11 July 2013

കാര്‍ഷികം - തനി മലയാളം


ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്`. കേരളം ഫലഭൂയിഷ്ഠമായ നെല്‍പ്പാടങ്ങളാല്‍ അനുഗൃഹീതമാണ്`. പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്`..... ഇങ്ങനെ കുറേ മിത്തുകള്‍ നമ്മുടെ കുട്ടികള്‍ക്കറിയാം. എന്നാല്‍ കേരളത്തിലെ കുട്ടിക്കെങ്കിലും ഈ കാര്‍ഷിക സംസ്കൃതി ഏട്ടിലെ പശുവാണ്`.

അതങ്ങനെയാവുന്നത് വികസനമാണെന്നും നല്ലതാണെന്നും ഒക്കെ പറഞ്ഞു സമര്‍ഥിക്കാറുണ്ട്. പക്ഷെ, പ്രശ്നം അതല്ല... പാഠപുസ്തകങ്ങള്‍ / പാഠങ്ങള്‍ ഈ കാര്‍ഷിക സംസ്കൃതിയില്‍ ഊന്നിയുള്ളതാണ്` എന്നാണ്`. കഥ/ കവിത/ ഉപന്യാസം / പഠനപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുട്ടി നിരന്തരം ഇടപെടുന്ന പലതും കാര്‍ഷിക ബന്ധം ഉള്ളവയാണ്`. ഇതു കുട്ടിക്കും അദ്ധ്യാപകനും നല്ല ക്ളാസുകള്‍ നിര്‍മ്മിക്കുന്നതില്‍ തടസ്സം ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കുറേകൂടി വിശദാംശങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുണ്ട്. അതിനായുള്ള ഒരു തുടക്കം മാത്രമായി ഇതു പരിഗണിക്കുമല്ലോ .....

കാര്‍ഷിക ബന്ധ പദാവലികളില്‍ പലതും കുട്ടിക്ക് അന്യമാവുകയാണ്`. സാമ്പ്രദായിക കൃഷി ഇല്ലാതാവുന്നതോടെ ആ പദങ്ങളും സംസ്കൃതിയും ഇല്ലാതാവുകയാണ്`. ഗാര്‍ഹികമായ നിത്യശീലങ്ങളും ഇതിന്നു കാരണമാവുന്നു. എല്ലാം കൂടി കുട്ടിയും മാഷും പാഠങ്ങള്‍ക്കു പുറത്തേക്ക് എടുത്തെറിയപ്പെടുന്നു .

കൃഷി പൂര്‍ണ്ണമായും മലയാളം കലണ്ടറുമായി ഇഴ ചേര്‍ന്നു കിടക്കുന്നു. കലണ്ടര്‍ എന്നാല്‍ മലയാള മാസം, നാള്‍, തിതീ , ഞാറ്റുവേല.... എന്നിവയുമായി ബന്ധപ്പെട്ടതാണ്`. ഇതൊക്കെ നമ്മുടെ കുട്ടികള്‍ക്ക്
ഇന്ന് അന്യവുമാണ്`.

12 മാസങ്ങള്‍ : മേടം / എടവം / മിഥുനം /കര്‍ക്കിടകം / ചിങ്ങം / കന്നി / തുലാം / വൃശ്ചികം / ധനു / മകരം / കുംഭം / മീനം

കാര്‍ഷിക വൃത്തിയുടെ ആരംഭം മേടമാസമായതിനാല്‍ [ വള്ളുവനാട് പ്രദേശത്തേങ്കിലും ] ആദ്യ മാസമായി കണക്കാക്കുന്നത് മേടം തന്നെ.


27 നാളുകള്‍
അശ്വതി / ഭരണി / കാര്‍ത്തിക / രോഹിണി
മകീരം / തിരുവാതിര / പുണര്‍തം / പൂയം
ആയില്യം / മകം / പൂരം /ഉത്രം /
അത്തം / ചിത്ര / ചോതി /
വിശാഖം / അനിഴം / തൃക്കേട്ട / മൂലം /
പൂരാടം / ഉത്രാടം / തിരുവോണം / അവിട്ടം /
ചതയം / പൂരോരുട്ടാതി / ഉത്രട്ടാതി /
രേവതി


15 തിഥി [പക്കം എന്നും പറയും ]
പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ഥി, പഞ്ചമി
ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി
ഏകാദശി, ദ്വാദശി , ത്രയോദശി , ചതുര്‍ദ്ദശി , പഞ്ചദശി
പഞ്ചദശി തിഥിയില്‍ വാവ് ഉണ്ടാവും. അതു കറുത്തവാവ് [അമാവാസി] / വെളുത്തവാവ് [പൗര്‍ണ്ണമി ] എന്നിങ്ങനെയാണ്`. കാര്‍ഷിക കലണ്ടറില്‍ വാവിന്ന് പ്രാധാന്യമുണ്ട്.

പക്ഷം
രണ്ടു പക്ഷങ്ങളാണ്`ഒരു മാസത്തില്‍. കറുത്തപക്ഷവും [കൃഷ്ണപക്ഷം ]വെളുത്ത പക്ഷവും [ശുക്ളപക്ഷം ]

കറുത്തവാവ് കഴിഞ്ഞ് 15 ദിവസം വെളുത്ത പക്ഷവും [ 15 -ംപക്കം വെളുത്തവാവ് ]
വെളുത്തവാവ് കഴിഞ്ഞ് 15 ദിവസം കറുത്ത പക്ഷവും. [15-ം പക്കം കറുത്ത വാവ് ]

നിലാവിന്റെ കണക്ക്
നിലാവിന്റെ കണക്ക് പ്രധാനമാണ്`. നിലാവിന്ന് ശക്തിയുള്ള കാല്വും ദുര്‍ബലമായ കാലവും ഉണ്ട്. വിളവുകള്‍ , ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ മരം മുറിക്കല്‍ എന്നിവ നിലാശക്തിയുള്ള കാലത്തേ അനുവദിക്കൂ. കറുത്ത വാവ് കഴിഞ്ഞാല്‍ പിറ്റേന്ന് ചന്ദ്രോദയം ഇങ്ങനെയാണ്`.

നമ്പ്ര്
തിഥി
കറുത്ത പക്ഷം കഴിഞ്ഞ്
ചന്ദ്രിക
തിഥി
വെളുത്തപക്ഷം കഴിഞ്ഞ് ചന്ദ്രിക
1
പ്രഥമ
സന്ധ്യക്ക് 2 നാഴിക നിലാവ് ഉണ്ടാകും
പ്രഥമ
28 നാഴിക നിലാവ് ഉണ്ടാകും . ആദ്യം  സന്ധ്യക്ക് 2 നാഴിക  ഇരുട്ട്പിന്നെ നിലാവ് 
2
ദ്വിതീയ
4 നാഴിക നിലാവ് ഉണ്ടാകും
ദ്വിതീയ
26 നാഴിക നിലാവ് ഉണ്ടാകും
3
ത്രിതീയ
6 നാഴിക നിലാവ് ഉണ്ടാകും
ത്രിതീയ
24 നാഴിക നിലാവ് ഉണ്ടാകും
4
ചതുര്‍ഥി
8 നാഴിക നിലാവ് ഉണ്ടാകും
ചതുര്‍ഥി
22 നാഴിക നിലാവ് ഉണ്ടാകും
5
പഞ്ചമി
10 നാഴിക നിലാവ് ഉണ്ടാകും
പഞ്ചമി
20 നാഴിക നിലാവ് ഉണ്ടാകും
6
ഷഷ്ഠി
12 നാഴിക നിലാവ് ഉണ്ടാകും
ഷഷ്ഠി
18 നാഴിക നിലാവ് ഉണ്ടാകും
7
സപ്തമി
14 നാഴിക നിലാവ് ഉണ്ടാകും
സപ്തമി
16 നാഴിക നിലാവ് ഉണ്ടാകും
8
അഷ്ടമി
16 നാഴിക നിലാവ് ഉണ്ടാകും
അഷ്ടമി
14 നാഴിക നിലാവ് ഉണ്ടാകും
9
നവമി
18 നാഴിക നിലാവ് ഉണ്ടാകും
നവമി
12 നാഴിക നിലാവ് ഉണ്ടാകും
10
ദശമി
20 നാഴിക നിലാവ് ഉണ്ടാകും
ദശമി
10 നാഴിക നിലാവ് ഉണ്ടാകും
11
ഏകാദശി
22 നാഴിക നിലാവ് ഉണ്ടാകും
ഏകാദശി
8 നാഴിക നിലാവ് ഉണ്ടാകും
12
ദ്വാദശി
24 നാഴിക നിലാവ് ഉണ്ടാകും
ദ്വാദശി
6 നാഴിക നിലാവ് ഉണ്ടാകും
13
ത്രയോദശി
26 നാഴിക നിലാവ് ഉണ്ടാകും
ത്രയോദശി
4 നാഴിക നിലാവ് ഉണ്ടാകും
14
ചതുര്‍ദ്ദശി
28 നാഴിക നിലാവ് ഉണ്ടാകും
ചതുര്‍ദ്ദശി
2 നാഴിക നിലാവ് ഉണ്ടാകും
15
പഞ്ചദശി
30 നാഴിക നിലാവ് ഉണ്ടാകും [ പൗര്‍ണ്ണമി ]
പഞ്ചദശി
0 നാഴിക നിലാവ് ഉണ്ടാകും [ അമാവാസി ]





കാലഗണന നാഴിക , വിനാഴിക കണക്കിലാണ്`. ആധുനികമായ മണിക്കൂര്‍ മിനുട്ട് സങ്കല്പ്പം അല്ല.
ഒരു വിനാഴിക = 24 സെക്കണ്ടിനു തുല്യം
ഒരു നാഴിക = 60 വിനാഴിക
ഒരു ദിവസം [ പകലും രാതിയും ചേര്‍ന്നത് ] = 60 നാഴിക
ഒരു മണിക്കൂര്‍ = 2.5 നാഴിക [ഏകദേശം ]

ഞാറ്റുവേല

ഞായര്‍ സൂര്യനാണ്`. രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്.27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും. പഴയകാല കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഇത് വളരെ ഉപയോഗിച്ചിരുന്നു

നമ്പ്ര്
മാസം
ഞാറ്റുവേലകള്‍
1
മേടം
വിഷുക്കഴിഞ്ഞാല്‍ ഇടയ്ക്ക് മഴ ഉണ്ടാവും അശ്വതി ഭരണി കാര്‍ത്തിക കാല്‍ ഭാഗം
2
എടവം
എടവം 15 മുതല്‍ എടവപ്പാതി വര്‍ഷം ആരംഭിക്കും കാര്‍ത്തിക മുക്കാല്‍ ഭാഗം രോഹിണി മകീരത്തില്‍ അരഭാഗം
3
മിഥുനം
മകീരത്തിന്റെ പകുതി തിരുവാതിര പുണര്‍തം മുക്കാല്‍ ഭാഗം
4
കര്‍ക്കിടകം
പുണര്‍തം കാല്‍ ഭാഗം പൂയം ആയില്യം
5
ചിങ്ങം
ആയില്യം മകം പൂരത്തിന്റെ കാല്‍ ഭാഗം
6
കന്നി
പൂരത്തിന്റെ മുക്കാല്‍ ഭാഗം ഉത്രം ചിത്രയുടെ പകുതി
7
തുലാം
ചിത്രയുടെ പകുതി ചോതി വിശാഖത്തിന്റെ മുക്കാല്‍ ഭാഗം തുലാം 10 കഴിഞ്ഞാല്‍ പിന്നെ മഴ തീരെ കുറയും.
8
വൃശ്ചികം
വിശാഖത്തിന്റെ കാല്‍ ഭാഗം അനിഴം തൃക്കേട്ട
9
ധനു
മൂലം പൂരാടം ഉത്രാടത്തിന്റെ കാല്‍ ഭാഗം
10
മകരം
ഉത്രാടത്തിന്റെ മുക്കാല്‍ ഭാഗം തിരുവോണം അവിറ്റത്തിന്റെ പകുതി
11
കുംഭം
അവിട്ടത്തിന്റെ പകുതി ചതയം പൂരോരുട്ടാതിയുടെ മുക്കാല്‍ ഭാഗം കുംഭത്തില്‍ മഴപെയ്യാറുണ്ട്. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിളവ് എന്നാ ചൊല്ല്
12
മീനം
പൂരോരുട്ടാതിയുടെ കാല്‍ ഭാഗം ഉത്രട്ടാതി രേവതി



[ചിത്രം : കടപ്പാട് വിക്കിപീഡിയ ]

നമ്പ്ര്
ഞാറ്റുവേല
സവിശേഷത / കാര്‍ഷികബന്ധമുള്ളത്
1
അശ്വതി
ആദ്യമഴ വിഷുക്കഴിഞ്ഞാല്‍ പ്രതീക്ഷിക്കാം
2
ഭരണി
ഭരണിയില്‍ വിത്തിട്ടാല്‍ പാഴാവില്ല. ഭരണിയില്‍ നല്ല രണ്ടു മഴ കിട്ടിയാല്‍ അക്കൊല്ലം നല്ല വിളവ് ഉറപ്പ്
3
കാര്‍ത്തിക
കാര്‍ത്തിക കാച്ചില്‍... നല്ല വെയില്‍ ഉണ്ടാവും ഇടയ്ക്ക് മഴയും
4
രോഹിണി
രോഹിണിപ്പട്ട് … നല്ല വെയിലില്‍ വിളകള്‍ക്ക് പുതുമ കിട്ടും. തീരെ മഴയില്ലെങ്കില്‍ കരിഞ്ഞുപോകുകയും ആവാം
5
മകീരം
മതിമറന്നു മഴപെയ്യും
6
തിരുവാതിര
തിരിമുറിയാതെ മഴ പെയ്യും /101മഴ 101 വെയില്‍
7
പുണര്‍തം
പുഴയില്‍ തോണിപോലും ഇറങ്ങില്ല . അത്രക്ക് വെള്ളം ഉണ്ടാവും
8
പൂയം

9
ആയില്യം
ആയില്യക്കള്ളന്‍ അകത്തോ പുറത്തോന്ന് അറിയില്ല. ചിലപ്പോ മഴ അല്ലെങ്കില്‍ വെയില്‍
10
മകം

11
പൂരം

12
ഉത്രം

13
അത്തം

14
ചിത്ര

15
ചോതി
ചോതികഴിഞ്ഞാല്‍ ചോദ്യല്യ... പിന്നെ മഴ ഇല്ല.
16
വിശാഖം
വേനല്‍ തുടങ്ങും
17
അനിഴം

18
തൃക്കേട്ട

19
മൂലം

20
പൂരാടം

21
ഉത്രാടം

22
തിരുവോണം

23
അവിട്ടം

24
ചതയം

25
പൂരോരുട്ടാതി

26
ഉത്രട്ടാതി

27
രേവതി


ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന് തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്‌. ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ്‌ ഏറ്റവും ഉത്തമം. നെൽ കൃഷിക്കും ഇത്തരത്തിൽ ഞാറ്റുവേല സമയങ്ങൾ കൃഷിഗീതയിൽ പ്രസ്താവിച്ചു കാണുന്നു. പഴയ കര്‍ഷകന്റെ വഴികാട്ടിയായിരുന്നു കൃഷിഗീത എന്ന ഗ്രന്‍ഥം .


പഴയ വിത്തുകള്‍ പലതും ഇന്നില്ല. എന്നാല്‍ നമ്മുടെ കവിതകളിലും കഥകളിലും ഇവ നിറയെ ഉണ്ടുതാനും.

വിത്തുകള്‍ [യു.പി.ക്ളാസുകളില്‍ ഈ ചര്‍ച്ച ഉണ്ട് ]
ആര്യന്‍, വെള്ളക്കഴമ, ചെങ്കഴമ, ചീര, ചേറ്റാടി, തവളക്കണ്ണന്‍, നവര, തെക്കന്‍ ചീര, ചെറുചീര, പറമ്പോത്തന്‍, വെട്ടുകാരി , ചിറ്റ്യേനി....

കാര്‍ഷിക പദാവലി [ വള്ളുവനാട് പ്രാദേശികം ]

നമ്പ്ര്
പദാവലി
വിശദീകരണം
1
കന്നിക്കൊയ്ത്ത്
കന്നിമാസത്തിലെ കൊയ്ത്ത്. എടവം ആദ്യം വിത്ത് പാകി ഞാറു മൂപ്പായല്‍ മിഥുനത്തില്‍ പറിച്ചു നടും . കന്നി ആദ്യം കൊയ്ത്ത്. ഒരു വര്‍ഷത്തെ ആദ്യ വിളവ്
2
മകരക്കൊയ്ത്ത്
മകരം ആദ്യം കൊയ്ത്ത്. ചിങ്ങം അവസാനം വിത്ത് പാകി ഞാറുപാകമാക്കി തുലാമാസത്തില്‍ പറിച്ചു നട്ട് മകരം പകുതിക്ക് കൊയ്ത്ത്. വര്‍ഷത്തിലെ രണ്ടാം വിളവ്. രണ്ടു വിളവും ഒരേ സ്ഥലത്ത്./ ഒരേ കണ്ടത്തില്‍.
3
പുഞ്ച 1
വള്ളുവനാടന്‍ പ്രദേശത്ത് മഴയില്ലാത്ത കാലത്ത് പാടത്തെ വിളയെടുപ്പ്. വെള്ളം തേവി നനച്ചുള്ള കൃഷി. വേനല്‍ക്കാലത്ത് കൊയ്ത്ത്. മൂപ്പുകുറഞ്ഞ വിത്തുപയോഗിക്കും. ധനു മാസത്തില്‍ വിത്ത് വിതയ്ക്കും . കുംഭം മീനം മാസത്തില്‍ കൊയ്യും.
4
പുഞ്ച 2
തെക്കന്‍ കേരളത്തിലെ സാധാരണ കൃഷിക്ക് പൊതുവായുള്ള പേര്`.
5
മോടന്‍ / കട്ടമോടന്‍
പറമ്പു നെല്‍കൃഷി . ആദ്യമഴക്ക് നന്നായി പൂട്ടി ശരിയാക്കിയ പറമ്പില്‍ ചെയ്യുന്ന വിള.
6
പറമ്പ്
വെള്ളം വാര്‍ച്ചയുള്ള നിലം. മോടന്‍ കൃഷിക്ക് പറ്റും.
7
പള്ളിയാല്‍
വെള്ളം വാര്‍ച്ചയുണ്ടെങ്കിലും നനവുള്ള നിലം. പാടത്തിനും പറമ്പിനും ഇടയ്ക്കുള്ള പ്രദേശം
8
കണ്ടം
പാടത്ത് ഒരു കഷണം സ്ഥലം. ചുറ്റും വരമ്പ് വെച്ച് തിരിച്ചിരിക്കും. ഒരുപാട് കണ്ടങ്ങളുടെ സമാഹാരമാണ്` പാടം
9
ഇടമാറി / എടമാറി
വലിയ രണ്ടു കണ്ടങ്ങള്‍ക്കിടക്ക് കിടക്കുന്ന ചെറിയ കണ്ടം.
10
പുഞ്ചപ്പാടം /പൂന്തപ്പാടം
പുഞ്ചക്കൃഷി നടത്തുന്ന നിലം. പുഞ്ച , മുണ്ടകന്‍, വിരിപ്പ് എന്നിങ്ങനെ മൂന്നു കൃഷിയും പറ്റും. വെള്ളം കെട്ടിക്കിടക്കുന്ന നിലം.
11
കരിനിലം
പാടം
12
തോലും വളവും
പാടത്തേക്ക് ആവശ്യമായ പച്ചിലവളവും കാലിവളവും
13
പുത്തരി
കന്നിയിലെ കൊയ്ത്തിനു മുന്പ് പുതിയ അരി പായസം വെച്ച് ദൈവത്തിന്ന് നിവേദിച്ച് കുടുംബത്തില്‍ എല്ലാരും കൂടി കഴിക്കും. കൊയ്ത്തിനു മുന്പാണ്` ഈ ചടങ്ങ്. ചിങ്ങത്തില്‍ നല്ല ദിവസം നോക്കി പുത്തരി വെക്കും
14
നിറ
പുത്തരിയോടൊപ്പമുള്ള ചടങ്ങ്. ആദ്യ വിളവ് കൊയ്യുന്നതിനു മുന്പ് വീട്ടില്‍ നിറയ്ക്കും. കതിര്‍ക്കറ്റ ഭഗവാന്ന് നിവേദിച്ച് വീട്ടില്‍ എത്തിക്കും. ചിങ്ങത്തില്‍ പുത്തരിക്കൊപ്പം ഇതും ചെയ്യും. 'നിറയും പുത്തരിയും ' എന്നതാണ്` ചടങ്ങ്.
15
ചാലിടല്‍
വിഷുക്കഴിഞ്ഞാല്‍ നല്ല ദിവസം നോക്കി പാടത്ത് പൂജാവിധികളോടെ കന്നുപൂട്ടല്‍ ഉദ്ഘാടനം.
16
കരിച്ചാല്‍
കരികൊണ്ടു പൂട്ടിയ ചാല്‍
17
ഊര്‍ച്ച/ നെരത്ത്
നിലം നിരത്തുന്ന രീതി
18
പൊത
കരികൊണ്ടു പൂട്ടുമ്പോള്‍ കരിത്തലക്കല്‍ പറ്റിപ്പിടിക്കുന്ന ചപ്പുചവറുകള്‍ / വിത്തു പാവിയാല്‍ മുളയ്ക്കുന്നതുവരെ നാശമായിപ്പോകാതിരിക്കാന്‍ മുകളില്‍ ഇടുന്ന ഇലയും മറ്റും.
19
മുണ്ടകന്‍
മകരക്കൊയ്ത്ത് ചെയ്യുന്ന കൃഷി . വര്‍ഷത്തിലെ രണ്ടാമത്തെ വിളവ് . വിരിപ്പിനേക്കാള്‍ അധിക വിളവ് ഉണ്ടാകും.
20
കൂട്ടുമുണ്ടകന്‍ / കരിങ്കറ
വിരിപ്പിലെ വിത്തും മുണ്ടകനിലെ വിത്തും ഒരുമിച്ച് വിതയ്ക്കും. കന്നിയിലും കൊയ്യും മകരത്തിലും കൊയ്യും. വിളവ് വളരെ കുറയും. വെള്ളക്കുറവ് / പണക്കുറവ്... ഒക്കെ ഇതിനു പ്രേരിപ്പിക്കുന്നു. അപൂര്‍വമായേ ഇതു ചെയ്യൂ. നാണക്കേടാണ്`.
21
വിരിപ്പ്
കന്നിക്കൊയ്ത്ത് ചെയ്യുന്ന കൃഷി. വര്‍ഷത്തിലെ ആദ്യ വിളവ്. മുണ്ടകനേക്കാള്‍ അദ്ധ്വാനം കുറവ് . വിളവും കുറവാകും.


2 comments:

ഹരി/സ്നേഹതീരം പോസ്റ്റ് said...

എട്ടാംക്ലാസിലെ ഒന്നാം യൂണിറ്റ് (കേരള പാഠാവലി)പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി ഞാന്‍ തേടിനടന്നത് ഇത്തരമൊരു പോസ്റ്റിനു വേണ്ടിയായിരുന്നു.ഒരുപാട് സൈറ്റുകള്‍ കയറിയിറങ്ങി.കുറച്ചെന്തോക്കെയോ കിട്ടി.നെല്കൃഷിയുമായി ബന്ധപ്പെട്ട ഇത്രയും വിശദമായ ഒരു പോസ്റ്റ്‌ ഇട്ട രാമനുണ്ണി മാഷിന് ഒത്തിരി നന്ദി -സ്നേഹപൂര്‍വം....

drkaladharantp said...

ഞാന്‍ മഴയുടെ മലയാളിത്തം ആലോചിച്ച് ഒറു പാഠം തയ്യാറാക്കാനുളള ശ്രമത്തിലാണ്. എല്ലാ വിഷയവും ഉല്‍പ്പെടുത്തി. ഈ പോസ്റ്റ് കണ്ടപ്പോള്‍ സാധ്യത കൂടുതലുണ്ടെന്നു മനസിലായി. രാമനുണ്ണി മാ‍ഷിന് ഇതൊരു പാഠമാക്കി വികസിപ്പീക്കാന്‍ കഴിയും. റഫറന്‍സ് പാഠത്തിന്റെ ഭാഗമാകട്ടെ.