15 November 2013

മുത്തശ്ശിയും കുട്ടിയും[ ചെറിയക്ളാസുകളിൽ ധാരാളം കുഞ്ഞുകഥകൾ മലയാളം പാഠങ്ങളിൽ പഠിക്കാനുണ്ട്. മിക്കതും മുത്തശ്ശിക്കഥകളുടെ മട്ടിലുള്ളവയാണ്`. ഈ പാഠഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകമായ ഒരു കുറിപ്പ് ]

മുത്തശ്ശിയും കുട്ടിയുമായുള്ള ഇടപെടലുകളിൽ ഏറ്റവും സജീവമായ ഘടകം സംഭാഷണമാണ്`. ബന്ധം മുറുക്കിനിർത്തുന്നതിന്ന് സംഭാഷണത്തിൽ കവിഞ്ഞ മറ്റൊന്നില്ല മനുഷ്യകുലത്തിന്ന്. സംഭാഷണത്തിന്റെ ഊർജ്ജം സ്വാനുഭവങ്ങളാണ്`. മുത്തശ്ശിക്ക് അതിൽ ഒരു കുറവും ഒരിക്കലും ഇല്ല. മുത്തഛനേക്കാൾ [ പുരുഷൻ ] മാനുഷികമായ / ജീവിതാനുഭവങ്ങൾ മുത്തശ്ശിക്ക് [ സ്ത്രീക്ക് ] ഏറുമെന്നതും എല്ലാവർക്കുമറിയാം.

സംഭാഷണം ഉണർവാണ്`; ഉറക്കമല്ല. കുട്ടിയേക്കാൾ ഉണർന്നിരിക്കുന്ന സമയം അധികം മുത്തശ്ശിക്കാണ്`. 'ഒരായുസ്സിന്നുറക്കം കാലേകൂട്ടി ഉറങ്ങിയവരാണ്` മുത്തശ്ശിമാർ എന്ന്.എൻ.വി. [ നാലുമണിപ്പൂക്കൾ ] നിരീക്ഷിക്കുന്നുണ്ട്. ഈ ഉണർവിന്റെ ഊർജ്ജമാണ്` മുത്തശ്ശിയെ സംഭാഷണത്തിലേർപ്പെടുത്തുന്നത്. മുത്തശ്ശിക്ക് സംസാരിക്കാൻ ആവേശം നൽകുന്നത് കേൾക്കാൻ തയ്യാറായിരിക്കുന്ന കുട്ടിയാണ്`. മുതിർന്നവർ മുത്തശ്ശിയെ കേൾക്കൽ കുറവാണ്`. തിരക്കുകളിൽ മുത്തശ്ശിയുടെ പായാരം ആരും ചെവികൊടുക്കില്ല. കുട്ടിയാണെങ്കിലോ അതു കേൾക്കാൻ കാതും കൂർപ്പിച്ചിരിക്കയാണുതാനും .

മുത്തശ്ശിയുടെ ഉണർവിന്റെ ഭാഷണം പൊതുവേ കുട്ടിക്ക് ഉറക്കു നൽകുന്നു എന്നാണ്` പറച്ചിൽ. കുട്ടിക്ക് ഉറങ്ങാനുള്ള മരുന്നാണ്` മുത്തശ്ശിക്കഥകൾ. പക്ഷെ, സംഭവിക്കുന്നത് കുട്ടിക്ക് ഉറക്കത്തിലും ഉണർവ് നൽകുകയാണ്`. ജീവിതകാലം മുഴുവൻ കുട്ടി ഉണർന്നിരിക്കുന്നത് മുത്തശ്ശിക്കഥകളുടെ ഉണർവിലാണ്`. കുട്ടി അറിഞ്ഞോ അറിയാതെയോ ഈ കഥകളിലൂടെ തന്റെ ഭൗതികവും ധാർമ്മികവുമായ ജീവിതം നെയ്തെടുക്കുകയായിരുന്നു. മുത്തശ്ശിക്കഥകളിലെ ശാസ്ത്രീയത ഈ അർഥത്തിലാണ്`. പറയുന്ന കഥകളിലെ യുക്തിയും ശാസ്ത്രീയതയും ഒക്കെ വിശകലനം ചെയ്ത് ശരി തെറ്റുകൾ നിശ്ചയിക്കാമെങ്കിലും കുട്ടിയിൽ ഇത് ജീവിതമൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നു. അതിനുള്ള സിദ്ധിയാണ്` ഇക്കഥകളിലെ യുക്തിയും ശാസ്ത്രീയതയും. ഈച്ചയും പൂച്ചയും കൂടി കഞ്ഞിവെച്ചകഥയായാലും മണ്ണാങ്കട്ടയും കരിയിലയുംകൂടി കാശിക്കുപോയ കഥയായാലും ആ പറയുന്ന കഥയല്ലല്ലോ കുട്ടി കേൾക്കുന്നത്. കഥ കേട്ടു കുട്ടി ശാരീരികമായി ഉറങ്ങുകയും മാനസികമായി ഉണരുകയും ചെയ്യുന്നു. കേട്ടവ കുട്ടിയിൽ നിലനിൽക്കുകയും ഓരോ ജീവിത സന്ദർഭങ്ങളിലും അവയെല്ലാം പുതിയ കഥകളായി കുട്ടി മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് മുത്തശ്ശിക്കഥകൾക്കുള്ള സവിശേഷതകളിൽ ഒന്നു മാത്രമാണ്`.

