15 December 2010

ക്ലാസ് മുറിയിലെ പുൽച്ചാടി


നാടകവത്ക്കരണത്തിലൂടെ പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയെന്നത് വളരെ പഴയ ഒരു ബോധനരീതിയാണ്. ഈ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലും നാടകീകരണം നമ്മുടെ ക്ലാസ്മുറികളില്‍ നടക്കുന്നു. അധ്യാപികക്കും കുട്ടിക്കും ഏറെ പ്രിയപ്പെട്ട ഒരു ബോധന-പഠന തന്ത്രം.
ക്ലാസ്മുറിയില്‍ ഇതു സാധ്യമാകുന്നത് പാഠഭാഗങ്ങള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിലൂടെയാണ്. ഭാഷാ ക്ലാസുകളിലെ കഥകള്‍, കവിതകള്‍, നാടകഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തിയാണിതു ചെയ്യുക. വ്യവഹാരരൂപങ്ങളുടെകഥ, കവിത എന്നിവ നാടകമാക്കുക- രൂപമാറ്റം ചെയ്യാന്‍ കഴിയുന്നതിലൂടെ രണ്ടു തരത്തില്‍ പഠനം നടക്കുന്നുണ്ട്. ഒന്നു വ്യവഹാരരൂപം മാറ്റലും ഒന്നു നാടകാവതരണവും.
ഭാഷാപഠനത്തിന്റെ ഭാഗമായുള്ള കഥയും കവിതയും
നാടകരൂപത്തില്‍ ചെയ്യുക എന്നത് മാത്രമല്ല ഇതിലെ സാധ്യത. ക്ലാസ്മുറികളില്‍ ഭാഷാപഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ പരിശീലിക്കൌന്ന നാടക പാഠങ്ങല്‍ ശാസ്ത്രവിഷയങ്ങളിലേക്കും  ചരിത്ര ഗണിതശാസ്ത്ര പാഠങ്ങളിലേക്കും പ്രയോജനപ്പെടുത്താന്‍ കുട്ടിക്കും അധ്യാപികക്കും ആവണം. വ്യവഹാര രൂപ പഠനം എന്ന നിലയില്‍ നിന്നു അറിവ് നിര്‍മ്മിക്കാനുതകുന്ന ബോധന-പഠന മാധ്യമം എന്ന നിലയില്‍ നാടകത്തെ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതോടെ ഭാഷാപഠനവും ശാസ്ത്രപഠനവും സമാകലിതമാക്കാന്‍ ( integrate) കഴിയും. നാടകത്തിന്റെ ഈ സാധ്യതയാണ് നമ്മുടെ ക്ലാസ്മുറികളില്‍ വികസിക്കേണ്ടത്.ജൈവലോകത്തെ ആഹാര ശൃംഖലയെ കുറിച്ചായാലും ഭൂഗുത്വാകര്‍ഷണത്തെ സംബന്ധിച്ചായാലും ചതുഷ്ക്രിയകള്‍ തൊട്ട് സങ്കീര്‍ണ്ണമായ പോളിനോമിയലുകളെ കുറിച്ചായാലും ഈ സാധ്യത നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ചരിത്ര സംഭവങ്ങല്‍, ഭൂമിശാസ്ത്ര പഠനത്തിലെ സങ്കല്‍പ്പങ്ങള്‍ എന്നിവയൊക്കെ നാടകരൂപത്തില്‍ അവതരിപ്പിക്കാനും പഠനപ്രക്രിയ ഏറ്റവുമധിക ക്രിയാത്മകമാക്കാനും കഴിയും.സ്കൂള്‍ പാര്‍ളിമെന്റ് തെരഞ്ഞെടുപ്പ്,മോക്ക് പാര്‍ളിമെന്റ് തുടങ്ങിയ സംഗതികളുടെ പ്രോസസ് മിക്കവാറും ഇതുതന്നെയാണല്ലോ.ചരിത്ര സംഭവങ്ങള്‍ നാടകമാക്കുന്നതിലൂടെദണ്ഡിയാത്ര, വട്ടമേശ സമ്മേളനങ്ങള്‍, സ്വാതന്ത്ര്യദിനം..തുടങ്ങിയവയുടെ നാടകീകരണം പഠനത്തില്‍ വളരെ പ്രയോജനം ചെയ്യും എന്നു പറയേണ്ടതില്ലല്ലോ.
ഒരു പാഠ്യവസ്തു നാടകമാക്കുന്നതിലൂടെ കുട്ടി നേടുന്നത് ഭാഷാപരമായി ഒരു വ്യവഹാരരൂപത്തിലുള്ള (നാടകം) സാമര്‍ഥ്യം തന്നെയാണ്. ഒറ്റക്കോ കൂട്ടായോ(ഗ്രൂപ്പ് പ്രവര്‍ത്തനം) ഇതു നാടകരചനയില്‍ കൂടി സാധിക്കുന്നു. ഇതു ആദ്യഘട്ടം മാത്രമാകുന്നു. തുടര്‍ന്ന് അധിക മാനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. ആ രണ്ടാം ഘട്ടം രൂപകല്‍പ്പന ചെയ്ത നാടകം അഭിനയിക്കുമ്പോഴാണ്. കഥാപാത്രങ്ങളായി രംഗത്ത് (ക്ലാസ്മുറിയില്‍) മറ്റു കുട്ടികളുക്ക് (കാണികള്‍) മുന്നില്‍ നില്‍ക്കുമ്പോഴും കാണികള്‍ക്ക് മതിപ്പു തോന്നുന്ന വിധം അഭിനയിക്കുമ്പോഴും കുട്ടി പാഠം ഉള്ളില്‍തട്ടി അനുഭവിക്കുകയാണ്. ആഹാരശൃംഖലയിലെ ഒരു കണ്ണിയായപുല്‍ച്ചാടിയായി വേഷം ചെയ്യുന്ന കുട്ടി തന്നെ പിടിക്കാന്‍ വരുന്നതവളയുടെ മുന്നില്‍ നിന്നു വിറയ്ക്കുമ്പൊള്‍ പ്രകൃതിയിലെ  സ്വാഭാവികത അല്ലെങ്കില്‍ പ്രകൃതിനിയമം വ്യക്തിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വേപഥുപുല്‍ച്ചാടിക്കുട്ടി അനുഭവിക്കുകയാണ്.പ്രകൃതിനിയമം വ്യക്തിപരമായ അനുഭവവും വികാരവും ആവുകയാണിവിടെ.  അഭിനയത്തിലെ മികവുകൊണ്ട് കാണികളിലേക്ക് ആവികാരം ഒട്ടും കൃത്രിമതയില്ലാതെ പകരുകയാണ്. ഇവിടെ പങ്കുവെക്കുന്നത് നിര്‍ജ്ജീവമായ അറിവല്ല; വൈകാരികമായ, ജീവസ്സായ അറിവാണ്. ഇതു സാധിക്കാന്‍ ഉപയോഗിക്കുന്ന ബോധനോപായം നാടകവല്‍ക്കരണമെന്ന ഉപാധിയാണ്.
കണക്ക് തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ പോലും ഇതു വലിയ ഗുണം ചെയ്യുന്നു. ചതുഷ്ക്രിയകള്‍ നാടകീകരിക്കുമ്പൊള്‍ ഹരണം, വ്യവകലനം തുടങ്ങിയ സന്ദര്‍ഭങ്ങളിലെ കഥാപാത്രമനുഭവിക്കുന്ന വികാരം-വലിയത് ചെറുതാവുന്നതിലൂടെ അനുഭവിക്കുന്ന വികാരം-സങ്കലനം, ഗുണനം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിരിച്ചും- പ്രകടിപ്പിക്കുന്ന കഥാപാത്രം സ്വയവും കാണികളിലും എത്തിക്കുന്നു. നിര്‍വികാരമായ ഗണിതപഠനം സവികാരമായി മാറുകയാണ്. വൈകാരികമാകുന്നതിലൂടെ കണക്ക് ബുദ്ധിയിലും മനസ്സിലും ഒരേപോലെ പ്രവേശനം സാധിക്കുകയാണ്. സൌരയൂഥ ചലനം നാടകവത്ക്കരിക്കുന്നതിലൂടെ സഥലകാലങ്ങളിലും വികാരപരതയിലും കുട്ടി  - നടനും കാണിയുംഅറിവ് അനുഭവിക്കുകയാണ്.

ഇതു മാത്രമല്ല; നാടകത്തെ ബോധനോപായമായി അധ്യാപിക ക്ലാസില്‍ ചെയ്യുന്നതിലൂടെ കുട്ടിയില്‍ പാഠ്യവസ്തു കേവല വിവരമെന്ന അവസ്ഥയില്‍ നിന്നു മാറി വളരെ ഉയര്‍ന്ന നിലയിലുള്ളഅറിവ്ആയി കുട്ടിയില്‍ എത്തിച്ചേരുന്നു. നടനായ കുട്ടിക്കും കാണിയായ കുട്ടിക്കും ഇതു ഫലം ചെയ്യുന്നു. ഇതു നാടകമെന്ന കലാരൂപത്തിന്റെ സവിശേഷതകള്‍ കൊണ്ടു തന്നെയാണ്. നമ്മുടെ പ്രാചീനമായ പഠനപ്രവര്‍ത്തനങ്ങള്‍ കഥപറച്ചിലുകളിലൂടെയായിരുന്നല്ലോ. പുരാണകഥകളും, ജാതക കഥകളും, പഞ്ചതന്ത്ര കഥകളും ഒക്കെ ഉദാഹരണം. കഥ എന്ന വ്യവഹാരത്തിലൂടെ നല്‍കിയ അറിവ് കേവലമായ അറിവ് എന്നതിനപ്പുറം കുറേകൂടി വൈകാരികം കൂടിയായ അറിവായിരുന്നു. കഥ കേട്ട് കുട്ടി ദു:ഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. ഈ വൈകാരികാവസ്ഥകള്‍ക്ക് കാരണം അറിവിലെ വൈകാരികതയായിരുന്നു. കഥയെ ബോധനതന്ത്രമാക്കുമ്പോള്‍ കുട്ടിയില്‍ ഉല്‍പ്പന്നമാകുന്ന അറിവിന്റെ അനേകമടങ്ങ് സാന്ദ്രത നാടകവും സിനിമയും ഒക്കെ ഉപയോഗിക്കുമ്പൊള്‍ ഉണ്ടാവുന്നു എന്നു നമുക്ക് കാണാം.
ഒരു കവിത, കഥ തുടങ്ങി ഏതു പാഠ്യവസ്തുവും നാടകീകരിക്കുമ്പൊള്‍ അധ്യാപികയുടെ ഭാഗത്ത് നല്ല മുന്നൊരുക്കം വേണം എന്നതാണ് പ്രധാനം. ഏറ്റവും ആദ്യം പരിശോധിക്കേണ്ടത് ഈ പാഠഭാഗം നാടകമാക്കാവുന്നതാണോ, നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉള്ളതാണോ എന്നാവണം. പത്താം ക്ലാസ് മലയാളം പാഠപുസ്തകത്തിലെഗാന്ധിയും കവിതയുംഎന്ന പാഠം നമുക്ക് ചര്‍ച്ച ചെയ്യാം.
നാടകീയമെന്നുറപ്പായാല്‍  നാടകമെന്ന ബോധന തന്ത്രം ഉപയോഗിക്കാന്‍ തീരുമാനിക്കാം. കവിതയിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താം. ഇതിനു ശേഷം കവിതാപഠനത്തിന്റെ എതു ഉദ്ദേശ്യലക്ഷ്യമാണ് നാടകാവതരണത്തിലൂടെ പഠിതാവിലെത്തിക്കേണ്ടതെന്നു തീരുമാനിക്കണം. ഈ കവിതയെ സംബന്ധിച്ച ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാവാം.
ആധുനിക (സമകാലിക) കവിതകള്‍ ആസ്വദിക്കാനും വിലയിരുത്താനും  കുട്ടി പരിശീലനം നേടുന്നു.
സമാന കവിതകള്‍ ആസ്വദിക്കാന്‍ ശേഷി നേടുന്നു.
തുടങ്ങി വ്യവഹാരരൂപ പരമായും
ഉള്ളടക്ക പരമായി
കവിതയിലെ ദര്‍ശനം, ഭാവം, കാവ്യബിംബങ്ങള്‍, ധ്വനിഔചിത്യം തുടങ്ങിയ കാവ്യഭംഗികള്‍, സ്വന്തരചനകള്‍, സമകാലിക കവിതയിലെ പ്രവണതകള്‍..
തുടങ്ങി നിരവധി ശേഷികള്‍ കുട്ടി ഈ പാഠഭാഗത്തിലൂടെ  നേടണമെന്ന് നമുക്ക് കാണാം.
ഇപ്പറയുന്ന ശേഷികള്‍ ഒന്നോ ഒന്നിലധികമൊ (എല്ലാം കൂടി ഒരിക്കലും എളുപ്പമല്ല ) സാധിക്കുന്നതിനായാണ് നാടകരൂപം പ്രയോജനപ്പെടുത്തുന്നത്. നാടകത്തിന്റെ രൂപപരമായ ഘടകങ്ങള്‍ ഇതിന്ന് പ്രയോജനപ്പെടുത്താനാവുന്നത്
          നാടകപാഠം (സ്ക്രിപ്റ്റ്) രൂപപ്പെടുത്തല്‍, രംഗങ്ങള്‍ നിശ്ചയിക്കല്‍
          വാചികം,ആംഗികം, ആഹാര്യം, സാത്വികം, എന്നീ അഭിനയരീതികള്‍
          നാട്യധര്‍മ്മി, ലോകധര്‍മ്മി സങ്കേതങ്ങള്‍
          അരങ്ങ്, പശ്ചാത്തലം, സംഗീതം, പ്രകാശം തുടങ്ങിയ ഘടകങ്ങള്‍
          നടീനടന്മാരെ നിശ്ചയിക്കല്‍, റിഹേര്‍സല്‍ തുടങ്ങിയ മുന്നൊരുക്കങ്ങള്‍
          സ്ഥലം, സമയം തുടങ്ങിയവ നിശ്ചയിക്കല്‍
          നോട്ടീസ്, കാര്യപരിപാടി, പോസ്റ്ററുകള്‍, ബാനര്‍ തുടങ്ങിയ സാമഗ്രികള്‍
അധികൃതരില്‍ നിന്ന് അംഗീകാരം വാങ്ങല്‍, നാടകത്തിന്നാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായുള്ള പ്ലാനിങ്ങ്-കത്തിടപാടുകള്‍
നാടക കാഴ്ച, റിപ്പോര്‍ട്ട്-വാര്‍ത്ത തയ്യാറാക്കല്‍, വിമര്‍ശനം-വിശകലനം
തുടങ്ങി നാടകാവതരണവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യവഹാരങ്ങള്‍ ക്ലാസില്‍ അറിഞ്ഞോ അറിയാതെയോ നടക്കുന്നുണ്ട്. ഇതൊക്കെയും കൂടിച്ചേരുമ്പൊള്‍ മാത്രമാണ് പാഠഭാഗവുമായി ബന്ധപ്പെട്ട് കാളാസ്മുറിയില്‍ നാടകമെന്ന വ്യവഹാര രൂപം പ്രവര്‍ത്തിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഇത്രയും സാധ്യതകള്‍ നമ്മുടെ ക്ലാസ്മുറികളില്‍ എത്രത്തോളം പ്രയോജനപ്പെടുത്തുന്നു എന്നതും പരിശോധിക്കേണ്ടതാണ്. അധ്യാപികയുടെ നാടക ധാരണകളും മുന്നൊരുക്കങ്ങളും വിലയിരുത്തുമ്പോഴാണിതിന്റെ പരിമിതികള്‍ മനസ്സിലാവുക. അതുകൊണ്ടുതന്നെ ക്ലാസ്മുറിയില്‍ മിക്കപ്പോഴും നടക്കുന്നത് വെറുംസംഭാഷണംമാത്രമാകുന്നു. (ആഹാരശൃഖല നാടകം )കുട്ടികളില്‍ ഒരാളെപുല്‍ച്ചാടിയായും ഒരാളെ തവളയായും ഇനിയൊരാളെ പാമ്പായും മറ്റൊരാളെ കഴുകനായും ഒക്കെ നിശ്ചയിച്ച് അവര്‍ക്ക് ചെറിയ സംഭാഷണങ്ങള്‍ നല്‍കി ഒന്നോ രണ്ടോ മിനുട്ട് കൊണ്ട് നാടകം പൂര്‍ത്തിയാക്കും. ബഹുഭൂരിപക്ഷം കാളാസുകളിലും ഇതാവും അവസ്ഥ. നാടകത്തെ ഒരു പഠനോപകരണമെന്ന രീതിയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നാടകത്തിന്റെ സാധ്യതകള്‍ 10%പോലും നാം പ്രയോജനപ്പെടുത്തുന്നില്ല എന്നുകാണാം. ഭാഷാക്ലാസുകളിലെ പാഠഭാഗങ്ങളായാല്‍ (നാടക പാഠമാണെങ്കില്‍) പ്പോലും ഇതാണവസ്ഥ. കഥാപാത്രങ്ങളുടെ എണ്ണത്തിന്നനുസരിച്ച് 5-6 കുട്ടികള്‍ എഴുന്നേറ്റ് ചെന്നു ചില സംഭാഷണങ്ങള്‍ ഉരുവിടുന്നതോടെ നാടകം പൂര്‍ത്തിയാവുന്നു.

          ഈയൊരു രീതി അവലംബിക്കുന്നതുകൊണ്ട് നാടകമെന്ന വ്യവഹാരരൂപത്തിന്റെ യാതൊരു സാധ്യതയും പഠന-ബോധന തന്ത്രമെന്ന നിലയില്‍ നേടാനാവുന്നില്ല. ‘പുല്‍ച്ചാടികള്‍ നമ്മുടെ ക്ലാസ്മുറികളില്‍ ചാടുന്നുണ്ടെങ്കിലും അവരുടെ ചാട്ടം ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.കാണികളുടെ (കുട്ടികള്‍) ആര്‍ത്തുചിരിമാത്രം സംഭവിക്കുന്നു. മറിച്ച്, ഇക്കാര്യങ്ങളില്‍ ശ്രദ്ധയുള്ള അധ്യാപികയുടെ ക്ലാസിലെപുല്‍ച്ചാടിഒരു ജീവിതം ക്ലാസ്മുറിയില്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
         

         





1 comment:

എന്റെ മലയാളം said...

ഉം........ഒടുവില്‍ ഞാനൊരു ചിന്തകനെ കണ്ടു
ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം
malayalamresources.blogspot.com
ഈ ബ്ലോഗില്‍ സന്ദര്‍ശിക്കേണ്ട ബ്ലോഗ്‌ ലിസ്റ്റില്‍ നല്‍കുന്നു.
കാണുമല്ലോ?
അഭിപ്രായം എഴുതുമല്ലോ?
ഞങ്ങളുടെ ബ്ലോഗില്‍ സഹകരിക്കുമല്ലോ....