31 December 2010

ശീർഷകങ്ങൾ പറയുന്നത്


നമ്മുടെ കുട്ടികള്‍ക്ക് ഭാഷാക്ലാസുകളില്‍ ധാരാളം കഥ /കവിത /നോവല്‍ഭാഗം /ഉപന്യാസം /നാടകം വായിക്കാനുണ്ട്. അധികവായനക്കുള്ളതുകൂടി കണക്കാക്കിയാല്‍ ലിസ്റ്റ് ഇനിയും നീളും.കുട്ടികളെ എത്രയും അധികം ആകര്‍ഷിക്കുന്നത് വായനാസാമഗ്രിയുടെ ശീര്‍ഷകം/ തലക്കെട്ട്/ പേര് തന്നെയാണ്. വായന തുടങ്ങുന്നത് ശീര്‍ഷകം നോക്കിയാണെങ്കിലും വായന സമാപിക്കുന്നത് ശീര്‍ഷകം നോക്കിയാണോ? ഈ ചര്‍ച്ച നമ്മെ നയിക്കുന്നത് ശീര്‍ഷകത്തിന്റെ വെറും ഔചിത്യത്തേക്കാള്‍ മറ്റു പലതിലേക്കുമാണ്. അതെങ്ങനെ?

ശീര്‍ഷകത്തിന്റെ ഔചിത്യം കുറിക്കുക എന്നൊരു പ്രവര്‍ത്തനം ഭാഷാവിഷയങ്ങളിലെ പരീക്ഷക്ക് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ ക്ലാസിലെ കുട്ടികള്‍ ചെയ്ത നിരീക്ഷണങ്ങള്‍ നോക്കൂ 

            വായനയുടെ ആദ്യചുവട് തലക്കെട്ട്=പേര് വായിക്കലാണ്. ഒരു കഥ/ കവിത/നോവല്‍/എന്തും വായിക്കാന്‍ തുടങ്ങുന്നത് തലക്കെട്ട് തൊട്ടാണ്. നല്ല തലക്കെട്ടെങ്കില്‍ വായിക്കാന്‍ തീരുമാനിക്കും. ശീര്‍ഷകം ആകര്‍ഷകമല്ലെങ്കില്‍ ഉള്ളടക്കം എത്ര ഗംഭീരമാണെങ്കിലും വായന ആരംഭിക്കുകയില്ല. നല്ല വായനാശീലമുള്ള ആള്‍ക്ക് തലക്കെട്ടിനേക്കാള്‍ പ്രധാനം രചയിതാവായിരിക്കും. ആരെഴുതിയ കൃതി/ കവിത/കഥ എന്നു നോക്കിയാണ് പുസ്തകം വായിക്കാന്‍ തീരുമാനിക്കുക. എഴുത്തുകാരന്‍ വായനക്ക് ഗാരണ്ടി നല്‍കുന്ന ഒരു സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകാര്‍ സ്വീകാര്യരാകുന്നതിന്ന് ഒരല്‍പ്പം സമയം പിടിക്കും എന്നതും കാണാം.
വായന ആരംഭിക്കുന്നത് ശീര്‍ഷകം തൊട്ടാണെങ്കിലും വായന സമാപിക്കുന്നത് എങ്ങനെയാണ്? വായന പൂര്‍ത്തിയാക്കി പുസ്തകം മടക്കിവെച്ചതിനുശേഷം  നമ്മുടെ മനസ്സില്‍ വീണ്ടും ശീര്‍ഷകം ഉയര്‍ന്നുവരുന്നു. ആ ശീര്‍ഷകം ഒരിക്കലും വായന തുടങ്ങിയപ്പൊള്‍ കണ്ടതാവില്ല. ആദ്യപ്രാവശ്യം നല്‍കിയ അര്‍ഥസൌന്ദര്യത്തില്‍ നിന്നും വളരെ ഉയര്‍ന്നുനില്‍ക്കുന്ന അധികാര്‍ഥങ്ങള്‍ -ആശയപരമായും സൌന്ദര്യപരമായും നമ്മിലേക്ക് നിവേശിപ്പിക്കുന്ന ഒരു പദസംഘാതമായി തലക്കെട്ട് പുനര്‍ജ്ജനിക്കുകയാണ്.
പി.വത്സലയുടെകാവല്‍എന്ന (പത്തിലെ മലയാളം പാഠം) കഥ ആസ്വദിക്കുമ്പോള്‍ നമുക്കിത് ബോധ്യപ്പെടും.ശീര്‍ഷകത്തിന്റേയും ഉള്ളടക്കത്തിന്റേയും ഉപരിപ്ലവമായ സംഗതികള്‍ നമുക്ക് ഏറെ പരിചിതം തന്നെ. ഒരു നീണ്ട വാക്യത്തിലൂടെ പറഞ്ഞുതീര്‍ക്കാവുന്ന കഥ. ജോഗി എന്ന കുട്ടി വിളവ് കാവലിന്ന് നിയുക്തനാകുന്നതും തുടര്‍ സംഭവങ്ങളും. എളുപ്പം ആര്‍ക്കും മനസ്സിലാവുന്നത്. ക്ലാസിലെ കുട്ടികളുമായി നടത്തിയ ചില സംഭാഷണങ്ങള്‍ നോക്കൂ:
കാവല്‍ എന്ന കഥ ആരുടെ കഥയാണ്?
ജോഗി എന്ന 12-14 വയസ്സുകാരന്റെ കഥ.
ജോഗി എന്ന 12-14 വയസ്സുകാരന്റെ മാത്രം കഥയാണോ?
(നിശ്ശബ്ദം)
എന്താണു കഥ?/ വിളവ് കാവലിനിന്ന് പോയതാണോ? തുടര്‍ സംഭവങ്ങളാണോ?
അതെ.
എപ്പോഴായാലും ഒരു കഥ പറയണമെങ്കില്‍ അതിലെ കഥാപാത്രങ്ങള്‍ക്കോ പ്രമേയത്തിനോ എന്തെങ്കിലും സവിശേഷത ഉണ്ടാവണമല്ലോ.ഒരു സവിശേഷതയും ഇല്ലാത്ത ഒരു സംഗതി എങ്ങനെ കഥയാവാന്‍? അപ്പോള്‍  ഏതോ ചില സവിശേഷതകളല്ലേ ഈകഥയേയുംകഥയാക്കുന്നത്? വായനയില്‍ നമുക്ക് ഇഷ്ടം ഉണ്ടാക്കുന്നത്?
അതെ
എന്നാല്‍ എന്തൊക്കെയാണാ സവിശേഷതകള്‍?
·         ജോഗി കുട്ടിയാണ്
·         ഒരു പ്രത്യേക സാമൂഹ്യാവസ്ഥയിലെ കുട്ടിയാണ് (വയനാട്/ ആദിവാസി/ അടിമത്തം)
·         അഭിമാനപൂര്‍വമാണെങ്കിലും കാവലിന്ന് പോകുന്നതിലെ ദൈന്യം നമുക്ക് മനസ്സിലാകും
·         സ്വന്തം അടിമത്തം പോലും ജോഗിക്ക് മനസ്സിലാവുന്നില്ല
·         സ്വന്തം അവസ്ഥ തിരിച്ചറിയുന്നതിന്ന് അവശ്യം വേണ്ടത് അറിവാണ്-വിദ്യാഭ്യാസമാണ്
·         അറിവ് -സ്വന്തം അവസ്ഥക്കൊപ്പം അതിനെ മറികടക്കാന്‍ കെല്‍പ്പ് നല്‍കും
·         അറിവ് നേടാന്‍ കുട്ടിക്ക് അവകാശം ഉണ്ട്. അറിയാനുള്ള അവകാശം മാത്രമല്ല ഇത്
·          ഗുണമേന്മയുള്ള  സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്
·         ജോഗിക്ക് ഈ അവകാശം അറിഞ്ഞൊ അറിയാതെയോ നിഷേധിക്കപ്പെട്ടിരിക്കുന്നു
·         ജോഗിക്കു മാത്രമല്ല- ഇത്തരത്തില്‍ പെടുന്ന ഒരു പാട് കുട്ടികളുണ്ട് - ലോകമെമ്പാടും
·         ..
·         ..
കഥയുടെ ഉള്ളടക്കത്തില്‍ തന്നെ ഇത്രയും കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്. അഛനുപകരം ജോഗി അഭിമാനപൂര്‍വം വിളവ് കാവലിന്ന് പോകുന്നതും തുടര്‍ സംഭവങ്ങളും എന്ന ഉപരിപ്ലവമായ കഥക്കുള്ളിലെകഥകളാണ്യഥാര്‍ഥത്തില്‍ കഥാകാരി പറയാന്‍ ശ്രമിച്ചത് എന്നു കാണാം. ഇതു മനസ്സിലാക്കുന്നതിലൂടെകാവല്‍വിളവിനുമാത്രമല്ല എന്ന അറിവില്‍ നമ്മളെത്തുകയാണ്. വിളവിന്ന്കാവല്‍എന്നതിന്നപ്പുറം കാവല്‍ക്കാരന്ന് കാവലാവുന്ന നിലയിലേക്ക് വായന കടന്നു കയറുന്നു. കുട്ടിയുടെ അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിടത്ത് കുട്ടിക്ക് കാവലാവുന്ന കഥ/ കഥാകാരി എന്നീ അര്‍ഥങ്ങളിലേക്ക് കഥ വളരുന്നു. അറിഞ്ഞോ അറിയാതെയോ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്ന വയനാട്ടിലെ ആദിവാസിക്കുട്ടിക്ക് മാത്രമല്ല; ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും വത്സല കാവല്‍ നില്‍ക്കുന്നു.
അതെ, എഴുത്തുകാരന്‍/കാരി സമൂഹത്തിന്റെ കാവലാളാകുന്നു. കാവലിന്റെ സാക്ഷ്യങ്ങളാണ് കഥയും/ നോവലും കവിതയും എല്ലാം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെയുള്ള കാവല്‍. സാമാന്യനീതി നിഷേധിക്കപ്പെടുന്നതിനെതിരെ. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ. പാര്‍ശ്വവത്ക്കരണങ്ങള്‍ക്കെതിരെകടന്നുകയറ്റങ്ങള്‍ക്കെതിരെ. അഭയാര്‍ഥികളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി. ഈ സന്ദര്‍ഭങ്ങളിലൊക്കെ എഴുത്തുകാരന്‍/കാരി കാവലാളാണ്. സമകാലിക സമൂഹത്തില്‍ എഴുത്തുമാത്രം കൊണ്ട് ഈ പ്രവര്‍ത്തനം അവസാനിക്കുന്നില്ല . എഴുത്തു എന്നതിനപ്പുറം സജീവപ്രവര്‍ത്തനമായി (social activism) ഇതു വളരുകയാണ്. കവയിത്രി സുഗതകുമാരിയും അരുന്ധതീറോയിയും നിരവധി നാടക-സിനിമാപ്രവര്‍ത്തകരും ഒക്കെ ഇതിന്ന് തെളിവുതരുന്നു. എഴുത്തിന്നുള്ള ഊര്‍ജ്ജം സ്വീകരിക്കുന്ന സാമൂഹ്യപ്രവര്‍ത്തന ഇടങ്ങള്‍ ലോകമെങ്ങും നിറയുകയാണ്. മാധ്യമം തന്നെ ജീവിതവും ജീവിതം തന്നെ മാധ്യമവും ആവുകയാണ്.






No comments: