18 May 2017

അറിയേണ്ട പൂമണങ്ങൾ

കവിത വായിക്കാനുള്ളതാണ്. ആസ്വദിക്കാനുള്ളതാണ്. ഒരിക്കൽ വായിച്ചാൽ കവിത മനസ്സിലാവണം. പലവട്ടം വായിക്കലും കൂലങ്കഷമായി പരിശോധിക്കലും ഒക്കെ കവിത പഠിക്കുന്നവരുടെ ഏർപ്പാടാണ്. വായനക്കാരൻ പാഠം പഠിക്കുകയല്ല, പരീക്ഷക്കിരിക്കുകയുമല്ല , കവിത ആസദിക്കമാത്രമാണ്.

' കാതുകൂർപ്പിക്കൂ
വെയിൽ പരക്കുന്ന
നനുത്ത ശബ്ദം '

ആസ്വാദനം നടക്കണമെങ്കിൽ എഴുത്ത് പൂർണ്ണതയുള്ളതാവണം. തെളിമയുള്ളതാവണം. ശ്രദ്ധയും ധ്യാനവും എഴുത്തിനുള്ളതുപോലെ വായനയ്ക്കും വേണം. അതീ കവിതകളിൽ ഉണ്ട്. കാതു കൂർപ്പിച്ചാൽ വെയിൽ പരക്കുന്ന നനുത്ത ശബ്ദം കേൾക്കാം എന്ന ഉറപ്പ് ഹൈക്കുവിന്റെ ജന്മസിദ്ധമായ ഉറപ്പാണ്.


കാതുകൂർപ്പിക്കൽ [ കണ്ണും മനസ്സും ശരീരവും ഒക്കെ ] ഏറ്റവും കുറവുള്ള ജീവി മനുഷ്യനാണ്. മറ്റു ജീവികൾക്കൊക്കെ ജീവിതം നിലനിർത്താൻ ഈ കൂർപ്പിക്കൽ ഒഴിവാക്കാനാവില്ല . അപകടങ്ങൾ ഒഴിവാക്കിയാലേ അതിജീവനം സാധ്യമാകൂ. മനുഷ്യനാകട്ടെ അവരുടെ സാമുഹീകരണം കൊണ്ട് ഈ കൂർപ്പിക്കൽ ചുമതല പാടെ കയ്യൊഴിയുകയും അതൊക്കെ ശാസ്ത്ര സാങ്കേതിക സാമൂഹ്യ രാഷ്ട്രീയ സ്ഥാപന വിദ്യകൾക്ക് ഏൽപ്പിക്കുകയും ചെയ്തു.അതോടെ ഏറ്റവും അശ്രദ്ധവാനായി മനുഷ്യൻ ജീവിക്കാൻ പഠിക്കുകയും ചുറ്റും പരക്കുന്ന വെയിൽ നാദം കേൾക്കാത്തവനായിത്തീരുകയും ചെയ്തു. നനുത്ത വെയിൽരവം കടലിരമ്പം പോലെ വളർന്നാലും നമുക്കത് കേൾക്കാനാവില്ല. അതിന്റെ അപകടം ചെറിയതോതിൽ മനസ്സിലായിത്തുടങ്ങുന്നുണ്ട്. മുഴുവൻ മനസ്സിലാകുമ്പോഴേക്കും മിക്കവാറും നട്ടപ്ര വെയിൽ ആവും. അതിനു മുൻപ് ഒന്നേ ചെയ്യാനുള്ളൂ. കാതുകൂർപ്പിക്കുക. അതു മാത്രം .

ഹൈക്കു പ്രകൃതിയുടെ അനക്കങ്ങൾ തിരിച്ചറിയുന്ന ധ്യാനമാണ്. ധ്യാനപ്രകാശനമാണ് കവിതയൊക്കെയും. അതുകൊണ്ടുതന്നെ ഓരോന്നും കുറുകിച്ചെറുതായ അനുഭവവും ദർശനവും ഭാഷയുമാണ്. സൗന്ദര്യാനുഭവം ദാർശനികമാനം കൈവരിക്കുന്നു. സത്യവും മിഥ്യയും നിഴലും വെളിച്ചവും ഉറക്കവും ഉണർവും ദ്വൈതഭാവങ്ങളില്ലാതെ കവിതയായി പരിണമിക്കുന്നു. പരിണാമം വായനയോളം , വായിച്ചതിന്റെ ഓർമ്മയോളം വീണ്ടും വായനയോളം കാലങ്ങളോളം പരിണമിക്കുന്നു.
' ആ മല കയറുവാൻ
ഈ മല ഇറങ്ങുകതന്നെ
പുള്ളിമാനുകളേ '
നിറഞ്ഞ് കുളത്തിന്റ് നടുക്ക് ഒരു കുഞ്ഞ് കല്ലെറിയുകയാണ് കവികൾ. കല്ലെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പക്ഷെ, കുളം അലകളുണ്ടാക്കിക്കൊണ്ടേയിരിക്കും. 6-7 വാക്കുകൾ ഒരുപാടുനേരം വായനക്കാരനിൽ അലകളുണ്ടാക്കുകയാണ്. ഒരു കയറ്റത്തിന്ന് ഒരിക്കമുണ്ട് എന്ന പഴമൊഴിയല്ല, ഒരിക്കത്തിലാണ് ഒരു കയറ്റം സാധ്യമാകുന്നതെന്ന വിരോധഭാഷയിൽ കവിത അലയിളക്കുന്നു. കയറിക്കഴിഞ്ഞവരെല്ല , കയറാനുള്ള പുള്ളിമാനുകളെയാണ് ഇവിടെ കവി കാണുന്നത്. ആനയും സിംഹങ്ങളുമൊക്കെ കയറിക്കഴിഞ്ഞിരിക്കുന്ന ഒരു നാട്ടിൽ പുള്ളിമാനുകൾക്കുവേണ്ട ശ്രദ്ധയാവണം കവിത. വേട്ടയാടപ്പെടുന്നത് കയറ്റത്തിലായാലും മലനെറുകയിലായാലും പുള്ളിമാനുകളെയാണല്ലോ എങ്ങും എന്നും .

പ്രകൃതിയെ നിരീക്ഷിച്ചാൽ , അനുഭവിച്ചാൽ കവിതയെഴുതാൻ മറ്റൊരു സാമഗ്രിയും പഠിക്കേണ്ടതില്ല. എന്നും കവിത അങ്ങനെയായിരുന്നു. നമുക്ക് ചുറ്റും കവിതയുണ്ട്. അനുഭവങ്ങളുണ്ട്. അത് നേരേചൊവ്വെ ആവിഷ്കരിച്ചാൽ കവിതയായി. അതാവണം കവിതയെന്നു ഓരോ ഹൈക്കുവും നമ്മെ ബോധ്യപ്പെടുത്തുന്നു.
' വേനൽ
എന്റെ വഴികളെല്ലാം
തെളിയുന്നു '
ഇതിനേക്കാൾ അർഥസാന്ദ്രമായ , അനുഭവവേദ്യമായ ഒരു കാവ്യോക്തി വേറേതുണ്ട് !

മഴയിൽ മൂടിപ്പോകു-
ന്നിന്നെന്റെ വഴികൾ
മുന്നിൽ, പിന്നിൽ
[ സ്വന്തം ]



ഹൈക്കു എന്നാൽ ....

ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു.(Haiku) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി ) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo )എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി ( Kireji - cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.
മത്സുവോ ബാഷോ (ജനനം: 1644 – മരണം: നവംബർ 28, 1694) ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കവി ആയിരുന്നു. ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടത് "ഹൈകായ് നോ രംഗ" രൂപത്തിലുള്ള കവിതകളുടെ പേരിലാണ്. ഇന്ന്, നൂറ്റാണ്ടുകളുടെ വിലയിരുത്തലിനുശേഷം ഹൈകായ് രൂപത്തിലുള്ള ഹ്രസ്വവും വ്യക്തവുമായ കവിതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മത്സുവോയുടെ കവിത രാഷ്ട്രാന്തരപ്രശസ്തമാണ്. ജപ്പാനിൽ അദ്ദേഹത്തിന്റെ കവിതകൾ സ്മാരകങ്ങളിലും ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ആലേഖനം ചെയ്യുക പതിവാണ്.



80 പേജിൽ 250 നകം കവിതകളുടെ സമാഹാരമാണ് രാമകൃഷ്ണൻ കുമരനല്ലൂരിന്റെ ' അറിയാ പൂമണങ്ങളെ ' എന്ന കൃതി. കോഴിക്കോട് ഓഷ്യാനിക്ക് ബുക്ക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാം തന്നെ എഴുതിയ ഉടനെ ഫേസ്‌ബുക്കിൽ കവി പോസ്റ്റ് ചെയ്തവയും അന്നന്ന് അത് വായനക്കാർ മനസ്സിൽ സ്വീകരിച്ചവയും ആണ്. ഇപ്പോൾ ഒന്നിച്ച് പുസ്തകരൂപത്തിൽ നമുക്ക് വായിക്കാൻ പാകത്തിൽ ഇതാ ... [ വില : 80 രൂപ

തസറാക്ക് > ഖസാക്ക്

1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1956 [ തകഴി ചെമ്മീൻ എഴുതിയ വർഷം ] പുസ്തകം എഴുതിക്കഴിഞ്ഞ് പന്ത്രണ്ട് വർഷത്തോളം കൂട്ടുകാരുമൊത്ത് വായിച്ചും ചർച്ചചെയ്തും , തീർച്ചയായും ചില മിനുക്കുകൾ നടത്തിയുമാണ് 1968 ൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. ഇത് ശരിയായിരിക്കാമെന്നു വിശ്വസിക്കുന്നത് നോവലിന്റെ ശിൽപ്പഭദ്രതകൊണ്ടുതന്നെയാണ്. അതെന്തോ ആവട്ടെ , 1968 മുതൽ മലയാളം ഖസാക്ക് മെല്ലെ മെല്ലെ വായിക്കാൻ തുടങ്ങിയെന്ന് തീർച്ച. പ്രസിദ്ധീകരിച്ച് 50 വർഷം കഴിഞ്ഞിട്ടും ഇപ്പൊഴും മലയാളം ആവേശപൂർവം ഖസാക്ക് വായിക്കുന്നു.

പരക്കെ ഖസാക്ക് വായിച്ച് രസിക്കാൻ പാകമായ ഒരു മലയാളകാലത്തല്ല കൃതി പ്രസിദ്ധീകൃതമാവുന്നത്. കാൽപ്പനിക കവിതകളും പുരോഗമന / ജീവൽസാഹിത്യ നോവലുകളും കഥകളും അതിലേറെ ജനം പരക്കെ വായിക്കുന്ന പൈങ്കിളികളും അതിനു പാകത്തിലുള്ള സിനിമകളും നാടകങ്ങളും വായനാ / കാഴ്ച സാമഗികളായി നിരക്കെ വിലസുന്ന ഒരു കാലത്താണ് ഉള്ളടക്കത്തിൽ അതിനൂതനമായ അവബോധത്തോടെ ഖസാക്ക് വരുന്നത്. ബിരുദ ബിരുദാനന്തര വിദ്യാർഥികളും അവരുടെ അദ്ധ്യാപകരും വിദേശനോവലുകൾ വായിച്ച് പരിചയമുള്ള കുറച്ചു പേരും മാത്രമാണ് ഖാസാക്ക് ആദ്യം വായിച്ചത്. വായനയുടെ പുതിയ ബോധങ്ങൾ ആദ്യമാർജ്ജിക്കാനാവുക ഇക്കൂട്ടർക്കാണെന്നതു ഇതിനൊരു കാരണമാവാം. കോളെജ് ലൈബ്രറികളിൽ കാഫ്‌ക, കാമു, ബ്രെഹറ്റ് , ബർഹോസ്, കാക്കനാടൻ തുടങ്ങിയവരുടെ പ്രധാനപ്പെട്ട കൃതികളൊക്കെ വായിക്കാൻ ലഭ്യമായിരുന്നു. കാക്കനാടൻ 1969 ആയപ്പോഴേക്കും തന്റെ പ്രധാനപ്പെട്ടവയൊക്കെ എഴുതിയിരുന്നു.


എഴുത്തുകാരൻ വർഷം കൃതി
കാക്കനാടൻ 1963
1967
1968
1969
ഏഴാംമുദ്ര
സാക്ഷി
വസൂരി
ഉഷ്ണമേഖല
ഒ വി വിജയൻ 1968 ഖസാക്കിന്റെ ഇതിഹാസം
എം. ടി 1969 കാലം
കോവിലൻ 1972 തോറ്റങ്ങൾ
എം മുകുന്ദൻ 1972 ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു
കാഫ്‌ക 1925
1926
1927
ദ ട്രയൽ
ദ കാസിൽ
അമേരിക്ക
ആൽബേർ കാമു 1942
1947
ദ സ്റ്റ്രേഞ്ചർ
ദ പ്ലേഗ്

എന്നാൽ സാധാരണ വായനക്കാർക്ക് പുതിയ സാഹിത്യരീതികൾ അത്രക്ക് പ്രാപ്യമായിരുന്നില്ല അന്ന്. തകഴി, എം. ടി, നന്തനാർ , മുട്ടത്ത് വർക്കി പരിസരങ്ങളിലായിരുന്നു പൊതുവായനക്കാർക്ക് ആസ്വാദനം. അതാകട്ടെ ധാരാളമുണ്ടായിരുന്നു താനും.


അസ്തിത്വവാദവും ചർച്ചകളും സുലഭമായിരുന്ന ഇടങ്ങളായിരുന്നു അന്നത്തെ കോളേജ് വായനാകോലായകൾ. പ്രത്യേകിച്ച് കുഴപ്പമൊന്നുമെല്ലെങ്കിലും അസ്തിത്വദു:ഖം ഉൾപ്പേറാൻ തയ്യാറായിന്നു മിക്കവരും. അവരൊക്കെ ബുദ്ധിജീവികൾ [ കാളിദാസനേയും കുമാരനാശാനേയും വായിച്ച് മനസ്സിലാക്കിയവരെ ബുദ്ധിജീവി എന്നു വിശേഷിപ്പിച്ചില്ല ] എന്ന പരിവേഷം എടുത്തണിയുകയും ചെയ്തു. അതുമൊരുപക്ഷെ, ഖാസാക്കിനെ ഉൾക്കൊള്ളാൻ ആദ്യവായനക്കാരെ തയ്യാറാക്കിയിട്ടുണ്ടാവും. സാധാരണക്കാരന്ന് അസ്തിത്വപ്രശ്നങ്ങളൊന്നും തന്നെ ഒട്ടും അലട്ടലുണ്ടാക്കിയിരുന്നില്ല. സാധാരണ പൈങ്കിളിയും തകഴി, പാറപ്പുറത്ത്, എം ടി , കോവിലൻ, പി. വത്സല തുടങ്ങിയവരും മതിയായിരുന്നു അവർക്ക്. എന്നാൽ ഇവരിൽ കുറേ പേർ മാതൃഭൂമിവായനക്കാരായിരുന്നതുകൊണ്ട് [ പൊതുവെ വായനക്ക് മനോരമയായിരുന്നു മുഖ്യം ] ഖസാക്ക് മെല്ലെ മെല്ലെ വായിക്കാൻ തുടങ്ങി. നേർരേഖയിലുള്ള കഥ വായിച്ചു ശീലിച്ചവർക്ക് ഖണ്ഡശ്ശയായി വന്ന ഖസാക്ക് കഥയുടെ കാര്യത്തിൽ അത്ര പിന്തുടരാനായില്ലെങ്കിലും അതിലെ ഭാഷാരീതി നന്നേ പിടിച്ചു. സവിശേഷതയുള്ള ഭാഷ എന്ന നിലയിലാണ് പൊതുവായനക്കാരനെ ഖസാക്ക് ആസ്വദിപ്പിച്ചത്. തനി പ്രാദേശിക മലയാളവും സംസ്കൃതവും ചേർന്ന ഒരു പുത്തൻ മണിപ്രവാളം വായനക്കാർക്ക് ഇഷ്ടപ്പെട്ടു. ഇതു തന്നെ പാലക്കാട്ടുകാർക്ക് ഇഷ്ടപ്പെട്ട / മനസ്സിലായത്ര പുറത്തുള്ളവർക്ക് മനസ്സിലായോ എന്നു സംശയമുണ്ട്. പക്ഷെ, അപ്പോഴും കൃതിയുടെ ദാർശനികതലം അപ്രാപ്യമായിരുന്നു. ഗീതാഗോവിന്ദവും അസ്റ്റ്രോഫിസിക്സും ടെറോഡൊക്ടൈലുകളും വായനയിൽ കൂട്ടക്കുഴപ്പങ്ങളുണ്ടാക്കി !!

ഖസാക്കിനു മുൻപുള്ള നോവലും ശേഷമുള്ള നോവലും എന്ന വിഭജനം പരക്കെ അംഗീകരിക്കപ്പെട്ട സംഗതിയാണ്. ദർശനം, ഭാഷ, രചനാശിൽപ്പം , ഭാവുകത്വം എന്നീ ഘടകങ്ങളിലൊക്കെ ഈ വിഭജനം ശരിവെച്ചു. അതോടെ സംഭവിച്ച ഒരു അരുതായ്മ മലയാള ആസ്വാദകർ വിഭജിക്കപ്പെട്ടു എന്നാണ്. അതുവരെ മലയാള വായനക്കാർ കൃഷ്ണപ്പാട്ട് തൊട്ട് എല്ലാം തന്നെ വായിക്കാനും ആസ്വദിക്കാനും കെൽപ്പുള്ളവരായിരുന്നു. നേരേ ചൊവ്വെ കഥ വായിക്കുക , നേരേ അർഥം മനസ്സിലാക്കുക എന്നായിരുന്നു ആസ്വാദകരുടെ രീതി. ദർശനവും മറ്റു ആഴങ്ങളും നിരൂപകന്മാർക്കും മറ്റും മതിയായിരുന്നു. ചന്തുമേനോൻ, ആശാൻ, വള്ളത്തോൾ, ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, തകഴി, ദേവ്, പൊറ്റേക്കാട്, വൈലോപ്പിള്ളി, മാരാർ, മുണ്ടശ്ശേരി, ഗുപ്തൻ നായർ, ഉറൂബ്, വത്സല, ഇടശ്ശേരി വായനകളിൽ അഭിരമിച്ചിരുന്നവർ ഖസാക്കിന്റെ വരവോടെ വായനമുട്ടിയവരായിത്തീർന്നു. [ കാക്കനാടന്റെ മികച്ച കൃതികളൊക്കെ ഖസാക്കിനു മുൻപ് വന്നിരുന്നു. പക്ഷെ, നാട്ടിൻപുറത്തെ വായനശാലകളിൽ അവ അത്ര സുലഭമായിരുന്നില്ല. ] ഈയൊരവസ്ഥ ഉണ്ടായതിനു ഖസാക്കിന്നു വലിയൊരു പങ്കുണ്ട്.

വിഭജനം ഉണ്ടാക്കുന്നത് ഏതു മേഖലയിലായാലും അതിനെ പ്രകീർത്തിക്കാനാവില്ല. സവിശേഷമായ കാരണങ്ങളാൽ ഉണ്ടായവ നിവൃത്തിയില്ലായ്മയിൽ പെടും. പാശ്ചാത്യരാജ്യങ്ങളിലെ സാമൂഹ്യാവസ്ഥകളൊന്നും [ രണ്ടുയുദ്ധങ്ങൾ, ഭീമമായ വ്യവസായവത്ക്കരണം, അസന്തുഷ്ടി, അസ്തിത്വചിന്ത , കുടുംബപരമായ ശൈഥില്യങ്ങൾ, അതിരില്ലാത്ത സ്വാതന്ത്യ്രദാഹം, പലതരം ആസക്തികൾ , വിശ്വാസരാഹിത്യം , സ്നേഹരാഹിത്യം , രാവണൻ കോട്ടകൾ , ഫാസിസം .... ] മലയാളത്തിലില്ലായിരുന്നു. സേവനമേഖലയിൽ ചെറിയ ചെറിയ തൊഴിലെടുക്കുന്നവർ, കൃഷിക്കാർ, കുടുംബസ്നേഹികൾ, കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ [ ആസക്തികൾ ] പേറുന്നവർ, മഹാനഗരങ്ങളിൽ ജോലിനോക്കുന്നവരുടെ ക്ഷേമവും അവരുടെ കത്തും പണവും കാത്തിരിക്കുന്ന വളരെ ചെറിയ സമൂഹങ്ങൾ, രാവിലെ വീട്ടിൽ നിന്നു അമ്മ വിളമ്പിയ കഞ്ഞി കുടിച്ച് മുണ്ടുടുത്ത് / ധാവണിയണിഞ്ഞ് [ ചെരിപ്പുപോലും ഇല്ലാതെ ! ] കോളേജിൽ പോയിരുന്നവർ ആയിരുന്നു മലയാളികൾ. അവരുടെ വായനാശീലത്തെ [ പിന്നീട് ജീവിത ശീലത്തേയും ] ഒരു തരത്തിൽ പറഞ്ഞാൽ കൃത്രിമായി അട്ടിമറിക്കാനായി അന്നത്തെ പുതു എഴുത്തുകാർക്ക്. അതുകൊണ്ടുതന്നെ പഴയവായനക്കാരും / പുതിയ വായനക്കാരും എന്ന വിഭജനം ഉണ്ടാക്കപ്പെട്ടു. സംവേദനത്തിലെ വിഭജനം [ divide in sensibility ] വായനയിലെ വിഭജനം [ divide in reading ] രണ്ടുതരത്തിൽ പരിണമിച്ചു. 1) പഴയ വായനക്കാർക്ക് പുതുതായി വായിക്കാനൊന്നും ഇല്ലാതായി. തങ്ങൾ മനസ്സിലാവാത്തവരാണെന്ന ആത്മനിന്ദ ശക്തമായി . 2) പുതിയവർക്ക് പുതിയവ ധാരാളം കിട്ടി. അതാകട്ടെ നിലനിന്നിരുന്ന സാമൂഹികമൂല്യങ്ങളെക്കുറിച്ച് അവജ്ഞ ഉണ്ടാക്കി. യുക്തി നിരാസവും മൂല്യനിരാസവും കേവലാനന്ദങ്ങളിലേക്ക് നയിച്ചു. വായന വായനക്കാരന്റെ ജീവിതത്തെത്തന്നെ അട്ടിമറിച്ചു. [ പിന്നീട് ഈ ചർച്ച ഉണ്ടായത് ഇപ്പോൾ ഓർമ്മിക്കാം !]

കേവലാനന്ദത്തിലേക്ക് എന്നത് ആധുനിക / അത്യന്താധുനിക / ഉത്തരാധുനിക ദർശനങ്ങളുടെ പൊതുസ്വഭാവമായിരുന്നു. ഇത് ഇതോടൊപ്പം രൂപം കൊണ്ട ആഗോളവത്ക്കരണത്തിന്റേയും ഉപഭോഗയുക്തിയുടേയും ആരംഭം കൂടിയായിരുന്നു. രവി ഈ പരികൽപ്പനകളുടെ ഏകാധ്യാപകനായിരുന്നു. കേരളത്തിൽ [ സവിശേഷമായി മലബാറിൽ - മലബാർ ഡിസ്റ്റ്രിക്ട് ബോർഡ് ] ഏകാധ്യാപകവിദ്യാലയങ്ങളൊക്കെ ബഹ്വാദ്ധ്യാപക സ്കൂളുകളായ കാലത്താണ് തസ്രാക്കിൽ / ഖാസാക്കിൽ ഏകാധ്യാപകൻ എത്തുന്നത് ഒട്ടും കൗതുകമുണ്ടാക്കാത്തത്, ആഗോളവത്ക്കരണത്തിന്റേയും ആനന്ദവത്ക്കരണത്തിന്റേയും പശ്ചാത്തലത്തിലാവും. വിജയന്റെ ദാർശനിക കാഴ്ചപ്പാട് ഇത് മുകൂട്ടിക്കാണുകയും എഴുതിവെക്കപ്പെടുകയും ചെയ്തുവെന്നു മാത്രം. വലിയ എഴുത്തുകാരൊക്കെ കാലം മുങ്കൂട്ടി കാണുന്നവരാണ്. വിജയൻ വലിയ എഴുത്തുകാരനുമാണ്. അതാണ് രവി. പാപബോധം, പാപപരിഹാരയാത്രകൾ, ആവർത്തിക്കുന്ന ആസക്തി, ഉപഭോഗം, മൂല്യങ്ങൾ യുക്തി എന്നിവ ഉപേക്ഷിക്കൽ, പൗരാണിക ജീവഭാവങ്ങൾ , പൗരാണികപ്രകൃതി, വെളുത്തമഴ , മിത്തുകൾ, ലെജണ്ടുകൾ, കൽപ്പവൃക്ഷത്തിന്റെ തൊണ്ട്, അപ്പുക്കിളി, ജലത്തിലെ ചില്ലുവാതിലുകൾ, മുങ്ങാംകോഴി തൊട്ടുള്ള മനുഷ്യമൃഗപ്പേരുകൾ എല്ലാം ഈ ആധുനികതയുടെ / ആഗോളവത്ക്കരിത ലോകത്തിന്റേയും പരികൽപ്പനകളാണ്. ഇതിൽ നമ്മുടെ വായനാസമൂഹം രതി / മയക്കുമരുന്ന് / അതിത്വദുഖം എന്നീപലവക കണ്ടെത്തുകയും അവർ ആധുനികരാവുകയും [ സമകാലികത്തിനുമപ്പുറത്ത് ] ചെയ്തു. ഇതൊന്നും ഏറ്റെടുക്കാനാവാത്തവർ പഴയ വായനക്കാരായി. തിരസ്കൃതരായി. തിരസ്കരിക്കപ്പെട്ടവർ പഴയവരാണ്; എന്നാൽ കൗതുകകരമെന്നു പറയട്ടെ , പുതിയവരാണ് തിരസ്കരിക്കപ്പെട്ടവർ എന്നായിരുന്നല്ലോ പൊതുവെ വാദം. ഇരയെ ഇരയായി കാണാൻ ആധുനികത സമ്മതിക്കാറില്ല. ഇരയ്ക്കുമുന്നിൽ ഒരു മായാഇരയെ സ്ഥാപിക്കാൻ ഇക്കാലത്തും ശ്രമം ചെറുതല്ല. അങ്ങനെ വായനാ വിഭജനം [ divide in reading ] ഭാവുക വിഭജനം [ divide in sensibility] പൂർണ്ണമായി. സമൂഹം ആധുനികതയിലെത്തിയിട്ടില്ലാത്ത സ്ഥിതിക്ക് എഴുത്തിൽ മാത്രം [ പുതിയ നോവലുകൾ പ്രസിദ്ധീകരിച്ചപ്പോൾ അതിലെ ഇലസ്റ്റ്രേഷൻസ് അത്രത്തോളം ആധുനികമായില്ല എന്നത് നിരീക്ഷിക്കേണ്ടതാണ് ] കൊണ്ടുവന്ന ആധുനികത [ ആഗോളവത്ക്കരണം വരെ ] മലയാള എഴുത്തിനെ കലക്കിമറിച്ചു. തസ്രാക്ക് > ഖസാക്കായതുപോലെ .! തസറാക്കിനെ കുറിച്ചായിരുന്നുവെങ്കിൽ അത് തസറാക്കിന്റെ ഇതിഹാസമാകുമായിരുന്നു. വർത്തമാനകാലത്തിലേയോ ഭൂതകാലത്തേയോ തസറാക്കിനെ ഉപേക്ഷിച്ച് ഭാവിയിലെ - ഉത്തരാധുനികം വരെ എത്തുന്ന ഖസാക്കിനെ ആഖ്യാനം ചെയ്തു വിജയൻ. ഇത് ഒരു കുറ്റമാണെന്നല്ല, അവസ്ഥാവിശകലനം മാത്രം.


ഭാഷയെ സംബന്ധിച്ച പഴയ ഒരു മിത്താണ് ബാബേൽ ഗോപുരം . ഭാഷകലക്കിയതോടെ ഗോപുരം പണി നിലച്ചു. എന്നാൽ കലങ്ങിയ ഭാഷയിൽ നിന്ന് ആയിരക്കണക്കിനു ഭാഷകൾ ഉരുവം പൂണ്ടപോലെ കലങ്ങിയ മലയാളത്തിൽ നിന്ന് ആയിരം മലയാളങ്ങൾ ഉണ്ടായോ എന്നു നമുക്ക് അന്വേഷിക്കേണ്ടതുണ്ട്. അതിനും ആദ്യവായന ഖസാക്കിന്റെ ഇതിഹാസം തൊട്ടു തുടങ്ങേണ്ടി വരും. ഒരു രണ്ടാം എഴുത്തഛനായി വിജയനെ പരിഗണിക്കേണ്ടിയും വരും