03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

 • ശിശുകേന്ദ്രീകൃതം
 • പ്രവർത്തനാധിഷ്ടിതം
 • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
 • ഭിന്നശേഷികൾ
 • ഭിന്ന നിലവാരക്കാരായ കുട്ടികൾ
 • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
 • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
 • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
 • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
 • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
 • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
 • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

1 comment:

Pradeep kumar said...

ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം.ഇത് ശരിയാണ് സർ,കുട്ടി സ്വയം കണ്ടെത്തി എഴുതുന്ന ആശയങ്ങൾ ശരിയാണെങ്കിലും അത് ടെക്സ്റ്റ് ബുക്കിൽ ഇല്ലെന്നു പറഞ്ഞു തെറ്റിടുന്ന അധ്യാപകരും ഉണ്ട്.