14 November 2009

മാങ്ങാപ്പെരുമ


മാവുകൾ വീണ്ടും പൂക്കാൻ തുടങ്ങിയിരിക്കുന്നു. വേനൽക്കാലത്തേക്ക് പുതു മാമ്പഴങ്ങൾ തയ്യാറാവുകയാണ്. കഴിഞ്ഞ മാമ്പഴക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നമ്മെ കൊതിപ്പിക്കുന്നില്ലേ?

ഒരു മാങ്ങയുടെ പേരിൽ

രാജാവായിരുന്ന ഭർതൃഹരി വൈരാഗിയായി തീർന്നതിന്നു പിന്നിൽ ഒരു മാങ്ങാക്കഥയുണ്ട്. ഒരുപക്ഷെ, മാങ്ങയുമായി ബന്ധപ്പെട്ട ആദ്യകഥ ഇതാവാം.

ഒരിക്കൽ ഒരു ബ്രാഹ്മണൻ തന്റെ ദാരിദ്ര്യം തന്റെ ദാരിദ്രപരിഹാരത്തിനായി ദേവിയെ ഭജിച്ചു. ഭഗവതി അദ്ദേഹത്തിന്ന് ഒരു മാമ്പഴം സമ്മാനിച്ചു. ഇതു തിന്നാൽ ജരാനരകളില്ലാതെ അനവധികാലം ജീവിക്കാം എന്ന വരവും കൊടുത്തു.
മാമ്പഴം കിട്ടിയതിൽ അദ്ദേഹത്തിന്ന് വലിയ സന്തോഷം തോന്നിയില്ല.കഞ്ഞികുടിക്കാൻ വകയില്ലാത്ത താൻ അനവധികാലം ജീവിച്ചിട്ടെന്തു ചെയ്യും? ദാരിദ്രം മാറാൻ പണം കിട്ടണം. പണം കിട്ടാൻ മാമ്പഴം രാജാവായ ഭർതൃഹരിക്ക് നൽകാം എന്നു തീരുമാനിച്ചു. നൽകി. പണവും കിട്ടി.സന്തോഷമായി.
വിശിഷ്ടമായ പഴം രാജാവ് തന്റെ പ്രിയപ്പെട്ടവൾക്ക് നൽകി.വിശിഷ്ടമായത് സ്വയം അനുഭവിക്കുകയല്ല മറിച്ച്, പ്രിയപ്പെട്ടവർക്ക് നൽകണം എന്നാണു ധർമ്മം. അവളത് അവളുടെ പ്രിയപ്പെട്ട ജാരന്ന് നൽകി. അയാൾ അതു അയാളുടെ ഭാര്യക്കും ഭാര്യ മാമ്പഴത്തിന്റെ പ്രാധാന്യം ശരിക്കറിയാത്തതുകൊണ്ട് വേലക്കാരിക്കും നൽകി.
ഭർതൃഹരി, കൊട്ടാരമട്ടുപ്പാവിലിരിക്കുമ്പൊൾ ഒരുത്തി രാജവീഥിയിൽകൂടി ഒരുപാത്രം നിറയെ ചാണകവും അതിനുമുകളിൽ ഒരു മാമ്പഴവുമായി നടന്നുപോകുന്നതു കണ്ടു. ബ്രാഹ്മണൻ തനിക്കു തന്ന വിശിഷ്ടമായ പഴം ആണതെന്നു മനസ്സിലായി. അനേവ്ഷണത്തിൽ സംഗതികളെല്ലാം മനസ്സിലായി. ഏറെ ദു:ഖം തോന്നി.
അന്നു മുതൽ സ്ത്രീകളെയെന്നല്ല ഒന്നിനേയും വിശ്വസിക്കരുതന്ന് തീരുമാനിച്ച് രാജ്യം അനുജനായ വിക്രമാദിത്യനെ ഏല്പിച്ച് വിരാഗിയായി ജീവിച്ചു.
ഇക്കാലത്ത് ഇദ്ദേഹംഭർതൃഹരീയംഎന്ന മഹത്തായ കൃതി രചിച്ചു.നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ രചനകൾ ഇതിലാണ് ഉള്ളത്.

മാമ്പഴക്കവിതകൾ
.

പുരാണേതിഹാസങ്ങളിൽ മാമ്പഴത്തെ കുറിച്ചുള്ള സൂചനകൾ കണ്ടിട്ടില്ല. കാളിദാസന്റെ മേഘസന്ദേശത്തിൽ മാവുകളെകുറിച്ചും മാമ്പഴത്തെകുറിച്ചും പറയുന്നുണ്ട്. ഛന്നോപാന്ത: പരിണതഫലദ്യോദിഭി: കാനനാന്മ്രൈ.( മാങ്ങപഴുത്തു തിളങ്ങുന്ന കാട്ടുമാവുകളെകൊണ്ടു ചൂഴം മൂടിനിൽക്കുന്ന  [ആമ്രകൂട]പർവതം) പർവതത്തിന്റെ പേരുതന്നെ നോക്കൂ: ആമ്രകൂടം. ആമ്രം=മാങ്ങ!
മലയാളത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെമയൂരസന്ദേശത്തിൽമാവിനെകുറിച്ചുള്ള മനോഹരമായ ഒരു വിവരണം ഉണ്ട്. മലയാളകവിതയിൽ ഇതാവാം ആദ്യത്തെ മാങ്ങാപ്രസ്താവം.മുറ്റത്ത് നിൽക്കുന്ന മാവിനെ കുറിച്ച് തമ്പുരാൻ എഴുതിയതു നോക്കൂ:

കയ്യാലെത്തിക്കുതുകമിയലും കുട്ടികൾക്കും പറിക്കാൻ
വയ്യാതല്ലാതൊരുതര ഫലശ്രേണി തൂങ്ങിക്കിടക്കും
തയ്യായുള്ളോരനവധി രസാലാളി സുസ്മേരമാക്കി
ച്ചെയ്യാതേകണ്ടവിടെ ഒരുവന്റേയുമില്ലന്തരംഗം.

മാവ് മുറ്റത്ത് നിറയെ വേണം.
തൈമാവ് ആവണം.
നിറയെ കായ്കൾ വേണം.
മൂത്തുപഴുത്തിരിക്കണം.
കുട്ടികൾക്കുപോലും കയ്യെത്തി പറിക്കാൻ കിട്ടണം.
എത്ര മനോഹരമായ ഉദ്യാനഭാവന!

മലയാളത്തിലെ ഏറ്റവും നല്ല മാങ്ങാക്കവിത വൈലോപ്പിള്ളിയുടെമാമ്പഴംതന്നെ. മാമ്പഴം വായിക്കാത്ത-കേൾക്കാത്ത മലയാളിയില്ല. കവിതയെന്നനിലയിലും മാമ്പഴത്തെകുറിച്ചുള്ള ഒരു കവിതയെന്നനിലയിലുംമാമ്പഴംഉദാത്തമാണ്.ശൈശവകുതൂഹലങ്ങളും മുതിർന്ന മനസ്സിന്റെ വേവലാതികളുംമാമ്പഴംഎന്ന ഒരു കാവ്യബിംബത്തിലൂടെ വൈലോപ്പിള്ളി കാവ്യാത്മകമായ നിത്യതയിലെത്തിക്കുന്നു.

ആധുനിക കവികളിൽ പി.പി.രാമചന്ദ്രന്റെമാമ്പഴക്കാലംആണ് ഏറ്റവും നല്ല മങ്ങാക്കവിത.പഴുത്തമാങ്ങകൾ ഞെക്കിപ്പിഴിഞ്ഞു കുടിച്ചിരുന്ന പഴയകാല രീതികളും ആധുനകമായ മങോഫ്രൂട്ടി സംസ്കാരവും തമ്മിലുള്ള വൈരുധ്യം രാമചന്ദ്രൻ എഴുതുന്നു.(കവിതകാണെക്കാണെഎന്ന സമാഹാരത്തിൽ)

