28 October 2013

പരീക്ഷ വരുന്നതിനു മുമ്പ്


2014 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി ആരംഭിച്ചിരിക്കുന്നു. പരീക്ഷാ ടൈംറ്റേബിൾ വന്നു. സ്കൂളുകളിൽ [ കലോത്സവത്തിരക്കുകളുണ്ടെങ്കിലും ] പഠനപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു.

എന്തൊക്കെ ശിശുകേന്ദ്രീകൃതം പറഞ്ഞാലും പരീക്ഷ കുട്ടിക്ക് പേടിയാണ്`. കുട്ടിക്ക് മാത്രമല്ല അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പേടിയാണ്`. മാധ്യമങ്ങൾ കുട്ടികളെ സഹായിക്കാനായി എന്നേ ഒരുക്കം തുടങ്ങി. സഹായക പാഠങ്ങൾ, നിർദ്ദേശങ്ങൾ, ഹെല്പ്പ് ഡസ്കുകൾ... അങ്ങനെ . എന്നിട്ടും പേടിക്ക് ഒരു കുറവുമില്ല. പഠിക്കാത്ത കുട്ടിയേക്കാൾ പേടി പഠിച്ച കുട്ടിക്കാണ്` എന്ന വിരോധാഭാസവും ഉണ്ട്.

എന്താണ്` പേടിക്ക് അടിസ്ഥാനം ?

കുട്ടിക്കും അദ്ധ്യാപകർക്കും പേടിക്കടിസ്ഥാനം പ്രധാനമായും ചോദ്യങ്ങളുമായി ബന്ധപ്പെട്ടല്ല. നന്നായി പഠിപ്പിച്ച അദ്ധ്യാപകനും നന്നായി പഠിച്ച കുട്ടിക്കും ഉള്ളടക്കപരമായ വ്യാകുലതകളില്ല. 'വെള്ളം വെള്ളം പോലെ' പഠിച്ച കുട്ടിക്ക് പേടിക്കാൻ എന്തുണ്ട് ?

ഏറ്റവും പ്രാഥമികമായ പേടി പഠനവും പരീക്ഷയും തമ്മിലുള്ള വൻ വിടവാണ്`. സവിശേഷമായും പുതിയ പാഠ്യപദ്ധതി വന്ന കാലം മുതൽ ഈ ഭയം സ്ഥിരം ചർച്ചാ വിഷയമാണ്`. പഠനം പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാധിഷ്ഠിതവും ആണ്`. സംഘപഠനം, സഹകരണാത്മക പഠനം, ഗ്രൂപ്പ് പഠനം എന്നിവയിലൂടെ കടന്നുവന്ന കുട്ടി പരീക്ഷാഹാളിൽ കരയ്ക്ക് പിടിച്ചിട്ട മത്സ്യം പോലെയാവുന്നു. ഇത് ടി.. യുടെ കുഴപ്പമല്ല. ചോദ്യങ്ങളുടെ മാത്രം കുഴപ്പമാണ്`. എന്നാൽ ഈ ചർച്ചകളുടെ സത്ത ചോദ്യപേപ്പറിടുന്നവർ [ മിക്കവരും ] പരിഗണിക്കാറേ ഇല്ല [ മിക്കപ്പോഴും ] എന്ന കാര്യം എന്നും ആവർത്തിക്കുകയാണ്`.

കെ.സി.എഫും [2007] അതിലെ മൂല്യനിർണ്ണയ തീരുമാനവും പരീക്ഷാവേളകളിൽ ആരും ആലോചിക്കുന്നില്ല. "വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." എന്ന ഖണ്ഡിക ഏട്ടിലെ പശുവായി മാറുന്നു എന്നാണനുഭവം.

ക്ളാസ് മുറികൾ ശിശുകേന്ദ്രീകൃതം, പ്രവർത്തനാധിഷ്ഠിതം, നിരന്തര മൂല്യനിർണ്ണയ വിധേയം, പരിഹാരബോധനം , ജനാധിപത്യപരം, സർഗാത്മകം എന്നിങ്ങനെ ചിട്ടപ്പെടുത്തിയതാണ്`. സി.. തലത്തിൽ പൂർത്തിയാക്കാ / നിർവഹിക്കാനാവാത്ത മേഖലകളും ഘടകങ്ങളും മൂല്യനിർണ്ണയം ചെയ്യുന്നത് ടേർമിനൽ പരീക്ഷകളിലാണ്`. അതങ്ങനയേ ചെയ്യാനാവൂ. എന്നാൽ ആയത് ക്ളാസ് റൂം പ്രവർത്തനങ്ങളുടേയും നടന്ന പഠനപ്രവർത്തനങ്ങളുടേയും രീതികളെ സമ്പൂർണ്ണമായി മറന്നുകൊണ്ടുള്ളതാവുകയാണ്`. മന:പ്പാഠവും , കൃത്രിമമായ / സർഗരഹിതമായ പ്രവർത്തനങ്ങളും , മത്സരാധിഷ്ഠിതവും ഒക്കെയായ ഒരവസ്ഥ പരീക്ഷാമുറികളിൽ രൂപപ്പെടുത്തുകയാണ്`. പരീക്ഷയെകുറിച്ചുള്ള ഒന്നാമത്തെ പേടിക്ക് അടിസ്ഥാനം ഇതുതന്നെയാണ്`.

ഒരുദാഹരണം നോക്കൂ:
"പുകയിലക്കഷായവും വെളുത്തുള്ളിക്കഷായവും എൻഡോസൽഫാൻ പോലുള്ള രാസകീടനാശിനികൾക്ക് വഴിമാറി. രാസകീടനാശിനികൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഏതെങ്കിലും രണ്ടു ദോഷങ്ങൾ എഴുതുക. “
[ ചോദ്യ നമ്പർ 6 / സ്കോറ് 2 / എസ്.എസ്.എൽ.സി 2013 മാർച്ച് / കെമിസ്റ്റ്രി / മലയാളം വേർഷൻ ]

കൃത്രിമത്വം : പുകയിലക്കഷായവും..... വഴിമാറി. എന്ന ആദ്യഭാഗവും കുട്ടി ഉത്തരമെഴുതേണ്ട രണ്ടാം ഭാഗവും തമ്മിലെന്തു ബന്ധം? അതില്ലെങ്കിലും കുട്ടിക്ക് രണ്ടു ദോഷങ്ങൾ എഴുതാമല്ലോ. ആദ്യഭാഗം വായിക്കാനുള്ള സമയനഷ്ടം മാത്രമേ അതിലുള്ളൂ. ശിശുസൗഹൃദപരമാക്കാനുള്ള കൃത്രിമപ്രയത്നം വെറുതെ നേരം കളയാനുള്ള വഴിയായി മാറുന്നു.

അശാസ്ത്രീയത : കൂറ്റൻ തോട്ടങ്ങളിൽ മുഴുവൻ നേരത്തേ പുകയിലക്കഷായവും വെളുത്തുള്ളിക്കഷായവും ആണുപയോഗിച്ചിരുന്നതെന്നും അതു പിന്നീട് എൻഡോസൽഫാൻ പോലുള്ളവക്ക് വഴിമാറി എന്നും കുട്ടിയോട് തട്ടിവിടുന്നത് അശാസ്ത്രീയമല്ലേ ? കുട്ടിയെ വഴിതെറ്റിക്കുകയാണോ പരീക്ഷ. പരീക്ഷ കുട്ടിക്ക് പരീക്ഷയും പഠനവും കൂടിയാണ്`. ഇങ്ങനെ ഒരു കാര്യം കുട്ടി പരീക്ഷാവേളയിൽ സാന്ദർഭികമായാണെങ്കിലും പഠിക്കുന്നത് നല്ലതാണോ?

മന:പ്പാഠം : പാഠപുസ്തകത്തിലെ ചില വരികൾ മന:പ്പാഠം പഠിച്ചിട്ടുണ്ടോ എന്നാണ്` ഇവിടെ നോക്കുന്നത്. മന:പ്പാഠം എന്ന വെല്ലുവിളിയൊഴികെ ഈ ചോദ്യം കുട്ടിയിൽ സർഗാത്മകമായ് ഒരു വെല്ലുവിളിയും / ഉത്സാഹവും ഉണ്ടാക്കുന്നില്ലല്ലോ .

ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ ചോദ്യപേപ്പറുകളിലെല്ലാം കാണാൻ കഴിയും .
സി.. ആണെങ്കിലും ടി.. ആണെങ്കിലും പരീക്ഷ എന്ന നിലയിൽ കാണുമ്പോൾ അതിന്റെ ലക്ഷ്യങ്ങളും തുടർച്ചകളും വിഭാവനം ചെയ്യുന്നുണ്ട്. കുട്ടിയുടെ മികവ് കണ്ടെത്തൽ, അഭിരുചിതിരിച്ചറിയൽ, ദിശാനിർണ്ണയം, ഉൾക്കൊള്ളൽ [ തോറ്റുവെന്ന് തള്ളലല്ല] എന്നിവ പരീക്ഷയുടെ ഭാഗമായി ഉണ്ടാവേണ്ടതുണ്ട്. ഇതൊന്നും ഇന്നത്തെ നമ്മുടെ പരീക്ഷകളിൽ ഉണ്ടാവുന്നില്ല. തോറ്റവർ എവിടെയോ പോയി മറയുന്നു എന്ന തോന്നലാണ്`. ജയിച്ചവർ മാത്രം ചർച്ച ചെയ്യപ്പെടുന്നു. തോറ്റവർക്കൊന്നും മികവോ അഭിരുചിയോ ദിശാലഭ്യതയോ ഒന്നും വേണ്ടെന്ന് തീരുമാനിക്കുന്നതാരാണ്` ?

പരീക്ഷയിലെ മൂല്യബോധവും ജനാധിപത്യവും

പരീക്ഷാ ഹാൾ ഭൗതികമായി മുമ്പ് പഠിച്ച ക്ളാസുമുറിയാണെങ്കിലും പരീക്ഷാവേളയിൽ ക്ളാസ്‌‌മുറിക്കു നേരേ വിപരീതമായ മുഖമാണ്` കാണിക്കുക. നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് നിശ്ചലമായി ... പരീക്ഷ എഴുതിക്കഴിക്കുകയാണ്`. പരീക്ഷക്കിരിക്കുന്നവരൊക്കെ തക്കം കിട്ടിയാൽ കോപ്പിയടിക്കും എന്ന മട്ടിലാണ്` ഇൻവിജിലേഷൻ. 10 കൊല്ലം പഠിച്ച സ്കൂളിൽ നല്ല കുട്ടിയായിവളർന്ന കുട്ടി പരീക്ഷയുടെ 10 ദിവസം കള്ളത്തരം ചെയ്യും എന്ന് വിചാരിക്കുന്നതിൽപ്പരം മൂല്യച്യുതി മറ്റെന്താണ്`? പരീക്ഷക്കെന്നല്ല ഒരു സന്ദർഭത്തിലും അന്യായം / തെറ്റ് ചെയ്യില്ല എന്ന ബോധത്തിലേക്ക് കുട്ടിയെ വളർത്തിയെടുക്കാൻ കഴിയാതെപോയ അദ്ധ്യാപകൻ എന്തുമൂല്യബോധമാണ്` കുട്ടിയിൽ ഉണ്ടാക്കിയത്? കോപ്പിയടിച്ചായാലും ജയിച്ചേപറ്റൂ എന്ന ചിന്ത ഉൽപ്പാദിപ്പിക്കുന്ന പരീക്ഷാരീതിയും ഈ മൂല്യച്യുതിക്ക് കാരണമാവുന്നുമുണ്ട്.

ജനാധിപത്യം പരീക്ഷാ ഹാളിൽ അസ്തമിക്കുന്നു. പരീക്ഷാ സമയം, ചോദ്യം, ഉത്തരം, എഴുത്തുരീതികൾ, ഭിന്നനിലവാരമുള്ള കുട്ടികൾക്കുള്ള പരിഗണന, പേപ്പർ വാല്യുവേഷൻ എന്നിങ്ങനെ സകല ഘടകങ്ങളിലും ജനാധിപത്യം പേരിനുപോലുമില്ല. കുട്ടിക്ക് സാധ്യമായ നിലവാരം, മികവെത്രയുണ്ടെന്ന് കുട്ടിക്കെങ്കിലും മനസ്സിലാക്കാനുള്ള സാധ്യത, പരിഹാരം ഇവയൊന്നും പരീക്ഷക്ക് ഇപ്പോൾ വിഷയീഭവിക്കുന്നേ ഇല്ല.

ഒരുദാഹരണം നോക്കൂക: ഒരു ജോലി ചെയ്തുതീർക്കുന്നതിന്ന് ബാബുവിന്` അബുവിനേക്കാൾ 6 ദിവസം അധികം വേണം. ഇവർ രണ്ടുപേരും ഒരുമിച്ചു ചെയ്താൽ 4 ദിവസം കൊണ്ട് ജോലി തീരും. എങ്കിൽ ഓരോരുത്തർക്കും ഒറ്റക്ക് ആ ജോലി ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?
[ ചോദ്യം 18 ബി ചോയ്സ് / കണക്ക് / മലയാളം മീഡിയം / 5 സ്കോറ് / 2013 എസ്.എസ്.എൽ.സി. മാർച്ച് ]

ഓരോരുത്തർക്കും ഒറ്റക്ക് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം എന്ന ചോദ്യം ഇരുവരും ആ ജോലി ചെയ്യാൻ കഴിയുന്നവരാണെന്ന് ഉറപ്പാകുന്നു. അങ്ങനെയാണെങ്കിൽ ബാബുവിന്ന് 6 ദിവസം അധികം വേണം എന്നു പറയുന്നതിൽ എന്താണ്` യാഥാർഥ്യം? ഭിന്ന വ്യക്തികളെന്ന നിലക്ക് അരയോ ഒന്നോ ദിവസത്തെ വ്യത്യാസം സാധാരണനിലയിൽ മനസ്സിലാവും. പാഠഭാഗവുമായുള്ള ബന്ധമോ ഉത്തരമോ ഒന്നും അല്ല പ്രശ്നം. തൊഴിൽപരമായ മൂല്യയുക്തി ഇതിലില്ല. സൂചിപ്പിക്കുന്നത് നിഷ്കളങ്കമായ ചോദ്യങ്ങൾ പോലും കുട്ടിയുടെ മൂല്യബോധത്തേക്കാൾ താഴെയാണ്`എന്നുതന്നെയാണ്`.

സമയപാലനം
പരീക്ഷക്ക് സമയകൃത്യതയുണ്ട്. ചോദ്യപേപ്പർ നിർദ്ദേശങ്ങളിൽ ഓരോ ചോദ്യത്തിനും അനുവദിച്ചിട്ടുള്ള സ്കോറ് പരിഗണിച്ച് സമയോപയോഗം ചെയ്യണം എന്നുമുണ്ട്.
എന്നാൽ ക്ളാസ്‌‌മുറിയിൽ ഒരിക്കൽ പോലും കുട്ടിയെ സമയം കൈകാര്യം ചെയ്യാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇല്ല. ടൈം മാനേജ്മെന്റ് കുട്ടിയെ ഒരിക്കൽ പോലും പരിശീലിപ്പിക്കുന്നില്ല. മാത്രമല്ല മെച്ചപ്പെടുത്തുന്നതിനായി സമയം ആവശ്യത്തിന്ന് നൽകുകയും ചെയ്യും എന്നാണല്ലോ ക്ളാസ്‌‌റൂം അനുഭവം . പരീക്ഷഹാളിൽ ഇൻവിജിലേറ്ററും സ്കൂൾ ബല്ലും സമയം കഴിഞ്ഞൂ...കഴിഞ്ഞൂ എന്ന് തിരക്കിക്കൊണ്ടിരിക്കും. 5 മിനുട്ട് മുമമ്പുള്ള വാണിങ്ങ് ബെല്ല് എഴുത്തു നിർത്താനും കുത്തിക്കെട്ടാനും ഉള്ളതെന്നാണ്` മിക്കവരുടേയും ധാരണ. കുട്ടിയുടെ സമയം നിയന്ത്രിക്കുന്നതിന്റെ പരീക്ഷാവസ്ഥ നിസ്സാരമല്ല.

മാത്രമല്ല, ഒരാസ്വാദനക്കുറിപ്പ് [ ഉദാ ] എഴുതാൻ എല്ലാ കുട്ടിക്കും ഒരേസമയം ആണ്` അനുവദിക്കുക. പരീക്ഷാ സമയക്രമം അങ്ങനെയാണ്`. ആകെ ചോദ്യങ്ങൾ, ആകെ അനുവദിച്ച സമയം എന്നാണനുപാതം . അപ്പോൾ ഭിന്ന നിലവാര പരിഗണന ഇല്ല. ചുരുക്കത്തിൽ സംഭവിക്കുന്നത് കുട്ടിക്ക് എന്തറിയാം / അറിയില്ല എന്നല്ല തന്ന സമയത്തിനുള്ളിൽ കുട്ടിക്ക് എന്തുചെയ്യാം എന്ന വേഗതയാണ്` അളക്കപ്പെടുന്നത്. അറിവ് പരിശോധിക്കുന്നതിനു പകരം മന:പ്പാഠ / ലേഖ വേഗതയാണ്` അളക്കുന്നത്. സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ കുട്ടി തോറ്റുപോകുന്നു.

കൂളോഫ് സമയം

15 മിനുട്ട് സമാശ്വാസ സമയം ഉണ്ട്. ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള സമയം എന്നാണിതിന്റെ അർഥം. 15 മിനുട്ട് നല്ലതു തന്നെ. പക്ഷെ, അതെങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് കുട്ടിക്ക് ആർ
പരിശീലനം കൊടുക്കുന്നു. ഒഴുക്കൻ മട്ടിൽ ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ എന്നൊരു പറച്ചിലേ ഉള്ളൂ.

ഇനി, അങ്ങനെ മനസ്സിലാക്കാൻ തുടങ്ങിയാൽ പൊടുന്നനെ കിട്ടുന്ന ചില ഉത്തര സൂചനകളുണ്ട്. പലപ്പോഴും പിന്നീടവ മറന്നും പോകാം എന്നത് മുതിർന്നവർക്കുപോലും അനുഭവമല്ലേ ? അതൊന്ന് കുറിച്ചുവെക്കാൻ ഒരു തുണ്ട് കടലാസ് [ സ്ക്രിബിളിങ്ങ് പേജ് ] കുട്ടിയുടെ കയ്യിലില്ല. കുത്തിക്കുറിക്കാനൊരു കടലാസ് കുട്ടിക്ക് നൽകുന്നതിനെന്താ തടസ്സം. ചോദ്യപേപ്പറിൽ ഒന്നും കുറിച്ചുവെക്കാൻ പാടില്ലല്ലോ.

അങ്ങനെ പേപ്പർ കൊടുത്താൽ അത് കുട്ടി കോപ്പിയടിക്കാനും മറ്റും ദുരുപയോഗം ചെയ്യും എന്നാണ്` ഒരു വാദം. അത് നേരത്തെ പറഞ്ഞ ഇൻവിജിലേഷൻ സംസ്കാരത്തിന്റെ ഉല്പ്പന്നമായ ചിന്തയാണല്ലോ. ആ സ്ക്രിബിളിങ്ങ് പേജടക്കം തുന്നിക്കെട്ടിയ ഉത്തരക്കടലാസ് കെട്ട് കുട്ടിയുടെ പ്രവർത്തനരേഖയായി പരിഗണിക്കുകകൂടി ചെയ്യേണ്ടതാണ്`. പ്രോസസ്സ് പലതും അതിൽ കാണാം.

മാർച്ചിലെ ഭീതിദമായ ചൂടിൽ ഉച്ചക്ക് പരീക്ഷ എന്ന സങ്കല്പ്പം എത്രയോ പരാതി കേട്ടതാണ്`. പരീക്ഷാപേപ്പറിന്റെ സെക്യൂരിട്ടി സംബന്ധിച്ച സംഗതികൾ ഇതിനെ ന്യായീകരിക്കാൻ അധികൃതർ പറയുന്നു. പരീക്ഷ കുട്ടിക്കു വേണ്ടിയാണെന്നും ശിശു സൗഹൃദപരമാകണമെന്നും തീരുമാനിച്ചാൽ ബാക്കിയൊക്കെ ശരിയാക്കിയെടുക്കാവുന്നതേ ഉള്ളൂ. നമ്മുടെ അധികൃതർ പ്രശ്നപരിഹാരത്തിൽ അത്ര മോശക്കാരൊന്നും അല്ലല്ലോ.

പരീക്ഷക്കുശേഷം ?

ഇനി പരീക്ഷക്കുശേഷം എന്ത് ? വിജയവും തോൽവിയും സേയും ഒക്കെ ശരി. തോറ്റവരെ കുറിച്ച് ഒരു ചർച്ചയും ഇല്ല. പഠനത്തിന്റെ അവിഭാജ്യഘടകമായ പരീക്ഷ [ കെ.സി.എഫ് ] കുട്ടിയുടെ മികവ് , അഭിരുചി, ദിശാനിർണ്ണയം , പരിഹാരബോധനം, കഴിവുകൾ കണ്ടെത്തൽ തുടങ്ങിയ പ്രധാനപ്പെട്ട സംഗതികളിലൊന്നും ഒരു തുടർച്ചയും ഇല്ല. തോറ്റവർ എന്നെന്നേക്കുമായി തോറ്റു എന്ന കണക്കുമാത്രം. കുട്ടിയുടെ അവകാശമായ വിദ്യാഭ്യാസം വിജയിച്ചവരേക്കാൾ തോറ്റവരെ അല്ലെ പരിഗണിക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് ? വിജയികളെ അനുമോദിക്കുന്നതോടൊപ്പം തോറ്റവരെ ആശ്വസിപ്പിക്കയും അവരെ കൂടി വിജയികളാക്കാനുള്ള പ്രയത്നങ്ങളിൽ ഏർപ്പെടേണ്ടതും നമ്മുടെ ചുമതലയല്ലേ?


25 October 2013

Table Poem

കവിതയുടെ ഫോര്‍മാറ്റില്‍ ഒരുഅന്വേഷണ ശ്രമം.