കുട്ടിയോട് നേരിട്ടുള്ള സംഭാഷണമാണ്` കഥയായി മാറുന്നത്. കഥാസാഹിത്യത്തിന്റെ തുടക്കരൂപം തന്നെ [ വാചികകഥ] ഇന്നും മുത്തശ്ശിമാർ അവലംബിക്കുന്നു. കഥയുടെ ജീവിതത്തിലേക്ക് ആദ്യ വാക്യത്തിൽ തന്നെ മുത്തശ്ശിക്ക് കുട്ടിയെ പ്രവേശിപ്പിക്കാനാവുന്നു. പാഠപുസ്തകത്തിലെ കഥ നോക്കുക. ബാലകഥയായി നരേന്ദ്രനാഥ് എഴുതിവെച്ച കഥയാണെങ്കിലും അത് മുത്തശ്ശി പറയാൻ തുടങ്ങുന്നതോടെ കുട്ടിയിലേക്ക് പ്രവേശിക്കുകയാണ്`. പണ്ട്..പണ്ട്... എന്ന ആദ്യ പദങ്ങളിലൂടെ കുട്ടിയെ ഈ യഥാർഥലോകത്തുനിന്ന് അടർത്തിയെടുക്കുകയാണ്`. അതുവരെ പലകാര്യങ്ങളിലും വാശിപിടിച്ചിരിക്കുന്ന കുട്ടി [ യഥാർഥ ലോകത്തുള്ള കുട്ടി ] പണ്ട്...പണ്ട്... എന്നു കേട്ടുതുടങ്ങുന്നതോടെ വാശി ഉപേക്ഷിക്കുന്നത് അതുകൊണ്ടാണ്`. പലവട്ടം കേട്ട കഥയാണെങ്കിൽ കൂടി ഇതാണ്` സംഭവിക്കുന്നത്. ഒരു പക്ഷെ, ഇന്ത്യൻ കഥാലോകത്തു മാത്രമുള്ള ഒരു ആഖ്യാനരീതിയാവാനും മതി ഇത്. കഥാലോകം രൂപപ്പെടുന്നതുതന്നെ ഭാരതീയമായ ഒരു ആഖ്യാനാന്തരീക്ഷത്തിൽ നിന്നാണല്ലോ.

ആവർത്തനത്തിൽ സ്വാദുകെടാത്തതാണ്` മുത്തശ്ശിക്കഥകളുടെ ഒരു സവിശേഷത. കഥാ സാരം മാത്രമല്ല ഇതിനു കാരണം. മുത്തശ്ശി കഥ പറയുകയാണ്`. പറച്ചിൽ സജീവമാണ്`. മുഖഭാവങ്ങൾ, വികാരവിക്ഷോഭങ്ങൾ, ശാബ്ദികമായ ഏറ്റക്കുറച്ചിലുകൾ, ആംഗ്യങ്ങൾ, സ്പർശനാദി വ്യവഹാരങ്ങൾ [ കുട്ടിയെ തൊട്ടും പിടിച്ചും ഉമ്മവെച്ചും കഥ പറയുന്ന രീതി ] എന്നിവയൊക്കെ കഥയുടെ ആവർത്തവൈരസ്യം ഇല്ലാതാക്കുകയാണ്`. കഥപറയുന്ന സന്ദർഭം പോലും ഇതിനു സഹായകമാവുന്നുണ്ട്. വാശിമാറ്റാൻ, ഉറക്കാൻ, ഉഷാറാക്കാൻ, കരച്ചിലും പേടിയും മാറ്റാൻ, വിരസതയകറ്റാൻ.... എന്നിങ്ങനെ സന്ദർഭങ്ങൾ വിവിധങ്ങളാണ്`. ഓരോ കഥപറച്ചിലിലും കഥയുടെ ഭാവമണ്ഡലം പുതിയതാവുകയാണ്`.

