23 October 2009

വിനോദം-സംസ്കാരം

എസ്.വി.രാമനുണ്ണി,സുജനിക
sujanika@gmail.com


വിനോദം-സംസ്കാരം

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയിൽ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തിൽ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാൻ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവൻ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യൻ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളിൽ ‘ ജീവൻ സംരക്ഷിക്കൽ’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതൽ സന്തോഷകരവും മെച്ചപ്പെട്ടതും തുടർച്ചനിലനിർത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്.
കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവൻ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാൽ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകൾ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളിൽ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവർത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാൽ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നു വെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്.

വിനോദം- മുതിന്നർവക്കും കുട്ടികൾക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളർന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളർച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊർജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. സമൂഹം, ഒരാളിന്റെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവർത്തനങ്ങൾക്കുള്ളഭാവനയുംഉരുവപ്പെടുന്നതു‘കളികൾ‘ക്കിടയിലാണ്.മുതിർന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.

കുട്ടികളുടെ കളികൾ
ഗോട്ടി/ചൊട്ടയും പുള്ളും/ആട്ടക്കളം/ചടുകുടു/പമ്പരം കുത്തിക്കളി/കിസ്സേപ്പി/മരം പകർന്നു കളി/ഒളിച്ചു കളി
തുട്ടോടിക്കളി/കള്ളനും പോലീസും/കോഴിയും കുറുക്കനും/കസേരക്കളി/നായും പുലിയും/കൊത്താം കല്ല്
മുക്കല്ല്/ആറുകല്ല്/തിരുപ്പറക്കൽ/കയർ ചാട്ടം/ഓലപ്പന്തു/കാരകളി/നീന്തൽ/കൂളി/കുളം ചാടൽ
മുങ്ങിക്കിടക്കൽ/000വെട്ടിക്കളി/അക്കുത്തിക്കുത്ത്/ഊഞ്ഞാൽ/കൊക്കിക്കളി/വട്ട്കളി
വളയെറിഞ്ഞുകളി/റിങ്ങ്/പൂത്താംകോല്/പാവുട്ടത്തോക്ക്/ഓലപ്പീപ്പി/ഓലക്കാറ്റാടി/ഓലമൂളി
കടലാസ് തോക്ക്/ആരോ (കടലാസ്)/കടലാസ് തോണി/കടലാസ് വിമാനം/കടലാസ് പന്ത്
ചകിരിപ്പന്ത്/കരിമ്പനത്തേങ്ങ വണ്ടി/ടയർ വട്ടം ഓടിക്കൽ/സൈക്കിൾ ചക്രം/പാമ്പും കോണിയും/തായം കളി
വീടുവെച്ചു കളി/ചോറുംകറീം വെച്ചു കളി/പീടിക വെച്ചു കളി/ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി

മുതിർന്നവരുടെ കളികൾ

മുതിർന്നവരുടെ വിനോദങ്ങൾ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് കേവല കളികളും എന്നാൽ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാൾ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കമാത്രം ചെയ്യുന്ന വിനോദങ്ങളാണു. അതിൽ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിൽ വേണമെന്നില്ല.അയ്യപ്പൻ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.


ചതുരംഗം/ചൂത്/ചീട്ടുകളി/കയ്യാംകളി/ഓണത്തല്ല്/പന്തു കളി/കാളപൂട്ട്/കാളകളി/കുതിരക്കളി/പുലിക്കളി
ഊഞ്ഞാൽ/ഒപ്പന/ദഫ്മുട്ട്/കോൽക്കളി/അറവന മുട്ട്/കുറവൻ-കുറത്തി/പാങ്കളി/സിനിമ/കഥകളി
നാടകം/കവിതാ രചന/അക്ഷരശ്ലോകം/തുള്ളൽ/ചവിട്ടുകളി/പൂതൻ കളി/കൈകൊട്ടിക്കളി (ആൺ/പെൺ)
സംഘക്കളി/ചവിട്ടുനാടകം/മാർഗ്ഗം കളി

കളികൾ സംസ്കാരത്തിന്റെ ഭാഗം

വിനോദോപാധികൾ - കളികൾ തീർച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികൾ, മുതിർന്നവരുടെ കളികൾ എന്നിവ പൂർണ്ണരൂപത്തിലാക്കനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കിൽ അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളർച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്തു എവിടെയും നടക്കുന്നുണ്ട്.

എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങൾ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാശങ്ങൾ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികൾ- സവിശേഷമായും കുട്ടിക്കളികൾ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാർഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാർമ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിൻഹങ്ങൾ നിരന്നുകിടക്കുന്നവയാണ് കളികൾ. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാർമ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകൾ അതിലുണ്ട്. കളിക്കിടയിൽ ക്ഷീണിച്ചവൻ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികൾ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാർഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികൾ, പാചകത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കെടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകൾ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയിൽ ഇടചേരുന്നു. ഒരു സംഘത്തിൽ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാൻ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങൾ.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തിൽ നാം കാണുന്നത്.ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.

കളികൾ കുട്ടികൾക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരൻ നല്ല കുട്ടിയും നല്ല വിദ്യാർഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മിൽ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങൽ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമർഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങൾ.കളികളിലെ ആവർത്തനങ്ങൾ കളിയുടെ വീര്യം കുറക്കാതതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികൾ തന്നെ ഒരേ കളികൾ എത്ര തവണയാണു ആവർത്തിക്കുന്നത്.

മുതിർന്നവർക്ക് കളികൾ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയണ്. പ്രേക്ഷകൻ എന്ന നിലയണ് ഭൂരിപക്ഷത്തിനും. മുതിർന്നവരുടെ കളികൾ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തിൽ പരിഗണനയുണ്ട്.കളികൾ മുതിർന്നവരുടേതാകുമ്പോൾ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികൾ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാൽ മുതിർന്നവർക്ക് അങ്ങനെയല്ല.

കളികൾക്കും ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീർന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുൻപു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കിൽ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളിൽ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം.
ഇന്നു കളികൾ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികൾ നമുക്കു മുന്നിലുണ്ട്.ഒന്നു : പഴയകളികൾ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ ക്കളികൾ കളിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ കളികൾ എന്നും ഉണ്ടായിരുന്നു. എന്നാൽ പഴയകളികൾക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. എലക്റ്റ്രോണിക്സ് പ്രയോഗങ്ങളുടെ വിദ്യകൾ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയുമല്ല ഇതിനു കാരണം.കളികൾ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി.ലോകവിപണിയിൽ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ.

പഴയ കളികൾ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.

പണ്ട്........................ ഇന്നു
പണച്ചെലവില്ല................... പണം വേണം
സംഘപ്രവർത്തനം................ ഒറ്റക്കുള്ള പ്രവർത്തനം
സംഘത്തിന്ന് ആഹ്ലാദം............. വ്യക്തിക്കു ആഹ്ലാദം
സാമൂഹ്യബോധം വളർത്തുന്നു.........വ്യക്തിബോധം മാത്രം
മൂല്യങ്ങളിൽ അധിഷ്ഠിതം........... വിജയം മാത്രം ലക്ഷ്യം
കളികൾക്കൊടുവിൽ ഉന്മേഷം......... കളികൾക്കൊടുവിൽ ആലസ്യം
വ്യക്തി ബന്ധങ്ങൾ വർദ്ധിക്കുന്നു........ വ്യതിബന്ധങ്ങൾ തകരുന്നു

ഇനിയും ഉണ്ടാവും. ആദ്യവട്ട ചർച്ചക്കുള്ള ചില സൂചനകൾ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങൾ കളിയുടെ പൊതു ജീവനെ ചോർത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ.

ഇതിനർഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികൾ കണ്ടെത്തണം. എന്നാൽ അതിൽ കളിയുടെ സംസ്കാരം നിലനിൽക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിൽ പ്പെടുന്നു. പ്രാഥമികാവശ്യങ്ങൾ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളർച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.