29 January 2017

കലോത്സവം - ഒരു പഠനപ്രവര്‍ത്തനം

തുടക്കവും  വികാസവും  
57 -മത് കേരള സ്കൂള്‍ കലോത്സവം 16 -01-2014നു  ഗംഭീരമായി തുടങ്ങുകയായി. 1957 മുതല്‍ ആരംഭിച്ച ഈ ഉത്സവം  ഓരോ വര്‍ഷവും  പുതുമകളോടെയും  മികവുകളോടെയും  തന്നെയാണ്` സമാപിക്കാറുള്ളത്. 20 ഓളം  ഇനങ്ങളും  400 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 232 തിലധികം ഇനങ്ങളും  13000 ത്തോളം  കുട്ടികളുമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഏഷയയിലെത്തന്നെ ഏറ്റവും  വലിയ യുജനമേള എന്ന ഖ്യാതി ഒരിക്കലും  വെറും വാക്കാവുന്നില്ല. പ്രതിവര്‍ഷം  നടക്കുന്ന വിലയിരുത്തലുകളും  മാന്വല്‍ പുതുക്കലുകളും  ഇതിനു കാരണമാവുന്നുണ്ട്. മത്സരഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും  മേല്‍നോട്ടത്തിലും   എല്ലാം  പ്രശംസനീയമായ  നവീകരണം  ഉണ്ടാവുന്നുണ്ട്. 
എന്നാല്‍ പിന്നെപ്പിന്നെ കലോത്സവം  'ഉത്സവ' മെന്ന അവസ്ഥ കൈവെടിഞ്ഞ് 'മത്സര' മാവുന്നത് കാണാതിരിക്കുന്നു എല്ലാവരും  എന്നത് ദു:ഖകരവും  പൂര്‍വസൂരികള്‍ വിഭാവനം  ചെയ്ത കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാകുന്നു. മത്സരത്തിന്റെ ഏറ്റവും  വികൃതമായ ഒരു മുഖം  25-30 ശതമാനം മത്സരാര്‍ത്ഥികളും  അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്`. മത്സരശേഷവും  ഇത്രത്തോളം  അപ്പീലുകള്‍ തീര്‍പ്പാക്കാനായി കിട്ടിയിട്ടുണ്ടാവും. കലാപ്രതിഭ, കലാതിലകം , ഒന്നാംസ്ഥാനം  തുടങ്ങിയവ ഇല്ലാതാക്കീട്ടും  'മത്സരം' കടുകിട കുറയുകയല്ല ചെയ്യുന്നത്. 

ഉത്സവം‌‌-മത്സരാധിഷ്ഠിതമാവുന്നത് പൊതുവെയുള്ള നമ്മുടെസാമൂഹ്യാവസ്ഥയുടെതന്നെ പ്രതിഫലനമെന്ന് സമാധാനിക്കാനാവില്ല. കലയും  ഉത്സവവുമൊക്കെ, ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം  പരക്കെ സമ്മതിക്കുന്ന ഒരു ചുറ്റുപാടില്‍ പ്രത്യേകിച്ചും. അതു സ്കൂള്‍ കുട്ടികളുടെതാവുമ്പോള്‍ പറയാനുമില്ല. സ്കൂളിനകത്തും  പുറത്തും  മത്സരമുക്തമായ ജീവിതത്തിന്റെയും  ജനാധിപത്യത്തിന്റെയും  സാഹോദര്യത്തിന്റെയും  മാനവികതയുടെയും  പാഠങ്ങള്‍ നിരന്തരം  പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. 

മത്സരത്തിനകത്തേക്ക് കുട്ടിയെ തള്ളിവിടുന്ന കാര്യങ്ങളില്‍ ഒന്ന് കലാകാരന്`/ കലാകാരിക്ക് ലഭിക്കുന്ന പ്രശസ്തിയാണ്`. പ്രശസ്തി ഒരു മോശം  സംഗതിയാണെന്നല്ല. യുക്തിരഹിതമായ പ്രശസ്തിയാണ്` പ്രശ്‌‌നങ്ങള്‍ ഉണ്ടാക്കുന്നത്. കലോത്സവത്തില്‍ [പണ്ട്] ജയിച്ച യേശുദാസിന്റെയും  ജയചന്ദ്രന്റെയും  പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെയും  പേരുകള്‍ കൊല്ലാകൊല്ലം  ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്`. അന്നത്തെ ആ ജയമാണ്` അവരെ സിനിമാരംഗത്തെത്തിച്ചതെന്ന / പ്രശസ്തരക്കിയതെന്ന/ മഹാഗായകരാക്കിയതെന്ന ഭോഷ്ക്  പ്രചരിപ്പിക്കുകയാണല്ലോ. അതിനു ശേഷം  ഉണ്ടായ അവരുടെ പഠനവും  പ്രയത്നങ്ങളും  ഒക്കെ മറപ്പിക്കുന്നപോലെയാണ്` കലോത്സവമഹിമയുടെ ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത്. . വിനീതിന്റെയും  മഞ്ജുവാരിയരുടെയും  ഒക്കെ കാര്യത്തിലും  ഇങ്ങനെത്തന്നെ. ഇത് പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉല്പ്പാദിപ്പിക്കുകയും  കല- അതിമത്സരമാവുകയും  ചെയ്യുന്നു. പ്രശസ്തിയും  തുടര്‍ന്നുള്ള സിനിമാപ്രവേശനവും  മാത്രം  അരങ്ങില്‍ ്രകാശിക്കുകയാണ്`. മുമ്പ് ഒരിക്കൽ നൃത്തമത്സരത്തില്‍ പങ്കെടുത്ത ഒരു [ നിഷ്കളങ്കയായ] കുട്ടി ഇനിയുള്ള ആഗ്രഹമെന്ന നിലയ്ക്ക് പറഞ്ഞത് മോഹന്‍ലാലിന്റെ [ ലാല്‍ സാര്‍ , ലാലേട്ടന്‍ എന്നൊന്നുമല്ല ]കൂടെ അഭിനയിക്കണമെന്നാണ്`. പങ്കെടുത്ത ബഹുഭൂരിപക്ഷം  കുട്ടികളുടെയും  ആഗ്രഹം  ഇതുപോലൊക്കെത്തന്നെയാവും. ഇതാകട്ടെ രക്ഷിതാക്കളുടെയും  ഗുരുക്കന്‍മാരുടെയും  ആഗ്രഹങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്തതുമാവും.  

മത്സരത്തിലേക്ക് കുട്ടിയെ [ രക്ഷിതാവ് / ഗുരു] കടത്തിവിടുന്ന മറ്റൊരു സംഗതി ഗ്രേസ് മാര്‍ക് സാധ്യതയുമായി ഇടകലരുന്നതാണ്`. 'അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006 ല്‍ ഗ്രേഡിങ്ങ് സമ്പ്രദായം  കൊണ്ടുവന്നു. ഒന്നും  രണ്ടും  മൂന്നും  സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. ' പക്ഷെ, അരങ്ങില്‍ നിന്നു മാറി ഒന്നാം  സ്ഥാനവും  രണ്ടാം  സ്ഥാനവും  മൂന്നാം  സ്ഥാനവും  സമ്മാനത്തുകയും  ഒക്കെ നിലനിര്‍ത്തി. ഗ്രേഡുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നലകാന്‍ തുടങ്ങി. പിന്നെ കുട്ടികളുടെ ആഗ്രഹം  എ ഗ്രേഡും  5% ഗ്രേസ് മാര്‍ക്കുമായി. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ+ കിട്ടാന്‍ ഇതുവേണമെന്നായി . അതു ലഭിക്കാനായി പിന്നെ മത്സരം.അപ്പീലുകളുടെ പ്രവാഹം  ഈ ഫുള്‍ എ+നായി സ്വാഭാവികമായിത്തീര്‍ന്നു. ആര്‍ക്കും  തടയാനാവാത്തതായി. 

അപ്പോള്‍ 

  1. 13000ത്തോളം  കുട്ടികള്‍, ആയിരക്കണക്കിന് ഗുരുക്കന്മാര്‍, അത്രയും  പക്കമേളക്കാര്‍, അത്രയും  സഹായികളായി അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, നൂറുക്കണക്കിന് ജഡ്ജിമാര്‍, പതിനായിരക്കണക്കിന് സംഘാടകര്‍, സദ്യക്കാര്‍, പണിക്കാര്‍, മനുഷ്യാദ്ധ്വാനത്തിന്റെ ആയിരക്കണക്കിന്` മണിക്കൂറുകള്‍ , പ്രത്യക്ഷവും  പരോക്ഷവുമായി കോടിക്കണക്കിന്ന് രൂപ....പൊടിയും  ചെളിയും  നിറഞ്ഞ അനാരോഗ്യകരമായ ചുറ്റുപാടുകള്‍.... വിശ്രമമില്ലാത്ത ദിവസങ്ങള്‍....  അവസാനം  ബഹുഭൂരിപക്ഷത്തിനും  അതൃപ്തി..... ഇതാണ്` മഹാമേളയുടെ നീക്കിബാക്കി. സാംസ്കാരിക കേരളത്തിന്` [ ഒരു നാടിനും] അഭിമാനിക്കാനിതില്‍ ഒന്നുമില്ല.  ഒരു പക്ഷെ, മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു മേള ഇല്ലാതിരിക്കുന്നതും  ഈ യുക്തികൊണ്ടായിരിക്കും!

2. 
വികേന്ദ്രീകരിച്ചുള്ള ചെറിയ മേളകളാണ് ഏക പരിഹാരം. സ്കൂള്‍ തലത്തില്‍ തുടങ്ങി ഗ്രാമപഞ്ചായത്തു തലത്തില്‍ പൂര്‍ത്തിയാവണം .   ഏതു യുക്തിവെച്ചു നോക്കിയാലും  അതാണ്` നല്ലത്. എല്ലാ ജില്ലകളില്‍ നിന്നും  ഒന്നാം  സ്ഥാനം  കിട്ടുന്നവ [ അല്ലാതുള്ളവ അപ്പീല്‍ വഴിയും ] ഒന്നിച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുക ,  അതില്‍ ഒന്നാം  സ്ഥാന കിട്ടുക ... എന്നൊക്കെയുള്ള സങ്കല്പ്പങ്ങള്‍   വെറും  ഭോഷ്കാണ്`. ജഡ്ജല്ലാതെ [ അവര്‍ക്കത് ഏല്‍പ്പിച്ച പണിയാണല്ലോ ] ആരും  തന്നെ സ്വന്തം  കുട്ടിയുടെ അവതരണമല്ലാതെ മറ്റൊന്നും  കാണുകയോ ആസ്വദിക്കയോ വിലയിരുത്തുകയോ അനുമോദിക്കുകയോ സാധാരണനിലയില്‍ ചെയ്യുന്നില്ല. ജില്ലാതലത്തില്‍ നിന്നു മികച്ചവയാണ്` വരുന്നത് എന്നതുകൊണ്ട് എത്ര വിദഗ്ദ്ധനായ ആൾക്കും  നിഷ്കൃഷ്ടമായി അങ്ങനെ വിലയിരുത്താനും  കഴിയില്ല. മാത്രമല്ല , അങ്ങനെ വിലയിരുത്തിയിട്ടൊരാവശ്യവും ഇല്ലതാനും. 90-95  % കുട്ടികള്‍ക്കും  എ ഗ്രേഡ് തന്നെയാണ്` സംസ്ഥാനതലത്തില്‍ എന്നും ലഭിക്കുന്നത്.
3. 
മനുഷ്യാദ്ധ്വാനപരമായും  സാമ്പത്തികമായും   പഞ്ചായത്ത് തലം    കൊണ്ട് മേള സമാപിക്കുന്നെങ്കില്‍ എത്രയോ ഗുണമുണ്ട്. കുട്ടികളുടെയും  അദ്ധ്യപകരുടെയും വിദ്യാഭ്യാസരംഗത്തെ അധികാരികളുടെയും   വിലപ്പെട്ട സമയവും  അദ്ധ്വാനവും മേളയ്ക്കുവേണ്ടി ചെലവാക്കുന്നത് ചുരുക്കാന്‍ നമുക്കു കഴിയും. പങ്കാളികള്‍ക്കും  നടത്തിപ്പുകാര്‍ക്കും  അത്രയും  മാനസിക സമ്മര്‍ദ്ദം  കുറയ്ക്കനും   കഴിയും. 
ഇപ്പോൾ ജില്ലയില്‍ അവതരിപ്പിച്ച് സമ്മാനാര്‍ഹമായ അവതരണങ്ങളില്‍ വളരെ ചെറിയൊരു അധികമിനുക്കുപണി മാത്രമാണ്` കലാപരമായി സംസ്ഥാനതലത്തിലേക്കുവേണ്ടി നിര്‍വഹിക്കുന്നത്. പലതും  വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന അവതരണങ്ങളുമാണ്`.  അതുകൊണ്ട് കലാപരമായി അധിക മേന്മ ഒട്ടും  തന്നെ സംസ്ഥാനാവതരണങ്ങളില്‍ ഉണ്ടാവുന്നില്ല. ഏറ്റവും  മികവാര്‍ന്ന അവതരണം  ജില്ലയില്‍ അവസാനിക്കുന്നു. ഇനി സംസ്ഥനതലത്തില്‍ അവതരിപ്പിച്ച് എ ഗ്രേഡ് ഉറപ്പാക്കുക തദ്വാര ഗ്രേസ്‌‌മാര്‍ക്ക് വാങ്ങുക എന്ന ചെറിയ [?] ലക്ഷ്യത്തിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നു. 

4.  
ശരിക്കാലോചിച്ചാല്‍ കുട്ടിക്ക് കുറേകൂടി ഗുണം  ചെയ്യുക പഞ്ചായത്ത്  തലത്തില്‍ മേളകള്‍ അവസാനിപ്പിക്കുന്നതിലാണ്`. അതായിരിക്കും  ഏഷ്യയിലെ ഏറ്റവും  വലിയ യുവജനമേള. നോക്കു: ആയിരത്തോളം  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  കോര്‍പ്പറേഷനുകളിലും നിരക്കെ   ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍  വിപുലമായ വിദ്യാഭ്യാസമേളകള്‍ - കല, ശാസ്ത്ര, കായിക, പ്രവൃത്തിപരിചയ മേളകള്‍ ഒന്നിച്ചങ്ങനെ എല്ലാവരും  ഒറ്റക്കെട്ടായി നടത്തിയാലത്തെ ഉത്സവാന്തരീക്ഷം. സംസ്ഥാനം മുഴുവന്‍ ....  ശരാശരി ഓരോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും  വിദ്യാഭ്യാസമേള. വിദ്യാഭ്യാസരംഗം  മുഴുവന്‍ ഇന്നത്തേക്കാള്‍ നൂറിരട്ടി സര്‍ഗ്ഗത്മകമാക്കന്‍ നന്നായി പ്ളാന്‍ ചെയ്താല്‍ ഇതു മതിയാവും. അതല്ലേ മഹോത്സവങ്ങളുടെ ഗുണപരമായ നീക്കിബാക്കിയാവേണ്ടതും? 

5. 
ഇനി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലോ. സ്കൂള്‍ തലത്തില്‍ മുതല്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്കണം. അതാവും  നാം  അനുവര്‍ത്തിക്കുന്ന ശിശുകേന്ദ്രിത സമീപനം. ഒരവതരണത്തിന്ന് കുട്ടി തയ്യാറവുന്നതിന്റെ പിന്നില്‍ വളരെ ശുഷ്കാന്തിയോടെയുള്ള,  ദീര്‍ഘകാലമായുള്ള , സമര്‍പ്പണസ്വഭാവമുള്ള പഠനവും പരിശീലനവുമുണ്ട്. അതു സ്കൂള്‍ തലം  മുതല്‍ ഉണ്ട്. സാമൂഹ്യ – സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെയാണിതെല്ലാം എന്നും  അദ്ധ്യാപകര്‍ക്കറിയാം. സംസ്ഥാനതലത്തിലേ ഗ്രേസ്മാര്‍ക്ക് നല്‍കാവൂ എന്ന വാശിക്ക് ഒരു യുക്തിയുമില്ല. പഠിച്ച് നന്നായി ചെയ്യുന്ന കുട്ടി ഏതു തലത്തിലാണെങ്കിലും  അധിക പരിഗണനക്കര്‍ഹനാണ്` എന്നതായിരിക്കണം  യുക്തി. ഒരുപാട് കടമ്പകള്‍ [ അതും  എല്ലാവര്‍ക്കും  ഒരുപോലെ തരണം  ചെയ്യാനുള്ള സാമൂഹ്യാവസ്ഥ നിലവിലില്ലാത്ത ചുറ്റുപാടില്‍ ] കടക്കുന്ന കുട്ടിക്കേ അധികപരിഗണ [ഗ്രേസ് മാര്‍ക്ക് ] ഉള്ളൂ  എന്നുവരുന്നത് സാമൂഹ്യമായി നീതീകരിക്കാവുന്നതല്ലല്ലോ. കുട്ടിയുടെ അവകാശങ്ങള്‍ക്കുതന്നെ നിരക്കാത്തതാണ്`. കല- കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തൊക്കെ ഇതു വേണം. അതിലാകട്ടെ തുല്യപരിഗണനയും  വേണം. 

കലോത്സവമാന്വല്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതുപോലുള്ള കാര്യങ്ങളായിരിക്കമല്ലോ   പ്രധാന വിഷയങ്ങള്‍. 

വലിപ്പം  കൂടുമ്പോള്‍ …... 

1957ല്‍ 400 കുട്ടികളും  വളരെ കുറച്ച് അദ്ധ്യാപകരും  വളരെ ചെറിയ സംഘാടനസമിതിയും  കൊണ്ടുതുടങ്ങിയ സ്കൂള്‍ കലോത്സവം  ഇന്ന് 13000ത്തിലധികം  കുട്ടികളും  ആയിരക്കണക്കിന്ന് അധ്യാപകരും  അത്രതന്നെ സംഘാടകരുമായി 6-7 ദിവസം  രാപ്പകല്‍ നിറഞ്ഞുകവിയുന്ന മഹോത്സവമായി ഇത്  പരിണമിച്ചിരിക്കുകയാണ്`. വലിപ്പം  കൊണ്ട് ഏഷ്യയിലെ യുവജന‌‌-ഉത്സവങ്ങളില്‍ ഒന്നാമതെന്ന പെരുമയും  നേടിയിട്ടുണ്ട് ഇത്. 
ഇത്രയുമല്ല ശരിക്കും  കലോത്സവവലിപ്പം. സര്‍ക്കാര്‍ അംഗീകാരമുള്ള 12600 ലധികം  സ്കൂളുകളില്‍  50 ലക്ഷത്തോളം  കുട്ടികളാണ്` സംസ്ഥാനത്ത് ഇന്നുള്ളത്.നവംബര്‍ മാസം  തൊട്ട് കലോത്സവങ്ങള്‍ തുടങ്ങുന്നു. എല്ലാ സ്കൂളിലും  കലോത്സവം  നടക്കുന്നുണ്ട്. കലമേനിക്ക് നോക്കിയാല്‍ 200 കുട്ടികള്‍ ഈ മത്സരങ്ങളില്‍ നേരിട്ട് പങ്കെടുത്ത് അവതരണം  ചെയ്യുന്നുണ്ട്. അതായത് 25,00000 കുട്ടികള്‍. അദ്ധ്യാപകരോ മിക്കവാറും [125000] മുഴുവന്‍ പേരും   സജീവമായി ഇടപെടുന്നു.  ഒരു സ്കൂളില്‍ 2 ദിവസം [9am-5pm]  കണക്കാക്കിയാല്‍ ഏകദേശം  201600 മണിക്കൂര്‍ [ 23 വര്‍ഷം ! ]. ചെലവോ? ഒരു കുട്ടിക്ക് കലാവതരണത്തിന്നു മാത്രം  ശരാശരി 10 രൂപ കണക്കാക്കിയാല്‍ 2.5 കോടിരൂപ. മറ്റു ചെലവുകളും  പിരിവുകളും  സ്പോണ്‍സറിങ്ങുമൊക്കെ വേറെ നിന്നോട്ടെ. സബ്ജില്ലയിൽ പങ്കെടുക്കുന്നവർ ശരാശരി 1000 പേർ. ഒരുകുട്ടിക്ക് 100 രൂപവെച്ച് 160 സബ്ജില്ലയിൽ 1 കോടി 60 ലക്ഷം . ഇനി ജില്ലാതലം 14 ജില്ല , ശരാശരി പങ്കാളിത്തം 3000 കുട്ടി. ചെലവ് 250 കണക്കാക്കിയാൽ 1 കോടി 50 ലക്ഷം . 

കുട്ടിയുടെ/ രക്ഷിതാവിന്റെ  മാത്രം ചെലവ് 
പട്ടിക 1 
ഇനി തൊട്ടുമുകളില്‍ സബ്‌‌ജില്ലാ തലത്തില്‍. അതും  ഏറിയോ കുറഞ്ഞോ സംസ്ഥാമൊട്ടാകെ നോക്കുമ്പോള്‍ ഇത്രയും  അളവുതന്നെ. തുടര്‍ന്ന് ജില്ലാതലം. ഇത്രയും  അളവ് അവിടെയും  വരും. മൊത്തം  6-7 കോടി രൂപ ! യഥാര്‍ഥ ചെലവ് ഇതിനേക്കാളൊക്കെ വരും  എന്നത് വസ്തുതയും ! . 
വലിപ്പം  കൂടും  തോറും  ചെലവ് കൂടും  എന്നതു സാധാരണ നിയമം  . എന്നാല്‍ ഇത്ര വലിപ്പം       എന്തിനുവേണ്ടിയെന്ന ചിന്ത തുടങ്ങാറായി. 

കലോത്സവമാന്വലിന്റെ മുഖവുരയില്‍ :
പഠിതാവിന്റെ ധൈഷണികവും  കലാപരവും  കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും  വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം  ചെയ്യുന്നത്. അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും  സംയോജിതമായ രീതിശാസ്ത്രവും  തദനുസൃതമായ നിയമാവലിയും  രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`. 
[ഇതോടൊപ്പം  അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും  സൂചിപ്പിക്കുന്നുണ്ട്. ] 

ഇവിടെ കലോത്സവത്തെ പഠ്യാനുബന്ധപ്രവര്‍ത്തനം [co-curricular activity]  എന്ന നിലയിലാണ്` കാണുന്നത്. അതെത്രയും  ശരിയുമാണ്`. എന്നാല്‍ അതു ഇന്നത്തെ നിലയില്‍ ഉത്സവമാകുമ്പോള്‍ പാഠ്യപ്രവര്‍ത്തനത്തേക്കാള്‍ വലിയ ഒന്നായി - പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്`.പാഠ്യപ്രവര്‍ത്തനത്തില്‍ നിന്നും  മാറിനില്‍ക്കുന്ന ഒന്നല്ല പാഠ്യാനുബന്ധപ്രവര്‍ത്തനം .
 പഠനപ്രവര്‍ത്തനം  ക്ളാസ് മുറിയിലാണ്`. പഠനാനുബന്ധപ്രവര്‍ത്തനവും  ക്ളാസ് മുറിയിലോ അതിന്റെ ചുറ്റുവട്ടത്തോ ആകണം. കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്`/ സഹായിക്കാനുള്ളതാണ്` [കലപരിപാടികള്‍, ക്ളബ്ബ്പ്രവര്‍ത്തനം, വിനോദയാത്ര] പഠനാനുബന്ധപ്രവര്‍ത്തനം.  അത് ആത്യന്തികമായി ക്ളാസിലോ സ്കൂളിലെങ്കിലുമോ ആയിരിക്കണം. എന്നാലേ അതിന്റെ ഗുണം  [ വിദ്യാഭ്യാസപരമായ ഗുണം  ] എല്ലാ കുട്ടിക്കും  ലഭിക്കൂ. എല്ലാ കുട്ടിക്കും  ലഭിക്കുന്നതായിരിക്കണം  എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. അതാണല്ലോ മികച്ച വിദ്യാഭ്യാസത്തിന്നായുള്ള കുട്ടിയുടെ അവകാശം. 

അതുകൊണ്ടുതന്നെ 
  1. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളൊക്കെ നല്ല നിലവാരത്തില്‍ നടത്തപ്പെടുകയും  ആയത് ക്ളസിലും  സ്കൂളിലും  ഒരല്പ്പം  കൂടി വലിയ രീതിയില്‍ സബ്‌‌ജില്ല തലത്തിലോ ഗ്രാമ പഞ്ചായത്ത് തലത്തിലോ നിര്‍വഹിക്കപ്പെടുകയും  വേണം. മുഴുവന്‍ കുട്ടികള്‍ക്കും  പങ്കെടുക്കാനും  ഇടപെടാനും  അതിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് ഉണ്ടാക്കാനും  കഴിയണം. മത്സരമല്ല, പങ്കുവെക്കലായിരിക്കണം  അവിടെ നടക്കേണ്ടത്. കുട്ടിയുടെ ഇടപെടല്‍ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം  നല്‍കണം.

  1. 13 മത്സര ഇനങ്ങളില്‍ തുടങ്ങി കാലാകാലങ്ങളില്‍ വികസിച്ച് 213 ഇനങ്ങളില്‍ കലോത്സവം  ഇന്നു നടക്കുന്നു.  ഈ വൈപുല്യം  ഉത്സവപരമായി നന്നെങ്കിലും പഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ കുട്ടിക്ക് എത്രമാത്രം  ആവശ്യമുണ്ട് എന്ന് മുന്‍വിധികളില്ലാതെ ആഴത്തില്‍ പരിശോധിക്കണം. ഏതിനമാണെങ്കിലും  അത് ആവശ്യമുള്ളതോ എന്ന് തീരുമാനിക്കുന്നത് - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും  സഹായം  ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചായിരിക്കണം. അതില്‍ത്തന്നെ മുന്‍ഗണനാചിന്ത ഉണ്ടാവണം. ഇന്നത്തെ മുന്‍ഗണന ശാസ്ത്രീയ നൃത്തങ്ങള്‍ക്കും  മറ്റു നൃത്തരൂപങ്ങള്‍ക്കുമാണ്`. ഉപന്യാസം, പ്രസംഗം, കാവ്യാലാപനം, കഥ/കവിത രചന, ചിത്രം, കത്ത്, നിവേദനം, അടിക്കുറിപ്പ്,   എന്നിവയുടെ മുന്‍ഗണനാനില  വളരെ പിന്നിലും. കരിക്കുലവും  , പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, പഠനപ്രവര്‍ത്തനങ്ങള്‍, എന്നിവയും  വെച്ച് പരിശോധിച്ച് വേണം  ഈ പ്രാധാന്യം നിശ്ചയിക്കാന്‍. കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പ്രയാസവുമുണ്ടാവില്ല. 

3. ജനറല്‍, സംകൃതം, അറബിക്ക്, സാഹിത്യവേദി..  എന്നിങ്ങനെയുള്ള കൈവഴികള്‍  പരിശോധിച്ച് പുന:ക്രമീകരിക്കണം. പദ്യം  ചൊല്ലല്‍, രചനകള്‍, അഭിനയപ്രാധാന്യമുള്ള ഇനങ്ങള്‍... എന്നിവ ശാസ്ത്രീയമായി ഒന്നിപ്പിക്കണം. സംസ്കൃതം  പ്രധാനഭാഷയായി പഠിക്കുന്നില്ല എന്നതുകൊണ്ട് സമസ്യാപൂരണത്തില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് കഴിയാതെ വരുന്നതുപോലുള്ള സംഗതികള്‍ ഉണ്ടാവരുത്. പഞ്ചവാദ്യം  ക്ളാസില്‍ പഠിക്കുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കൂ എന്നില്ലല്ലോ. ചര്‍ച്ച ചെയ്യപ്പെടുന്ന കലാരൂപത്തിന്റേയും പഠ്യാനുബന്ധപ്രവര്‍ത്തനമെന്ന പരിഗണനയുടേയും  അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന  ഇനങ്ങള്‍. 

4. വിവിധ ഇനങ്ങളുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഒരേപോലെയാണ്`. ഒരിനത്തിന്റെ സ്വത്വം  നിശ്ചയിക്കപ്പെടുന്നത് സാമാന്യമായി മൂല്യനിര്‍ണ്ണയസൂചകം  വെച്ചാണല്ലോ.
പട്ടിക 2 പട്ടിക 3

ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി [ സൂചകം / സ്കോർ ] 


ഈ പട്ടിക രണ്ടു  നോക്കിയാല്‍ വിവിധ ഗാനരൂപങ്ങള്‍, നൃത്തരൂപങ്ങള്‍ എന്നിവയുടെ വേര്‍തിരിവിന്റെ അടിസ്ഥാനം  എന്താണെന്നാണ്` മനസ്സിലാവുക.? ലളിതഗാനത്തിനും  കഥകളി സംഗീതത്തിനും  മനോധര്‍മ്മം സൂചകമല്ല, ശാസ്ത്രീയ സംഗീതത്തേക്കാള്‍ ലളിതഗാനത്തിനും  കഥകളി സംഗീതത്തിനും  ശാരീരം  , ശ്രുതിലയം  എന്നീ സൂചകങ്ങള്‍ക്ക് ഒരല്പ്പം  സ്കോറ് കൂടുകയും  ചെയ്യും. ഇതൊക്കെയാവട്ടെ [സാങ്കേതികതയും  യുക്തിയും  ]  നമ്മുടെ കളാസുകളില്‍ കുട്ടിയുടെ പഠനവിഷയങ്ങളോ പ്രവര്‍ത്തനങ്ങളോ ആയി വിദൂരബന്ധം പോലുമില്ലതാനും. 

ചുരുക്കത്തില്‍ ഇത് വളരെ സാങ്കേതികമാണെന്ന് മാത്രമേ വ്യത്യാസമായി നമുക്ക് കാണാനാവൂ. സംഗീതത്തിന്റെ ഭിന്ന വഴികള്‍ എന്ന നിലയിലുള്ള വേര്‍തിരിവില്‍  സൂചകങ്ങളില്‍ മാറ്റമില്ല. അതാകട്ടെ കുട്ടി ക്ളാസില്‍ ഒരിക്കലും  ബന്ധപ്പെടുന്നതുമല്ല. കല  എന്ന നിലയില്‍ കുട്ടിക്ക് സംഗീതരൂപങ്ങളില്‍ പരിചയമുണ്ടാക്കുക എന്നതിനപ്പുറമുള്ള  ഊന്നലുകളെല്ലാം  സത്യത്തില്‍  'പാഠ്യേതരമായ ' സംഗതികളാവുകയാണ്`. 

പട്ടിക 3 ഇല്‍ ആദ്യത്തെ 30 സ്കോറ് പഠനവുമായി ബന്ധപ്പെട്ടതല്ല. ആകാരസുഷമ , വേഷം  എന്നിവ കുട്ടിയുടെ വരുതിയിലല്ല. കുട്ടിക്ക് ഇവ പഠനപ്രവര്‍ത്തനങ്ങളുമല്ല. ചുരുക്കത്തില്‍ സാങ്കേതികസങ്കീര്‍ണ്ണതകള്‍ കൊണ്ട് പെരുപ്പിച്ചെടുക്കുന്ന ഇനവൈപുല്യം  ചുരുക്കിയേ മതിയാവൂ. 

5. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ ഉള്ള കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ത്തന്നെ കലോത്സവങ്ങളെ നിശ്ചയമായും മറ്റുപരിഗണനകള്‍ക്കടിമപ്പെടാതെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ അത് ഏഷ്യയിലെ ഏറ്റവും  വലിയ പഠനമേളയായി രൂപം  പ്രാപിക്കും. അതല്ലാതെ ഇന്നത്തെ നിലയില്‍ തുടരുന്നത് കലോത്സവമാന്വലില്‍ ആമുഖത്തില്‍ വിവരിക്കുന്ന ഒരു കാര്യവും  നിറവേറ്റപ്പെടാന്‍ സാധ്യത നല്കുന്നതാവില്ല. 

പ്രക്രിയാധിഷ്ഠിത കലോത്സവം 

കലോത്സവമാന്വലിന്റെ മുഖവുരയില്‍ കലോത്സവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്ന -പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി  സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും  നിയമാവലിയും  - എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം  മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും  ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതെല്ലാം  പരിശോധിക്കാന്‍ ഇനിയും  വൈകിക്കൂടാ. 

1. പ്രക്രിയയിൽ അധിഷ്ഠിതവും  പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും  ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും  പ്രധാനപ്പെട്ട ഘടകം  പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച , പ്രക്രിയകളില്‍ അടിയുറച്ച നിലനില്‍പ്പുള്ളതും . 
2.  പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും  [ വിവിധ ക്ളബ്ബുകള്‍,ദിനാചരണങ്ങള്‍ ,  ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പ്- പഠനയാത്രകള്‍, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ ] സ്കൂളുകളില്‍ സജീവമാണ്`. ഇവയുടെ ഒരു തുടര്‍ച്ചയോ വിപുലീകരിച്ച പ്രവര്‍ത്തനമോ ആയി കലോത്സവങ്ങളെ  പ്രയോജനപ്പെടുത്തേണ്ടതുണ്ട്.  14-15 വയ:പരിധിയില്‍പെട്ട കുട്ടികളുടെ കലോത്സവങ്ങള്‍ മുതിര്‍ന്നവരുടെ കലാമത്സരങ്ങളെപ്പോലെ സംവിധാനം  ചെയ്ത ഭാവന മാന്വലിന്റെ മുഖവുരയില്‍ പറയുന്ന ലക്ഷ്യങ്ങളെ 'ഏട്ടിലെ പശു'വാക്കുന്നു. മുതിര്‍ന്ന മനുഷ്യന്റെ ചെറുപതിപ്പല്ലല്ലോ കുട്ടി. 

3. കലോത്സവങ്ങള്‍ ക്ളാസുകളിലും  തുടര്‍ന്ന് സ്കൂള്‍ ഒന്നിച്ചുമാണ്` പ്രാഥമികമായി നടത്തപ്പെടേണ്ടത്. തുടര്‍ന്നത് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കൂടി ആവാം. അത്രത്തോളമേ കുട്ടിക്ക് എത്തിപ്പെടാനാവൂ. ഇത് പറയുന്നത് മുഴുവന്‍ കുട്ടികള്‍ക്കും  ഇതിന്റെയൊക്കെ അനുഭവം  അവരുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കണം  എന്നതുകൊണ്ടാണ്`. ഇന്നത് അവരുടെ അവകാശവുമാണല്ലോ.  സംസ്ഥാനകലോത്സവം കാണാൻ പോലും പറ്റാതെപോകുന്ന നമ്മുടെ ലക്ഷക്കണക്കിന്നു കുട്ടികളുടെ വികാരം ആർക്കും മനസ്സിലാകുമല്ലോ. 
  
4. കുട്ടി മുന്‍കൂട്ടി പഠിച്ചുവന്ന ഒരു കലാരൂപത്തിന്റെ അവതരണമല്ല കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. മലയാളപദ്യം  ചൊല്ലല്‍ മത്സരം  നടത്തുന്നത് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഒന്നിച്ചിരുത്തി കുറേ നല്ല കവിതകള്‍ നല്കി അതില്‍ ചിലത് നന്നായി ചൊല്ലിക്കൊണ്ടായിരിക്കണം.പാലക്കാട് നടക്കുന്ന വിദ്യാരംഗം മത്സരങ്ങൾ ഇക്കാര്യം ചെയ്തു വിജയിച്ചിട്ടുണ്ട്. കവിതകള്‍ തെരെഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ ഈണം  നല്കുന്നതിലും  , അവതരണക്രമം  തൊട്ടുള്ള സംഘാടനപരിപാടികളിലും    കുട്ടികളുടെ മുന്‍കയ്യു വേണം. കവിതയെ കഥയാക്കുക, കഥാപ്രസംഗമാക്കുക, തിരക്കഥയാക്കുക , നൃത്തരൂപമാക്കുക, നാടകമാക്കുക  തുടങ്ങിയ സാധ്യതകളും  തുടര്‍ന്നിതില്‍ കുട്ടികള്‍ കണ്ടെത്തും. കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും   അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും  വേണം. ഓരോ അവതരണത്തിനും  മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. കുട്ടികള്‍ തന്നെ ഇതൊക്കെയും  ചെയ്യുമ്പോള്‍ സ്വാഭാവികമായും  ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയോ അധികപ്രവര്‍ത്തനമായോ ഇതു രൂപംകൊള്ളും. ഉപന്യാസം, കഥ, കവിത, കഥപറയല്‍, മോണൊആക്ട്, ദേശഭക്തിഗാനം, സമസ്യാപൂരണം... തുടങ്ങി ആവശ്യമുള്ള ഇനങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ക്ളാസിലും  സ്കൂള്‍ പൊതുവേയും  അല്പ്പം  കൂടി ഒരുക്കങ്ങളോടെ പഞ്ചായത്ത് തലത്തിലും  ഇതു നടക്കും. മുഴുവന്‍ കുട്ടികളും  പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും  പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണ് ചെയ്യുക . മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും  ഗ്രേസ് മാര്‍ക്കും  ഒക്കെ വേണം. സര്‍ക്കാര്‍ ഇന്ന് ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരുഭാഗം  ഇതിനൊക്കെയായി നീക്കിവെക്കുകയുമവാം. 

5. മത്രമല്ല, രൂപം  കൊള്ളുന്ന ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുക, ബ്ളോഗുക, സ്കൂള്‍വിക്കിപോലുള്ള ഇടങ്ങളില്‍ സംഭരിക്കുക- [ഇക്കൊല്ലം അതു ചെയ്യുന്നുണ്ടെന്ന് അറിയുന്നു .]  സിഡീകരിക്കുക,..തുടര്‍ന്നും  അതൊക്കെ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും  വേണം.  2013 ല്‍ പാലക്കാട് ജില്ലാ ഡയറ്റ് കുട്ടികളുടെ കലോത്സവ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് 'ഇളനീര്‍' എന്ന പുസ്തകം  പ്രസിദ്ധീകരിച്ചതും  അതുമായി ബന്ധപ്പെട്ട ഒരു ദിവസ പഠക്യാമ്പ് അദ്ധ്യാപകര്‍ക്കായി നടത്തിയതും  മികച്ച മാതൃകയാണ്.  

6. ഇങ്ങനെ ചെയ്യുമ്പോള്‍ കലോത്സവങ്ങള്‍ 'മത്സരങ്ങളില്‍' നിന്ന് വിടുതിനേടുകയും  പങ്കുവെക്കലിന്റേയും  അറിവ് നിര്‍മ്മിതിയുടേയും  മനോഹര സന്ദര്‍ഭങ്ങളിലേക്ക് കുതിച്ചുയരുകയും  ചെയ്യും. ജ്ഞാനാര്‍ജ്ജനത്തിന്റേയും  ജ്ഞാനപ്രകടനത്തിന്റേയും  മഹോത്സവങ്ങള്‍ കൊടികയറും.  മുഴുവന്‍ കുട്ടികളുടേയും  പങ്കാളിത്തമുണ്ടാകും. രക്ഷിതാക്കളും  മുഴുവന്‍ സമൂഹവും  ഇതിനെ നല്ലത് എന്ന് തിരിച്ചറിയും . ഏഷ്യയിലെ ഏറ്റവും  വലിയ വിദ്യാഭ്യാസപ്രവര്‍ത്തനമായി കുട്ടികളുടെ കലോത്സവങ്ങള്‍ മാറും.  ലോകത്തിനുതന്നെ മാതൃകയാവും. 1000 പഞ്ചായത്തുകളിൽ മിക്കവാറും ഒരേകാലത്ത് നടക്കുന്ന കലോത്സവം. വികേന്ദ്രീകരണത്തിന്റെ മഹാസൗന്ദര്യം ! പഠനോത്സവങ്ങളാകുന്ന കലോത്സവം !! 

വലിയ കലകളെസംബന്ധിച്ച് 

1. ശാസ്ത്രീയനൃത്തങ്ങള്‍, കഥകളി, കൂടിയാട്ടം  തുടങ്ങിയ വലിയ കലകള്‍ [ ദീര്‍ഘകാല പരിശീലനവും  പണച്ചെലവും  ഉള്ളവ ] കുട്ടികള്‍ ആസ്വദിക്കാന്‍ പരിശീലിക്കുന്നതുപോലുള്ള പാഠ്യാനുബന്ധപ്രവര്‍ത്തനം  ഇന്നത്തേതുപോലെ മത്സരങ്ങളില്‍ അവതരിപ്പിച്ചല്ല നിര്‍വഹിക്കേണ്ടത്.  കുട്ടികള്‍ അവരവരുടെ സാധ്യതകളും  അഭിലാഷങ്ങളും  വെച്ച് ഇതുകളെല്ലാം  പഠിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പാഠ്യാനുബന്ധപ്രവര്‍ത്തനമെന്നനിലയില്‍  എല്ലാ കുട്ടികള്‍ക്കും  ഇതിന്റെ അനുഭവങ്ങളും  ആസ്വാദനഘടകങ്ങളും  കിട്ടണം. അതിനുള്ള അവതരണങ്ങളും  ചര്‍ച്ചകളും  കലോത്സവങ്ങളില്‍ നടക്കണം. പ്രക്രിയാധിഷ്ടിതമായ , ആസ്വാദനത്തിലും  പഠനത്തിലും  വിമര്‍ശനത്തിലും  ഊന്നിയ പഠനപ്രവര്‍ത്തനമായി ഇതൊക്കെയും  നടക്കണം. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ ഇതിനൊക്കെയുള്ള സമയവും  ഒരുക്കങ്ങളുമാണ്` വേണ്ടത്. ഇപ്പോള്‍ നടക്കുന്ന പോലുള്ള കലോത്സവങ്ങളിലെ കൂടിയാട്ടം  കലാകരനെ , മോഹിനിയാട്ടം  കലാകാരനെ - ഒന്നാം  സ്ഥാനത്തെത്തിയവരെ, നമ്മുടെ സാധാരണകുട്ടികള്‍ക്ക് അടുത്തുനിന്ന് കാണാനോ അനുമോദിക്കാനോ ആവതല്ല. സ്റ്റേജില്‍ നിന്ന് നക്ഷത്രങ്ങളായി അവര്‍ ഉദിച്ച് ഉയരുകയാണ്`. [കുറ്റപ്പെടുത്തലല്ല ഇത്. ഇന്നത്തെ ശൈലി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം] 

2. ലഭ്യമായ വലിയകലാകാരന്മാരെ സംഘടിപ്പിച്ച് അവരുടെ പ്രകടനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കണം. അവതരണത്തിനു മുന്പും  പിന്പും  കുട്ടികള്‍ അവരുമായി ഇന്ററാക്ഷന്‍സ് വേണം.  മുന്‍ കൂട്ടിയുള്ള ഒരുക്കങ്ങള്‍ വേണം. സ്ളൈഡുകള്‍, വീഡിയോ, ഓഡിയോ, പ്രസ്ന്റേഷന്‍ സാധ്യതകള്‍ ഒരുക്കണം. നല്ലൊരു അവതരണം  നന്നായി മനസ്സിലായി കണ്ടു - അനുഭവിച്ചു  എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാവണം. കല മനുഷ്യജീവിതത്തെ സുന്ദരമാക്കാനുള്ള ഉപാധിയാണെന്ന ബോധ്യം  കുട്ടികളില്‍ ഉണ്ടാവണം. മത്സരങ്ങളേക്കാള്‍ സൗഹൃദത്തിന്നും  പങ്കുവെക്കലിനും  പഠനോത്സാഹം  വര്‍ദ്ധിപ്പിക്കുന്നതിനും  ഉതകണം. 

സംഘാടനം  - കമ്മറ്റികള്‍ 

1. പ്രക്രിയാധിഷ്ഠിതമായി കലോത്സവങ്ങള്‍ മാറുന്നതോടെ സംഘാടനവും  കമ്മറ്റികളും  ഒക്കെ പുതുരൂപങ്ങള്‍ കൈക്കൊള്ളും. ക്ളാസ് - സ്കൂള്-പഞ്ചായത്ത് തല സംഘാടകസമിതികള്‍  അതത് പ്രദേശങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളും  അദ്ധ്യാപകരും  ഭരണാധികാരികളുമായിരിക്കും. ഏതു കുട്ടിക്കും  നല്ല പരിചയമുള്ള 5 -10 പേരെങ്കിലും  ഈ സംഘാടനസമിതിയില്‍ ഉണ്ടാകും. [ ഇന്ന് ജില്ലാതല-സംസ്ഥാനതല സമിതികളിലെ ആളുകളും  നമ്മുടെ കുട്ടികളുമായി അപരിചിതരെന്ന ഒറ്റ  ബന്ധമേ ഉള്ളൂ !  ] 
2. പ്രോഗ്രാം  കമ്മറ്റി വിവിധ ഇനങ്ങളുടെ പ്രോസസ്സ് ആയിരിക്കും  , മൂല്യനിര്‍ണ്ണയ സൂചകങ്ങളായിരിക്കും  ചര്‍ച്ച ചെയ്യുക. വിവിധ ഇന മത്സരങ്ങളില്‍  കുട്ടികളെ സഹായിക്കാനുള്ള  അദ്ധ്യാപകരെയായിരിക്കും കണ്ടെത്തുക. റിസപ്ഷന്‍ കമ്മറ്റി മുഖ്യാതിഥികളെയല്ല മറിച്ച്, മത്സരാര്‍ഥികളേയും  വിദഗ്ദ്ധരായ , ക്ഷണിക്കപ്പെട്ട കലാകാരന്‍മാരേയുമാണ്` സ്വീകരിച്ചാനയിക്കുക. ഉത്ഘാടനത്തിന്ന് മന്ത്രിയെ കിട്ടുമോ എന്നതായിരിക്കില്ല , കുട്ടികളുമായി സംസാരിക്കാനും  പ്രകടനം  നിര്‍വഹിക്കാനും  പ്രഗത്ഭനായ മന്ത്രിയെ , പ്രശസ്തയായ നര്‍ത്തകിയെ , കഥകളിനടനെ കിട്ടുമോ എന്നതായിരിക്കും  അവരുടെ പരിഭ്രമം.  ലൈറ്റ് &സൗണ്ട് കമ്മറ്റി സ്റ്റേജിനങ്ങള്‍ക്ക് വേണ്ട ശബ്ദ- വെളിച്ച ക്രമീകരണങ്ങളും  അര്‍ഥപൂര്‍ണ്ണമായ സ്റ്റേജ് സംവിധാനവുമായിരിക്കും ചെയ്യുക.   ഓരോ ഐറ്റവും  മുന്‍കൂട്ടി പഠിച്ച് അതിനുവേണ്ട സംവിധാനങ്ങളൊരുക്കുക എന്നതായിരിക്കും  അവരുടെ ഉത്തരവാദിത്തം. നാടകത്തിനും  തിരുവാതിരക്കളിക്കും  പഞ്ചവാദ്യത്തിനും  ഒരുക്കുന്ന സ്റ്റേജും  ശബ്ദവും  വെളിച്ചവും  ഒരേപോലെയാക്കിവെച്ചിട്ട് ഏഷ്യയിലെ ഏറ്റവും  വലിയ മേള എന്നു കുട്ടികൾ ഊറ്റം  കൊള്ളീല്ല . 


വരും  നാളുകളില്‍ ഉണ്ടാവുന്ന ചര്‍ച്ചകള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാവുകയും  കലോത്സവം  എല്ലാ തരത്തിലും  ഏഷ്യയിലെ ഏറ്റവും  വലിയ വിദ്യാഭ്യാസ പ്രവര്‍ത്തനമായി മാറുകയും  ചെയ്യേണ്ടതുണ്ട്. 

23 January 2017

വായനാവേഗത

ലൈബ്രറിയിൽ നിന്ന് രണ്ടുപുസ്തകം എടുക്കാം. 14 ദിവസത്തിനുള്ളിൽ മടക്കണം. അല്ലെങ്കിൽ ഫൈൻ ഉണ്ട്. 2 പുസ്തകം , 14 ദിവസം, ഫൈൻ എന്നൊക്കെ തീരുമാനമെടുക്കാനുള്ള അടിസ്ഥനമെന്താവും? സാധാരണനിലക്ക് എടുക്കുന്ന പുസ്തകം ശരാശരി 300 പേജ് - 2 പുസ്തകം 600 പേജ് . 600 പേജ് വായിക്കാൻ എത്ര സമയം വേണം? 14 ദിവസം വരെ ലൈബ്രറി നൽകുന്നു. ഇത് വായനയെ പ്രോത്സാഹിപ്പിക്കുന്ന / ശാസ്ത്രീയമായ തീരുമാനമാണെന്നാണോ? ഒരു പുസ്തകം വായിക്കാൻ എത്ര സമയം വേണം? വായന ഏറ്റവും കൂടുതൽ നടക്കുന്ന / ക്കേണ്ട സ്കൂളുകളിൽ , ലൈബ്രറികളിൽ ഈയൊരാലോചന ഉണ്ടായിട്ടേ ഉണ്ടാവില്ല ! പൊതുവെ നമ്മുടെ വായനാപരമായ കണക്കുകൾ അത്രയധികം ആലോചിക്കപ്പെട്ടിട്ടില്ല. നല്ല വായനക്കാർ ഒരു പുസ്തകം വായിക്കാൻ എത്ര സമയം എടുക്കുന്നുണ്ട്? അത് അ - ബുക്കായാലും [ പ്രിന്റ് ] - ബുക്കായാലും [ ഇലക്ട്രോണിക്ക്] . വായനക്കാരുടെ ധാരണയിൽ ഇക്കണക്ക് ഉണ്ടായാൽ നന്നാവും.

വായന നമുക്ക് ഒരു മുഴുദിവസ പ്രവർത്തനമല്ല. വായിക്കാനുള്ള സമയം മാറ്റിവെക്കുകയാണ്. അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുകയാണ്. ആവശ്യം, പ്രായം, ആരോഗ്യം എന്നിങ്ങനെ പലഘടകങ്ങൾ ഇതിന്നുണ്ട്. നമ്മുടെയിടയിൽ , നാട്ടിലും - സ്കൂളിലും കുറച്ചെങ്കിലും നല്ല വായനക്കാർ ഉണ്ട്. എന്തു തിരക്കാണെങ്കിലും കുറച്ചെങ്കിലും വായിക്കാതെ ഉറങ്ങാത്തയാളുകൾ. ഉറക്കം വരാൻവേണ്ടി വായിക്കുന്നവരെ അത്ര കണക്കാക്കുന്നില്ല.


സ്കൂളുകളിൽ വായന പഠനവുമായി ബന്ധപ്പെട്ടാണ്. വായിക്കാതെ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ 300 പേജിന്റെ കാര്യമൊന്നും സാധാരണ ഇല്ല. 100 താഴെ പേജുകളെയുള്ളുവെങ്കിലും കുട്ടിയുടെ വായന ഒരു ദിവസം 20-25 പേജാണ്. അതും ഒരു മണിക്കൂർ പരമാവധി. പിന്നെ കുട്ടിക്ക് ക്ഷമയില്ല. വായന നിർത്തി എണീറ്റാൽ തിരിച്ച് വായനയിലേക്ക് മടങ്ങാൻ പിറ്റേന്നാളേ നോക്കേണ്ടൂ. കുട്ടിയുടെ പ്രകൃതത്തിന്റെ ഭാഗമായി കണ്ടാൽ മതി. മാത്രമല്ല നിർബന്ധവായനയുമാണല്ലോ !അതിവേഗവായന മാസികകളിലെ തുടരനുകളാണ് പൊതുവെ. കുട്ടികളും മുതിർന്നവരും മാസികയിൽ 4-5 പേജുകൾ [ പുസ്തകമാവുമ്പോൾ 10-15 പേജുകൾ വരും ] ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. തുടരനിലെ ആകാംഷയും താൽപ്പര്യവുമാണിതിനു ഹേതു. എന്നാൽ ഈ വേഗത സാധാരണവായനക്കില്ല. വളരെ ചെറിയൊരു ശതമാനം കുട്ടികളും മുതിർന്നവരും തുടർച്ചയുള്ളതും സാമാന്യവേഗതയിലും വായിക്കുന്നവരുണ്ട്. വായന ഒരു സാധനയാക്കിയവർ എന്നൊക്കെ നാം പറയുന്നത് ഇവരെയാണ്. മുതിർന്നയൊരാൾക്ക് അവരവരുടെ ഭാഷ ഒരു മണിക്കൂറിൽ 70 - 80 പേജ് വായിക്കാൻ കഴിയും എന്നാണ് പൊതുവെ കണ്ടുവരുന്നത്. മറ്റൊരുഭാഷയാണെങ്കിൽ - ഇംഗ്ലീഷ് - മണിക്കൂറിൽ 50 പേജ് വായിക്കാം. കുട്ടികൾക്ക് ഇത് പകുതിയിലും താഴെയേ കാണൂ. വായനാശീലം , താൽപ്പര്യം എന്നിവയുടെ അടിസ്ഥാനം ഇതിലുണ്ട്. വായന പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വളരെ കുറവാണ്. അത്യാവശ്യവായനയേ അവിടെയുള്ളൂ. വായനാവാരം മുതലായവ വായനയിലല്ല പ്രസംഗത്തിലാണ് ഊന്നുന്നത്. അതിൽ കുട്ടികളുടെ ഇടപെടൽ വളരെ കുറവ്. ഗ്രന്ഥശാലാസംഘം, ദേശാഭിമാനി തുടങ്ങിയവയുടെ വായനാമത്സരങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും വായന പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ തല പരിപാടികൾ. അതുതന്നെ തെരഞ്ഞെടുക്കപ്പെട്ട ചില പുസ്തകങ്ങൾ. കുട്ടികളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അത്ര പരിഗണന ഈ തെരഞ്ഞെടുപ്പിൽ കാണാറില്ല.

കിന്റിൽ പോലുള്ള എലക്റ്റ്രോണിക്ക് വായനാസാമഗ്രികൾ ആദ്യമായി ഇ-ബുക്ക് തുറക്കുമ്പോൾത്തന്നെ എത്രപേജ് എത്രസമയം [ typical time to read ] എന്നു കാണിക്കും. ഒർഹാൻ പാമുക്കിന്റെ ' ദി ബ്ലാക്ക് ബുക്ക് ' 475 പേജ് 9 മണിക്കൂർ 30 മിനുട്ട് വായിക്കാനുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കും.All The Light We Cannot See 545 പേജ് 10 മണിക്കൂർ 54 മിനുട്ട് / Half of a Yellow Sun 562 പേജ് 11 മണിക്കൂർ 14 മിനുട്ട് - വായനതുടരുമ്പോൾ എത്ര % വായനയെത്തി, നമ്മുടെ വായനാസ്പീഡ് അനുസരിച്ച് ഇനി എത്ര മണിക്കൂർ വായിക്കാനുണ്ട്എന്നൊക്കെ റീഡറിൽ താഴെ എഴുതിക്കാണിക്കും. ഒരു ദിവസം 2 മണിക്കൂർ വായിക്കാൻ തീരുമാനിച്ചാൽ പരമാവധി 5 ദിവസം. ഇലക്റ്റ്രോണിക്ക് വായനയിൽ വെളിച്ചം , അക്ഷരവലിപ്പം ഇവയൊന്നും വായനയെ തടസ്സപ്പെടുത്തില്ല. പ്രിന്ററ്റ്ഡ് ബുക്കുകളിൽ പലപ്പോഴും അക്ഷരവലിപ്പം ചെറിയ തടസ്സങ്ങൾ ഉണ്ടാക്കും. എന്നാലും നമ്മുടെ വായനശാലയിൽനിന്നെടുക്കുന്ന പുസ്തകങ്ങൾ ശരാശരി 300 പേജിന്ന് 3 ദിവസം ധാരാളം. 2 പുസ്തകത്തിന്ന് 6 ദിവസം. എന്നാലും 14 ദിവസം അശാസ്ത്രീയമാകുന്നത് 2 തരത്തിലാണ്. ഒന്ന്, ഒരു ബുക്ക് വായിക്കാൻ എത്ര സമയം എന്ന് പൊതുവെ കണക്കാക്കുന്നില്ല. രണ്ട്, അധികസമയം കൊടുക്കുന്നത് - അത്രസമയം വേണം എന്ന തെറ്റായ ധാരണഉണ്ടാക്കുകയും വായനാവേഗം വർദ്ധിക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും മന:പ്പൂർവമാണെന്നല്ല. അത് ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ കുറിപ്പ്.


നമുക്ക് വായിക്കാൻ പറ്റും നമ്മുടെ വേഗതയിൽ. ലോകനിലവാരമാണ് 1 മണിക്കൂറിൽ 50-60 പേജ്. മലയാളം [ മാതൃഭാഷ] 100 പേജും ഇംഗ്ഗ്ലീഷ് 50-60 പേജും വായിക്കുന്നവർ ഉണ്ട്. വായനയെ ഗൗരവമായെടുത്തവർ വായിക്കാൻ എവിടെയും എപ്പോഴും സമയം കണ്ടെത്തുന്നു. തീവണ്ടിയാത്ര വലിയൊരു വായനാഇടമാണ് ഇവരിൽ പലർക്കും. വീട്ടുവായന ധാരാളം. ഡോ. ബി. ഇക്‌ബാലിനെപ്പോലുള്ളവർ ഫേസ്ബുക്കിൽ sunday reading എന്നൊരു പോസ്റ്റിൽ പുതിയ പുസ്തകങ്ങൾ കാണിച്ചുതരുന്നു. നിരവധി പേരുണ്ട് ഇങ്ങനെ ചെയ്യുന്നവർ. കിൻഡിൽ പോലുള്ള ഇലക്റ്റ്രോണിക്ക് ഉപകരണങ്ങൾ വായന അനായാസമാക്കുന്നു. വായനയുടെ രീതിതന്നെ മാറ്റിമറിക്കുന്നു ഇവ. കയ്യിൽ രണ്ടും മൂന്നും പുസ്തകമായി നടന്നിരുന്നവർ ഇന്ന് 500-600 പുസ്തകങ്ങളുമായി റീഡറുകളുമായി നടക്കുന്നു. ഒരു വർഷം 50 തിനും 100 നും ഇടക്ക് പുസ്തകങ്ങളാണിവർ വായിക്കുന്നത്.


വായനയുടെ തുടർച്ചയായ എഴുത്തും പ്രഭാഷണവും സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കും. നടക്കണം. വായന ഒരു പാക്കേജ് ആണ്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികപ്രവർത്തനങ്ങളടങ്ങിയ വലിയൊരു പാക്കേജ്.