മുത്തശ്ശി കഥപറയുകയും കുട്ടി കേൾവിക്കാരനാവുകയും ചെയ്യുന്നതിലൂടെ കഥ കുട്ടിയുടെ ജീവിത മണ്ഡലത്തിൽ കഥയേക്കാളധികം അതൊരു മൂല്യബോധനോപാധിയായി മാറുകയാണ്`. കഥയിലൂടെ കുട്ടിയിൽ സന്നിവേശിക്കുന്നത് ജീവിത മൂല്യങ്ങളും ധാർമ്മിക മൂല്യങ്ങളുമാണ്`. ഒരു തരത്തിലുള്ള മോറൽ എഡ്യുക്കേഷൻ ആണ്` ഈ രംഗത്ത് സംഭവിക്കുന്നത്. മുത്തശ്ശിക്കഥകളുടെ സുപ്രധാനമായ മികവുകളിലൊന്ന് ഈ മൂല്യബോധനമാണ്`. അതിനേറ്റവും അർഹതയുള്ള ജീവിതം മുത്തശ്ശിയുടേതാണെന്ന് സമൂഹം അംഗീകരിക്കുകയാണ്`. വരും തലമുറയ്ക്ക് കരുത്തുള്ള ജീവിതം നിർമ്മിക്കുകയാണ്` മുത്തശ്ശി. കഥ അതിന്നുള്ള ജീവത്തായ ഉപകരണവും.

മുത്തശ്ശിയും കുട്ടിയുമായുള്ള സാഹിത്യലോകം കഥ മാത്രമല്ല. കഥകളെക്കാളധികം പാട്ടുകൾ, കടംകഥകൾ, ചോദ്യോത്തരങ്ങൾ എന്നിവ ഉണ്ടാകും. നിരവധി പാട്ടുകൾ കുട്ടി ആദ്യമായി കേട്ടുതുടങ്ങുന്നത് മുത്തശ്ശിയുമായുള്ള ഇടപെടൽ വേളകളിലാണ്`. കടംകഥകൾ മുഴുവൻ മുത്തശ്ശിമാരാണ്` പകർന്നുപോരുന്നത്.

മുത്തശ്ശി ഒരു ബിംബം മാത്രമാണ്`. എല്ലാ മുത്തശ്ശിക്കഥകളും പറയുന്നത് മുത്തശ്ശിമാരാകുന്നില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ചേച്ചിയാണ്` കഥ പറഞ്ഞുകൊടുക്കുന്നത്. എം.ടിയുടെ കഥകളിൽ മുത്തശ്ശിമാരും ഓപ്പോൾ മാരും എല്ലാം കഥ പറയുന്നുണ്ട്. കഥ കേൾക്കുന്നത് എപ്പോഴും കുട്ടിയാണ്`. ഈ മുത്തശ്ശിമാരും ഓപ്പോൾ / പെങ്ങൾ മാരും ഒക്കെ സാധാരണ ജീവിതങ്ങളല്ല. സാധാരണ ജീവിതങ്ങൾക്ക് കഥയില്ല. അസാധാരണ ജീവിതങ്ങളാണ്` മുത്തശ്ശിമാരെ ഉണ്ടാക്കുന്നത്. ഒരു പാട് കണ്ടറിഞ്ഞവർ, കൊണ്ടറിഞ്ഞവർ തന്നെയാണ്` മുത്തശ്ശിമാരാകുന്നത്. പ്രായം മാത്രമല്ല മുത്തശ്ശിക്കഥകളിലെ വക്താക്കളെ ഉണ്ടാക്കുന്നത്. പ്രതിവിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോന്നവരാണ്`. അതുകൊണ്ടുതന്നെയാണ്` അവർക്ക് കഥ പറയാനാകുന്നത്. [ എഴുത്തുകാരനാകുന്നതും ഇതുപോലെതന്നെയാണല്ലോ. ]ജീവിതമാണ്` അവർ കഥകളാക്കിപറയുന്നത്. കഥകളിലൂടെ കുട്ടിക്ക് പകരുന്നത് ജീവിതം തന്നെയാണ്`. വരും തലമുറയ്ക്ക് എല്ലുറപ്പുള്ള ജീവിതം നയിക്കാൻ സഹായകമായ പാഠങ്ങളാണ്` ഓരോ കഥകളും.

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

 • ശിശുകേന്ദ്രീകൃതം
 • പ്രവർത്തനാധിഷ്ടിതം
 • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
 • ഭിന്നശേഷികൾ
 • ഭിന്ന നിലവാരക്കാരായ കുട്ടികൾ
 • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
 • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
 • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
 • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
 • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
 • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
 • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു