ്രണയത്തിന്റെ പുതിയൊരു നൃത്തശാലതുറക്കുന്നതായി പ്രസ്താവിക്കുന്നു. ആഖ്യാനം തുടരുന്നു. 1,3,5,7 .... അദ്ധ്യായങ്ങളിൽ ത്രികാലങ്ങളിൽ ഊയലാടുന്ന സമകാലികജീവിതവും 2,4,6,8.... അദ്ധ്യായങ്ങളിൽ സംഘകാലത്തിലേതെന്ന് പറയാവുന്ന ഒരു ജീവിതവും എഴുതിയിരിക്കുന്നു. പ്രണയത്തിന്റെ വേവും ചൂടും സന്നിഗ്ദ്ധതകളും സൗന്ദര്യങ്ങളും പ്രലോഭനീയമായ ഭാഷാവിദ്യയിൽ ഇടതടവില്ലാതെ എഴുതിവെച്ചിരിക്കയാണ്` ഇരുവരും. അവയെ കൂട്ടിയിണക്കുന്ന കണ്ണികൾ പോലെ സംഗീതാത്മകമായ കുറിപ്പുകളും ചിത്രങ്ങളും ഒഴിവിടങ്ങളും എക്കാലത്തേയും ജീവിതത്തെ ഒന്നാക്കി ഉരുക്കിയെടുക്കുന്നു.
'ഞാൻ ' എന്ന ഭാഗം നന്ദകുമാറും ' അവൾ ' എന്ന ഭാഗം ശുഭയും ' നമ്മൾ ' ഇരുവരും ചേർന്നും എഴുതുന്നു. ഒരാൾ എഴുതുന്നതു മുഴുവനും കവിതയുടെ രൂപഘടനയിലാണ്`. ഒരാൾ എഴുതുന്നത് കാവ്യാത്മകമായ ഗദ്യവും. എഴുത്തിന്റെ ഒരു ചേരുവ മിക്കവാറും ഇങ്ങനെയാണ്` എന്ന് വായനയിൽ തോന്നും. ഞാൻ , അവൾ, നമ്മൾ തുടങ്ങിയ ഖണ്ഡങ്ങൾ എഴുത്തുകാരുടെ [ പ്രണയിനികളുടെ ] ജീവിതം തന്നെ. അത് ഭൂത വർത്തമാന ഭാവികളിൽ ഊയലാടുന്നു. പ്രണയത്തിന്റെ നാമരഹിതമായ ഭൂഭാഗങ്ങളിൽ ' കളവും ' തെളിവുമായി വ്യവഹരിയ്ക്കുന്നു. എന്തിനാണീവ്യവഹാരം എന്നു പറയുന്നുണ്ട്. “' ഇതൊരു പാസ്സ്പോർട്ട് ആണ്`. നമ്മുടെ പ്രേമത്തിന്റെ പാസ്സ്പോർട്ട് ' . .... ഒടുവിൽ നാം 'ശുഭപ്രതീക്ഷ ' എന്ന മുനമ്പു ചുറ്റും. അന്നേരം നമ്മുടെ യാനം നിലയ്ക്കും "
പ്രണയം മുളപൊട്ടുന്നതും വളർന്ന് തിടംവെക്കുന്നതും കഥകളിലൂടെയാണ്`. പുതിയ കഥയാവാം, പഴയകഥയാവാം , കഥയില്ലയ്മയുമവാം ആ കഥകളൊക്കെയും. എന്തായാലും കഥ വേണം. അത് പ്രണയിനികൾ തമ്മിൽ മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന കഥ. ക്ഥയിൽ അവർക്കുതമ്മിൽ ചോദ്യങ്ങളാകാം. കഥയുടെ സാധാരണ നിയമം അവർക്കുതമ്മിൽ തെറ്റിക്കാം. കാരണം അവരാണ്` കഥയുണ്ടാക്കുന്നതും പറയുന്നതും കേൾക്കുന്നതും . അവരാണല്ലോ കഥയും !

കഥ ആരംഭിക്കുന്നു : പേജ്: 17 ഖണ്ഡം 12) “ നൂറ്റാണ്ടുകൾക്കുമുമ്പ് ... അതായത് ഇപ്പോൾ നിനവിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രദേശമുണ്ടായിരുന്നു. ആ ഭൂവിഭാഗത്തിലെ ആളുകൾ പാടിനടന്ന പാട്ടുകളിൽ നിന്നുമാണ്` ഞാൻ നിനക്കുവേണ്ടി ഈ കഥ മെനഞ്ഞെടുക്കുന്നത്. ഞാൻ പറയാൻ പോകുന്നത് അവരുടെ ചില വാക്കുകളും രൂപകൽപ്പനകളും ഭാവനാവൈചിത്ര്യങ്ങളുമാണ്`. കൊണ്ടപ്പറയുടെ മുഴക്കം മലനിരകളിൽ കുന്റക്കുരവയ്ക്കൊപ്പം അലയടിക്കുമ്പോൾ നമുക്ക് ഈ പ്രേമകഥ ആരംഭിക്കാം "

കൊണ്ടപ്പറയും കുന്റക്കുരവയും നൽകുന്ന സൂചന സംഘകാലഘട്ടത്തിലേതാണ്` കഥ എന്നുതന്നെ. ഐന്തിണകളിൽ ജീവിച്ചിരുന്ന , മനുഷ്യന്റെ ജൈവസ്വഭാവം ഒട്ടുമേ മാഞ്ഞുപോകാത്ത ജനങ്ങളുടെ കഥ . മനുഷ്യൻ ആധുനികനാവുന്തോറും ജൈവമനുഷ്യൻ ഇല്ലാതാവുകയാണല്ലോ. പ്രണയവും യുദ്ധവും മാത്രം ജീവമൂലകങ്ങളായി നിലനിന്നിരുന്ന ഒരുകാലത്തെ കഥയിൽ പ്രണയത്തിന്റെ ഭാവഗരിമ പൂർണ്ണതയിൽ കാണാനാവുന്നു എന്നതാവാം ഈ ഒരു കാലപരിസരം കഥയിൽ ഉണ്ടാവാൻ കാരണം. 83) " ക്ഷോഭമില്ലാതെ, തുമ്പപ്പൂമാല സമാധാനചിന്ഹമായി സദാ ധരിക്കുന്ന ഒരു നാടുവാഴിയെക്കുറിച്ച് ആർക്കും യാതൊന്നും പാടാനാവില്ല. പടനീക്കത്തിന്നുള്ള ഒരുക്കങ്ങളാണ്` ഓരോ കാവ്യവൃത്തിയും. കലാസ്രൃഷ്ടി ഒരു യുദ്ധക്കളവും " യുദ്ധത്തിന്റെ സഹജയാണ്` പ്രണയം. സംഘകവിതകൾ വായിച്ചതിന്റെ അനുരണനം ഈ കാവ്യത്തിൽ നിരക്കെയുണ്ടുതാനും.

രണപടുവായ ഒരു യുവാവിന്റെ യാത്രയും പ്രണയവുമാണ്` കഥ. ദുരന്തപ്രണയകാവ്യം. സ്ഥൂലപ്രണയം ഇല്ലാതായിട്ടും സൂക്ഷ്മപ്രണയം ഇല്ലാതാകുന്നില്ല. വികാരവും വിചാരവും ചെയ്തികളുമായി പ്രണയം നിലനിൽക്കുന്നു. ഇടിമുഴക്കത്തിന്റെ അനുരണനം പോലെ. തത്സമയത്തെ അനുവൊലി മാത്രമല്ല. 9) “..... മാസങ്ങൾക്കുശേഷം മാനത്തൊരു മുഴക്കമായി മടങ്ങിയെത്താൻ " പോലുമാവതുള്ളതാണത്.
80) “ മരിച്ചുപോയ നക്ഷത്രങ്ങളുടെ അഭൗമശക്തികളാണ്` നമ്മുടെ പ്രണയത്തെ വാർത്തെടുക്കുന്നത്. വാതകാഗ്നികളുടെ രൂക്ഷജ്വലനം . സിരകളി പ്രപഞ്ചങ്ങളുടെ തലയോടുകൾ പൊട്ടിത്തെറിയ്കുന്ന ആവൃത്തിയിൽ , എന്റേയും നിന്റേയും വാക്കുകൾ കൈകോർത്ത് ശ്മശാനനടനമാടുന്നു. അനന്തമായി ആവർത്തിക്കുന്ന ഈ രാത്രിയെ താരസ്ഥായിയിൽ നാം ആലപിക്കുന്നു " . ക്ളീഷേകളില്ലാത്ത ഭാഷാകേളിയാണിതിൽ ആപാദചൂഡം.
86) “ പച്ചക്കണ്ണുള്ള കരിങ്കുരങ്ങ് പാമ്പിന്റെ തലയ്ക്കുപിടിക്കുമ്പോൾ , അവന്റെ കയ്യിൽ ആ സർപ്പം വരിഞ്ഞുമുറുകിയും അയഞ്ഞും ചുറ്റുന്ന ഉദ്വേഗത്തോടെ ആഖ്യാനം സംഭീതമാകട്ടെ " എന്ന ആഗ്രഹത്തോടെയാണ്` ' യുദ്ധാവസാനത്തിൽ അയാളും വീണു ... എന്ന ഭാഗം തുടങ്ങുന്നത്. രൂപകങ്ങൾ, സങ്കൽപ്പങ്ങൾ, വിവരണങ്ങൾ, വ്യാഖ്യാനങ്ങൾ തൊട്ട് എല്ലാറ്റിലും ഈ നവമ തെഴുത്തുനിൽക്കുന്നുണ്ട്.
89) “ വെൺകൊറ്റക്കുട ' തവ്' ' എന്ന് ശബ്ദിച്ച് മഴത്തുള്ളികളെ തടഞ്ഞു നിർത്തുന്നു. ' നൾ ' എന്ന അർദ്ധരാത്രിയിലും ഉറക്കറപൂകാതെ , യുദ്ധകാര്യങ്ങൾ പര്യാലോചിച്ച് , പടകുടീരത്തിലിരിക്കുന്ന ഒരു ചക്രവർത്തിയുടെ നിദ്രാവിഹീനതയിൽ അരങ്ങേറിയ സംഗതികളാണ്` ഇതത്രയും " ക്ളാസിക്ക് സംഘസാഹിത്യത്തിന്റെ പെരുമ എഴുത്തിലുടനീളം നെയ്തെടുത്തിരിക്കയാണ്`. അതിലൂടെ പുതുതായ ഒരു വായനാനുഭവം ലഭിക്കുന്നുമുണ്ട്. ഒഴുകുന്ന ചിത്രലിപികളാണ്` കവിതയെന്ന് ഇവർ ആഖ്യാനിക്കുന്നുണ്ട്.

മലയാളഭാഷയും നോവൽ / കഥ എന്ന സാമ്പ്രദായിക ഫോർമാറ്റും ' പ്രണയം : 1024 കുറുക്കുവഴികളിൽ പരീക്ഷിക്കപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയൊരു രൂപഘടന സ്വയം ഉണ്ടായിവരുന്ന എഴുത്തിന്റെ മാജിക്ക് ഇതിൽ നമുക്ക് അനുഭവവേദ്യമാണ്`. 156 പേജ് ഉണ്ട് ഇതിൽ. എവിടെനിന്നും വായന തുടങ്ങാൻ സാധ്യമായ തരത്തിൽ എവിടെയും അവസാനിപ്പിക്കാവുന്ന തരത്തിൽ സ്പൈറൽ ആയ ഒരു കഥാശിൽപം . അല്ലെങ്കിലും ഒരു കഥയും 'കഥ'യല്ലല്ലോ. കഥ നിരുപമമായ ഭാഷാവിനിയോഗവും നിരുപാധികളില്ലാത്ത അനുഭൂതികളുടെ അനലസ്പോടനങ്ങളുമാണല്ലോ. പെൺകുട്ടികൾ വട്ടമിട്ടിരുന്ന് കൈത്തണ്ടയിൽ ഈർക്കിൽ കത്തിച്ച് ചൂടുവെയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞാൽ അവിടെയൊരു വട്ടപ്പൊള്ളൽ പാടുണ്ടാവും. സൗന്ദര്യമുദ്ര. അതുപോലൊന്ന് ഇതിലും ബാക്കി നിൽക്കും. വളരെ ദിവസങ്ങൾക്കു ശേഷം. അതാണ്` കഥ. എല്ലാ നല്ല കഥയും ചൂടുവെച്ച പാടുകളാണ്`. ഹോമോസാപ്പിയൻസിനു മാത്രം സാധ്യമായ അഗ്നിശിൽപ്പം.