സംഭവങ്ങൾകഥകൾ

1.ഒരിക്കൽ മുത്തഛൻ ഒരു മാങ്ങയണ്ടി കു ഴിച്ചിട്ട് വെള്ളം നനക്കുനതുകണ്ട് : മാവ് വലുതയി കായ്ക്കാൻ എത്ര കാലം വേണം? അത്രകാലം മുത്തഛൻ ജീവിച്ചിരിക്ക്യോ?
ഇല്ല. ഇതെനിക്ക് തിന്നാനല്ല. എന്റെ പേരക്കുട്ടികൾക്കാ. ഞാൻ തിന്ന മാങ്ങകൾ എന്റെ മുത്തഛന്മാരു വെച്ചതല്ലേ?

2.തിരുവനന്തപുരത്ത് പത്മനാഭസ്വമിക്ഷേത്രത്തിൽ മുറജപം നടക്കുന്നു. ബ്രാഹ്മണർക്ക് ഗംഭീരസദ്യയുണ്ട്. ഊണുകഴിക്കുന്നനേരത്താണു പിറ്റേന്ന് വേണ്ട വിഭവങ്ങൾ തീരുമാനിക്കുക. ഒരുദിവസം ഒരു വൃദ്ധൻ നാലത്തെ സദ്യക്ക്  രണ്ട് ഉപ്പുമാങ്ങ കിട്ടിയാൽ നന്നവും എന്നു അഭിപ്രായപ്പെട്ടു.
ഉപ്പുമാങ്ങകിട്ടുന്ന കാലമല്ല. എന്നിട്ടും രാജസേവകന്മാർ അന്വേഷിച്ച് എത്തിച്ചു. അതും പാണ്ടൻപറമ്പത്തെ കുണ്ടൻഭരണിയിൽ ഇട്ടുവെച്ച്ഇരുന്ന മാങ്ങ!സൂപ്പർ സാധനം!

3.രക്തസമ്മർദ്ദം അധികരിച്ച തിരുമേനി വൈദ്യനെ ചെന്നു കണ്ടു. വൈദ്യൻ ഉപ്പു കൂട്ടരുതെന്നു നിർദ്ദേശിച്ചു. മരുന്നിനു പഥ്യം!
കുറച്ചുദിവസം കഴിഞ്ഞു. സമ്മർദം ഒരു കുറവുമില്ല. വൈദ്യനെ വീണ്ടും കണ്ടു.
വൈദ്യൻ: ഉപ്പു കൂട്ടരുതെന്നു പറഞ്ഞിരുന്നില്ലേ?
തിരു: ഉവ്വ്.
വൈദ്യൻ: ന്ന്ട്ടോപിന്നെന്താ കഴിച്ചതു?
തിരു: ഉപ്പ് കൂട്ടില്ലാപകരം ദിവസവും ഉപ്പുമാങ്ങകൊണ്ട് കഴിച്ചുകൂട്ടി!

4. തിരുമേനി സദ്യക്കിരിക്കയാണ്. ഗംഭീരസദ്യ. മാമ്പഴക്കാളൻ ആണ് .
തിരുമേനി ഒരു മാങ്ങയെടുത്തു ചോറിലേക്ക് പിഴിഞ്ഞു. ധാരാളം ചാറ്. വീണ്ടും പിഴിഞ്ഞു.അമർത്തിപ്പിഴിഞ്ഞു.
മാങ്ങയണ്ടി കയ്യിൽ നിന്നു വഴുതി.അടുത്ത ഇലയിൽ തൊട്ടു.അതിനടുത്തതിൽ..അതിനടുത്ത്.ഒരു വരിയിലെ മുഴുവൻ ഇലയിലും അണ്ടി ചെന്നുമുട്ടി. ഒക്കെ എച്ചിലായി.
തിരുമേനിക്ക് സങ്കടം വന്നു. കരയാൻ തുടങ്ങി.
ഏയ്..സാരല്യാഒരബദ്ധം പറ്റിയതല്ലേസാരല്യാ..
സാരണ്ട്.തിരുമേനി കരഞ്ഞുസാരണ്ട്.
എന്താ?
എന്റെ അഛൻ ഇങ്ങനെ പിഴിഞ്ഞാൽ രണ്ടോ മൂന്നോ വരി എച്ചിലാക്കിയിരുന്നു.
എനിക്ക് കഷ്ടി ഒരു വരിയല്ലേ പറ്റീള്ളൂസാരണ്ട്

മാങ്ങാത്തീറ്റ

വേനൽക്കാല ഫലമാണു മാങ്ങ. മാമ്പൂ മുതൽ കണ്ണിമാങ്ങ, അണ്ടിഉറച്ചമാങ്ങ, ചെനച്ചമാങ്ങ, പഴുത്തമാങ്ങ എന്നിങ്ങനെ പലപരുവത്തിലും ഉള്ള മാങ്ങകൾ തിന്നും.കുട്ടികളണ് ഏറ്റവും ആസ്വദിച്ചു തിന്നുന്നവർ. നേരെ കടിച്ചു കടിച്ചു തിന്നും. മുതിർന്നവർ തോലുചെത്തി പൂണ്ടാണു തിന്നുക.പൂളുന്നതു വളരെ നിഷ്കർഷയോടെയാണ്. ഒരു മാങ്ങപൂണ്ടാൽ നാലു കഷണം. രണ്ടു അപ്പം പൂളും രണ്ട് വാരിപ്പൂളും.അപ്പം പൂളു പുളിക്കില്ല. വാരിപ്പൂളു പുളിക്കും. അപ്പം പൂള് നാലാക്കി മുറിക്കും. അതണ് തിന്നുക.

മാങ്ങ കുട്ടികൾ എറിഞ്ഞു വീഴ്ത്തും. കുട്ടികളുടെ ഉന്നം പരീക്ഷിക്കപ്പെടുന്നതിവിടെയാണ്.മാവിൽ ക്കയറി കുലുക്കി വീഴ്ത്തും. തനിയെ വീണവ പെറുക്കിയെടുക്കും.
മറ്റൊരു സന്ദർഭത്തിൽ മഹാകവി ഒളപ്പമണ്ണ പറഞ്ഞത്:

അല്ലെങ്കിൽ പഴമാങ്ങയെറിഞ്ഞുവീഴ്ത്തും ശീലം
കല്ലാക്കി കൈവന്നോരു പഴമാങ്ങയെക്കൂടീ.

കുട്ടികൾ മാങ്ങ നേരേ കടിച്ചുതിന്നും. കണ്ടുനിൽക്കുന്നവന്റെ വായിൽ വെള്ളം നിറയും.പഴുത്തമാങ്ങ കയ്യിലിട്ട് ഞെരടി പതുപതുപ്പുള്ളതാക്കും.എന്നിട്ട് ഒരറ്റം ഒരൽപ്പം പൊട്ടിച്ച് അതിലെ സത്ത് ഉറുഞ്ചിക്കുടിക്കും.ഒരുപാടുനേരം കുടിക്കും. അവസാനം അണ്ടി വലിച്ചെറിയും. വലിച്ചെറിയുമ്പോൾ കൂട്ടുകാരെ അണ്ടിക്കു തുണപോകാൻ വിളിക്കും.
വലിച്ചെറിഞ്ഞ അണ്ടികൾ അണ്ണാർക്കണ്ണന്മാർ എടുത്തുകൊണ്ടുപോയി സൂക്ഷിക്കും.മഴക്കാലത്തെ പട്ടിണിമാറ്റാനുള്ള സൂക്ഷിപ്പ്! സൂക്ഷിച്ചത് എവിടെയെന്നു പാവം അണ്ണർക്കണ്ണന്മാർ മറക്കുകയും ചെയ്യും.
ഇങ്ങനെ വലിച്ചെറിഞ്ഞ അണ്ടികൾ മഴക്കാലത്ത് മുളയ്ക്കും. നാട്ടിൽ കാണുന്ന പല വലിയമാവുകളും ഇങ്ങനെ ഉണ്ടായവയാണ്. നാട്ടുമാവുകൾ എന്നു തന്നെ ഇവക്ക് പേരും.
മാവുകൾക്ക് പല പേരുകളും പണ്ടുണ്ട്. ഇനം തിരിച്ച് മൂവാണ്ടൻ, പുളിയൻ, ഗോമാവ് എന്നിങ്ങനെ. മൂവാണ്ടൻ വെളുത്തതും കറുത്തതും ഉണ്ട്. ചെറിയ മരങ്ങളാവും മൂവാണ്ടൻ. പുളിമാവും ഗോമാവും വലിയമരങ്ങളും.
ഓരോ മാവിനും പേരുണ്ട്. മുത്തി, മുട്ടിക്കുടിയൻ, വരമ്പൻ, അരികിലെ മാവ്, പിന്നിലെ മാവ്, ചകിരിയേൻ, ശർക്കരമാവ്,.എന്നിങ്ങനെ ഓരോ മാവിനും പേരുണ്ട്. അതിന്റെ ഫലം, വെച്ചയാൾ, സ്ഥാനം,പ്രായം , സംഭവങ്ങൾ എന്നൊക്കെ അടിസ്ഥാനമാക്കിയാണ് പേരുകൾ.ഓരോമാങ്ങയ്ക്കും ഭിന്ന രുചികളായിരുന്നു.
ഓരോ വളപ്പിലും നിരവധി മാവുകൾ ഉണ്ടാവും. പലപ്രായത്തിലുള്ളവ.കോടികായ്ക്കുന്ന ഫലം അമ്പലത്തിൽ നിവേദിക്കും.കോടി കായ്ക്കുമ്പോൾ മാവിനെ (പ്ലാവിനേയും)കോടി വസ്ത്രം ഉടുപ്പിക്കും.

കറികൾ.
വേനൽക്കാലം മുഴുവൻ പണ്ട് കുടുംബങ്ങളിൽ കറി ചക്കയും മാങ്ങയും തന്നെ.
മാങ്ങയിൽ ഏറ്റവും പ്രസിദ്ധമായ കറി കടുമാങ്ങ തന്നെ.മാങ്ങാ അച്ചാറും പ്രസിദ്ധം. പഴമാങ്ങാക്കറി നല്ലൊരു ഉപദംശമാണു. പൂങ്കുല മുതൽ മാങ്ങയുടെ എല്ലാ പ്രായവും കറികൾക്ക് നന്നു. മാങ്ങയില്ലാത്ത കാലത്തേക്ക് ഉപ്പിട്ടും മുളകിട്ടും ഉണക്കിയും സൂക്ഷിക്കും.പഴുത്തമാങ്ങ പിഴിഞ്ഞെടുത്ത് അപ്പം പോലെ പരത്തി ഉണക്കി സൂക്ഷിക്കും.പിന്നീടതു കറിവെക്കാൻ പ്രയോജനപ്പെടുത്തും.

മാങ്ങക്കുപകരം മാങ്ങഫ്രൂട്ടി
ഗ്രാമീണമായ മാങ്ങാസംസ്കാരത്തിന്റെ എതിർദിശയാണു നാഗരികമായ മാങ്ങസംസ്കരണവും മാഗോഫ്രൂട്ടി സംസ്കാരവും. സ്റ്റ്രോയിലൂടെ കുടിച്ച് ജനലിലൂടെ വലിച്ചെറിയുന്ന മാങോഫ്രൂട്ടി കൂടുകൾക്കൊപ്പം നാമും ഉള്ളുപൊള്ളയായവർആണല്ലോ എന്നു പി.പി.രാമചന്ദ്രൻ വ്യസനംകൊള്ളുന്നു.
മാങ്ങയില്ലാതെതന്നെ മാങ്ങയുടെ സ്വാദും മണവും കൃത്രിമമായി ഉണ്ടാക്കി നമ്മെ അതിലേക്കാകർഷിക്കുന്ന കച്ചവടകാലം നമ്മുടെ മാങ്ങാസംസ്കാരത്തിന്റെ ന്മക നശിപ്പിക്കുന്നു.
മാധ്യമം ദിനപത്രത്തിൽ ‘വെളിച്ചം’ പേജിൽ പ്രസിദ്ധീകരിച്ചത്.