30 July 2013

കാര്‍ഷികം - തനിമലയാളം -3


ഇതൊക്കെ പഴയകഥകള്‍ . 35-40 വര്‍ഷം മുന്പുവരെ നിലനിന്ന കേരളീയ ജീവിതം. 2കോടിയോളം മലയാളികള്‍ ഉണ്ടായിരുന്നു കാലം. ഇതില്‍ 90 ശതമാനം പേരും കൃഷിയുമായി - അതും നെല്‍കൃഷിയുമായി - ബന്ധപ്പെട്ട ജീവിതം ഏറ്റവും സുഖദമെന്ന് കരുതിയ കാലം. എല്ലാവരുടേയും പ്രധാനപണി കൃഷിയായിരുന്നുവെന്നല്ല. മിലിട്ടറിക്കാര്‍, അദ്ധ്യാപകര്‍, ക്ളാര്‍ക്കുമാര്‍, ഡോക്ടര്‍മാര്‍.... പലതുമായിരുന്നു പ്രധാനപണി. പക്ഷെ, ഇവരൊക്കെയും ഒഴിവുവേളകളൊക്കെയും കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തിയിരുന്നു. കൃഷിചെയ്യല്‍, നേരിട്ട് പാടത്ത് പണിയെടുക്കല്‍, കൊയ്ത്ത്, മെതി, വെള്ളം തേവല്‍, കണ്ടം നിരത്ത്, പോത്തുപൂട്ടല്‍ , കാള പോത്ത് വളര്‍ത്തല്‍, വിത്തും വളവും ഒരുക്കല്‍, കയ്ക്കറികൃഷി... അങ്ങനെ ഏതെങ്കിലും കാര്‍ഷികവൃത്തിയില്‍ മുഴുകിയിരുന്ന കാലം.....ദിനചര്യകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ , വാങ്ങലുകള്‍ - വില്‍പ്പനകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാം തന്നെ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനത്തിലായിരുന്ന അന്ത കാലം. ഇന്നതിന്റെ നേരിയ അവശേഷിപ്പുകള്‍ പോലും - ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാവുന്ന രീതിയില്‍ - അവശേഷിക്കുന്നില്ല എന്ന പുതുകാലം.


നമ്പ്ര്
മേഖല
വിശദാംശം
1
ദിനചര്യ
രാവിലെ നേര്‍ത്തെ/ വൈകി എണിക്കല്‍ , കുളി, ഭക്ഷണം , വസ്ത്രധാരണം, പ്രാതല്‍, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, കിടപ്പ്, .....
2
ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ - വിരുന്നുകള്‍
പണം / നെല്ല് കടം കൊടുക്കല്‍, കടം വാങ്ങല്‍ / നിറ പുത്തരി, ചാലിടല്‍, ചെറുകുന്നിലമ്മക്ക് നിവേദ്യം... കൊയ്ത്തിനും നടീലിനും നിരത്തലിനും വിരുന്നുകള്‍ -സദ്യ / കൊയ്ത്തു കഴിഞ്ഞ് വിരുന്ന് / വിവാഹ കാലം / ….........
3
ആഘോഷങ്ങള്‍
പൂരങ്ങള്‍ വേലകള്‍ / കൊയ്ത്തുമേളകള്‍ / ചവിട്ടുകളി / കൊയ്ത്തുപാട്ട്/ കാളപൂട്ട് / …....................
4
വാങ്ങലുകള്‍ - വില്‍പ്പനകള്‍
വസ്ത്രം, പലചരക്ക്, സ്വര്‍ണ്ണം, മരസ്സമാനങ്ങള്‍ , കിടക്ക – പുതപ്പ് വിരിപ്പ് വാങ്ങലുകള്‍ …..............
നെല്ല്/ വൈക്കോല്‍ / സ്ഥലം / വിത്ത് / കന്നുകാലികള്‍ …...............
5
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍
ഭൂമി / പാട്ടം പണയം / കടം വീട്ടല്‍ -വാങ്ങല്‍ / സാധനങ്ങള്‍ക്കുപകരം സാധനങ്ങള്‍ / ….............
6
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വീടുപണി/ പുരമേച്ചില്‍ / വേലി കെട്ടല്‍ / പണിയായുധങ്ങള്‍/ ആഭരണങ്ങള്‍ ഉണ്ടാക്കല്‍ / വട്ടികൊട്ട കുട... …................
7
നാമരൂപങ്ങള്‍ / പദാവലി
പണിയായുധങ്ങള്‍ / വിത്ത് വളം / കൃഷിപ്പണിയുമായി ബന്ധപ്പെട്ട ക്രിയാപദങ്ങള്‍ …..................
8
കൃഷി - ശുശ്രൂഷ / പരിചരണം
ചാഴിക്കേട് / പുഴുക്കേട്/ വിത്ത് / നെല്ല് /അരി/ കന്നുകാലികള്‍ ചികില്സ / വ്യക്തി ചികില്സ …...............
9
ചൊല്ലുകള്‍ / ശൈലികള്‍ / പാട്ടുകള്‍ / കളികള്‍
കൃഷിയുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങള്‍ എന്ന നിലയില്‍ നൂറുകണക്കിനാണിതെല്ലാം.
കാര്‍ഷികം  തുടരും  .......

22 July 2013

കാര്‍ഷികം - തനിമലയാളം 2




അദ്ധ്യാപകരും സുഹൃത്തുക്കളും നന്നായി സ്വീകരിച്ച ഒന്നാം കുറിപ്പ് തുടര്‍ച്ചവേണ്ട ചില സംശയങ്ങള്‍ ചോദിച്ചിരുന്നു. അതു വിവരിക്കുന്നതിനു മുന്പ് ചില വസ്തുതകള്‍ മുന്നോട്ടുവെക്കട്ടെ.

  1. ക്ളാസ്റൂം സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്ന ഇതെല്ലാം നിലവില്‍ കുട്ടി സ്ഥിതിചെയ്യുന്ന സാംസ്കാരിക സാഹചര്യവും പാഠപുസ്തകങ്ങളിലെ സാംസ്കാരിക സാഹചര്യവും തമ്മിലുള്ള വിടവ് പ്രതിഫലിപ്പിക്കുന്നതാണ്`. ഈ വിടവ് മിക്കപ്പോഴും അദ്ധ്യാപകനുമുണ്ട്
  2. ഈ പദാവലികള്‍ മലയാളസാഹിത്യത്തില്‍ നിറയെ കാണാം. അതുകൊണ്ടുതന്നെ വിശദാംശങ്ങള്‍ കുട്ടിക്കും അദ്ധ്യാപകനും ആവശ്യമാണ്`.
  3. പഴമക്കാര്‍ പറഞ്ഞുതന്നതും മലയാള പഞ്ചാംഗങ്ങളില്‍ നിന്നു ലഭിച്ചവയുമാണ്` ഈ സംഗതികളൊക്കെയും. ഞാനത് ലളിതമാക്കി അവതരിപ്പികാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളൂ
  4. 'കൃഷിഗീത ' എന്ന കൃതിയെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. വായിക്കാന്‍ കിട്ടിയിട്ടില്ല എനിക്ക്
  5. പഴമകള്‍ വീണ്ടും കണ്ടെത്തി ശേഖരിച്ച് വെക്കേണ്ടത് ഒരാവശ്യമാണെന്ന തോന്നല്‍ വ്യക്തിപരമായി മെല്ലെ മെല്ലെ വര്‍ദ്ധിക്കുകയാണ് . കൂട്ടായ യത്നം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ട്.
  6. വള്ളുവനാടന്‍ സംസ്കൃതിയില്‍ നിന്നുള്ള സംഗതികളാണ്` ബഹുഭൂരിപക്ഷവും ഇവിടെ ചേര്‍ക്കുന്നത്. കേരളം വള്ളുവനാട് മാത്രമല്ല എന്ന വലിയ ബോദ്ധ്യം തീര്‍ച്ചയായും ഉണ്ട് / ഉണ്ടാവണം


പിന്‍നിലാവ്
പിന്നിലാവില്‍ [പിന്നിലാവ് കാലത്ത്] മരം, മുള എന്നിവ പണിത്തരങ്ങള്‍ക്ക് മുറിക്കാന്‍ നന്നല്ല. പെട്ടെന്ന് ഉറക്കുത്തും. കാതല്‍ ദുര്‍ബലമാവും ഇക്കാലത്ത്. ഇതിലെ ശാസ്ത്രീയത എന്തെന്ന് മറ്റൊരുകാര്യം.
പൗര്‍ണ്ണമി കഴിഞ്ഞാല്‍ പിറ്റേന്ന് [ പ്രതിപദം / പ്രഥമ ]

11 July 2013

കാര്‍ഷികം - തനി മലയാളം


ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്`. കേരളം ഫലഭൂയിഷ്ഠമായ നെല്‍പ്പാടങ്ങളാല്‍ അനുഗൃഹീതമാണ്`. പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്`..... ഇങ്ങനെ കുറേ മിത്തുകള്‍ നമ്മുടെ കുട്ടികള്‍ക്കറിയാം. എന്നാല്‍ കേരളത്തിലെ കുട്ടിക്കെങ്കിലും ഈ കാര്‍ഷിക സംസ്കൃതി ഏട്ടിലെ പശുവാണ്`.

അതങ്ങനെയാവുന്നത് വികസനമാണെന്നും നല്ലതാണെന്നും ഒക്കെ പറഞ്ഞു സമര്‍ഥിക്കാറുണ്ട്. പക്ഷെ, പ്രശ്നം അതല്ല... പാഠപുസ്തകങ്ങള്‍ / പാഠങ്ങള്‍ ഈ കാര്‍ഷിക സംസ്കൃതിയില്‍ ഊന്നിയുള്ളതാണ്` എന്നാണ്`. കഥ/ കവിത/ ഉപന്യാസം / പഠനപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുട്ടി നിരന്തരം ഇടപെടുന്ന പലതും കാര്‍ഷിക ബന്ധം ഉള്ളവയാണ്`. ഇതു കുട്ടിക്കും അദ്ധ്യാപകനും നല്ല ക്ളാസുകള്‍ നിര്‍മ്മിക്കുന്നതില്‍ തടസ്സം ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കുറേകൂടി വിശദാംശങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുണ്ട്. അതിനായുള്ള ഒരു തുടക്കം മാത്രമായി ഇതു പരിഗണിക്കുമല്ലോ .....

കാര്‍ഷിക ബന്ധ പദാവലികളില്‍ പലതും കുട്ടിക്ക് അന്യമാവുകയാണ്`. സാമ്പ്രദായിക കൃഷി ഇല്ലാതാവുന്നതോടെ ആ പദങ്ങളും സംസ്കൃതിയും ഇല്ലാതാവുകയാണ്`. ഗാര്‍ഹികമായ നിത്യശീലങ്ങളും ഇതിന്നു കാരണമാവുന്നു. എല്ലാം കൂടി കുട്ടിയും മാഷും പാഠങ്ങള്‍ക്കു പുറത്തേക്ക് എടുത്തെറിയപ്പെടുന്നു .

കൃഷി പൂര്‍ണ്ണമായും മലയാളം കലണ്ടറുമായി ഇഴ ചേര്‍ന്നു കിടക്കുന്നു. കലണ്ടര്‍ എന്നാല്‍ മലയാള മാസം, നാള്‍, തിതീ , ഞാറ്റുവേല.... എന്നിവയുമായി ബന്ധപ്പെട്ടതാണ്`. ഇതൊക്കെ നമ്മുടെ കുട്ടികള്‍ക്ക്