അന്വേഷണം


ഹൈടെക്ക് ക്ലാസ്മുറികൾ ഉണ്ടാവുമ്പോൾ 


മാറുന്ന പഠനവഴികൾ

1

വ്യവഹാരവാദത്തിന്റെ അച്ചടക്കത്തിൽ കഴിഞ്ഞ ക്ലാസ്മുറികൾ സ്വാതന്ത്ര്യത്തിന്റേയും ഭിന്നഭിന്നമായ അനുഭവങ്ങളുടെയും പൊലിമയിൽ ശിശുകേന്ദ്രിതമായ അറിവ്നിർമ്മാണത്തിന്റെ ജ്ഞാനോത്സവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് . ഈ മാറ്റം ഏറ്റവും സാർഥകമായി കേരളത്തിൽ പ്രയോഗിക്കപ്പെട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. തുടരെയുള്ള അന്വേഷണങ്ങളും നവീകരണങ്ങളും എത്തിനിൽക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന് മഹായജ്ഞത്തിലാണ്. പുതിയ അധ്യയനവർഷത്തിൽ പുതിയസ്കൂളുകളായി നമുക്കുചുറ്റുമുള്ളവ വികസിക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായതിൽ ഒന്ന് ഹൈടെക്ക് ക്ലാസ് മുറികളാണ്.

പഠനം ഹൈടെക്കിൽ – പ്രതീകഷകൾ

1. നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [ Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.] തന്നെയാണ്. കാഴ്ച, ശബ്ദം , ഒരു പരിധിവരെ സ്പർശം എന്നിവയുടെ കാര്യത്തിൽ ലാപ്പ്ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളിൽ വേണ്ടതാണ്. അതാണ് സ്മാർട്ട് ക്ലാസുകളിൽ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളിൽ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും.

2. ഇങ്ങനെയൊരു ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ അദ്ധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കലുടെ പ്രതീക്ഷയെന്തായിരിക്കും. നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങൾ സ്കൂളിൽ എത്തും. അവയൊക്കെത്തന്നെ ക്ലാസ്മുറികളിൽ , ലാബിൽ, ലൈബ്രറിയിൽ , സ്റ്റാഫ്രൂമിൽ… വിന്യസിക്കും. സമ്പന്നമായ ഐ സി ടി സാധ്യതകൾ പരക്കെ എത്തും. പഠനം വളരെ വളരെ കാര്യക്ഷമവും സമഗ്രവും ആയിത്തീരും. ഇത്രയും സംവിധാനങ്ങൾ വരുന്നതോടെ അതൊക്കെയും കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്കും കുട്ടികൾക്കും ലഭിക്കും.

3. നിലവിൽ ബഹുഭൂരിപക്ഷം അദ്ധ്യാപകരും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നിപുണത നന്നേ കുറഞ്ഞവരാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടും മിക്കവാറും ഇതാണവസ്ഥ. നമുക്ക് കേരളത്തിൽ ഐ ടി @ സ്കൂളിന്റെ പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ധാരാളമുണ്ട്. അപ്പോൾ പരിശീലനക്കുറവല്ല ഇതിനു കാരണം എന്നു കാണാം. പിന്നെ എന്താവാം എന്ന അന്വേഷണം ആരംഭിക്കും. പ്രശ്നപരിഹാരങ്ങൾ ഉണ്ടാവും.

4. ഐ ടി അധിഷ്ഠിതപഠനത്തിന്നനുയോജ്യമായ പാഠപുസ്തകം, ക്ലാസ്രൂം പ്രക്രിയകൾ , മൂല്യനിർണ്ണയന രീതികൾ , ക്ലാസ്രൂം വിന്യാസം, അദ്ധ്യാപക വിദ്യാർഥി അനുപാതം, സമയക്രമീകരണം എന്നിവ പുനരാലോചനക്ക് വിധേയമാകും. പഠനപ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്ക് വിഭവസമാഹരണ ത്തിൽ നിന്ന് കുറേകൂടി ഉയർന്ന് കുട്ടിയുടെ ജ്ഞാനാർജ്ജനത്തിൽ വരെ പ്രയോജനപ്പെടുത്താൻ കഴിയും. സ്കൂളും സമൂഹവും സംസ്ഥാനത്തെ സ്കൂൾസമൂഹം ആക്കെ പരസ്പരബന്ധിതവും പരസ്പര സഹായകവും ആയിത്തീരും. വിപുലമായ ഒരു വിജ്ഞാനസമൂഹം രൂപം കൊള്ളും. സ്കൂളുകളുടെ സമഗ്രമായ ഒരു വിജ്ഞാന ശൃംഖല രൂപപ്പെടും. ഓരോ കുട്ടിയും അറിവിന്റേയും പ്രയോഗത്തിന്റേയും കാര്യത്തിൽ ലോകനിലവാരത്തിലുള്ള കുട്ടിയായിത്തീരും. അതിൽ അദ്ധ്യാപകരുടെ സ്ഥാനവും പങ്കാളിത്തവും ചുമതലയും സുപ്രധാനമായിത്തീരും.

5. ക്ലാസ്മുറിയിൽ , ലാബിൽ, ലൈബ്രറിയിൽ, വായനാഇടങ്ങളിൽ, ചുരുക്കത്തിൽ ക്യാമ്പസ്സ് മുഴുവൻ അറിവ് നിർമ്മാണത്തിന്റെ സൂക്ഷ്മയിടങ്ങളായിത്തീരും. കുട്ടിമാത്രമല്ല അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും പ്രയോഗത്തിലും വ്യാപനത്തിലും പങ്കാളികളാവും. സമൂഹത്തിന്നു മുഴുവൻ നിത്യജീവിതത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ കമ്പ്യൂട്ടർ സാമഗ്രികൾ , ടാബുകൾ, മൊബൈലുകൾ , സോഷ്യമീഡിയകൾ, ലോകമെമ്പാടുമുള്ള ലൈബ്രറി ശൃംഖലകൾ , ഗവേഷണസ്ഥാപനങ്ങൾ .… എന്നിവയൊക്കെ സ്കൾ പ്രവർത്തനങ്ങൾക്ക് 7 X24 സമയവും ശക്തിപകരും . ലോകനിലവാരത്തിലുള്ള സ്കൂളുകൾ സൃഷ്ടിക്കപ്പെടും. ലോകനിലവാരത്തിലുള്ള കുട്ടികളും സമൂഹവും രൂപം കൊള്ളും.

6. കുട്ടിക്കും അദ്ധ്യാപകനും [ പ്രാഥമികമായി ] ക്ലാസ്സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകൾ, ഓഡിയോകൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് കളികൾ, മൂല്യനിർണ്ണയന പരീക്ഷകൾ, പരിഹാബോധനപരിപാടികൾ, മികച്ച പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ' സമഗ്ര' പോലുള്ള സംവിധാനങ്ങൾ അദ്ധ്യാപകരെ സഹായിക്കാൻ ഇനിയും വളരെയധികം വിപുലപ്പെടും. സർക്കാർ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകൾ കൂടി ഉൾച്ചേരുന്ന സാധ്യതകൾ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉൾച്ചേർക്കലുമാവും ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം. .

പതുക്കെപ്പതുക്കെ ഇത്രയുമൊക്കെ സാധ്യമാവലാണ് പുതിയകാലത്തെ വിദ്യാഭ്യാസം. അത് നിറവേറ്റുന്നതിന്ന് തീർച്ചയായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞങ്ങൾ പോലുള്ള പരിപാടികൾക്കാവണം എന്ന് സമൂഹം ആഗ്രഹിക്കും.


2

നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [ Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.] തന്നെയാണ്. കാഴ്ച, ശബ്ദം , ഒരു പരിധിവരെ സ്പർശം എന്നിവയുടെ കാര്യത്തിൽ ലാപ്പ്ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളിൽ വേണ്ടതാണ്. അതാണ് സ്മാർട്ട് ക്ലാസുകളിൽ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളിൽ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും. .

ഐ സി ടി യുടെ ആദ്യഭാഗം ഉപകരണങ്ങ [ ഹാർഡ്വെയർ ] ളാണ്. ഇതാകട്ടെ ഡസ്ക്ടോപ്പ് , ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ – വെറും സ്ക്രീനും ചിലയിടത്ത് ഇന്ററാക്ടീവ് വൈറ്റ് ബോർഡും , ടാബ്ലറ്റ്, പ്രിന്റർ, യു പി എസ് , ഇന്റെർനെറ്റ് കണക്ഷൻ , വൈഫൈ , തുടങ്ങി പലതാണ്. ഏറ്റവും ചുരുങ്ങിയതോതിലാണെങ്കിൽ പോലും ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ , വൈഫൈ കണക്ഷൻ എന്നിവ വേണം. ലാപ്പ്ടോപ്പിൽ ലിനക്സ് - ഐടി അറ്റ് സ്കൂൾ കസ്റ്റമൈസ് ചെയ്ത ഉബുണ്ടു വേർഷൻ ഓപ്പറേഷൻ സിസിറ്റം [ ഒ എസ്] വേണം. ഇത്രയും ഹാർഡ്‌വെയർ – സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഒരുക്കി അദ്ധ്യാപകർക്ക് ഇതെല്ലാം ഉപയോഗിക്കാനുള്ള പരിശീലനവും വേണം. കഴിഞ്ഞകാലങ്ങളിൽ ഡിപ്പാർട്ട്മെന്റ് നടത്തിയിട്ടുള്ള നിരവധി പരിശീലനങ്ങളിലൂടെ സാമാന്യം മുഴുവൻ അദ്ധ്യാപകരും ഇക്കാര്യങ്ങളിൽ നിപുണത് കൈവരിച്ചിട്ടുണ്ടാകുമെന്ന് നമുക്കാഗ്രഹിക്കാം.

ലോകം മുഴുവനുള്ള അദ്ധ്യാപകസമൂഹത്തിന്റെ സുപ്രധാനമായ ഒരു പരിമിതിയായി കാണുന്നത് താരതമ്യേന പുതിയതായ ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യമാണ്. പഠനം ഹൈടെക്കാക്കുന്നതിനുള്ള പ്രധാന തടസ്സം ഈ പരിമിതിയാണെന്ന് നിരവധി അന്വേഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. സോഫ്ട്വെയർ പരിശീലനം പോലെ അത്രയധികം പരിചയം ഹാർഡ്‌വെയർ കാര്യങ്ങളിൽ ഇല്ല. നിസ്സാരമായ തകരാറുകൾ പോലും പരിഹരിക്കാൻ സാധാരണ അദ്ധ്യാപകർക്കാവാറില്ല. തകരാർ പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ സമയബന്ധിതമായി പരിഹരിച്ചുകൊടുക്കാറുമില്ല. അതുകൊണ്ടുകൂടിയാണ് ഓരോ സ്കൂളിലും കിലോക്കണക്കിൽ ഹാർഡ്‌വെയർ ഉപയോഗശൂന്യമായിപ്പോയതും അതൊക്കെയും ഇ-മാലിന്യമെന്ന പേരിൽ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്. -മാലിന്യ സംഭരണം തന്നെ ഈയിടെ വലിയസംഭവമായിട്ടാണ് നടന്നത്. എല്ലാം കൂടി ഒരു മണിക്കൂർപോലും പഠനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത 1000 കണക്കിനു കിലോ ഇ - മാലിന്യം ഒഴിവാക്കിയിട്ടുണ്ടാവും. ഐ ടി അറ്റ് സ്കൂൾ ഐ സി ടി ആരംഭിച്ചകാലത്ത് ലോഗ്ബുക്കുകൾ നിർദ്ദേശിച്ചുവെങ്കിലും അതൊന്നും വ്യാപകമായി സൂക്ഷിക്കപ്പെടുകയുണ്ടായില്ലല്ലോ.

പദ്ധതിയുടെ വലിയൊരുഭാഗം ചെലവഴിക്കപ്പെടുന്നത് ഹാർഡ്‌വെയർ സംവിധാനങ്ങൾക്കാണ് . പല തല തീരുമാനങ്ങൾക്കുശേഷം മാർക്കറ്റ് വിലയേക്കാൾ അധികപണം സ്കൂളിലെത്തുന്നതോടെ ലാപ്പിനും പ്രൊജക്ടറിനും പ്രിന്ററിനും സംഭവിക്കാറുണ്ട് . ഒഴിച്ചുകൂടാനാവാത്ത ബാധ്യതകളാണിവ എന്നതിൽ തർക്കമില്ല. മിക്കവാറും അതുതന്നെയാണ് തുടരുന്നത്. മറ്റു സാധ്യതകൾ ആലോചിക്കാവുന്നതാണ്. ക്ലാസ്മുറിയിൽ പഠനാവശ്യങ്ങൾക്കായി ലാപ്പിനുപകരം Raspberry Pi പോലുള്ള സാധനങ്ങൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പരിചയമില്ലാത്തതല്ല. Raspberry Pi പരിശീലനങ്ങൾ കുറേ നടന്നുകഴിഞ്ഞതാണ്. ഒരു ലാപ്പിന്റെ വിലക്ക് 8-10 Raspberry Pi വാങ്ങാം. വാങ്ങാം എന്നുമാത്രമല്ല കുട്ടികൾക്കും അദ്ധ്യാപകർക്കും അത് പരിചയിക്കാനും പ്രയോജനപ്പെടുത്താനും റിപ്പയറിനും എളുപ്പമാണ്. അതിനെ പ്രവർത്തനക്ഷമമാക്കാൻ ഓരോ ക്ലാസിനും സാധ്യമാക്കാം . ലാപ്പ് പോലല്ല; അഴിക്കാനും തുറക്കാനും വേണ്ടതുപോലെ മാറ്റാനും ഒക്കെ കുട്ടിക്ക് സാധിക്കാം. ഓപ്പൻസോർസ് സങ്കൽപ്പം ഹാർഡ്വെയറിലേക്കുകൂടി വ്യാപിക്കുന്നതിലൂടെ ഒരു പാട് പണം ആ വഴിക്ക് സൂക്ഷിക്കാനാകും. നേരത്തെ ഇ- മാലിന്യമെന്ന് പറഞ്ഞു ഉപേക്ഷിച്ചവ ലോക്കലായി - സ്കൂൾ കേന്ദ്രീകരിച്ച് നവിക്കരിച്ചെടുക്കുന്നതിനെപ്പറ്റി ഒരാലോചനയും നമുക്ക് സാധ്യമായില്ല. സാങ്കേതികവിദ്യയും തൊഴിലും നമ്മുടെ കുട്ടികൾക്ക് പഠനസമയത്തിനപ്പുറമും ലഭിക്കുമായിരുന്നു. ഉപേക്ഷക്കപ്പെട്ടവയിൽ കാബിനെറ്റുകൾ, കേബിളുകൾ തുടങ്ങി ഹാർഡ് ഡിസ്ക്, ഡി വി ഡി … തുടങ്ങി പലതും നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നോ എന്നു പോലും ആരും ആലോചിച്ചില്ല. ഉപജില്ലാതലത്തിലെങ്കിലും പുനരുപയോഗസാധ്യത തിരിച്ചറിയാനും നന്നാക്കിയെടുക്കാനുമുള്ള ക്ല്നിക്കുകൾ ഉണ്ടായിരുന്നെങ്കിൽ എത്ര പണം ലാഭിക്കാമായിരുന്ന്വെന്ന് ആലോചിക്കാം.

അദ്ധ്യാപകരുടെ കയ്യിലുള്ള ലാപ്പുകൾ, ടാബുകൾ, മൊബൈലുകൾ ഒക്കെത്തന്നെ സാധ്യമായതിന്റെ 10% പോലും മിക്കവരും പ്രയോജനപ്പെടുത്തുന്നില്ല. അതിനെക്കുറിച്ചുള്ള അറിവില്ല അവർക്ക്. ഇതൊക്കെത്തന്നെ ശാസ്ത്രീയമായ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നല്ല വാടകക്കായിപ്പോലും എടുത്ത് ഉപയോഗപ്പെടുത്തിയാൽ ഇ- വേസ്റ്റ്, റിപ്പയർ കാര്യങ്ങളിൽ ധാരാളം പണം സ്ഥാപനങ്ങൾക്ക് ലാഭിക്കാമായിരുന്നു. സ്വന്തം സാധനമാകുമ്പോൾ കേടാവലും സ്വാഭാവികമായി കുറയും ! കാട്ടിലെതടി തേവരുടെ ആന എന്ന ഭാവം കുറയും !

സ്കൂളിൽ എന്താണാവശ്യം എന്താണ് നിലവില അവസ്ഥ, സാധ്യത എന്നൊന്നും ആലോചിക്കാൻ പറ്റാത്തതല്ല. ഈ രംഗത്തെ ഡയറ്റ് പോലുള്ള നേതൃസ്ഥാപനങ്ങൾ പോലും ഇന്ററാക്ടീവ് വൈറ്റ് ബോർഡുകൾ 100 % പ്രയോജനപ്പെടുത്തുന്നില്ല. വൈറ്റ് ബോർഡ് മാത്രമല്ല ഐ സി ടി സംവിധാനം മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്. അതിനു പ്രാപ്തിയുള്ളവരുടെ എണ്ണം കുറവാണ്. വേർഡ് , പ്രസന്റേഷൻ , വീഡിയോ എന്നീ സാധ്യതകൾക്കപ്പുറം പോകുന്നവരില്ല. ഇന്ററാക്ടീവ് ഗെയിംസ്, പഠനോപകരങ്ങൾ, ഇന്ററാക്ടീവ് വർക്ക് ഷീറ്റുകൾ എന്നിവയിൽ ആരും കൈവെക്കുന്നില്ല. പ്രസന്റേഷനാണ് വ്യാപകം. അതുതന്നെ പി ഡി എഫ് ആക്കാൻ നോക്കില്ല. അതുകൊണ്ടുതന്നെ ഫോണ്ട് പ്രശ്നം കുട്ടികളുടെ സമയം കളയും ! എത്ര ഇന്റർനാഷണൽ സങ്കൽപ്പത്തിലായാലും സാധാരണ സ്കൂളുകളിൽ പതിനായിരങ്ങൾ വിലയുള്ള ഈ സംഗതികൾ എത്രത്തോളം ആവശ്യമാണെന്ന് ആലോചിക്കാൻ കഴിയുന്നില്ല എന്നാണോ ? ഓരോ സ്കൂളിലും വ്യത്യസ്ത ആവശ്യങ്ങളും വ്യത്യസ്ത സാധ്യതകളുമാണ്. . എല്ലാ സ്കൂളിലേക്കും ഒരേപോലുള്ള കോൺഫിഗറേഷൻ അതെത്ര താഴ്ന്നതാണെങ്കിലും ഉയർന്നതാണെങ്കിലും ആവശ്യമില്ല. പാഠപുസ്തകം പോലയല്ലല്ലോ ഐ സി ടി ഹാർഡ്‌വെയർ. ചെലവാക്കുന്ന പണത്തിന്റെ മൂല്യം കുട്ടിക്കും അദ്ധ്യാപകനും സമൂഹത്തിനും കിട്ടണം. ശരാശരിയായിട്ടല്ല ; വ്യക്തിപരമായി ഒരോരുത്തർക്കും അവകാശപ്പെട്ട / ആവശ്യമുള്ള അളവിൽ. സ്കൂൾ ബസ്സ് മറ്റൊരുദാഹരണമാണ്. എല്ലാകുട്ടിക്കും ആവശ്യമായത്ര പ്രയോജനം കിട്ടും. എല്ലാ സ്കൂളിലും ഒരേപോലുള്ള കോൺഫിഗറേഷനിലുമല്ല ബസ്സ്. ലൈബ്രറി ലാബ് കളിസ്ഥലം കുടിവെള്ള ലഭ്യത ഒന്നും ഒരേ കോൺഫിഗറേഷനിലല്ല. ആവേണ്ടതുമില്ല. ഇതിനേക്കാളൊക്കെ പ്രാധാന്യം ഐ സി ടി സാമഗ്രികൾക്ക് കൽപ്പിക്കുന്നുണ്ടെങ്കിൽ അത് അശാസ്ത്രീയമാണെന്ന് ജനം പറയും. നിലവിലെ ഐ സി ടി ഒരു ഉപരിവർഗ ഉപകരണമാണെന്ന ധാരണ ഉറപ്പിക്കപ്പെടും . സാധ്യതയാണ് പ്രധാനം. ആവശ്യകതയും. ഇതാവണമല്ലോ ഹൈടെക്കാക്കുമ്പോൾ സംഭവിക്കേണ്ടത്. അതാണ് അദ്ധ്യാപകരുടെ കുട്ടികളുടെ പ്രതീക്ഷയും.


3

ഇങ്ങനെയൊരു ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ അദ്ധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കളുടെ പ്രതീക്ഷയെന്തായിരിക്കും. . നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങൾ സ്കൂളിൽ എത്തും. അവയൊക്കെത്തന്നെ ക്ലാസ്മുറികളിൽ , ലാബിൽ, ലൈബ്രറിയിൽ , സ്റ്റാഫ്രൂമിൽ… ഒക്കെ വിന്യസിക്കും. സമ്പന്നമായ ഐ സി ടി സാധ്യതകൾ പരക്കെ എത്തും. പഠനം വളരെ വളരെ കാര്യക്ഷമവും സമഗ്രവും ആയിത്തീരും. ഇത്രയും സംവിധാനങ്ങൾ വരുന്നതോടെ അതൊക്കെയും കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്കും കുട്ടികൾക്കും ലഭിക്കും. .

നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയ ഐ സി ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളേയും അദ്ധ്യാപകരേയും പരിശീലിപ്പിച്ചെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. നിലവിൽ അധ്യാപകർക്കുമാത്രമുള്ള ഐ സി ടി പരിശീലനം എല്ലാ കുട്ടികൾക്കും ലഭിക്കണം. കുട്ടി ഉപഭോക്താവുമാത്രമല്ല, ഉൽപ്പാദകനുമാവണം. ഒരു പക്ഷെ, അദ്ധ്യാപകരേക്കാൾ പരിശീലനഗുണം ലഭിക്കുക കുട്ടികൾക്കാവും. മേലധികാരികളോ മഷൊ നിർബന്ധിക്കുമ്പോൾ പ്രയോജനപ്പെടുത്താനുള്ള ഒന്നായിക്കൂടാ ഇവയൊക്കെ. കുട്ടികൾക്ക് ക്ലാസ്മുറികളിൽ നിർബാധം ഉപയോഗപ്പെടുത്താൻ കഴിയണം. നെറ്റ്, വിവിധ സൈറ്റുകൾ , പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിങ്ങനെ ഓരോ കുട്ടിക്കും അധ്യാപകനും ആവശ്യമുള്ളതൊക്കെ ആവശ്യമായ സമയത്ത് കണ്ടെത്താനും എടുക്കാനും കഴിയണം. അറിവിന്റെ ജനാധിപത്യപരമായ , തേജസ്സാർന്ന മുഖം ക്ലാസ്മുറികളിൽ തെളിഞ്ഞുവരണം. അദ്ധ്യാപകന്ന് പഠിക്കാനും പഠിപ്പിക്കാനും കുട്ടിക്ക് പഠക്കാനും വളരാനും ഈ സംവിധാനം പ്രയോജനപ്പെടണം. നാളിതുവരെ കമ്പ്യൂട്ടർ ലാബുകളിൽ – അത് ചുമതലപ്പെട്ട മാഷ് തുറക്കുന്നതും നോക്കി - മാത്രം ഉണ്ടായിരുന്നവ ക്ലാസ്മുറികളിൽ 24 X7 സമയവും ഉണ്ടാവുന്ന അവസ്ഥ നിസ്സാരമല്ല. ജ്ഞാനവികാസസാധ്യതയിൽ കുട്ടി മാത്രമല്ല അധ്യാപകരും ലോകനിലവാരത്തിലേക്ക് ഉയരും. ഉയരണം. പുത്തനറിവുകൾ തിളച്ചുമറിയുന്ന ഇടമാവണം ക്ലാസ്രൂം. ജനാധിപത്യപരമായ സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ , റിപ്പോർട്ടുകൾ എന്നിവ – തീർച്ചയായും ക്ലാസ് പഠനാവശ്യങ്ങൾക്കായിയുള്ളവ – ഉണ്ടാവണം.

ലോകനിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസം നമ്മുടെ ക്ലാസ്‌മുറികളിൽ സ്വപ്നം കാണാൻ നമുക്കു കഴിയുന്നുണ്ട്. . നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത് നിസ്സാരമായ ഒരു പരികൽപ്പനയല്ല അത്. എന്നാൽ ക്ലാസ് മുറി മാത്രമാവരുത് പഠന സ്ഥലം. ലാബ് ലൈബ്രറി പൊതുഇടങ്ങൾ കളിസ്ഥലം വരെ പഠിക്കാനിരിക്കാനുള്ള സ്ഥലങ്ങളാണ് എന്നു കാണണം. വൈവിദ്ധ്യമാർന്ന പഠനഇടങ്ങളെ കൈകാര്യം ചെയ്യാനുള്ള – ഒരുക്കാനും ഉപയോഗിക്കാനുമുള്ള സംവിധാനമായിരിക്കണം ഐ സി ടി . പ്രാഥമികമായും സ്റ്റാപ്ഫ് റൂമാവും ആധ്യാപകന്റെ പഠന ഇടം. ഇവിടങ്ങളിലൊക്കെ ഐ സി ടി യുടെ സഹായം കിട്ടണം. ലാപ്പ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ തുടങ്ങിയവയിടെ വിന്യാസം ഇവിടങ്ങളിലൊക്കെ ഉണ്ടാവണം. പലരും ഭയപ്പെടുന്നതുപോലെ / ആശ്വസിക്കുന്നതുപോലെ ലാബും ലൈബ്രറിയും വായനയും ക്ലാസിലെ ഐ സി ടി പ്രയോഗങ്ങളിൽ ഒതുങ്ങരുത്. ലാബിന്ന് പകരമല്ല, ലൈബ്രറിക്ക് പകരമല്ല , കളിസ്ഥലത്തിന്ന് പകരമല്ല ഇതൊന്നും . പാശ്ചാത്യരാജ്യങ്ങൾ കമ്പ്യൂട്ടർ വിട്ട് പാടത്തേക്കും പറമ്പിലേക്കും കുട്ടികളെ വിട്ടയക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ജീവിതാനുഭവങ്ങൾ ഡിജിറ്റലല്ല. എന്നാൽ ലാബ് പ്രവർത്തനങ്ങൾക്കും ലൈബ്രറി പ്രവർത്തനങ്ങൾക്കും ഐ സി ടി വേണം താനും. കുട്ടികൾക്കുള്ള പൊതു വായനാസാമഗ്രികൾ, വായനാകാർഡുകൾ, പുസ്തകപരിചയങ്ങൾ, ഓഡിയോ പുസ്തകങ്ങൾ , അഭിമുഖങ്ങൾ – പ്രകടനങ്ങൾ തൊട്ടുള്ള വീഡിയോകൾ , എല്ലാം നിറയെ വേണം. ലാബിൽ അധികപഠനത്തിന്നായുള്ള വീഡിയോകൾ, സ്വന്തം പരീക്ഷണ നിരീക്ഷണങ്ങളുടെ റെക്കോഡുകൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങളൂണ്ടാകും. സ്റ്റാഫ് റൂമുകളിൽ ആവശ്യമുള്ള ഐ സി ടി ഉപകരണങ്ങൾ ഉണ്ടാവണം. സമഗ്രപോലുള്ളവയുടെ പ്രയോജനം സ്റ്റാപ്ഫ് റൂമിലാണ് പ്രധാനമായും. എസ് ആർ ജി യോഗങ്ങൾക്ക് ഇതൊക്കെ ഉടനെയുടനെ ആവശ്യമാണ്. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോഴാണ് - അതിന്റെ എസ് ആർ ജി ചർച്ചകളിലാണ്, വിവിധ വിഷയങ്ങളുമായി തന്റെ വിഷയം ഇന്റഗ്രേറ്റ് ചെയ്യേണ്ടി വരുന്ന ചർച്ചകളിൽ നെറ്റും ലാപ്പും മൊബൈലും ഒന്നും ഒഴിവാക്കാൻ പറ്റില്ല. . ഇതിനൊന്നും പ്രത്യേക പരിശീലനമൊന്നും ഇനി വേണമെന്നില്ല. . ഉപയോഗപ്പെടുത്താനുള്ള ആവേശം ഉണ്ടാക്കൽ മാത്രം മതി. നന്നായി ഉപയോഗിക്കുന്നവരെ അംഗീകരിക്കലും അനുമോദിക്കലും കൂടി പ്രധാനമാണ്. ഓരോ അദ്ധ്യാപകനും ആവശ്യമായ ഡിജിറ്റൽ കണ്ടന്റ് സ്വയം ഉണ്ടാക്കലും ശേഖരിക്കലും ക്ലാസിൽ ഉപയോഗപ്പെടുത്തലും വേണമല്ലോ.

ഡിജിറ്റൽ കണ്ടന്റ് വികസിപ്പിക്കാനുള്ള പരിശീലനം അദ്ധ്യാപകർക്ക് നൽകണം. നിലവിൽ അദ്ധ്യാപകർ ഉപഭോക്താക്കൾ മാത്രമാണ്. അപൂർവം പേർ സ്വയം വികസിപ്പിക്കുന്നില്ല എന്നല്ല. സമഗ്രയിൽ നിന്നുപോലും എടുത്ത് പ്രയോഗിക്കലേ ഉള്ളൂ. ഇതിലേ വലിയ അപകടവും അധാർമ്മികതയും യു ട്യൂബ് പോലുള്ളവയിൽ നിന്ന് ആവശ്യാനുസരനം എടുക്കാമെന്ന ചിന്തയും അതിനു നമ്മുടെ പരിശീലനങ്ങളിൽ നൽകുന്ന പ്രോത്സാഹനവുമാണ്. എടുത്ത് ഉപയോഗിക്കുന്നവക്ക് പ്രധാനമായും രണ്ടു പ്രശ്നങ്ങൾ ഉണ്ട്. 1 . അതങ്ങനെ എടുക്കാൻ അനുവാദമുള്ളവയല്ല മിക്കതും. കവർച്ചയാണ്. കുറ്റകരമാണ്. ഓപ്പൺ ലൈസൻസുള്ളവ ഉണ്ട്. അത് കണ്ടെത്തണം. അങ്ങനെയുള്ള സംഗതികൾ പരിശീലനങ്ങളിൽ പൊതുവെ പരിഗണിക്കപ്പെടാറില്ല. 2. ആരോ ഉണ്ടാക്കിയിട്ടവ നമ്മുടെ ക്ലാസിലേക്ക് -ലോക്കലായി - അനുയോജ്യമാണോ എന്നന്വേഷണം ഒട്ടും ഇല്ല. നമ്മുടെ കുട്ടിക്കും അദ്ധ്യാപകർക്കും ദഹിക്കുന്നതും വഴങ്ങുന്നതുമാണോ ഈ റിസോർസുകൾ എന്ന ചിന്ത ഒട്ടും ഇല്ല. അതുകൊണ്ടുതന്നെ ഇ- റിസോർസുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഇല്ലാതാവുന്നു. ഏതൊക്കെയോ നാട്ടിലെ വിദഗ്ദ്ധർ അവരുടെ നാട്ടിലേക്കും കുട്ടികൾക്കും വേണ്ടിയുണ്ടാക്കിയവ മറ്റുള്ളവർക്ക് കാണാനായി ഇട്ടവയാണിവ. നാമും നമുക്കനുയോജ്യമായവ ഉണ്ടാക്കിയെടുത്തേ മതിയാവൂ. അതാണെറ്റവും എളുപ്പവും പ്രയോജനപ്രദവും. അതറിയണം. അത് പരിശീലങ്ങളുടെ ഭാഗമാവണം. ഒരു വീഡിയോ, ഓഡിയോ , പ്രസന്റേഷൻ, ഇന്ററാക്ടീവ് ഗെയിം, വർക്ക്ഷീറ്റ് , ഗൂഗ്ഗിൽ ഷീറ്റ് .… എന്തും നമ്മുടെ അദ്ധ്യാപകർക്കും കുട്ടികൾക്കും നിഷ്പ്രയാസം ഉണ്ടാക്കിയെടുക്കാൻ കഴിയണം. ക്ലാസ്മുറിയിലെ ചോരണം ഇല്ലാതാവണം. പുതിയ പുതിയ റിസോർസുകൾ സൃഷ്ടിക്കപ്പെടണം.

പലഘട്ടങ്ങളിലായി അദ്ധ്യാപകരെ പല ടൂളുകളും ആപ്ലിക്കേഷനുകളും പരിശീലങ്ങളിൽ പരിചയപ്പെടുത്തിയിട്ടും പഠിപ്പിച്ചിട്ടും ഉണ്ടാവാം. എന്നാൽ അവയുടെ തുടർ പ്രയോഗം വളരെ വളരെ കുറവാണ്. ഭാഷയിൽ, ഗണിതത്തിൽ ഒരു ചെറിയ ഇന്ററാക്ടീവ് ഗെയിം , ഒരു വീഡിയോ , ഒരു ഓഡിയോ … ചെയ്യുന്നില്ല . ജിയോജിബ്ര ഉപയോഗിക്കുന്ന കണക്ക് അദ്ധ്യാപകർ എത്രയുണ്ടാവും ? ക്ലാസിൽ ജിമ്പ് ഉപയോഗിക്കുന്ന ഡ്രോയിങ്ങ് മാഷമ്മാരെ പരിചയമുള്ളവർ എത്രയുണ്ട്? പ്രസന്റേഷൻ പോലും അത്രയധികം സ്വയം ആരും ഉണ്ടാക്കുന്നില്ല . അവയുടെ ഒരു ശേഖരം സ്കൂളുകളിൽ സൂക്ഷിക്കപ്പെടുന്നില്ല. വായനാകാർഡുകൾ, കളികൾ, വർക്ക്ഷീറ്റുകൾ, പ്രസന്റേഷനുകൾ , വീഡിയോകൾ, ഓഡിയോകൾ, ചിത്രങ്ങൾ എന്നിവയുടെ നല്ലൊരു ശേഖരം ഓരോ സ്കൂളിലും ഹൈടെക്കാവുന്നതിലൂടെ ഇവയൊക്കെത്തന്നെ വികസിപ്പിക്കാനാവണ. നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യലല്ല പഠനപ്രവർത്തനം എന്ന പ്രാഥമിക തത്വം വ്യാപിക്കണം. ശരിക്കു പ്പറഞ്ഞാൽ സ്കൂൾ റിപ്പോസിറ്ററിയിലേക്ക് അപ്പ്ലോഡ് ചെയ്യലാവണം പഠനപ്രവർത്തനങ്ങളുടെ ഒരു ഘട്ടം. അപ്പോൾ ഇന്നുപയോഗിക്കുന്ന ഈ ഇന്റെർനെറ്റ് ചെലവ് എത്രയോ കുറയ്ക്കാം. അത്യാവശ്യം നമ്മുടെ ക്ലാസുപയോഗത്തിനുള്ള ഒരു സാധനം നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ എത്ര നെറ്റുപയോഗം ഉണ്ടന്ന് ആരും ആലോചിക്കുന്നില്ല. നെറ്റ് ഫ്രീയാണെന്നാണ് പൊതുധാരണ. സർക്കാർപണം അട്യ്ക്കുമ്പോഴാണല്ലോ സ്കൂളിൽ നെറ്റ് ഫ്രീയായി കിട്ടുന്നത്. സർക്കാർപണം നമ്മുടെയൊക്കെ പണമല്ലേ. അങ്ങനെയല്ല സാധാരണ അദ്ധ്യാപകന്റെ ആലോചന പോകുന്നത് .

ക്ലാസ്മുറികൾ, സ്റ്റാഫ് റൂമുകൾ, ലാബ് , ലൈബ്രറി, വരാന്ത – ഇടനാഴി- മുറ്റം - മരച്ചുവടുകൾ വരെ മുഴുവൻ ഹൈടെക്കാവണം. എത്രത്തോളം കഴിയുമോ അത്രയും നല്ലത്. മാവിൻ ചുവട്ടിൽ ഒരു ചെറുസംഘം കുട്ടികൾ / അദ്ധ്യാപകർ ടാബിലോ കിന്റിലിലോ മൊബൈലിലോ ഒരു മാസിക / പത്രം / പുസ്തകം വായിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. കുട്ടികളും അധ്യാപകരും പഠിക്കാനും പഠിപ്പിക്കാനുമുള്ള സഹായകസംവിധാനങ്ങൾ – ഇ റിസോർസ് ഉണ്ടാക്കുന്ന ഇടമാവണം സ്കൂൾ. സ്കൂൾ ഒരു ഡൗൺലോഡ് കേന്ദ്രമല്ല. ഇന്റർനാഷണൽ തലത്തിലേക്ക് നമ്മുട കുട്ടിയും മാഷും വളരുന്നത് ഡൗൺലോഡിലൂടെയാവരുത്. കഴിയുന്നത്ര അപ്പ്‌ലോഡ് ചെയ്യാൻ കഴിയണം. നമുക്കത് കഴിയും. അതിനുവേണ്ട പരിശീലനവും പ്രോത്സാഹനവും അദ്ധ്യാപകർക്കും കുട്ടിക്കും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉണ്ടാവണം. മണ്ണും മരവും വെള്ളവും വെയിലും പൂവും പൂമ്പാറ്റയും അനുഭവിക്കുന്നപോലെ ഐ ടി യും കുട്ടി അനുഭവിക്കുകയാവണം. അനുഭവങ്ങൾ അറിവായി ലോകനിലവാരത്തിലെത്തുകയും ചെയ്യും. .

പ്രാഥമികമായും പുറമേനിന്നുള്ള എല്ലാ അറിവും ക്ലാസിലേക്ക് കയറിവരാനുള്ള ജനാലയല്ല ഹൈടെക്ക് ; ക്ലാസിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അറിവുകൾ പുറം ലോകത്തേക്ക് കടന്നുപോകാനുള്ള ജാലകമാണ് എന്നുറപ്പാക്കണം.

4

നിലവിൽ ബഹുഭൂരിപക്ഷം അദ്ധ്യാപകരും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നിപുണത നന്നേ കുറഞ്ഞവരാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടും മിക്കവാറും ഇതാണവസ്ഥ . നമുക്ക് കേരളത്തിൽ ഐ ടി @ സ്കൂളിന്റെ പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ധാരാളമുണ്ട് . അപ്പോൾ പരിശീലനക്കുറവല്ല ഇതിനു കാരണം എന്നു കാണാം. പിന്നെ എന്താവാം എന്ന അന്വേഷണം ആരംഭിക്കും. പ്രശ്നപരിഹാരങ്ങൾ ഉണ്ടാവും. സാധാരണക്കാരനായ അദ്ധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

പൊതുവെ എല്ലായിടത്തും , ഐ സി ടി പ്രയോജനപ്പെടുത്തിയിട്ടുള്ള ക്ലാസ്മുറികളിലൊക്കെത്തന്നെ അതു ഫലപ്രദമാക്കാൻ അദ്ധ്യാപകർക്കാവുന്നില്ല . എന്നാൽ കുട്ടികൾക്ക് വലിയ പ്രയാസവുമില്ല. അമേരിക്കയിൽ പോലും ഈ പ്രശ്നം - അദ്ധ്യാപകർ പുതിയ ജ്ഞാനവിദ്യകൾ പ്രയോഗിക്കാൻ വിമുഖരും അജ്ഞരുമാണ് - എന്ന കാര്യം പഠനങ്ങളിൽ കാണാം. കമ്പ്യൂട്ടർ ഇന്റെർനെറ്റ് എന്നീ സംവിധാനങ്ങളുടെ പ്രയോഗങ്ങളിൽ മുതിർന്നവരേക്കാൾ കുട്ടികളാണ് മുന്നിൽ. . ഇന്നത്തെ കുട്ടികളുടെ തലമുറയിൽ സഹജമായി സന്നിഹിതമായ ഒന്നാണ് ഐ ടി . അദ്ധ്യാപകരുടെ തലമുറ പുതിയ ഒന്നിനെ പഠിച്ചെടുക്കുകയാണ്. ഈ ഒരു വിടവ് ക്ലാസ്മുറിയിൽ ഉണ്ട്. അവനവന്റെ തലമുറ ഉപകരണങ്ങൾ [ എന്തുമാവട്ടെ ] കൈകാര്യം ചെയ്യാനാണ് സാധാരണ മികവ് ഉണ്ടാവുക. ഇത് ഒരു ബയോളജിക്കൽ വിഷയമായാണ് പരിഗണിക്കേണ്ടത് എന്നു തോന്നുന്നുണ്ട് . പല്ലുതേക്കാൻ അമ്മൂമ്മക്ക് ചക്കപ്പുഴുക്കും പേരക്കുട്ടിക്ക് സോഫ് ബ്രസ്സിൽഡ് ബ്രഷും പ്രിയപ്പെട്ടതാവുന്നത് സ്വാഭാവികം മാത്രമാണ് .

നിലവിലുള്ള നാനാതരം പരിശീലനങ്ങൾ അദ്ധ്യാപകരെ കുറച്ചൊക്കെ ആധുനിക വിദ്യകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് സമ്മതിക്കാം. എന്നാൽ അത് ക്ലാസ്മുറിയിൽ നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്ന് ഒരു നിഷ്കർഷയും ഇതുവരെ ഇല്ലാത്തതുകൊണ്ട് പഴയ ലക്ച്ചർ ഫോമുകളാണ് അധികവും എന്നത് പരസ്യമാണ്. പഠനം ഇന്നും നമ്മുടെ ക്ലാസുകളിൽ പരീക്ഷ കേന്ദ്രിതമാണ്. ശിശുകേന്ദ്രീകൃതമെന്നതിനേക്കാൾ learning out come , exam , result , esteem of school എന്നിവയിൽ ഊന്നുന്നു. പഠിക്കുന്ന രീതി ഒന്നും പരീക്ഷിക്കുന്ന രീതി മറ്റൊന്നുമാവുന്നു. നിലവിൽ ഇതുവരെ അതിലെ മാറ്റത്തെക്കുറിച്ചും പഠനം പോലെ പരീക്ഷ ഹൈട്ടെക്കാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നില്ല. . ഹൈടെക്ക് ക്ലാസ്മുറിയാണെങ്കിൽ പരീക്ഷയും അതിനനുയോജ്യമായ രീതിയിലാവണമല്ലോ . നമ്മുടെ ക്ലാസ്മുറികൾ ഇന്നും പരീക്ഷക്ക് വേണ്ടി ഒരുക്കുന്ന പരിശീലനക്കൊട്ടിലുകളാണ് എന്ന നില വിട്ടിട്ടില്ല .

അദ്ധ്യാപകരുടെ മാറനുള്ള വിസമ്മതം നിസ്സാരമല്ല. തങ്ങൾ പഠിച്ചുപോന്ന മഹത്തായൊരു പാരമ്പര്യം ഉപേക്ഷിക്കാനാവുന്നില്ല. ഇരുത്തിപ്പഠിപ്പിച്ചത് മറക്കാനാവുന്നില്ല . കുട്ടിക്കാവട്ടെ അവർ പഠിക്കുന്ന രീതി ക്ലാസിൽ പോറ്റാനുമാവുന്നില്ല . കുട്ടികൾ ഇന്റെർനെറ്റും ലാപ്പും ടാബും നിത്യമുപയോഗിച്ച് പഠിക്കുകയും കളിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നവരാണ് . ഇത് അത്രത്തോളം ക്ലാസിൽ അനുവദനീയമാകുന്നില്ല. വാക്കാർഥം, പദപ്രയോഗം, ഗൂഗിൾ മാപ്പ്, ഗണിത പസിലുകൾ , ശാസ്ത്ര ഗവേഷണഫലങ്ങൾ, രാഷ്ട്രീയ ധാരണകൾ .… തുടങ്ങിയവ നിമിഷനേരം കൊണ്ട് കുട്ടിയുടെ കൈപ്പിടിയിലുണ്ട്. . മിക്ക അധ്യാപകരും ഈ ലവലിലല്ല. അവർ മാറാനും പെട്ടെന്ന് തയ്യാറില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ഇപ്പൊഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പ്രദായിക ക്ലാസു മുറികളോടുള്ള വിശ്വാസം സമൂഹത്തിൽത്തന്നെ പ്രബലമാണ്. എന്തൊക്കെ ഐ സി ടി ഉണ്ടെങ്കിലും കുട്ടിയെ ഇരുത്തി തല്ലിപ്പഠിപ്പിക്കണം എന്നുതന്നെയാണ് കേരളത്തിന്റെ ഫ്യൂഡൽ ജീവിതമുള്ള കുടുംബം. പുറം ലോകമല്ല അകം ലോകം , വീട്ടിലെങ്കിലും. സാമ്പ്രദായിക ക്ലാസ്മുറി സർക്കാരും വിട്ടിട്ടില്ല. ക്ലാസ്മുറി നവീകരണം എന്നത് പി ഡബ്ലിയു അളവ് തൂക്കങ്ങളിൽ നിന്ന് പുറത്ത് വന്നിട്ടില്ല. തീർച്ചയായും നിരവധി സ്കൂളുകൾ നാട്ടുകാരുടേയും അദ്ധ്യാപകരുടേയും [ കഠിന ] ശ്രമഫലമായി പഠനപരിസരപരമായ നവീനതകൾ സ്വായത്തമാക്കിയിട്ടുണ്ട് . ബഹുഭൂരിപക്ഷം സ്കൂളുകളിലും , ഇന്റർനാഷണൽ എന്നുപേരിടുന്ന സ്കൂളുകളിലും പഴയ ഡസ്കും ബഞ്ചും ക്ലാസ്മുറികൾ തന്നെ . [ ഉള്ള ] കുട്ടികളുടെ സ്വന്തമായ ടാബ്, ലാപ്പ് , മൊബൈൽ എന്നിവ ഉപയോഗിക്കാനുള്ള ബോധനശാസ്ത്രപരമായ ഒരുക്കങ്ങൾ തീരെ ഇല്ല . അനുവാദവും ഇല്ല .

പഠനം ബോധനം എന്നിവ പേർസണലൈസ് ചെയ്യാനുള്ള സാധ്യതകൾ എത്രത്തോളമുണ്ട് . ടെക്നോളജിയുടെ പ്രധാനപ്പെട്ട ഒരു വശം അതിനെ യൂസർക്കാവ ശ്യമുള്ള രീതിയിലേക്ക് അതിനെ പരുവപ്പെടുത്താം [ പേർസണലൈസ് ] ചെയ്യാം എന്നാണല്ലോ. മുങ്കൂട്ടി നിശ്ചയിച്ച പഠനപ്രവർത്തനങ്ങൾ സമഗ്രയായാലും യൂട്യൂബ് തുടങ്ങിയവയായാലും കളികളായാലും കുട്ടിക്കും അദ്ധ്യാപകനും അതിൽ ഒന്നും ചെയ്യാനില്ല. അതങ്ങനെ ഉപയോഗിക്കൽ മാത്രമാണ് . പഠനത്തിന്റെ കാര്യത്തിൽ ഓരോകുട്ടിക്കുമുള്ള തനത് ശീലങ്ങളേയും അഭിലാഷങ്ങളേയും നിലവിൽ ഐ സി ടി ഒരുക്കങ്ങൾ അവഗണിക്കുന്നു . കുട്ടിയുടെ ബഹുമുഖ ബുദ്ധിയെ അംഗീകരിക്കുന്നേയില്ല . ഭിന്ന നിലവാരക്കാരേയും ഭിന്ന ശേഷിക്കാരേയും മിടുക്കരേയും പിന്നാക്കം നിൽക്കുന്നവരേയും നഗര ഗ്രാമ വ്യത്യാസങ്ങളേയും ആൺ പെൺ വ്യത്യാസത്തേയും പരിഗണിക്കുന്നില്ല . ഓരോ കുട്ടിയും തനിക്കാവശ്യമുള്ള വിഭവങ്ങൾ ഉപയോഗിക്കലല്ല , ഉണ്ടാക്കലാവണം ക്ലാസ്മുറിയിലെ ആദ്യാവസാന പഠന പ്രവർത്തനം .

ബോധനവും ഉപകരണങ്ങളുടെ തനത് സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താൻ നമുക്കെത്രത്തോളം ആവുന്നുണ്ട്. മൊബൈലിലെ കാൽക്കുലേറ്റർ, കലണ്ടർ , റിമൈൻഡറുകൾ , സോഷ്യൽ നെറ്റ്വർക്കുകൾ എന്നിങ്ങനെ കയ്യിലുള്ള ഉപകരണങ്ങളിൽ സ്വയമേവ ഉള്ളതും കൂട്ടിച്ചേർക്കാവുന്നതും പഠന ബോധനപ്രവർത്തനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. ? തനത് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള എന്തെന്ത് പരിപാടികൾ ഇതുവരെ നാം ആലോചിച്ചിട്ടുണ്ട് ? ഇത് ചൂണ്ടിക്കാണിക്കുന്നത് ഐ സി ടി ഇതൊക്കെ പരിഗണിക്കാതെയുള്ള മറ്റെന്തൊക്കെയോ ആണെന്ന ധാരണയിലേക്കാവും. പഠിക്കുമ്പോഴും പിന്നെ പരീക്ഷക്കും കാൽക്കുലേറ്ററും കലണ്ടറും ഗൂഗ്ഗിൾ മാാപ്പും ഡാറ്റകളും മൊബൈലിലുള്ളത് കുട്ടിക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടോ ? പഠിക്കുന്നത് ഇങ്ങനെയാണെങ്കിൽ പരീക്ഷയും അങ്ങനെയാവേണ്ടേ ?

മൂല്ല്യനിർണ്ണയനത്തിൽ ഐ സി ടിയുടെ പങ്ക് നിലവിൽ ഇല്ല എന്നുതന്നെ പറയാം. ബോധനത്തിന്റെ തുടർച്ചയാണല്ലോ മൂല്യനിർണ്ണയം . നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം സാധ്യമാക്കാൻ ഐ സി ടി ക്ക് എത്രയോ കഴിവുണ്ടല്ലോ . അവിടേക്ക് നമ്മുടെ ഹൈടെക്ക് ക്ലാസുകൾ വളരാൻ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ മുങ്കൂട്ടി തയ്യാറാക്കിയ ചില കണ്ടന്റ് ക്ലാസിലെത്തിക്കലാവുകയാണോ ഹൈ ടെക്ക് ? മിക്കപ്പോഴും പഠനം കൺസ്റ്റ്രക്ടീവ് ഭാവത്തിലും പരീക്ഷ ബിഹേവിയറിസ്റ്റ് രൂപത്തിലും തന്നെയാണല്ലോ.

നിരന്തരം മാറുന്ന – നവീകരിക്കപ്പെടുന്ന ടെക്നോളജി ലോകം ഹൈടെക്ക് ക്ലാസ്മുറികൾക്ക് വലിയ വെല്ലുവിളിയാണ്. ഹാർഡ്‌വെയറും സോഫ്‌ട്‌വെയറും നിരന്തരം പുതുക്കപ്പെടുന്നു . ഈ മാസം ഉപയോഗിച്ച ഒരു സോഫ്ട്വെയർ അടുത്തമാസം അപ്പ്ഡേറ്റ് ചെയ്തോ പുതിയതെടുത്തോ ഉപയോഗിക്കേണ്ടിവരുന്നു . സ്കൂൾ ലിനക്സ് പോലും നിരന്തരം പുതുക്കുകയും അതെല്ലാം അപ്പപ്പോൾ ഇൻസ്റ്റാൾ ചെയ്ത് സജ്ജീകരിക്കയും വേണ്ടിവരുന്നു. പുതിയ സോഫ്ട്‌ വെയറിന്ന് പലപ്പോഴും പുതിയ ഹാർഡ് വെയർ വേണ്ടിവരുന്നു. മൂഡിൽ , പി ഛ് പി 5 എന്നിങ്ങനെ പുതിയവ പുതിയവ .

ക്ലാസ്മുറിയും അതിന്റെ ഘടനയും ഐ സി ടി യും തമ്മിലുള്ള പൊരുത്തമില്ലായ്മ ചെറുതല്ല. . ടൈൽസ് , എ സി എന്നിവയിൽ പരിഹരിക്കാവുന്നതല്ല ഈ പൊരുത്തക്കേട്. തിക്കും തെരക്കുമുള്ള ചെറിയ ക്ലാസുകൾ , സ്കൂൾ ടയിം ടേബിൾ തുടങ്ങി പലതും ഐ സി ടി പ്രയോജനപ്പെടുത്തലിനെ തടയുന്നു . ഒരു വീഡിയോ സൂക്ഷ്മായി കാണൽ , ഒരു ആർട്ടിക്കിൾ – പുസ്തകം വായിക്കൽ , ഒരു ഗെയിം മനസ്സിലാക്കൽ തുടങ്ങി സമയമെടുത്ത് ചെയ്യേണ്ട പലതും ക്ലാസിനകത്ത് സാധ്യമല്ല ഇന്ന് . ആരൊക്കെയോ മുങ്കൂട്ടി തയ്യാക്കി വെച്ചതും അത് ബോധനസമയത്ത് അദ്ധ്യാപകർ കാണിച്ചുതരുന്നതുമായ ചില യൂട്യൂബ് വീഡിയോ , ഓഡിയോ മാത്രമല്ലല്ലോ ഹൈടെക്ക് ക്ലാസ്മുറിയിൽ ഉണ്ടാവേണ്ടത്. അദ്ധ്യാപകന്റെയും കുട്ടിയുടേയും സർഗാത്മകതയും പഠനസന്നദ്ധതയും ഒക്കെ പരമാവധി പ്രകാശിതമാവേണ്ട ഇടങ്ങളാവണം ഹൈടെക്ക് ക്ലാസ് മുറികൾ. നേരത്തെ ഒരിക്കൽ പറഞ്ഞപോലെ വെളിയിൽനിന്നുള്ള വിവരങ്ങൾ കടന്നുവരാനുള്ള ജാലകമെന്നതിനേക്കാൾ ക്ലാസിലുണ്ടാവുന്ന വിവരങ്ങൾ പുറത്തേക്ക് പ്രകാശനം ചെയ്യാനുള്ള ജാലകങ്ങളായിരിക്കണം നമ്മുട ക്ലാസ്മുറികളിൽ ഹൈറ്റെക്ക് വഴി സജ്ജമാകേണ്ടത് .

മനമോടാത്ത കുമാർഗമില്ലെടോ [ ഡിസ്റ്റ്രാക്ഷൻസ് ] എന്നു പറയും പോലെ കുട്ടിയും അദ്ധ്യാപകനും അറിഞ്ഞും അറിയാതെയും ചെന്നുകേറുന്ന ചതിക്കുന്നുകൾ ഇന്റെർനെറ്റിൽ സുലഭമാണ്. . നമ്മളെത്ര സൂക്ഷിച്ചാലും നിയന്ത്രിച്ചാലും ചതിക്കുന്നുകൾ സജീവമാണ് . ഇതൊക്കെ തിരിച്ചറിയാൻ തന്നെ ഒരുപാട് സമയമെടുക്കും.

ടെക്ക്നോളജി നഷ്ടപ്പെടുത്തുന്ന ക്രിയേറ്റിവിറ്റി തലം ചെറുതല്ല. സജീവമായ ജീവിതം കുട്ടിക്ക് വലിയൊരളവോളം നഷ്ടപ്പെടുന്നു. പാടവും കുന്നും പുഴയും നെല്ലും കയ്പ്പും വാത്സല്യവും കിളിക്കൂടും മാലിന്യപ്രശ്നവും കുട്ടി ഹൈടെക്കിൽ അനുഭവിച്ചാൽ പോരല്ലോ . അനുഭവം സജീവമായി റിയലായി മുന്നിലുള്ളപ്പോൾ അത് ശ്രദ്ധിക്കാതെ വെർച്വൽ റിയാലിറ്റിയിൽ കുട്ടി അനുഭവം അവസാനിപ്പിക്കുന്നു. മണ്ണും വെള്ളവും ആകാശവും നഷത്രവും കുട്ടിക്ക് റിയലായി ലഭിക്കണം. കവിത കുട്ടിക്ക് സ്വയം പാടാനും ആസ്വദിക്കാനും കഴിയണം. അക്ഷരം സ്വന്തം നോട്ട് ബുക്കിൽ എഴുതാൻ കഴിയണം. വെർച്വൽ ടൂറുകളേക്കാൾ സ്വന്തം പരിസരസരങ്ങളിൽ റിയൽ ടൂറുകൾ , ഫീൾഡ് ട്രിപ്പുകൾ ഒരുക്കിയെടുക്കണം. ടെക്ക്നോളജി ഇത്തരം അനുഭവങ്ങളെ നഷ്ടപ്പെടുത്താനോ രണ്ടാംതരം അനുഭവമെന്ന് കരുതാനോ പ്രേരിപ്പിക്കുന്നുണ്ട്. യഥാർഥ ലോകമല്ല ആരൊക്കെയോ എഡിറ്റ് ചെയ്ത ലോകമാണ് ഇന്ന് ഹൈടെക്കിലൂടെ കുട്ടിയുടെ മുന്നിലത്തുന്നത്. പിന്നെ പിന്നെ അദ്ധ്യാപകന്റെ സാന്നിദ്ധ്യം പോലും വേണ്ടെന്നാവും . അധികാരികൾ ഇപ്പോൾ ഉറപ്പിച്ചു പറയുന്നത് അദ്ധ്യാപകനെ ഒഴിവാക്കിയുള്ള ഒരു ഹൈടെക്കും ഇല്ലാ എന്നു തന്നെയാണ് . എന്നാൽ ടെക്നോളജി വളരെ സ്വാഭാവികമായി അദ്ധ്യാപകനെ ഒഴിവാക്കിക്കോളൂം. അതിനുള്ള രസവിദ്യ ഐ ടി ക്കുള്ളിൽ സ്വയമേവ നിലീനമാണ്. അതൊരു കുറ്റമായി കാണാനും വയ്യ . വളർച്ച / വികാസങ്ങളൊക്കെ മിക്കതും പുറം തള്ളലാണല്ലോ .



5

ഐ സി ടി അധിഷ്ടിതപഠനത്തിന്നനുയോജ്യമായ പാഠപുസ്തകം, , ടീച്ചർ റെക്സ്റ്റ് , ക്ലാസ്രൂം പ്രക്രിയകൾ , മൂല്യനിർണ്ണയന രീതികൾ , ക്ലാസ്രൂം വിന്യാസം, അദ്ധ്യാപക വിദ്യാർഥി അനുപാതം, സമയക്രമീകരണം എന്നിവ പുനരാലോചനക്ക് വിധേയമാകും. പഠനപ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്ക് വിഭവസമാഹരണ ത്തിൽ നിന്ന് കുറേകൂടി ഉയർന്ന് കുട്ടിയുടെ ജ്ഞാനാർജ്ജനത്തിൽ വരെ പ്രയോജനപ്പെടുത്താൻ കഴിയും . സ്കൂളും സമൂഹവും പരസ്പരബന്ധിതവും പരസ്പര സഹായകവും ആയിത്തീരും.. വിപുലമായ ഒരു വിജ്ഞാനസമൂഹം രൂപം കൊള്ളും. സ്കൂളുകളുടെ സമഗ്രമായ ഒരു വിജ്ഞാന ശൃംഖല രൂപപ്പെടും . ഓരോ കുട്ടിയും അറിവിന്റേയും പ്രയോഗത്തിന്റേയും കാര്യത്തിൽ ലോകനിലവാരത്തിലുള്ള കുട്ടിയായിത്തീരും . . അതിൽ അദ്ധ്യാപകരുടെ സ്ഥാനവും പങ്കാളിത്തവും ചുമതലയും സുപ്രധാനമായിത്തീരും. . ഇതൊക്കെയാണ് സാധാരണ അദ്ധ്യാപകർ പ്രതീക്ഷിക്കുക.

പഠനം ഐ സി ടി സഹായത്തോടെയാവുകയും അതിനുവേണ്ടി നിരവധി പണം ചെലവാക്കി ഉപകരണങ്ങൾ സ്ഥാപിക്കയും ചെയ്യുന്നതോടെ നിലവിലുള്ള പാഠപുസ്തകങ്ങൾ അതിനനുസരിച്ച് പരിഷ്കരിക്കേണ്ടിവരും . മിക്കവാറും പ്രിന്റഡ് ബുക്കുകൾ ഡിജിറ്റൽ പുസ്തകങ്ങളായി മാറണം. . പാഠങ്ങൾ വിവിധ ഡിജിറ്റൽ ഫോർമാറ്റുകളിൽ ആവശ്യമായിവരും. പുസ്തകങ്ങളൾക്കായുള്ള ചെലവ് വളരെ വളെ കുറയും . കുട്ടികൾക്കും അദ്ധ്യാപകർക്കുമായുള്ള എല്ലാ പുസ്തകങ്ങളും മികവുറ്റ ഡിജിറ്റൽ രൂപത്തിൽ വരും . കവിതകൾ, കഥകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ , ശാസ്ത്ര ഗണിതശാസ്ത്ര പാഠങ്ങൾ, ബയോളജി , പൗരധർമ്മം, ഭൂമിശാസ്ത്രം , വിവിധ ഭാഷാ പാഠങ്ങൾ എല്ലാം മികച്ചവയായും ബോധന സാമഗ്രികൾ എംബഡഡുമായിത്തീരും . മൂല്യനിർണ്ണയ സംവിധാനം പാഠങ്ങളിൽത്തന്നെ നിഹിതമായിരിക്കും . ലോകനിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ നമുക്ക് ലഭ്യമാകും..

ഓരോ സ്കൂളിനും സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളുമായും ബന്ധപ്പെട്ട സ്വന്തം സൈറ്റുകൾ, , ഓരോ ക്ലാസിനും ബ്ലോഗുകൾ [ സൈറ്റിനകത്തോ പുറത്തോ ] , സോഷ്യനെറ്റ്‌വർക്ക് അക്കൗണ്ടുകൾ, നിരന്തരമായ ആശയവിനിമയ ചാനലുകൾ രൂപപ്പെടും. ക്ലാസ് റൂൂം പ്രക്രിയകൾ 24X7 സമയവും സജീവമാകും. അദ്ധ്യാപകരുമായും കുട്ടികളുമായും രക്ഷിതാക്കളുമായും ഔദ്യോഗിക സംവിധാനവുമായും നിരന്തര സമ്പർക്കം വളരും. പഠനതന്ത്രങ്ങൾ നെറ്റ് വർക്കുകൾ ഉപയോഗിച്ച് [ സെമിനാർ , സംവാദം, ക്വിസ്സുകൾ, നിരന്തരവിലയിരുത്തൽ ഘടകങ്ങൾ ] വിപുലമാകും. ക്ലാസ് റൂം വിന്യാസം റിയലും വെർച്വലും ആവും . രണ്ടും നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കും . ക്ലാസ്മുറികളിൽ സ്കൂളിന്റെ പൊതു ഉപകരണങ്ങളും പഠനസാമഗ്രികളും മാത്രമല്ല, കുട്ടികളുടെ സ്വന്തമായ ഉപകരണങ്ങളും വിഭവങ്ങളും കണ്ണിചേർക്കപ്പെടും. . കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിപുലമായി പുറം ലോകത്തേക്ക് വ്യാപിക്കും. . വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ കുട്ടികളെ ലൈക്കുകൊണ്ടും കമന്റുകൊണ്ടും പുഷ്ടിപ്പെടുത്തും. . ഓരോ കുട്ടിക്കും അദ്ധ്യാപകനും തനതായി പലതും ചെയ്യാനും അംഗീകരിക്കപ്പെടാനും ഇടയാകും . ശക്തമായ വിമർശനങ്ങളിൽ ഓരോ കുട്ടിയും അദ്ധ്യാപകനും പുഷ്ടിപ്പെടും. .

അദ്ധ്യാപക വിദ്യാർഥി അനുപാതവും ബന്ധവും റിയലും വെർച്യലും എന്ന നിലയിൽ യാഥാർഥ്യമായി ത്തീരും . റിയൽ ക്ലാസിൽ 1:30 , 1:35 , 1:40 എന്നൊക്കെയാണെങ്കിലും വെർചൽ സ്കൂളിൽ ഇത് മറ്റൊരുതരത്തിലാവും . പ്രഗത്ഭരായ അദ്ധ്യാപകരുടെ നെറ്റ് ലോക കുട്ടികൾ അഭിമാനിക്കാൻ ഇടയാകും . ഞങ്ങളും ഈ അദ്ധ്യാപകന്റെ ശിഷ്യരാണെന്ന് അഭിമാനിക്കും . അദ്ധ്യാപകന് തിരിച്ചും സന്തോഷിക്കാനുള്ള അവസരമുണ്ടാകും . മിടുക്കരായവർ, ഭിന്നശേഷിക്കാർ, ഇടത്തരം കുട്ടികൾ, പിന്നാക്കം നിൽക്കുന്നവർ ഒക്കെ ഐ സി ടി പ്രയോഗത്തിൽ വരുന്നതോടെ അവരവരുടെ ഏറ്റവും വലിയ മികവിൽ എത്തും. . അറിവ് പങ്കുവെക്കുന്നതിലും അറിവ് നിർമ്മിക്കുന്നതിലും സ്വപ്നസമാനമായ ഒരു ലോകസ്കൂൾ യാഥാർഥ്യമാകും. .

രക്ഷിതാവിന്റെ പങ്ക് ജ്ഞാനോൽപ്പാദനപ്രക്രിയയിൽ കൂടി കടന്നുവരും. വരണം . ഇന്നത്തെ നിലയിൽ നിന്ന് - കേവല സാമ്പത്തികസഹായം നൽകുന്ന രക്ഷാകർത്തൃസമൂഹം - വ്യത്യാസപ്പെടും. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരുമായവരുടെ അറിവും അനുഭവവും നമ്മുടെ കുട്ടികൾക്ക് ലഭിക്കും. അവ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനും ക്ലാസ്രൂം പ്രവർത്തനമാക്കുന്നതിനും അദ്ധ്യാപകന്റെ ചുമതലയും അദ്ധ്വാനവും വർദ്ധിക്കും. ലോകത്തിന്റെ ഏതു മൂലയിൽ നിന്നും അറിവും അനുഭവവും സ്വീകരിക്കാനും അത് തനതായ അറിവാക്കി വികസിപ്പിക്കാനുമുള്ള ക്ലാസിന്റെ ശക്തി വർദ്ധിക്കും . പുറത്തുനിന്ന് ശേഖരിച്ചതിനേക്കാൾ പലമടങ്ങ് അറിവ് നമ്മുടെ ക്ലാസ്മുറികളിൽനിന്ന് പുറത്തേക്ക് ഒഴുകും. നമ്മുടെ ക്ലാസ് മുറികളിൽ നടക്കുന്നത് ലോകൻ ശ്രദ്ധിക്കും. കാത്തിരിക്കും . നമ്മുടെ കുട്ടികൾ ലോകനിലവാരമുള്ളവരായി മാറും. അദ്ധ്യാപകർ അതിനു വഴികാട്ടികളും സഹായികളുമായി വികസിക്കും. എന്തെങ്കിലും തനിക്ക് ചെയ്യാനുണ്ടെന്ന് അദ്ധ്യാപകർക്ക് തോന്നും. രക്ഷിതാവിന്ന് തോന്നും. സമൂഹത്തിലേ ഓരോ മനുഷ്യനും തോന്നും. സർക്കാർ സംവിധാനങ്ങൾ ഇതൊക്കെ അതത് സമയങ്ങളിൽ ശ്രദ്ധിക്കുകയും സഹായിക്കുകയും വഴികാട്ടുകയും ചെയ്യും .


6

ക്ലാസ്മുറിയിൽ , ലാബിൽ, ലൈബ്രറിയിൽ, വായനാഇടങ്ങളിൽ, ചുരുക്കത്തിൽ ക്യാമ്പസ്സ് മുഴുവൻ അറിവ് നിർമ്മാണത്തിന്റെ സൂക്ഷ്മയിടങ്ങളായിത്തീരും. കുട്ടിമാത്രമല്ല അദ്ധ്യാപകരും അറിവുമിർമ്മാണത്തിലും പ്രയോഗത്തിലും വ്യാപനത്തിലും പങ്കാളികളാവും. സമൂഹത്തിന്നു മുഴുവൻ നിത്യജീവിതത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ കമ്പ്യൂട്ടർ സാമഗ്രികൾ , ടാബുകൾ, മൊബൈലുകൾ , സോഷ്യമീഡിയകൾ, ലോകമെമ്പാടുമുള്ള ലൈബ്രറി ശൃംഖലകൾ , ഗവേഷണസ്ഥാപനങ്ങൾ .… എന്നിവയൊക്കെ സ്കൾ പ്രവർത്തനങ്ങൾക്ക് 7 X24 സമയവും ശക്തിപകരും . ലോകനിലവാരത്തിലുള്ള സ്കൂളുകൾ സൃഷ്ടിക്കപ്പെടും. ലോകനിലവാരത്തിലുള്ള കുട്ടികളും സമൂഹവും രൂപം കൊള്ളും . സാധാരണനിലക്ക് ഒരധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

സ്കൂൾ മുഴുവൻ അറിവ് നിർമ്മാണ ഇടങ്ങളായി മാറും. ക്ലാസ് മുറിയിൽ മാത്രം നടന്നിരുന്ന പ്രവർത്തനങ്ങൾ – വായന, എഴുത്ത്, ചർച്ചകൾ, അന്വേഷണങ്ങൾ, റഫറൻസുകൾ, ശാസ്ത്ര പാഠങ്ങൾ, ഭൂമിശാസ്ത്രം, ജീവശാസ്ത്രം പരീക്ഷണങ്ങൾ [ ജൈവോദ്യാനം മുതലായവ കൂടി ] സ്കൂൾ മുഴുവൻ സാധ്യമായ ഒന്നായിത്തീരും. കുട്ടിമാത്രമല്ല, അദ്ധ്യാപകരും ഇതിന്റെ സദ്ഫലങ്ങൾ അനുഭവിക്കും. അറിവ് സൃഷ്ടിക്കുന്നതിൽ കുട്ടിയെപ്പോലെത്തന്നെ അദ്ധ്യാപകർക്കും സൗകര്യങ്ങളുണ്ടാകും. . തന്റെ വിദ്യാഭ്യാസനിലപോലും അപ്പ്ഗ്രേഡ് ചെയ്യാനും പി എഛ് ഡി പോലുള്ള പ്രവർത്തനങ്ങളിലൂടെ ഔപചാരികമായിത്തന്നെ ഉന്നത നിലവാരത്തിൽ എത്താനും കഴിയും . ആരോഗ്യം കൃഷി വികസനപ്രവർത്തനങ്ങൾ മുഴുവൻ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി - അന്വേഷണം, സെമിനാർ, ചർച്ച, പ്രോജക്ട് , ഗവേഷണം - സമൂഹത്തിനു മുഴുവൻ ഉപകാരപ്പെടും. സമൂഹം വിവിധ തുറകളിൽ ആവശ്യമുള്ള അറിവിന്നായി സ്കൂളുകളെ സമീപിക്കുന്ന അവസ്ഥ സംജാതമാകും . മണ്ണിന്റെ പി എഛ് വാല്യു നോക്കാനും ബ്ലഡ് ടെസ്റ്റ് ചെയ്യാനും ജലത്തിന്റെ പരിശുദ്ധി അറിയാനും മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കാനും എൽ ഇ ഡി ബൾബുകൾ , സോപ്പ്നിർമ്മാണം , പുസ്തക പ്രസാധനം, എഡിറ്റിങ്ങ് .… തുടങ്ങിയ എണ്ണമറ്റ കാര്യങ്ങൾ സ്കൂൾ സംവിധാനങ്ങൾ – സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, ഭാഷാ ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ സമൂഹത്തിന്ന് സാധ്യമാകും.

സ്കൂൾ ഐ സി ടി സംവിധാനങ്ങൾ നിലവിലുള്ള സ്മാർട്ട് ക്ലാസ്മുറികൾ പോലെ എന്നെങ്കിലും തുറക്കുന്ന ഒന്നല്ലാതായി മാറും . ക്ലാസ് മുറിയിൽ അദ്ധ്യാപകനും കുട്ടിക്കും പഠന ബോധന സന്ദർഭങ്ങളിൽ എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോൾ ക്ലാസിൽ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്. സാധ്യമായ തരത്തിൽ താരതമ്യേന ചെലവുകുറഞ്ഞ സംവിധാനങ്ങൾ വേണം. സ്മാർട്ട് വൈറ്റ് ബോർഡുകൾ തുടങ്ങിയ വമ്പൻ ആലോചനകൾ ആവശ്യമില്ല . നിലവിൽ ലഭ്യമായ ആൻഡ്രോയ്ഡ് ടി വികൾ, റാസ്ബെറിപൈ , ലാപ്പുകൾ , ടാബുകൾ, മൊബൈലുകൾ എന്നിവ ഉപയോഗപ്പെടുത്താം . അദ്ധ്യാപകനും കുട്ടിക്കും ആവശ്യമുള്ളപ്പോഴൊക്കെ കയ്യിൽ കിട്ടുന്ന മാതിരി ഒരുക്കങ്ങൾ ആലോചിക്കണം . അതത് പ്രദേശത്തെ എല്ലാ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തണം . സാമ്പത്തിക സമാഹരണത്തിന്ന് മാത്രമുള്ള ഒരു ഏജൻസിയായി സ്കൂൾ സമൂഹത്തെ കാണരുത് . ശരിയായ മോണിറ്ററിങ്ങിലൂടെ സർക്കാർ സംവിധാനങ്ങൾക്ക് ഇതൊക്കെയും ഉണ്ടാക്കിയെടുക്കാൻ നിലവിൽ കഴിയും .

സ്കൂൾ തലത്തിൽ പ്രാധമികമായി ആവശ്യമുള്ള ഡിജിറ്റൽ റിസോർസ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള സെർവറിൽ സംഭരിക്കണം. രണ്ടുതരത്തിലുള്ള റിസോർസുകൾ പ്രധാനമായും ഇതിൽ ഉണ്ടാവും . ഒന്ന് പുറത്തുനിന്ന് ലഭ്യമാകുന്ന , ക്ലാസിൽ ആവശ്യമായ കുറച്ചു സംഗതികൾ . അതിലും പ്രധാനമായത് സ്കൂളിൽ നിർമ്മിക്കപ്പെടുന്ന വിഭവങ്ങൾ . കുട്ടികൾ , അദ്ധ്യാപകർ, ചുറ്റുമുള്ള സമൂഹം എന്നിവരാൽ ഉണ്ടാക്കപ്പെടുന്നത്. നിരന്തരം പുതുക്കപ്പെടുന്നതും സ്കൂളിന്റെ വിഭവക്കലവറയായി വികസിക്കുന്നതും ഇതാണ് . ഇവിടെയാണ് , ഈയൊരു ശ്രദ്ധയിലാണ് സ്ക്കൂൾ ഇന്റെർനാഷനലാവുന്നത്. പുറം സാമഗ്രികൾ ശേഖരിക്കാനുള്ള ത്വര കുട്ടിയേയും അദ്ധ്യാപകനേയും കാര്യമായി ലോകനിലവാരത്തിലെത്തിക്കുകയില്ല . നമ്മുടെ കുട്ടികളും അദ്ധ്യാപകരും അവസരത്തിനൊത്ത് ഉയരാൻ കെൽപ്പുള്ളവരാണ്. സ്കൂൾ സെർവർ ക്ലാസ്മുറികളിലെ ലാപ്പുമായി , ഡെസ്ക്ടോപ്പുമായി ലാൻ ചെയ്യാം. ഇന്റെർനെറ്റ് വഴിയുള്ള ബന്ധം പലതരത്തിലും ആശാസ്യമല്ല. നെറ്റ്വർക്ക് ലാൻ വഴി ചെലവും കുറവാണ്. പരാശ്രയമില്ലാതെ സ്കൂളുകൾക്ക് പ്രവർത്തിക്കാം. പുറം ബന്ധത്തിന്ന് മാത്രം ഇന്റെർനെറ്റ് ഉപയോഗിക്കുമ്പോൾ ചെലവെത്രയോ കുറവുമാണെന്നാണ് അനുഭവം . ആശ്രയത്വം വർദ്ധിപ്പിക്കുന്ന ഇന്റെർനെറ്റ് കൗമാരക്കാരായ കുട്ടികൾക്ക് വലിയതോതിൽ ഗുണമല്ല ചെയ്യുക.

സ്കൂൾ ലൈബ്രറികൾ, ലാബുകൾ എന്നിവ ഐ സി ടി പ്രയോഗങ്ങളിലൂടെ സജീവമാകും. സ്കൂൾ ലൈബ്രറികളുടെ കാര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടറൈസേഷൻ ചിന്തകൾ പോര . ലൈബ്രറി പുസ്തകവിവരങ്ങൾ , പുസ്തകവിതരണം എന്നിവയിൽ ഒർതുങ്ങുന്ന ലൈബ്രറി ഓട്ടോമേഷനല്ല സ്കൂളുകളിൽ വേണ്ടത്. കുട്ടിക്കു റഫറൻസിന്ന് പറ്റിയ തരത്തിൽ ഐ ടി പ്രയോജനപ്പെടുത്തണം . ഒരു പാഠം പഠിക്കുന്ന സമയത്ത് ഒരു റഫറൻസ് വേണം എന്നു കരുതുക . ഒന്നാം ചേരരാജാക്കന്മാരെ ക്കുറിച്ച് ചില കാര്യങ്ങൾ അറിയണം. തന്റെ കയ്യിലുള്ള മൊബൈൽ ലാപ്പ് ടാബ് വഴി സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെടാൻ കഴിയണം. അപ്പോൾ നിലവിൽ സ്കൂൾ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ റീഡിങ്ങ് കാർഡുകളും അതിൽ കുട്ടിക്കാവശ്യമായ പുസ്തകം ചൂണ്ടിക്കാട്ടുന്ന സംവിധാനവും വേണം. ചൂണ്ടിക്കാണിക്കുന്ന പുസ്തകങ്ങളിൽ ഏതുഭാഗമാണ് കുട്ടി ഉടനെ ഈ അറിവ് കിട്ടാൻ വായിക്കേണ്ടതെന്ന് സൂചിപ്പിക്കാൻ കഴിയണം. 250- 300 പേജുള്ള ഒരു ചരിത്ര പുസ്തകം മുഴുവൻ ഉടനെ വായിച്ച് കുറിപ്പെടുക്കാൻ കുട്ടിക്കെന്ന ല്ല മാഷക്കും എളുപ്പമല്ലല്ലോ. അതല്ലല്ലോ സ്കൂൾ റഫറൻസിന്റെ സ്വഭാവവും. വിപുലമായ വായനയും മറ്റും പിന്നീട് കുട്ടി സ്വതന്ത്രമായി ചെയ്യേണ്ടതാണ് എന്നു കരുതാം .

ഇങ്ങനെയുള്ള ലൈബ്രറി ഡിജിറ്റലൈസേഷൻ നടക്കണം . ഇതാകട്ടെ ഒരു പുറം ഏജൻസി ഉണ്ടാക്കുന്നതുമാകരുത് . അടിസ്ഥാന സംവിധാനം [ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കാൻ വിദഗ്ദ്ധ സഹായം ആവശ്യമായി വരും ] ഉള്ളടക്കം ഉണ്ടാക്കുന്നത് സ്കൂൾ തന്നെയാവണം. 2000 -3000 പുസ്തകങ്ങളുള്ള ഒരു സ്കൂളിന്ന് അവിറ്റെയുള്ള 500-600 കുട്ടികളേയും 25-30 അദ്ധ്യാപകരേയും വെച്ച് ഒന്നോ രണ്ടോ മാസം കൊണ്ട് സാവധാനമായി പുസ്തകഡിജിറ്റലിസേഷൻ പൂർത്തിയാക്കാം. അതോടെ ചെറിയ ഗ്രൂപ്പുകളായി കുട്ടികൾ മുഴുവൻ പുസ്തകങ്ങളിലൂടെയും കടന്നു പോകും. ഒപ്പം അദ്ധ്യാപകരും . ഇതോടുകൂടി ഒരു സ്കൂളിന്ന് അടുത്തുള്ള സ്കൂളുകളുമായി വായനശാകളുമായി ഒക്കെ നെറ്റ് വഴി കണ്ണിചേരാനും എവിടെനിന്നും റഫറൻസിനോ മറ്റുവായനക്കോ ഡിജറ്റലും അല്ലാതെയുമുള്ള പുസ്തകങ്ങൾ , അവ വായിച്ച ആളുകൾ, അവരവരുടെ അഭിപ്രായങ്ങൾ, ആ പുസ്തകത്തെക്കുറിച്ച് പൊതു ഇടങ്ങളിൽ വന്ന വായനാനുഭവങ്ങൾ, വായനക്കുറിപ്പുകൾ എന്നിങ്ങനെ വിപുല സാധ്യതകളിലേക്ക് വായന വളരും. നമ്മുടെ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും സമൂഹവും അന്താരാഷ്ട്രനിലവാരമുള്ള വായനാക്കരും പഠിതാക്കളുമായിത്തീരും . ഇതല്ലാതെ ലൈബ്രറി ഓട്ടോമേഷൻ ഡിജിറ്റലിസേഷൻ എന്നിവ പുസ്തകവിതരണ റജിസ്റ്ററയി നിസ്സാരവത്ക്കരിക്കപ്പെടരുത് .

ലോകനിലവാരത്തിലുള്ള കുട്ടികൾ എന്നത് ലോകനിലവാരത്തിലുള്ള അദ്ധ്യാപകരും സ്കൂളുകളും സമൂഹവും അധികാരസ്ഥാനങ്ങളുടെ ഇഛാശക്തിയും പ്രവർത്തനവും ഒക്കെ കൂടിച്ചേരുമ്പോഴേ ആവുകയുള്ളൂ. . ലാപ്പും പ്രൊജക്ടറും ഇന്റെർനെറ്റ് കണക്ഷനും ഉണ്ടാക്കി കുട്ടികളെ നെറ്റിൽ തെരയാൻ മാത്രം ശക്തരാക്കാൻ ആലോചിച്ചാൽ ഇവർ അന്താരാഷ്ട്രനിലവാരത്തിലുള്ള ഉപഭോക്താക്കൾ മാത്രമായി തരം താഴും. അറിവ് ഉപയോഗിക്കലല്ല , അറിവ് ഉൽപ്പാദിപ്പിക്കലാണ് എന്നും മുങ്കയ്യുള്ള പ്രവർത്തനം .


7

കുട്ടിക്കും അദ്ധ്യാപകനും [ പ്രാഥമികമായി ] ക്ലാസ്സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകൾ, ഓഡിയോകൾ, വർക്ക്ഷീറ്റുകൾ, ഇന്ററാക്ടീവ് കളികൾ, മൂല്യനിർണ്ണയന പരീക്ഷകൾ, പരിഹാബോധനപരിപാടികൾ, മികച്ച പ്രവർത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ' സമഗ്ര' പോലുള്ള സംവിധാനങ്ങൾ അദ്ധ്യാപകരെ സഹായിക്കാൻ ഇനിയും വളരെയധികം വിപുലപ്പെടും. . സർക്കാർ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകൾ കൂടി ഉൾച്ചേരുന്ന സാധ്യതകൾ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉൾച്ചേർക്കലുമാവും ആത്യന്തികമായ സ്കൂൾ രീതിശാസ്ത്രം. . ഇങ്ങനെയായിരിക്കും ഒരു സാധാരണ അദ്ധ്യാപികയുടെ പ്രതീക്ഷ .

സ്മാർട്ട് ക്ലാസ്മുറികൾ വഴിമാറി ഓരോ ക്ലാസും ഹൈടെക്കാവുന്ന അവസ്ഥ സംജാതമായിരിക്കുന്നു. . സമൂഹം മുഴുവൻ ഇതിനുപിന്നിൽ നിരക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ സ്മാർട്ട് മുറികളായിരുന്നു. ഉന്നതശ്രേണിയിൽപ്പെട്ട ഉപകരണങ്ങൾ ഇവിടെയുണ്ട്. എന്നാൽ അതിന്റെ ഉപയോഗസാധ്യത വളരെ വളരെ കുറവായിരുന്നു. ഡിജിറ്റൽ മെറ്റീരിയൽ ക്ലാസിൽ പഠനപ്രവർത്തനങ്ങൾക്കിടക്ക് അപ്പപ്പോൾ കിട്ടേണ്ട ഒന്നാണ്. പിന്നെയൊരിക്കൽ കിട്ടുന്ന അവസ്ഥയിൽ അത് പഠനത്തിന്റെ ജൈവരൂപവുമായി കൂടിച്ചേരില്ല . ഒരധികപഠന സാമഗ്രിയെന്ന നിലയിൽ ഒരൊഴിവുസമയത്ത് കിട്ടുന്നാതാവരുതല്ലോ ഡിജിറ്റൽ സാമഗ്രികൾ . സ്മാർട്ട് റൂമുകളുടെ ഒരു പരാധീനത അതായിരുന്നു .ഒരു ക്ലാസ് ഒഴിഞ്ഞാലേ അടുത്ത ക്ലാസിന്ന് കയറാനാവൂ. ക്ലാസ് റൂമുകളിൽ നേരിട്ട് ഹൈടെക്ക് സംവിധാനം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും . ക്ലാസ് മുറികൾ പഠനകാര്യങ്ങളിൽ പൂർണ്ണമായും ഡിജിറ്റൽ സഹായമുള്ളതാവും .

മികച്ച പഠനാനുഭവങ്ങൾ കുട്ടിക്ക് ലഭ്യമാക്കലാണ് ഡിജിറ്റൽ സംവിധാനം കൊണ്ട് എറ്റവുമാദ്യം സാധ്യമാകേണ്ടത് . ഡിപ്പാർട്ട്മെന്റ് ഈയൊരുലക്ഷ്യം വെച്ചാണ് ഐ സി ടി പഠനം മുന്നോട്ടുവെക്കുന്നത് . വിവിധ പാഠങ്ങളും അവയുടെ ഉള്ളടക്കങ്ങളും പ്രവർത്തനങ്ങളും പ്രക്രിയകളുമായി നേരിട്ട് ബന്ധമുള്ള ചെറിയ ചലചിത്രങ്ങൾ, അനിമേഷൻ വീഡിയോകൾ, സാധാരണ വീഡിയോകൾ , ഓഡിയോകൾ, ജിമ്പ് , ജിയോജിബ്ര മുതലായ നിരവധി സോഫ്ട്‌വെയറുകൾ , ഇന്ററാക്ടീവ് കളികൾ, വർക്ക്ഷീറ്റുകൾ , റീഡിങ്ങ് കാർഡുകൾ , ചിത്രങ്ങൾ , പാഠങ്ങൾ , അധികവായനാസാമഗ്രികൾ , പരിഹാരബോധ പരിപാടികൾ , മൂല്യനിർണ്ണയ സംവിധാനങ്ങൾ , വിക്ടേർസ് ചാനൽ പോലുള്ള സാധ്യതകൾ തുടങ്ങി പലതലങ്ങളിലായി നിരവധിയാണ് ഡിജിറ്റൽ ഉള്ളടക്കം . നിലവാരമുള്ള ഉള്ളടക്കം ഡിപ്പാർട്ട്മെന്റ് വഴി നിർമ്മിക്കുന്നവയും സ്കൂളിന്നകത്തും പ്രാദേശിക വിഭവ സാധ്യതയെന്ന നിലയ്ക്കു നിർമ്മിക്കപ്പെടുന്നവയും ഉൾച്ചേരണം . സ്കൂളിനകത്ത് കുട്ടിയും അദ്ധ്യാപകരും തയ്യാറാക്കുന്ന – വിദഗ്ദ്ധർ കൃത്രിമമായി ഉണ്ടാക്കുന്നവയല്ല - പഠനപ്രവർത്തനസന്ദർഭങ്ങളിൽ അദ്ധ്യാപകന്റേയോ കുട്ടിയുടേയോ രണ്ടുപേരുടേയും കൂടിയോ ആവശ്യമായി സ്വയമേവ രൂപം കൊള്ളുന്നവ – ഡിജിറ്റൽ വിഭവങ്ങളാണ് ഏറെ പ്രസക്തമായവ . അവ വെറും ഡിജിറ്റൽ വിഭവമല്ല, വെറും കണ്ടന്റല്ല , സോഫ്റ്റ് വെയറും ഹാർഡ് വെയറും കൂടിയാണ്. സമഗ്രമായ അറിവാണ് . സമഗ്രമായ അറിവേ അറിവാകുന്നുള്ളൂ. അതിനു സഹായകമാണ് ഐ ടി സംവിധാനമൊക്കെത്തന്നെ .

അദ്ധ്യാപകർക്കും തങ്ങളുടെ ബോധനസാമഗ്രികൾ ഡിജിറ്റൽ രൂപത്തിൽ ഉണ്ടാക്കാനാവണം / കിട്ടാറാവണം . തന്റെ ടിച്ചിങ്ങ് മാന്വൽ , അതിനടിസ്ഥാനമായ ഹാൻഡ് ബുക്കും ടെക്സ്റ്റ് ബുക്കും , പഠനൊപകരണങ്ങൾ , പ്രക്രിയാരേഖ , ക്ലാസ് ഫീഡ്ബാക്ക് എന്നിങ്ങനെ സാധ്യമായതൊക്കെ ഡിജിറ്റലായി ലഭിക്കണം . ലഭിക്കണം എന്നാൽ പുറത്തുനിന്ന് ലഭിക്കണമെന്നല്ല , അദ്ധ്യാപകർക്ക് സ്വയമേവ ഡിസൈൻ ചെയ്യാനും അപ്പ്ലോഡ് ചെയ്യാനുമുള്ള സൗകര്യം വേണം . അതിനാവശ്യമായ പരിശീലനവും സ്കൂൾ – വിഷയ കൂട്ടായ്മകളും വേണം . അതെല്ലാം സമയാസമയങ്ങളിൽ ഔദ്യോഗികസംവിധാനത്തിന്ന് നേരിട്ടോ ഓൺ ലയിനായോ പരിശോധിക്കാനും അധിക നിർദ്ദേശങ്ങൾ നൽകാനും ശക്തിപ്പെടുത്താനും കഴിയണം . സ്കൂളിനകത്തും യഥാവസരം - മികച്ചതാണെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടാൽ – പുറത്തേക്കും - സംസ്ഥാനത്ത് മുഴുവൻ ഇതെല്ലാം ലഭ്യമാവുകയും വേണം. പ്രാദേശികമായി ഉണ്ടാവുന്ന വിഭവങ്ങൾ സംസ്ഥാനത്ത് മുഴുവനും ലോകം മുഴുവനും കിട്ടുന്ന അവസ്ഥ ഉണ്ടാവണം.

ക്ലാസ് റൂം ലോകനിലവാരത്തിലെത്തുന്നത് ഇങ്ങനെയാവും . കുട്ടികളും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകരും ഒരു ക്ലാസ് മുറിയിലേക്കായി - ഒരു വിഷയത്തിനായി - ഒരു പ്രത്യേക ആവശ്യത്തിനായി - ഒരു പീരിയേഡിനായി ഉണ്ടാക്കുന്ന ഒരു വിഭവം ക്രമത്തിൽ മറ്റു സ്കൂളുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒരവശ്യവസ്തുവെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോഴാണല്ലോ നമ്മുടെ ക്ലാസും കുട്ടിയും അദ്ധ്യാപകരും ലോകനിലവാരമുള്ളവരായിത്തീരുന്നത് . ഏതോ ക്ലാസിലേക്ക് - ഏതോ പ്രത്യേക ആവശ്യത്തിന്ന് ഏതോ അദ്ധ്യാപകൻ എന്നോ ഉണ്ടാക്കിയ ഒരു ഡിജിറ്റൽ സാമഗ്രി നമ്മളിപ്പോൾ നമ്മുടെ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നത് ലോകനിലവാര സൂചനയല്ല . അറിവുകൾ, വിവരങ്ങൾ , ദത്തങ്ങൾ , മാതൃകകൾ , പ്രോസസ്സ് ചെയ്യാനുള്ള സോഫ്ട്‌വെയറുകൾ എന്നിവ തീർച്ചയായും പലയിടങ്ങളിൽ നിന്നും ശേഖരിക്കേണ്ടി വരും . അതിന്റെ സംഘാടനത്തിലും പ്രോസസ്സിങ്ങിലും നമ്മുടെ ക്ലാസ് മുറികളും കുട്ടികളും അദ്ധ്യാപകരുമായിരിക്കണം . ഉൽപ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം നമ്മുടെതായിരിക്കണം . അതിന്റെ പ്രോസസ്സും ഉൽപ്പന്നവും നമ്മുടെതായിരിക്കണം . ലഭിക്കുന്ന സ്കോർ നമ്മുടെ കുട്ടിക്കായിരിക്കണം . അംഗീകാരം അദ്ധ്യാപകനും കുട്ടിക്കും സ്കൂളിന്നും ഡിപ്പാർട്ട്മെന്റിനും ആയിരിക്കണം . അത് ലോകനിലവാരമുള്ളതായിരിക്കണം . ഈയൊരു നിലയിൽ വേണം നമ്മുടെ വിദ്യാലയങ്ങൾ ഡിജിറ്റലായി ലോകനിലവാരമുള്ളവയായിത്തീരേണ്ടത് .

നിലവിൽ മിക്കവാറും നമ്മുടെ കുട്ടിയും അദ്ധ്യാപകനും ഉപഭോക്താവിന്റെ നിലയിലാണ് പെരുമാറേണ്ടിവരുന്നത് . നെറ്റിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ – ഓഡിയോ വീഡിയോ കളികൾ പ്രവർത്തനങ്ങൾ റഫറൻസ് സൂചനകൾ മോഡലുകൾ എന്തുമായിക്കോട്ടെ 99 % വും എടുത്തുപയോഗിക്കൽ മാത്രമാണ് സാധ്യമാക്കുന്നത് . അതുതന്നെ പകർപ്പവകാശം പോലുള്ള നിരവധി സാങ്കേതികതകൾ ഉള്ളതും . അന്താരാഷ്ട്രമായി നെറ്റിൽ കിടക്കുന്നവ എടുത്ത് ഉപയോഗിക്കലാണ് അന്താരാഷ്ട്രനിലവാരമെന്ന പൊതുധാരണ എങ്ങനെയോ കേരളത്തിൽ വ്യാപകമായിട്ടുണ്ട് . ഒരു കാലത്ത് പ്രിന്റ് ചെയ്തതാണ് ആധികാരികം എന്നു വിശ്വസിച്ചിരുന്നു. ഇന്ന് നെറ്റിൽ കാണുന്നതാണ് ആധികാരികം എന്നായി വിശ്വാസം . നെറ്റ് സ്പേസ് ഒരു വിഭവക്കടലാണ് . നല്ലതും ചീത്തയും വേർതിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ പരന്നുകിടക്കുന്ന കടലാണ് . അതിൽ നിന്ന് ഏറ്റവും പ്രസക്തമായ ഉചിതമായ ഒരു വിഭവം ക്ലാസ് റൂം ആവശ്യത്തിന്ന് , ആവശ്യമായ സമയത്ത് പിടിച്ചെടുക്കുക എന്നത് ദുഷ്കരമാണ് . സാധാരണ അദ്ധ്യാപകർക്ക് അതി ദുഷ്കരമാണ്. കിട്ടിയ എന്തു പൊട്ട സാധനവും കേമമെന്നമട്ടിൽ [ പലപ്പോഴും പരിശോധിക്കാതെയും ] ഷെയർ ചെയ്യുന്ന ദുശ്ശീലം നമുക്കുണ്ട് . ഇത്തരം ഷെയർ ചെയ്യലുകൾ ഉണ്ടാക്കുന്ന ഡിജിറ്റൽ മലിനീകരണം നിസ്സരമല്ലല്ലോ . മികച്ചത് തെരഞ്ഞെടുക്കാനും പ്രയോജനപ്പെടുത്താനുമുള്ള സഹായമാണ് , പരിശീലനമാണ് പ്രധാനമായും നൽകേണ്ട ഒന്ന് . അതിനേക്കാളധികം നമുക്കാവശ്യമായവ , മികച്ചവ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് നൽകൽ തന്നെയാണ് .

ഇത് സാധ്യമാണ്. സാധ്യമാവണം . ഇതിന്നായി അദ്ധ്യാപകരേയും കുട്ടികളേയും സമൂഹത്തെത്തന്നെയും പരിശീലിപ്പിക്കണം . ഈയൊരു ചിന്തയിലേക്ക് പരിവർത്തിപ്പിക്കണം . ചെറിയ ചെറിയ കാര്യങ്ങൾ തൊട്ടു തുടങ്ങണം . ശരിയായ പരിശോധനയും സഹായം നൽകലും വേണം. വർഷങ്ങളായി പൊതിയഴിക്കാതെ വെച്ച ഹാർഡ് വെയർ പാക്കുകൾ സ്കൂളുകളിൽ നിത്യപരിചയമാണ്. ആ അവസ്ഥ മാറണം . ഇത് ഉപയോഗിച്ചേ പറ്റൂ എന്ന് വരണം . ഉപയോഗിക്കാൻ അദ്ധ്യാപകനും കുട്ടിയും നിർബന്ധിതരാവണം . നിർബന്ധിതർ എന്നല്ല ആവേശമുള്ളവരാകണം എന്നാണ് ശരിയായ പ്രയോഗം . ആവശ്യകതയുണ്ടാവണം . പഠനപ്രക്രിയ തൊട്ട് മൂല്യനിർണ്ണയം വരെ പൂർണ്ണമായും ഇങ്ങനെയാവണം . അതിനു മുങ്കയ്യെടുക്കേണ്ടതും പൂർണ്ണതയിലെത്തിക്കേണ്ടതും അദ്ധ്യാപകരാവണം . അദ്ധ്യാപകനെ ഒഴിച്ചു നിർത്തിയ ഒരു സാങ്കേതികവിദ്യയും അഭിലഷണീയമല്ല . പഠനം ഒരു ജൈവപ്രക്രിയയാണ്. അദ്ധ്യാപകനും കുട്ടിയും സമൂഹവും ചേർന്നുള്ള ജൈവപ്രക്രിയ .

അപ്പോഴെ നമ്മുടെ ക്ലാസ് മുറികളിൽ പഠനം ഹൈടെക്കും ലോകനിലവാരത്തിലുള്ളതുമാകൂ .


8

സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് ആക്കുമ്പോൾ മുൻ കുറിപ്പുകളിൽ പറഞ്ഞപോലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പ്രതീക്ഷയിലാണ് . സമീപനരേഖയും പ്രസ്താവനകളും വാർത്തകളും അതിനനുസരിച്ചുള്ള സമീപനം അവതരിപ്പിക്കുണ്ട്. സമീപനവും പ്രവർത്തനവും സംയോജിപ്പിക്കേണ്ട ചുമതല അതത് സ്കൂളുകൾക്കും അദ്ധ്യാപകസമൂഹത്തിനുമൂണ്ട് . പൊതുസമൂഹം തീർചയായും ഒപ്പമുണ്ടാകുകയും ചെയ്യും എന്ന് ഇതുവരെയുള്ള അവസ്ഥ സൂചിപ്പിക്കുന്നുണ്ട് .

സമീപനരേഖയില്‍നിന്നുള്ള പ്രധാന കാര്യങ്ങൾ :
1. "അടിസ്ഥാനസൗകര്യങ്ങളിലുള്ള മുന്നേറ്റത്തോടൊപ്പംതന്നെ പഠനപ്രവര്‍ത്തനങ്ങളുടെ സ്വഭാവവും ഗുണപരമായി മെച്ചപ്പെടേണ്ടതുണ്ട്. "

[ പഠനപ്രവർത്തനങ്ങൾക്കുള്ള സഹായക സംവിധാനമാണ് ഐ സി ടി . നിലവിലുള്ള പഠനപ്രവർത്തനങ്ങളെ ഒഴിവാക്കുകയോ അധ്യാപകർക്ക് പകരമോ അല്ല . പഠനപ്രവർത്തനങ്ങൾ ഗുണപരമായി മെച്ചപ്പെടണം . അതിനുള്ള ശ്രമങ്ങളും കാഴ്ചപ്പാടും എന്തൊക്കെയാവും . ശരിക്കും ആദ്യമുണ്ടാവേണ്ടത് അതല്ലേ . ക്ലാസ്മുറിയിൽ ഐ സി ടി കൂടി ഉപയോഗിച്ച് അറിവുനിർമ്മാണം നടക്കാനുള്ള ബോധനശാസ്ത്രവും പ്രവർത്തനരൂപങ്ങളും ഇനിയും എവിടെയും എത്തിയിട്ടില്ല . കിട്ടിയ ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അദ്ധ്യാപകർക്ക് ഉറപ്പായിട്ടില്ല . ഹാർഡ്‌വെയറിനേക്കാൾ ആദ്യം രൂപപ്പെടേണ്ടതും പരിചയിക്കേണ്ടതും സോഫ്ട്‌വെയറാണ് [ ഡിജിറ്റൽ കണ്ടന്റ് ] . കേന്ദ്രീകരിച്ചും സ്കൂൾ തലത്തിൽ വികേന്ദ്രീകരിച്ചും രൂപപ്പെടേണ്ട ഡിജിറ്റൽ കണ്ടന്റ് എന്താണ് എത്രയാണ് അതെത്രത്തോളമായി എന്നൊന്നും തിട്ടമില്ല . ചുരുക്കത്തിൽ സംഭവിക്കുന്നത് അതിവേഗത്തിൽ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്ന മട്ടിൽ ഉപകരണങ്ങൾ വാങ്ങിയെത്തിക്കലാണ് എന്നു തോന്നുന്നത് തെറ്റാണോ ? ]

2. "സാങ്കേതികവിദ്യാ ഉപകരണങ്ങളൂം പശ്ചാത്തലസൗകര്യങ്ങളും മാനദണ്ഡങ്ങളോ ആവശ്യകതയോ പരിഗണിക്കാതെ ഒരുക്കുക എന്നതല്ല തീര്‍ച്ചയായും മികവിന്റെ മാതൃക."

[ ഇത് നൂറുശതമാനം ശരിയാണ്. എന്നാൽ ഓരോ സ്കൂളിനും ആവശ്യമായ സാമഗ്രികൾ എന്തെന്ന് സ്കൂളുകളോട് അന്വേഷിക്കയുണ്ടായിട്ടുണ്ടോ ? 20 കുട്ടിയുള്ള ക്ലാസിനും 50 കുട്ടിയുള്ള ക്ലാസിനും ഒരുപോലെയുള്ള ഉപകരണങ്ങളാണോ ആവശ്യം . അടച്ചുറപ്പുള്ള ക്ലാസിലും തുറന്നുകിടക്കുന്ന ക്ലാസിലും ഒരേപോലെയാണോ ആവശ്യം . ഓരോ സ്കൂളിനും എന്തുവേണമെന്ന് ആവശ്യപ്പെടാൻ വേണ്ട ചർച്ചകളും അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ടോ ? ഓരോ സ്കൂളിന്റേയും / കുട്ടിയുടേയും അതത് കാലത്ത് ' മികവ് ' എന്തായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ ? എസ് എസ് എൽ സി ക്ക് 100 % വിജയം ഉറപ്പാക്കലാവില്ലല്ലോ ' മികവ് ' . അന്താരാഷ്ട്രനിലവാരം എന്നാണെങ്കിൽ അത് അവ്യക്തമായതും നിരവധിതലങ്ങലിൽ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതുമാണല്ലോ . വിവരത്തിന്റെ ഉപഭോഗത്തിലാണൊ ഉൽപ്പാദനത്തിലാണോ അന്താരാഷ്ട്രനിലവാരം പ്രതീക്ഷിക്കുന്നത് . ]

3. "വിവിധങ്ങളായ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തി അവയില്‍ കുറെ വീഡിയോകളും ഗ്രാഫിക്സും അനിമേഷനുകളും ഉള്‍പെടുന്ന 'ദൃശ്യമനോഹരമായ ഉള്ളടക്കങ്ങള്‍ ' പ്രദര്‍ശിപ്പിച്ചതുകൊണ്ടുമാത്രം സ്കൂളുകള്‍ 'ഹൈടെക്' ആകുന്നില്ല."

[ അതെ . പഠനസമയത്ത് 24*7 സമയവും കുട്ടിക്കും പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകർക്കും ഉപകരണങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണം . പാഠവുമായി , ക്ലാസിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ ഡിജിറ്റൽ കണ്ടന്റ് ലഭ്യമാവണം . അത് വീഡിയോ ഓഡിയോ അനിമേഷൻ പോലുള്ള പലതുമാകും . അത് പാഠപ്രവർത്തനത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കും . അതിനു പരിശീലനവും സഹായവും അദ്ധ്യാപകർക്കും കുട്ടിക്കും വേണം . അതാണാദ്യം സമയമെടുത്ത് ചെയ്യേണ്ടത് . നിലവിൽ സ്കൂൾ സമൂഹത്തിൽ ശൈശവാവസ്ഥയിലാണ് ഈ രംഗം . ക്ലാസിൽനിന്ന് ഉണ്ടാവുന്ന ഉൽപ്പങ്ങൾ ആവശ്യമായതൊക്കെ ഡിജിറ്റലായി സൂക്ഷിക്കാനും പങ്കുവെക്കാനും കഴിയണം . നിലവിൽ ഡിജിറ്റലല്ലാത്തവ ( നോട്ടുകൾ , കയ്യെഴുത്ത് മാസികകൾ , ശാസ്ത്രപ്രോജക്ടുകൾ .. … ) പോലും സൂക്ഷിക്കാനും പുനരുപയോഗം ചെയ്യാനും പങ്കുവെക്കാനും ഉള്ള ശ്രമവും ആവശ്യകതയും എത്രത്തോളമുണ്ടെന്ന് നമുക്കറിയാം . ആ ഒരു സംസ്കാരം നാമിതുവരെ ആലോചിച്ചിട്ടില്ല . കുട്ടിയുടെ പത്താം ക്ലാസിലെ പരീക്ഷക്ക് അവന്റെ 5 ലെയോ 8 ലെയോ കയ്യെഴുത്ത് മാസികയോ പ്രോജക്ട് റിപ്പോർട്ടോ ഇന്ന് പരിഗണിക്കുന്നില്ലല്ലോ . ]

4. "ഉപകരണങ്ങളെ പഠനപ്രക്രിയയില്‍ പ്രയോജനപ്പെടുത്തുന്നത് ഒരു ശീലമായി മാറാത്തിടത്തോളം കാലം അധ്യാപകനും വിദ്യാര്‍ത്ഥിക്കും ഇവ വെറും 'വീഡിയോ കാണിക്കുന്ന/കാണുന്ന ഉപകരണം' മാത്രമായി മാറുന്നു."

[ അതിനുള്ള പരിശീലനം നന്നായി കൊടുക്കുകയും ഉറപ്പാക്കുകയും ചെയ്തതിനു ശേഷമല്ലേ ഹാർഡ്‌വെയറിനെ കുറിച്ച് ആലോചിക്കേണ്ടത് . ഉപയോഗിക്കുന്ന ആളെക്കുറിച്ച് ഉറപ്പാക്കിയല്ലേ ഉപകരണം വാങ്ങുക . ഇപ്പോൾ സ്കൂളിലുള്ള ഉപകരണങ്ങൾ – ലാബ് - ലൈബ്രറി - കമ്പ്യൂട്ടറുകൾ – ഗ്രൗണ്ട് - തന്നെ ഉപയോഗിക്കുന്നതിന്റെ അളവിനേയും രീതിയേയും കുറിച്ച് നാം ശരിയായി പഠിച്ചിട്ടുണ്ടോ ? സ്മാർട്ട് ക്ലാസ്മുറികൾ നിലവിലുള്ളവതന്നെ തുറക്കാത്ത ദിവസങ്ങളെത്രയായിരുന്നു . അതുപയോഗിക്കാനറിയാവുന്ന ദ്ധ്യാപകരെത്രയായിരുന്നു ? ഉപയോഗിച്ചവരെത്രയായിരുന്നു ? ]

5. "ICT ടൂളുകളും വിഭവങ്ങളും അധ്യാപികക്കു പകരം വെക്കാനുള്ളതല്ല. മറിച്ച് പാഠ്യ-പഠന പ്രവര്‍ത്തനങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ളതാണ്. സ്വാഭാവിക പഠനപ്രക്രിയയുമായി ചേര്‍ന്ന്പോകുന്ന ടൂളുകളും വിഭവങ്ങളുമാണ് ഡിജിറ്റല്‍ ഉള്ളടക്കമായി പരിഗണിക്കേണ്ടത്. "

[ തങ്ങൾക്കാവശ്യമുള്ള ' സ്വാഭാവികമായ ' ടൂളുകൾ – ഡിജിറ്റൽ ഉള്ളടക്കം നിർമ്മിക്കാനുള്ള പരിശീലനം കൊടുക്കുകയാണ് വേണ്ടത് . ആരെങ്കിലും നിർമ്മിച്ചവ എടുത്തുപയോഗിക്കലല്ല വേണ്ടത് . ടീച്ചിങ്ങ് മാന്വൽ ടീച്ചറുണ്ടാക്കുന്നതാണല്ലോ . ഡിജിറ്റൽ ടി എം കൊടുക്കുന്നതിലൂടെ ടീച്ചറെ ഒഴിവാക്കുന്നതു കാണാം . ടീച്ചിങ്ങ് എയ്ഡ്സ് പുറമേനിന്ന് ലഭിക്കുന്നതാണോ ടീച്ചർക്ക് ഉണ്ടാക്കാനുള്ള അവസരം നൽകയാണോ വേണ്ടത് . അതിനാവശ്യമായ പരിശീലനവും ധനസഹായവും നൽകുന്ന രീതി തന്നെയാണ് തുടരേണ്ടത് . ]

6. "പഠനവിഭവങ്ങള്‍ തയ്യാറാക്കി അവ സ്കൂളിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയത്തക്കവിധം സൂക്ഷിക്കാനായി ഓഫ് ലൈന്‍ റെപ്പോസിറ്ററി ഒരുക്കുക."

[ ഓഫ്‌ലയിൻ റിപ്പോസിറ്ററികളാണ് ഏറ്റവും പ്രധാനപ്പെട്ടവ . സ്കൂളിന്നകത്ത് അനായാസം പങ്കുവെക്കാൻ ഇവക്കാവും . സ്കൂളിൽ നല്ല സെർവറുകളും ലാൻ സൗകര്യങ്ങളും ഉണ്ടാവണം. അത് സംരക്ഷിക്കാനും ഉപയോഗിക്കാനും പഠിപ്പിക്കണം . മുകളിൽ നിന്ന് വരുന്നത് കാത്തിരിക്കുന്ന സ്കൂളുകളാവരുത് . സ്കൂൾ സമൂഹത്തിന്റെ മുഴുവൻ സഹായവും ഇതിന്നായി കിട്ടാറാവണം . സ്കൂൾ സമൂഹത്തിന്റേതാകണം . ]

7. "..ഉള്ളടക്ക ലഭ്യത, തുടര്‍ പിന്തുണ എന്നിവ ഉറപ്പാക്കുക."

[ ഇത് ഉറപ്പാക്കാൻ ഏറ്റവും നല്ല വഴി അതത് സ്കൂൾ സമൂഹത്തെ ഇതിലേക്കടുപ്പിക്കുക എന്നു മാത്രമാണ്. . സ്കൂളിന്നടുത്തുള്ള കടയിൽ നിന്ന് ലാപ്പ്ടോപ്പ് വാങ്ങിയാൽ അതിന്റെ സർവീസ് നിഷ്പ്രയാസം ഉറപ്പാക്കാം .കരാർ ബന്ധ ബാധ്യതയായല്ല , സാമൂഹ്യബാധ്യതയായിരിക്കുമത് . സർവീസ് പേർസണൽ അകലെയാവും തോറും സമയനഷ്ടവും ധനനഷ്ടവും ഇക്കാലമത്രയും അനുഭവമാണ് . ]

8. "ICT ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാ അധ്യാപകരെയും സജ്ജരാക്കുക."

[ സജ്ജരാക്കിയതിനു ശേഷം സാമഗ്രിവാങ്ങുക എന്നതാവണം നയം . സാമഗ്രി വാങ്ങി സജ്ജരാക്കലല്ല കേരളത്തിലെങ്കിലും പൊതു രീതി . കാറോടിക്കാൻ പഠിച്ച ശേഷമേ നമ്മുടെ മാഷമ്മാർ കാർ വാങ്ങൂ . സർക്കാർ സാമഗ്രികൾ ഫ്രീയായി സ്കൂളിലെത്തുന്നുവെന്നാണല്ലോ പൊതു ധാരണ . സർക്കാർ ഫ്രീയായി തരുന്നു . നമ്മുടെ പണമാണ് സർക്കാർ പണം എന്നാരും ഇവിടെ ആലോചിക്കുന്നില്ല . സർക്കാർ പ്രഖ്യാപനങ്ങളും ഇതിന്ന് തുണയാണെന്ന് പറയാം ! ]

9. "ഓരോ സ്കൂളിനും ആവശ്യമായ പഠനവിഭവങ്ങള്‍ പ്രാദേശികമായോ സ്വയം തയ്യാറാക്കിയോ ഉപയോഗപ്പെടുത്തുകവഴി സ്വയംപര്യാപ്ത നേടും വിധം ഓരോ സ്കൂളിനെയും മാറ്റിയെടുക്കാന്‍ സാധിക്കണം. "

[ അതല്ലേ ആദ്യം ഉറപ്പാക്കേണ്ടത് . നിലവിലുള്ള അവസ്ഥയിൽ ഇതെത്രത്തോളം സാധ്യമാകുമെന്ന് ആരാലോചിച്ചു ? തീർച്ചയായും സർക്കാർ മേൽനോട്ടത്തിൽ പ്രാദേശികമായി പഠനസാമഗ്രികളുടെ വിഭവവികസനം സാധ്യമാക്കാൻ ഇപ്പോൾ നിലവിൽ എന്തു പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ! ]

10. "അധ്യാപന-പഠന ആവശ്യങ്ങള്‍ക്കായി LMS(Learning Management System) വേണം. സമഗ്രമായും ശാസ്ത്രീയമായും സജ്ജീകരിച്ചിട്ടുള്ള ഒരു Learning Management System ഉപയോഗിച്ച് ഈ മേഖലയില്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്. "

[ വളരെ നല്ല സങ്കൽപ്പമാണ്. പക്ഷെ, എപ്പോൾ സാധിതമാകും എന്നു പറയാറായോ ? അതുകൂടി ആലോചിച്ചിട്ടുവേണ്ടേ ഹാർഡ്‌വെയർ സംഭരിക്കാൻ ]

11. "Moodle പോലുള്ള ബഹുമുഖ LMS സംവിധാനത്തെ ലളീതമായ ഇന്റര്‍ ഫേസോടുകൂടി അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുകയോ പുതിയൊരു Learning Management സംവിധാനം പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. "

[ കേരളത്തിലെപ്പോലെ ബൃഹത്തായ ഒരു വിദ്യാഭ്യാസ സംവിധാനത്തിൽ ഇത് നടപ്പാക്കേണ്ടത് ഓരോ സ്കൂളും കേന്ദ്രീകരിച്ചും ആ സമൂഹത്തെ ഉപയോഗപ്പെടുത്തിയുമാണ് . എല്ലാ സ്കൂളിനും പൊതുവായൊരു LMS ആലോചിച്ചിട്ട് എന്തുകാര്യം . പൊതുവായ ചില സംഗതികൾ ഒഴിവാക്കാനാവില്ല എന്നത് ശരി . എന്നാലും ഓരോ സ്കൂളിനും തനതായ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വേണം . ഡിപ്പാർട്ട്മെന്റ് പലതലങ്ങളിൽ ഇടപെടുന്നതോടെ ഇത് സാധിച്ചെടുക്കാനാവും . ഇപ്പോൾ ഈ വഴിക്കുള്ള ശ്രമങ്ങളൊന്നും ആയിട്ടില്ലെന്ന് തോന്നുന്നു . ]

12."
ഇത്തരത്തില്‍ ക്രമപ്പെടുത്തിയ LMS സംവിധാനത്തില്‍ ലോഗിന്‍ ചെയ്താല്‍ അവരാഗ്രഹിക്കുന്ന പാഠഭാഗത്തിലെ ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ലഭ്യമാവണം. "

[ ആവേണ്ടതാണ്. വികേന്ദ്രീകരണമല്ലാതെ മറ്റൊരു മാർഗവും ഇതിനില്ല. സ്കൂളുകളും അതിന്റെ സമൂഹവും വിഭവങ്ങളും പ്രയോജനപ്പെടുത്തിയിത് നടപ്പാക്കാൻ കഴിയും . കഴിയണം . ഈ രംഗത്ത് നിലവിൽ നട്ടിലുള്ള നിരവധി ശ്രമങ്ങൾ തിരിച്ചറിയണം . അംഗീകരിക്കപ്പെടണം . സഹായിക്കണം . നന്നാക്കിയെടുക്കണം . ]

(Read more details in " hi_tech_school_vision paper_draft.pdf")





9


ക്ലാസ് റൂമുകൾ ഹൈടെക്കാൻ തുടങ്ങുമ്പോൾ അതാരംഭിക്കേണ്ടത് ഹൈസ്കൂൾ മുതൽക്കാണോ എൽ പി [ അല്ലെങ്കിൽ എൽ കെ ജി ] വിഭാഗം തൊട്ടാണോ ? മറ്റൊരുതരത്തിൽ പറഞ്ഞാൽ കതിരിലാണോ നടീൽ തൊട്ടാണോ ? ഏതൊരു പരിഷ്കരണവും നവീകരണവും ഇന്നോളം നടന്നത് താഴെനിന്ന് മുകളിലേക്കാണ്. ശിശുകേന്ദ്രിത വിദ്യാഭ്യാസ പരിപാടി , പാഠപുസ്തകപരിഷ്കരണം , അദ്ധ്യാപകപരിശീലനം , ഡി പി ഇ പി , ഡയറ്റ് പരിപാടികൾ തുടങ്ങിയവയെല്ലാം ഒന്നാം ക്ലാസുമുതലായിരുന്നു പരിഷ്കരിച്ചും പ്രവർത്തിപ്പിച്ചും വന്നത് . ഹൈടെക്ക് പരിപാടിമാത്രം ആദ്യം ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിലും തുടങ്ങിയതിന്റെ പൊരുളെന്താവാം !

ആശയധാരണക്ക് ഏറ്റവും ഫലപ്രദമായ പല സംവിധാനങ്ങളിൽ [ ചെലവേറുമെങ്കിലും ] ഒന്നാണ് ഹൈടെക്ക് എന്നതിന്ന് സംശയമില്ല . ലാപ്പ് ടോപ്പും എൽ സി ഡി യും ഡിജിറ്റൽ കാമറയും പ്രിന്ററും ഏറ്റവും അധികം ഗുണം ചെയ്യുക ചെറിയ കുട്ടികളിലാണ്. അവിടം തൊട്ട് ഇതിന്റെ പ്രയോജനം ചെറിയകുട്ടിക്ക് ലഭിച്ചാൽ ഉയർന്ന ക്ലാസുകളിലെത്തുമ്പോഴേക്കും ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള പഠനവും പ്രവർത്തനവും അനായാസമായി കുട്ടിക്ക് കൈവരും . ശീലമായി മാറും . സ്വാഭാവികമായ ഒരു രീതിയായിത്തീരും . മുതിർന്ന കുട്ടികളുടെ കാര്യത്തിൽ ഇപ്പോൾ തയ്യാറാക്കുന്ന ഡിജിറ്റൽ പഠനം അവരുടെ ശീലപാഠങ്ങൾക്ക് തടസ്സം നിൽക്കുകയല്ലേ ചെയ്യുക . ' ഇതുവരെയില്ലാത്ത ഒന്ന് ' എന്ന ഭാവം അവർക്ക് ശല്യം ചെയ്യും. അതിസാധാരണമായ ഒരു മാനസിക പ്രവർത്തനം മാത്രമാണത് . എസ് എസ് എൽ സി ക്ലാസിൽ ഇപ്പൊഴും ഇതൊന്നുമല്ല പ്രധാന സംഗതി . അവിടെ 100 % റിസൽട്ടിലാണ് കുട്ടിയും സ്കൂളും കിടന്ന് പൊരിയുന്നത് . ത്രിതല പഞ്ചായത്തുകൾ തൊട്ട് ഡിപ്പാർട്ട്മെന്റ് വരെ ഒരു പരിധിയോളം 100% ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ്. അധിക ക്ലാസുകൾ, രാത്രി ക്ലാസുകൾ, പ്രാദെശികപഠനകേന്ദ്രങ്ങൾ , ദിനപത്രങ്ങളിൽ പരീക്ഷാസഹായികൾ , സ്വർണ്ണമെഡൽ വാഗ്ദാനങ്ങൾ … എന്നിങ്ങനെ നൂറുകണക്കിന്ന് അലോചനകളിലാണ് . അതൊക്കെയും ഹൈടെക്കാക്കാൻ നിലവിൽ ഒരാലോചനയും ഇല്ലതാനും ! 100% ത്തിലെത്തിക്കാനുള്ള ഒരുക്കം മാത്രമാണ് നമ്മുടെ സ്കൂളുകളിൽ 8 – 9 ക്ലാസുകൾ . ഹയർ സെക്കണ്ടറിയിൽ പ്രയോറിറ്റി ഇതും അല്ല ! എന്റ്രൻസ് കിട്ടാതെ എന്തു ജീവിതം . എന്റ്രൻസ് കോച്ചിങ്ങ് വരെ നടത്താനുള്ള ഏർപ്പാടാണ് അവിടെ .

പ്രൈമറി തലം തൊട്ടായിരുന്നെങ്കിൽ ആദ്യംതന്നെ ഇത്രയധികം ചെലവ് വരുമായിരുന്നോ ? ലാപ്പ് ടോപ്പുകൾ , അത് റൺ ചെയ്യാനുള്ള എൽ ഇ ഡി ടിവികൾ , സ്കൂളിൽ ഒരു ഡിജിറ്റൽ കാമറ എന്നിങ്ങനെ സാമഗ്രികൾ കുറച്ചേ ആദ്യം വേണ്ടിവരൂ . ഇത്രയധികം എണ്ണം [ പണവും ] വേണ്ടിവരില്ല . സ്കൂളിന്റെ സൗകര്യങ്ങളും രീതിയും അനുസരിച്ച് വേണ്ടത് വേണ്ടീടത്ത് നൽകി അദ്ധ്യാപകരെ സജ്ജരാക്കി നമുക്ക് തുടങ്ങാമായിരുന്നു . വെക്കേഷനിൽ എല്ലാ പ്രൈമറി ടീച്ചർമാർക്കും കമ്പ്യൂട്ടർ പരിശീലനം കൊടുത്തു കഴിഞ്ഞതുമാണല്ലോ . ആവേശത്തോടെ കളിപ്പെട്ടിയൊക്കെ പഠിച്ച് അവർ അവരുടെ ക്ലാസുകൾ ഹൈടെക്കുമെന്ന് എന്നു പ്രതീക്ഷിച്ചിരിക്കയായിരുന്നു . അവർക്കത് ഉടനെയുള്ള ഒരാവശ്യമായിരുന്നു . ഹൈസ്കൂൾ അദ്ധ്യാപകർ ഇത് പ്രതീക്ഷിച്ചിട്ടില്ല . അവരാരും [ അദ്ധ്യാപക സംഘടനകളടക്കം ] നിലവിൽ നമ്മൂടെ അറിവിൽ തങ്ങളുടെ ക്ലാസുകൾ ഹൈടെക്കായേ പറ്റൂ എന്ന് ആവശ്യപ്പെട്ടിട്ടുമില്ല . പക്ഷെ, തീരുമാനം ഹൈസ്കൂൾ തൊട്ട് തുടങ്ങാനായിരുന്നു . തുടങ്ങാനയിരുന്നു എന്നല്ല ; തുടങ്ങി . സാമഗ്രികളൊക്കെ റഡിയാക്കി . എല്ലാം മിക്കവാറും സ്കൂളുകളിലെത്തിച്ചു .

ഡിജിറ്റൽ സംവിധാനമൊരുക്കിയാൽ ഒപ്പം വേണ്ട ഡിജിറ്റൽ കണ്ടന്റ് മെല്ലെ വരുന്നതേയുള്ളൂ . ഡിജിറ്റൽ കണ്ടന്റ് ഉണ്ടാക്കി അതിനു ആവശ്യമായ ഹാർഡ് വെയർ എന്നല്ല ആലോചന പോയത് . ഹാർഡ് വെയറിനനുസരിച്ച് കണ്ടന്റ് [ സോഫ്ട്വെയർ ] ഇനി വരും എന്നതിലെ അശാസ്ത്രീയത എത്ര ആലോചിച്ചാലും മനസ്സിലാവില്ല . കണ്ടന്റ് ഉണ്ടാക്കുമ്പോഴേ എതൊക്കെ ഹാർഡ് വെയർ വേണമെന്ന് [ അതിന്റെ സ്പെസിഫിക്കേഷൻ അടക്കം ] തീരുമാനമാവുള്ളൂ . നമുക്ക് തിരിച്ചാണ് ഹൈടെക്ക് ബോധ്യം ! ക്ലാസിൽ കുട്ടികളുടെ ഒരു ആലാപനം റക്കോഡ് ചെയ്യാൻ ആവശ്യം വന്നാൽ നല്ലൊരു സൗണ്ട് റെക്കോഡിങ്ങ് ഉപകരണം വേണമല്ലോ എന്ന് ചിന്തിക്കും . ഇതിപ്പോ തിരിച്ചാ ചിന്ത . ഡിജിറ്റൽ കാമറയുണ്ടല്ലോ ; എന്തെങ്കിലും റെക്കോഡ് ചെയ്യേണ്ടെ മാഷെ , എന്നു കുട്ടി ചോദിക്കും !!

ക്ലാസ് റൂം പ്രവർത്തനങ്ങൾ , കണ്ടന്റ് - [ കരിക്കുലം ടെക്സ്റ്റ്ബുക്ക് ഹാൻഡ്ബുക്ക് , പരീക്ഷ .… ] , ഇതൊക്കെ തയാറാക്കുന്നത് എസ് ഇ ആർ ടി യാണല്ലോ. ഹൈടെക്കാനുള്ള തീരുമാനം - ഹൈടെക്കാക്കണമെന്ന ആവശ്യം എസ് ഇ ആർ ടി യുടെ ഭാഗമായാണൊ വന്നിട്ടുണ്ടാവുക . ലാബ് ലൈബ്രറി വർക്ക് എക്പീരിയൻസ് തുടങ്ങിയ നാനാതരം സ്കൂൾ സംബന്ധ വിഷയങ്ങളിലെ തീരുമാനം എസ് ഇ ആർ ടി അല്ലേ പതിവ് . ഏതെങ്കിലും അദ്ധ്യാപകരോ അദ്ധ്യാപകസംഘടനകളോ ഹൈസ്കൂൾ തലം തൊട്ട് ക്ലാസ് മുറികൾ അത്യാവശ്യമായി ഹൈടെക്കാക്കണമെന്ന് ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല . രക്ഷിതാക്കളുടെ കൂട്ടായ്മകൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിൽ ആദ്യം ക്ലാസ് മുറികൾ ഹൈടെക്കാണമെന്ന ഈയൊരാവശ്യം സംസ്ഥാനതലത്തിൽ ഉന്നയിച്ചതായി കേട്ടിട്ടില്ല . പിന്നെ എന്താവാം ഈയൊരു തീരുമാനത്തിന്റേയും നടപ്പാക്കലിന്റേയും തലം .

പത്രപ്രസ്താവനകൾ പലതും കാണുന്നത് പ്രൈമറിതലത്തിൽ ഹൈടെക്ക് സംവിധാനം ക്ലാസ്മുറികളിൽ അത്ര ആവശ്യമുള്ളതല്ല എന്ന രീതിയിലാണ് . അന്താരാഷ്ട്രനിലവാരമുള്ള കുട്ടികൾ ഹൈസ്കൂൾ തലത്തിൽ ഉണ്ടാവണമെന്നതുപോലെ പ്രധാനമല്ലേ അത് പ്രൈമറിതലം തൊട്ട് തുടങ്ങണമെന്നതും . അധികസമയം കുട്ടികൾ ഐ ടി സംവിധാനങ്ങളുമായി ഇരുന്നാൽ അത് അവരുടെ പഠനത്തെ ബാധിക്കും എന്നൊക്കെ പറയുന്നത് കേൾക്കുന്നു . ഹൈസ്കൂൾ ക്ലാസുകളിൽ തുടങ്ങുന്നതിന്ന് ഇത് ബാധകമല്ലേ . ഇതൊക്കെ എന്തെങ്കിലും പഠനത്തിന്റേയും പ്രയോഗത്തിന്റേയും അടിസ്ഥാനത്തിലാണോ എന്ന് ചിന്തിക്കുന്നവരുണ്ടാകില്ലേ ? വർഷങ്ങളായി അക്കാദമിക്ക് രംഗത്ത് പ്രവർത്തിക്കുന്ന ഡോ ടി പി കലാധരൻ മാഷെപ്പോലുള്ളവർ ഐ ടി സഹായം പ്രൈമറിക്ലാസുകളിൽ തൊട്ട് തുടങ്ങണമെന്ന രീതിയിലാണ് . സമഗ്രപോലുള്ള സംഗതികൾ ആദ്യം പ്രൈമറിയിൽ കൊണ്ടുവരികയല്ലേ വേണ്ടത് . വേരുറപ്പോടെയുള്ള വളർച്ച അപ്പോഴല്ലേ ഉണ്ടാവുന്നത് . പഠനശീലങ്ങൾ രൂപം കൊള്ളുന്നത് താഴെക്ലാസുകളിലല്ലേ ?

ചുരുക്കത്തിൽ ക്ലാസ് റൂം ഐ ടീ കരണം ഒരു തലതിരിഞ്ഞ ഏർപ്പാടായെന്ന് ഭാവിയിൽ നമുക്ക് വിലയിരുത്തേണ്ടി വരുമോ ? അപ്പോഴേക്കും കോടിക്കണക്കിന്ന് രൂപയുടെ ഉപകരണങ്ങൾ നമ്മുടെ സ്കൂളുകളിൽ നിറഞ്ഞിരിക്കും എന്ന പ്രശ്നം അപ്പോൾ നമുക്ക് അലോചിച്ച് പരിഹരിക്കാമെന്നാണോ ! പൊതു വിദ്യാലയങ്ങളിൽ എന്തായാലും ഉപകരണങ്ങൾ വരട്ടെ എന്നു പറയുന്ന ധാരാളം പേരുണ്ട് . നിഷ്കന്മഷബുദ്ധികളായ നല്ല മനുഷ്യർ ! ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള കെൽപ്പും അതിനു വേണ്ട ഉള്ളടക്കവും അതിനനുസരിച്ചുള്ള പഠനപ്രവർത്തനവും പരീക്ഷയും മികവും വിജയവും ഉണ്ടായില്ലെങ്കിൽ ഇതൊക്കെയും ഇ- വെസ്റ്റ് വിഭാഗത്തിലേക്ക് മാറിപ്പോവില്ലേ ? അപ്പോഴേക്കും ചന്ത പിരിഞ്ഞിട്ടുണ്ടാകും .

വികസിത രാജ്യങ്ങൾ പലതും വിദ്യാഭ്യാസപരിപാടിയിൽ നിന്ന് ഇത്തരം സാങ്കേതിക വിദ്യകളെ ഒഴിവാക്കിക്കൊണ്ടിരിക്കയാണെന്ന വാർത്തകൾ വരുന്നതു കാണുന്നു . മണ്ണും വെള്ളവും പുഴയും കാടും വെയിലും മഴയും മഞ്ഞും സൗഹൃദങ്ങളും ഓട്ടവും ചാട്ടവും മരം കയറലുമായി അവർ സ്കൂളുകൾ ആലോചിക്കുന്നു. ഉണ്ടാക്കുന്നു . നടപ്പാക്കുന്നു . നമ്മളേക്കാൾ നേരത്തെ ഐ ടി യിൽ മുങ്ങിക്കുളിച്ചവരാണവരൊക്കെ . കഴിയുന്നത്ര തെറ്റു തിരുത്തുകയാണവർ . നാമിപ്പോൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് പറയുന്നവർ വിവരമില്ലാത്തവരായി കണക്കാക്കപ്പെടുമോ ? നമ്മുടെ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്ന പരിപാടികൾക്ക് വിലങ്ങുനിൽക്കുന്നവരായി എണ്ണപ്പെടുമോ ?


വിവരസാങ്കേതികവിദ്യയുടെ സമകാലിക ജീവിതപരിസരം നമുക്കുചുറ്റുമുണ്ട് . അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഇന്നത്തെ നിലക്കാവില്ല . നിത്യജീവിതത്തിലെ കമ്യൂണിക്കേഷൺ , ബാങ്കിങ്ങ് , യാത്ര , വിപണി തുടങ്ങി എണ്ണ മറ്റ കാര്യങ്ങൾ ഐ ടി ഇല്ലാതെ പറ്റാത്ത അവസ്ഥയിൽ എത്തിനിൽക്കുന്നു . ഈ ചുറ്റുപാടിൽ പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു നമ്മുടെ വിദ്യാഭ്യാസം . ജൈവികമായ ഒരു സംവേദനവിദ്യ കാലാകാലങ്ങളായി നാമാർജ്ജിച്ചെടുത്തത് നമ്മുടെ കൈവശമുണ്ടായിരുന്നു . മാഷും കുട്ടിയും രക്ഷിതാവും അന്യോന്യം പങ്കെടുത്ത് വികസിപ്പിച്ച ജീവത്തായ ഒരു സങ്കേതം . അത് പൂർണ്ണമായും കൈവിട്ടുപോകുകയാണോ എന്ന കാൽപ്പനിക ദു:ഖം മാത്രമാകുമോ ഈ ദുശ്ശങ്കകൾ !! 

No comments: