18 May 2017

അറിയേണ്ട പൂമണങ്ങൾ

കവിത വായിക്കാനുള്ളതാണ്. ആസ്വദിക്കാനുള്ളതാണ്. ഒരിക്കൽ വായിച്ചാൽ കവിത മനസ്സിലാവണം. പലവട്ടം വായിക്കലും കൂലങ്കഷമായി പരിശോധിക്കലും ഒക്കെ കവിത പഠിക്കുന്നവരുടെ ഏർപ്പാടാണ്. വായനക്കാരൻ പാഠം പഠിക്കുകയല്ല, പരീക്ഷക്കിരിക്കുകയുമല്ല , കവിത ആസദിക്കമാത്രമാണ്.

' കാതുകൂർപ്പിക്കൂ
വെയിൽ പരക്കുന്ന
നനുത്ത ശബ്ദം '

ആസ്വാദനം നടക്കണമെങ്കിൽ എഴുത്ത് പൂർണ്ണതയുള്ളതാവണം. തെളിമയുള്ളതാവണം. ശ്രദ്ധയും ധ്യാനവും എഴുത്തിനുള്ളതുപോലെ വായനയ്ക്കും വേണം. അതീ കവിതകളിൽ ഉണ്ട്. കാതു കൂർപ്പിച്ചാൽ വെയിൽ പരക്കുന്ന നനുത്ത ശബ്ദം കേൾക്കാം എന്ന ഉറപ്പ് ഹൈക്കുവിന്റെ ജന്മസിദ്ധമായ ഉറപ്പാണ്.


കാതുകൂർപ്പിക്കൽ [ കണ്ണും മനസ്സും ശരീരവും ഒക്കെ ] ഏറ്റവും കുറവുള്ള ജീവി മനുഷ്യനാണ്. മറ്റു ജീവികൾക്കൊക്കെ ജീവിതം നിലനിർത്താൻ ഈ കൂർപ്പിക്കൽ ഒഴിവാക്കാനാവില്ല . അപകടങ്ങൾ ഒഴിവാക്കിയാലേ അതിജീവനം സാധ്യമാകൂ. മനുഷ്യനാകട്ടെ അവരുടെ സാമുഹീകരണം കൊണ്ട് ഈ കൂർപ്പിക്കൽ ചുമതല പാടെ കയ്യൊഴിയുകയും അതൊക്കെ ശാസ്ത്ര സാങ്കേതിക സാമൂഹ്യ രാഷ്ട്രീയ സ്ഥാപന വിദ്യകൾക്ക് ഏൽപ്പിക്കുകയും ചെയ്തു.അതോടെ ഏറ്റവും അശ്രദ്ധവാനായി മനുഷ്യൻ ജീവിക്കാൻ പഠിക്കുകയും ചുറ്റും പരക്കുന്ന വെയിൽ നാദം കേൾക്കാത്തവനായിത്തീരുകയും ചെയ്തു. നനുത്ത വെയിൽരവം കടലിരമ്പം പോലെ വളർന്നാലും നമുക്കത് കേൾക്കാനാവില്ല. അതിന്റെ അപകടം ചെറിയതോതിൽ മനസ്സിലായിത്തുടങ്ങുന്നുണ്ട്. മുഴുവൻ മനസ്സിലാകുമ്പോഴേക്കും മിക്കവാറും നട്ടപ്ര വെയിൽ ആവും. അതിനു മുൻപ് ഒന്നേ ചെയ്യാനുള്ളൂ. കാതുകൂർപ്പിക്കുക. അതു മാത്രം .

ഹൈക്കു പ്രകൃതിയുടെ അനക്കങ്ങൾ തിരിച്ചറിയുന്ന ധ്യാനമാണ്. ധ്യാനപ്രകാശനമാണ് കവിതയൊക്കെയും. അതുകൊണ്ടുതന്നെ ഓരോന്നും കുറുകിച്ചെറുതായ അനുഭവവും ദർശനവും ഭാഷയുമാണ്. സൗന്ദര്യാനുഭവം ദാർശനികമാനം കൈവരിക്കുന്നു. സത്യവും മിഥ്യയും നിഴലും വെളിച്ചവും ഉറക്കവും ഉണർവും ദ്വൈതഭാവങ്ങളില്ലാതെ കവിതയായി പരിണമിക്കുന്നു. പരിണാമം വായനയോളം , വായിച്ചതിന്റെ ഓർമ്മയോളം വീണ്ടും വായനയോളം കാലങ്ങളോളം പരിണമിക്കുന്നു.
' ആ മല കയറുവാൻ
ഈ മല ഇറങ്ങുകതന്നെ
പുള്ളിമാനുകളേ '
നിറഞ്ഞ് കുളത്തിന്റ് നടുക്ക് ഒരു കുഞ്ഞ് കല്ലെറിയുകയാണ് കവികൾ. കല്ലെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പക്ഷെ, കുളം അലകളുണ്ടാക്കിക്കൊണ്ടേയിരിക്കും. 6-7 വാക്കുകൾ ഒരുപാടുനേരം വായനക്കാരനിൽ അലകളുണ്ടാക്കുകയാണ്. ഒരു കയറ്റത്തിന്ന് ഒരിക്കമുണ്ട് എന്ന പഴമൊഴിയല്ല, ഒരിക്കത്തിലാണ് ഒരു കയറ്റം സാധ്യമാകുന്നതെന്ന വിരോധഭാഷയിൽ കവിത അലയിളക്കുന്നു. കയറിക്കഴിഞ്ഞവരെല്ല , കയറാനുള്ള പുള്ളിമാനുകളെയാണ് ഇവിടെ കവി കാണുന്നത്. ആനയും സിംഹങ്ങളുമൊക്കെ കയറിക്കഴിഞ്ഞിരിക്കുന്ന ഒരു നാട്ടിൽ പുള്ളിമാനുകൾക്കുവേണ്ട ശ്രദ്ധയാവണം കവിത. വേട്ടയാടപ്പെടുന്നത് കയറ്റത്തിലായാലും മലനെറുകയിലായാലും പുള്ളിമാനുകളെയാണല്ലോ എങ്ങും എന്നും .

പ്രകൃതിയെ നിരീക്ഷിച്ചാൽ , അനുഭവിച്ചാൽ കവിതയെഴുതാൻ മറ്റൊരു സാമഗ്രിയും പഠിക്കേണ്ടതില്ല. എന്നും കവിത അങ്ങനെയായിരുന്നു. നമുക്ക് ചുറ്റും കവിതയുണ്ട്. അനുഭവങ്ങളുണ്ട്. അത് നേരേചൊവ്വെ ആവിഷ്കരിച്ചാൽ കവിതയായി. അതാവണം കവിതയെന്നു ഓരോ ഹൈക്കുവും നമ്മെ ബോധ്യപ്പെടുത്തുന്നു.
' വേനൽ
എന്റെ വഴികളെല്ലാം
തെളിയുന്നു '
ഇതിനേക്കാൾ അർഥസാന്ദ്രമായ , അനുഭവവേദ്യമായ ഒരു കാവ്യോക്തി വേറേതുണ്ട് !

മഴയിൽ മൂടിപ്പോകു-
ന്നിന്നെന്റെ വഴികൾ
മുന്നിൽ, പിന്നിൽ
[ സ്വന്തം ]



ഹൈക്കു എന്നാൽ ....

ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു.(Haiku) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി ) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo )എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി ( Kireji - cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.
മത്സുവോ ബാഷോ (ജനനം: 1644 – മരണം: നവംബർ 28, 1694) ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കവി ആയിരുന്നു. ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടത് "ഹൈകായ് നോ രംഗ" രൂപത്തിലുള്ള കവിതകളുടെ പേരിലാണ്. ഇന്ന്, നൂറ്റാണ്ടുകളുടെ വിലയിരുത്തലിനുശേഷം ഹൈകായ് രൂപത്തിലുള്ള ഹ്രസ്വവും വ്യക്തവുമായ കവിതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മത്സുവോയുടെ കവിത രാഷ്ട്രാന്തരപ്രശസ്തമാണ്. ജപ്പാനിൽ അദ്ദേഹത്തിന്റെ കവിതകൾ സ്മാരകങ്ങളിലും ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ആലേഖനം ചെയ്യുക പതിവാണ്.



80 പേജിൽ 250 നകം കവിതകളുടെ സമാഹാരമാണ് രാമകൃഷ്ണൻ കുമരനല്ലൂരിന്റെ ' അറിയാ പൂമണങ്ങളെ ' എന്ന കൃതി. കോഴിക്കോട് ഓഷ്യാനിക്ക് ബുക്ക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാം തന്നെ എഴുതിയ ഉടനെ ഫേസ്‌ബുക്കിൽ കവി പോസ്റ്റ് ചെയ്തവയും അന്നന്ന് അത് വായനക്കാർ മനസ്സിൽ സ്വീകരിച്ചവയും ആണ്. ഇപ്പോൾ ഒന്നിച്ച് പുസ്തകരൂപത്തിൽ നമുക്ക് വായിക്കാൻ പാകത്തിൽ ഇതാ ... [ വില : 80 രൂപ

No comments: