11 December 2010

പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ


പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ
ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കൻമാരും മിടുക്കികളുമായവർ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങൾ ഇതിനൊക്കെ വേണ്ടുന്ന പിൻബലം നൽകും. ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുന്നതിലൂടെ അടുത്ത വർഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളിൽ മുഴുകും.
തീർച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാൽ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യിൽ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികൾക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളിൽ പോലും ഇതാണവസ്ഥ. കലാമത്സരങ്ങൾ,
ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികൾ, ശാസ്ത്രമേളകൾ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ.അപ്പോൾ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികൾക്കും ലഭിക്കേണ്ട അറിവനുഭവങ്ങൾ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചർച്ച ചെയ്യപ്പെടണം.
ഈ ചർച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദർശനം പോലുള്ള സംഗതികൾ വിപുലമായ തോതിൽ സ്കൂളുകളിൽ സംഘടിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ടായത്. ‘വിപുലമായഎന്നൊക്കെ സങ്കൽപ്പിച്ചുവെങ്കിലും വളരെ ചെറിയതോതിൽ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസങ്ങളിൽ സാധാരണ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവർത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകൾ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം,.ടി എന്നിങ്ങനെ ആറു സ്റ്റാളുകൾ. ഇതിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവൻ അധ്യാപകരുടേയും സഹായസഹകരണങ്ങൾ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാൻ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ തീരുമാനിക്കാം.
1.    ഒരു ക്ലാസിലുള്ള മുഴുവൻ കുട്ടികളേയും ആറ് സ്റ്റാൾഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകൾ ഇങ്ങനെ. 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉൾപ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] .ടി.
2.    സ്റ്റാൾഗ്രൂപ്പുകളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താൽപ്പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകൾ സജീവമാകണം.
3.    പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികൾ സവിശേഷമായി നിർമ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേൽനോട്ടവും വേണം.
4.    ഒരു ക്ലാസിൽ ആറു സ്റ്റാൾഗ്രൂപ്പുകൾ എന്ന തോതിൽ സമയബന്ധിതമായി പ്രവർത്തനങ്ങളിൽ ഏർപ്പെടണം.5 മുതൽ 10 വരെ 20 ഡിവിഷനുകൾ ഉണ്ടെങ്കിൽ ആകെ 120 ഗ്രൂപ്പുകൾ പ്രവർത്തിക്കും. ഒരു വിഷയത്തിൽ 20 സ്റ്റാൾഗ്രൂപ്പുകളും. ഒരു ഗ്രൂപ്പിൽ 7-8 കുട്ടികൾ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഇടപെട്ട് സഹായിക്കും.
5.    വേണ്ടത്ര പ്രചാരണപ്രവർത്തനങ്ങൾ ഓരോ ഗ്രൂപ്പും നടത്തണം.മുങ്കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദർശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേൽനോട്ടം വഹിക്കണം.
6.    ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദർശനവസ്തുക്കൾ നിശ്ചയിച്ച മുറികളിൽ നന്നായി പ്രദർശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങൾ നൽകുകയും വേണം. അതിന്നുവേണ്ട നിർദ്ദേശങ്ങലും കൈത്താങ്ങും അധ്യാപകർ നൽകും.
7.    രാവിലെ 9 മുതൽ 11 വരെ സ്റ്റാൾ ഒരുക്കൽ, 11 മുതൽ 12 വരെ മൂല്യനിർണ്ണയം-സമ്മാനങ്ങൾ നിശ്ചയിക്കൽ എന്നിവ നടക്കനം. 12 മുതൽ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകൾ സന്ദർശിക്കലും വിലയിരുത്തലും നടക്കണം.
8.    4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
9.    സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കൽ, ഇനങ്ങൾ നിശ്ചയിക്കൽ എന്നിവ കുട്ടികൾ മത്സരബുദ്ധിയോടെ ചെയ്തു തീർക്കണം.
ഇത്രയും സംഗതികൾ വേണ്ടത്ര ആലോചനയിലൂടെയും ആവേശത്തോടെയും ചെയ്യുന്നതോടെ:
1.    മുഴുവൻ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
2.    കുട്ടികൾക്ക് ഇഷ്ടപ്പെട്ട മേഖലകളിൽ അവരുടെ തനിമ പ്രദർശിപ്പിക്കാൻ ഇടം കിട്ടുന്നു.
3.    പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താൻ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താൻ കഴിയുന്നു.
4.    മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകൾ വളരെ കുറയുന്നു.
5.    സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കൾക്കടക്കം പൂർണ്ണമായി ബോധ്യപ്പെടുന്നു.എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളിൽ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്നു.
6.    ഒരു ഒറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ചെയ്ത പ്രവർത്തനങ്ങൾ നമുക്ക് സ്വയം വിലയിരുത്താൻ കഴിയുന്നു.
7.    പോരായ്മകൾ പരിഹരിച്ചേ മതിയാകൂ എന്ന അവ്സ്ഥ സ്വയമേവ ഉണ്ടാവുന്നു.
കെ.ടി.എം ഹൈസ്കൂളിൽ ഉടനെ സംഘടിപ്പിക്കുന്നപഠനപ്രദർശനത്തിന്റെ പ്ലാനിങ്ങും നടത്തിപ്പും ഈ ചർച്ചാക്കുറിപ്പെഴുതാൻ സഹായിച്ചു എന്നു കൂടി പറയട്ടെ.

No comments: