10 December 2016

മലയാളം പരീക്ഷക്ക് - ഒരുക്കംമലയാളം [ 10 ] അർദ്ധവാർഷിക മൂല്യനിർണയം

[ അർദ്ധവാർഷിക പരീക്ഷക്ക് കേരളപാഠാവലിയിൽ യൂണിറ്റ് 3, 4, ലെ മുഴുവൻ പാഠങ്ങളും 5ലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന പാഠവും പഠിക്കണം
അടിസ്ഥാനപാഠാവലിയിൽ യൂണിറ്റ് 2 ലെ കോഴിയും കിഴവിയും എന്ന പാഠം മുതൽ യൂണിറ്റ് 3 ലെ അമ്മയുടെ എഴുത്തുകൾ എന്ന പാഠം വരെയും പഠിക്കാനുണ്ട്. ] [ സ്ക്രീൻ ഷോട്ടുകൾ മുഴുവൻ പാഠപുസ്തകത്തിൽ നിന്ന് ]

കേരളപാഠാവലിയിലേയും അടിസ്ഥാനപാഠാവലിയിലേയും പാഠങ്ങൾ യൂണിറ്റടിസ്ഥാനത്തിൽ ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന രീതിയിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. തൽക്കാലം പരീക്ഷക്കുള്ള കുറിപ്പാണെങ്കിലും തുടർന്ന് വരുന്ന വാർഷികപ്പരീക്ഷക്ക് പഠനം രസകരമാക്കാനുള്ള ഒരു രീതി എന്ന നിലയിലാണിത് ചെയ്യുന്നത്. പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. എല്ലാ വിജയവും ആശംസിക്കുന്നു ........ Read More 

28 November 2016

സ്വയം വിലയിരുത്തൽ - ഒരു മാതൃക

ഇനി പഠിച്ചതെന്തൊക്കെയെന്ന് നോക്കൂ …. 

പത്താംക്ലാസിലെ അടിസ്ഥാനപാഠാവലി യൂണിറ്റ് ഒന്ന് - ജീവിതം പടർത്തുന്ന വേരുകൾ 

ഓരോ യൂണിറ്റും പഠിച്ചു കഴിയുമ്പോൾ അതെത്രമാത്രം മനസ്സിലായി എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. താൻ പഠിപ്പിച്ചത് ഓരോ കുട്ടിക്കും എത്രത്തോളം മനസ്സിലായി എന്ന് നോക്കാനാനാണല്ലോ ടീച്ചർ യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നത്. അതുതന്നെ ക്ലാസിനെ പൊതുവായി കണ്ടുകൊണ്ടുമാത്രമേ ടീച്ചർ ചെയ്യുന്നുള്ളൂ. ഓരോ കുട്ടിയേയും മനസ്സിലാക്കാൻ അതു പോര. സ്വയം മനസ്സിലാക്കാൻ കുട്ടിതന്നെ പരീക്ഷ നടത്തണം. സ്വയം പരിശോധന. അങ്ങനെയൊരു സംവിധാനം നമ്മുടെ ക്ലാസുകളിൽ ഇപ്പോൾ ഇല്ല. അതു വേണം. മെല്ലെ മെല്ലെ അത് ശീലിക്കാൻ കഴിയും. കഴിയണം. 

ഒന്നാം യൂണിറ്റിൽ നാലുപാഠങ്ങളാണ്. യൂണിറ്റിന്റെ ആമുഖം പോലെ ഡി. വിനയചന്ദ്രന്റെ  ‘ വേരുകൾ ‘ എന്ന കഥ  , തകഴിയുടെ ‘രണ്ടിടങ്ങഴി' യിൽ നിന്ന് ഒരു ഭാഗം [ പ്ലാവിലക്കഞ്ഞി ] , യു. കെ കുമാരന്റെ ഒരു കഥ - ഓരോ വിളിയും കാത്ത് , റഫീക്ക് അഹമ്മദിന്റെ ‘ അമ്മത്തൊട്ടിൽ ‘ എന്ന പ്രസിദ്ധമായ കവിത . ഓരോന്നും ഒറ്റയായും കൂട്ടായും എത്രത്തോളം നമുക്ക് മനസ്സിലായിട്ടുണ്ടെന്ന് സ്വയം പരിശോധിക്കണം. 

പരിശോധനാ സൗകര്യത്തിനായി നമുക്ക് ഇത് 4 ഭാഗങ്ങളായി തിരിച്ച് മനസ്സിലാക്കാം . 1 സാഹിത്യാസ്വാദനം 2. ഭാഷാസൗന്ദര്യം  3. സാമൂഹ്യ സാംസ്കാരിക തലം 4. മറ്റു രചനകളുമായുള്ള ബന്ധം 

ഇത് രണ്ടുതരത്തിൽ ഇവിടെ അളക്കുന്നു. ഒന്ന് , വളരെ കുറച്ച്. രണ്ട് ആവശ്യത്തിന്ന് 
വളരെ കുറച്ച് എന്ന അളവ് : ചെറിയ ക്ലാസുമുതൽ ഈ സാഹിത്യരൂപങ്ങൾ നമ്മുടെ പാഠങ്ങളിൽ ഉണ്ടായിരുന്നു. ചെറിയകഥകളും കവിതകളും നോവൽഭാഗങ്ങളും ഉപന്യാസങ്ങളും യാത്രാവിവരണങ്ങളും ഒക്കെയായി. അവ അന്നു [ ഇപ്പൊഴെങ്കിലും ] തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന അറിവാണ്. 
ആവശ്യത്തിന്ന് :  എന്ന അളവ് ഇവ തിരിച്ചറിഞ്ഞിട്ടുണ്ട് , ഈ വിഭാഗങ്ങളിലെ ചിലതെല്ലാം വായിച്ചിട്ടുണ്ട് - പാഠപുസ്തകങ്ങളിൽനിന്നും അല്ലാതെ ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചിട്ടുണ്ട്…. വായിച്ച് ആസ്വദിച്ചിട്ടുണ്ട് , ചില രചനകളെകുറിച്ചുള്ള [ കഥ / കവിത …] ആസ്വാദനങ്ങൾ / നിരൂപണങ്ങൾ / വിലയിരുത്തലുകൾ …. വായിച്ചിട്ടുണ്ട് എന്ന അറിവാണ്. 

നമ്പ്ർ
വിഷയം 
വളരെ കുറച്ച് 
ആവശ്യത്തിന്ന് 
 
സാമൂഹ്യ സാംസ്കാരിക തലം - വിശദാംശങ്ങൾ 


1
സാഹിത്യരൂപങ്ങൾ - കഥ, നോവൽ, കവിത എന്നിവ ചിലത് മുൻപ് പരിചയപ്പെട്ടിട്ടുണ്ട്


2
എഴുത്തുകാരെ മുൻക്ലാസുകളിൽ പരിചയപ്പെട്ടിട്ടുണ്ട് 


3
മാതൃസ്നേഹം, കുടുംബബന്ധങ്ങൾ, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾ , പാഠങ്ങളിൽ പ്രതിപാദിക്കുന്നവ നേരത്തെ വായിച്ചും അനുഭവിച്ചും പരിചയമുള്ളതാണ് 


4
അമ്മയായ ഭൂമി - ഭൂമി നമ്മുടെയൊക്കെ അമ്മയാണ് - എന്ന സങ്കൽപ്പം നേരത്തെ ഉണ്ട് 


5
കോരനെപ്പോലുള്ള ആളുകളുടെ ജീവിതം നേരത്തെ മനസ്സിലാക്കീട്ടുണ്ട് 


6
കൂലിയായി നെല്ലും രൂപയും കൊടുത്തിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നുവെന്നും  അന്നു ദാരിദ്രമായിരുന്നു എത്ര അദ്ധ്വാനിച്ചാലും മിച്ചം എന്നും മനസ്സിലാക്കീട്ടുണ്ട് 


7
ജീവിതം എത്ര ദരിദ്രമായിരുന്നാലും അമ്മ, ഭാര്യ അഛൻ മക്കൾ എന്നിങ്ങനെ കുടുംബബന്ധം - സ്നേഹബന്ധം ദൃഢതരമായിരുന്നു എക്കാലത്തും 


8
അദ്ധ്വാനിക്കുന്നവരുടെ നിശ്ശബ്ദപ്രതിഷേധം എക്കാലത്തും ഉണ്ടായിരുന്നു 


9
പ്രാദേശികമായ ഭാഷാഭേദങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് 


10
ഒറ്റക്കായിപ്പോകുന്ന അമ്മമാരുടെ ജീവിതം മനസ്സിലാക്കീയിട്ടുണ്ട് 


11
മക്കളെ പഠിപ്പിച്ച് വലുതാക്കാൻ അമ്മമാർ പെടുന്ന പാടും വേദനയും മനസ്സിലാക്കീട്ടുണ്ട് 


 
സാഹിത്യാസ്വാദനം - വിശദാംശങ്ങൾ 


1
[വേരുകൾ ] നിത്യജീവിതത്തിലെ ചെറിയ ചെറിയ സംഗതികളുടെ ഉത്തരം വലിയ ജീവിതസത്യങ്ങളാകുന്നത് മനസ്സിലാക്കിയിട്ടുണ്ട് 


2
[ വേരുകൾ ] ചെറിയ ചെറിയ വാക്യങ്ങളിൽ വലിയ വലിയ ജീവിത സത്യങ്ങൾ എഴുതിവെക്കുമ്പോൾ അത് കഥയും കവിതയും ഒക്കെ ആവുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


3
[ വേരുകൾ ] മരങ്ങൾക്ക് മാത്രമല്ല വേരുകൾ - മനുഷ്യർക്കും ഉണ്ട്. വേര് - ഒരു വസ്തുവല്ല; ഒരു പ്രതീകമാണ്. പ്രതീകങ്ങൾ സൃഷ്ടിക്കലാണ് കവിതയിലും കഥയിലും സംഭവിക്കുന്നത് എന്നു മനസ്സിലാക്കിയിട്ടുണ്ട് 


4
[ പ്ലാവിലക്കഞ്ഞി ] മനുഷ്യജീവിതത്തെയാണ് കഥയിലും നോവലിലും എഴുത്തുകാരൻ ആവിഷ്ക്കരിക്കുന്നത്. നാം വായിക്കുന്നത് ജീവിതമാണ് എന്നറിയാം 


5
[ പ്ലാവിലക്കഞ്ഞ്] ചെറിയ വാക്യങ്ങൾ, ചെറിയ ഖണ്ഡികകൾ, സംഭാഷണങ്ങൾ എന്നിവയിലൂടെ വളരെ വേഗതയിൽ മനുഷ്യജീവിതം പകർത്തുകയാണ് എഴുത്തുകാരൻ എന്നു അറിയാം 


6
[പ്ലാവിലക്കഞ്ഞി] ദാരിദ്ര്യം , സ്നേഹം, പ്രതിഷേധം , നിസ്സഹായത, മോഹങ്ങൾ എന്നിവ ജീവിതസന്ദർഭങ്ങൾ വിവരിക്കുമ്പോൾ തെളിഞ്ഞുവരികയാണ് കഥയിലും നോവലിലും ഒക്കെ. ഉപന്യാസം പോലെ എഴുതിവെക്കുകയല്ല ചെയ്യുന്നത് എന്നറിയാം


7
[ ഓരോ വിളിയും കാത്ത് ] ജീവിത സന്ദർഭങ്ങളിൽ ചിലത് വിശദീകരിച്ച് എഴുതുമ്പോഴാണ് കഥയും കവിതയും ഒക്കെ ഉണ്ടാകുന്നത് എന്നറിയാം


8
[ ഓരോ വിളിയും കാത്ത് ] സ്നേഹബന്ധം മരണത്തിലും അവസാനിക്കുന്നില്ല എന്ന് നിരവധി സൂചനകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വൈകാരികമായ സന്ദർഭങ്ങൾ സൂചനകൾ, വാക്യപ്രയോഗങ്ങൾ തുടങ്ങിയവയിലൂടെ വെളിപ്പെടുത്തുകയാണ് എഴുത്തുകാർ ചെയ്യുക എന്ന് അറിയാം 


9
[വേരുകൾ ] വേരുകൾ - മരത്തിനു വേരുകളായും മനുഷ്യന്ന് സ്നേഹം, വാത്സല്യം , ദയ തുടങ്ങിയവയായും പ്രത്യക്ഷപ്പെടുമെന്ന് കഥകളും കവിതകളും വായിച്ചു ശീലിച്ചതിൽ നിന്ന് മനസ്സിലായിട്ടുണ്ട്


10
[ അമ്മത്തൊട്ടിൽ ] കവിതകൾ ഈണത്തിലും ഭാവം ഉൾക്കൊണ്ടും ചൊല്ലാൻ അറിയാം 


11
[ അമ്മത്തൊട്ടിൽ ] കവിതയുടെ അർഥം, ഭാവം, വൈകാരികത എന്നിവ വർദ്ധിപ്പിക്കാനും വിശദമാക്കാനും ഉചിതമായ പ്രയോഗങ്ങളും വരികളും ചിത്രീകരണങ്ങളും കവികൾ ചേർക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട് 


12
[ അമ്മത്തൊട്ടിൽ ] വരികളുടെ ആശയം, കവിതയുടെ ആസ്വാദനം എന്നിവ കുറിപ്പുകളായി എഴുതി ശീലിച്ചിട്ടുണ്ട് 


13
[ അമ്മത്തൊട്ടിൽ ] സമകാലിക സംഭവങ്ങളുമായി കവിതക്ക് എന്തൊക്കെയോ ബന്ധങ്ങളുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


 
ഭാഷാസൗന്ദര്യം - വിശദാംശങ്ങൾ 


1
ശീർഷകങ്ങളുടെ ഔചിത്യം മുൻ ക്ലാസുകളിൽ ചർചചെയ്തിട്ടുണ്ട് 


2
ഭാഷ - പ്രാദേശികഭാഷ രചനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


3
ശരിയായ ചില പ്രയോഗങ്ങൾ, സൂചനകൾ എന്നിവ രചനയുടെ സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


4
കവിതയുടെ ഈണം താളം എന്നിവ അതിലെ അക്ഷരങ്ങൾ, പദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ട് 


5
കവിതയിലെന്നപോലെ കഥയിലും നോവലിലും വാക്കും വരിയും താലമുള്ളതാണെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


6
ജീവിത  സന്ദർഭങ്ങളുടെ ചിത്രീകരണം വായനക്കും ആസ്വാദനത്തിനും വളരെ സഹായിക്കുമെന്ന് അറിയാം 


7
പദങ്ങൾ കൂട്ടിച്ചേർത്തും പിരിച്ചെഴുതിയും ഉള്ള ഭാഷ വായനക്കും ആസ്വാദനത്തിനും ഗുണം ചെയ്യുമെന്ന് മനസ്സിലാക്കിയിട്ടുണ്ട് 


 
മറ്റു രചനകളുമായുള്ള ബന്ധം 


1
പാഠങ്ങളിലെ പ്രമേയങ്ങൾ മുൻ പാഠങ്ങളിൽ പലതിലും വന്നിട്ടുള്ളതാണ് എന്നി തിരിച്ചറിയുന്നുണ്ട് 


2
വായിച്ച പലകൃതികളിലും , കവിതകളിലും, പാട്ടുകളിലും , കഥകളിലും , സിനിമകളിലും വിഷയങ്ങൾ കണ്ടത് ഒർമ്മയിലുണ്ട് 


3
പത്ര, ടി വി വാർത്തകളിൽ വിഷയങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട് 


4
ഞാൻ ഇടക്കെഴുതിയ എഴുതിയ കഥ / കവിത എന്നിവ വിഷയങ്ങളാണല്ലോ പ്രതിപാദിക്കുന്നത് 

കുട്ടികൾക്ക് സ്വയം ചെയ്യാവുന്ന ഒരു അഭ്യാസമാണിത്. സത്യസന്ധമായി ചെയ്യണമെന്നേ ഉള്ളൂ. അദ്ധ്യാപകരുടേയോ മാതാപിതാക്കളുടേയോ ഒപ്പമിരുന്നാണെങ്കിൽ വളരെ നന്നായി. ഇനിയും എന്തെല്ലാം വേണമെന്നും അതെങ്ങനെ സാധിക്കാമെന്നും ആലോചിച്ച് നടപ്പാക്കണം എല്ലായ്പ്പോഴും. 

വളരെ കുറച്ച് : എന്ന കോളത്തിലാണ് ടിക്ക് മാർക്ക് എങ്കിൽ നിർബന്ധമായും ചില അധികവായനകൾ വേണ്ടതാണെന്ന് മനസ്സിലാക്കണം. ആവശ്യത്തിനുള്ള കാര്യങ്ങൾ ആയിട്ടില്ല. അപ്പോൾ നല്ല റിസൾട്ട് ഉണ്ടാവാൻ സാധ്യതയില്ല. കുറേ കൂടി ശ്രമം ആവശ്യമാണ്. എന്തിനാണ് ശ്രമിക്കേണ്ടത്, എത്രത്തോളം ശ്രമിക്കണം എന്നതിന്റെ സൂചനകൾ ഇടതുഭാഗത്തെ കോളത്തിൽ നിന്ന് മനസ്സിലാക്കാം. 

മലയാളം ഒരു യൂണിറ്റ് മാതൃകയായി തരുന്നതാണ്. ഇതിനിയും ഒന്നുകൂടി മെച്ചപ്പെടുത്താവുന്നതാണ്. എല്ലാ വിഷയങ്ങൾക്കും ഇതുപോലെ ചിലത് ഉണ്ടാവണം.  കൂട്ടുകാരോടൊത്ത് സ്വയം ചിലത് ഉണ്ടാക്കാൻ നോക്കണം. നമ്മളെ നാം സ്വയം മനസ്സിലാക്കുമ്പോഴേ നല്ല പഠനവും നല്ല വിജയവും ഉറപ്പാക്കാനാവൂ. 


 സ്വയം വിലയിരുത്തലിന്ന് ഒരു മാതൃക ഉണ്ടാക്കൻ ശ്രമിക്കുകയാണ് ഞാൻ. അതുകൊണ്ട്  മടിക്കാതെ അഭിപ്രായങ്ങൾ അറിയിക്കൂ : sujanika@gmail.com