07 July 2017

ഗൃഹപാഠങ്ങൾ

പഠനം നിരന്തരമായി നടക്കേണ്ട ഒരു പ്രവർത്തനമാണ്. സ്കൂളിൽ ക്ലാസിനകത്ത് മാത്രം നടക്കേണ്ട ഔപചാരിക പ്രവർത്തനമല്ല ഇത്. സ്കൂൾ , കളിസ്ഥലം, വീട്, കൂട്ടുകാർ, വായനശാല, ക്ലബ്ബ്, ബസ്‌യാത്ര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പഠനം നടക്കുന്നുണ്ട്. പലതും ബോധപൂർവവും മിക്കതും അബോധപൂർവവും ആണെന്ന് മാത്രം. ഗാർഹികാന്തരീക്ഷത്തിലെ പഠനത്തെക്കുറിച്ചുള്ള ചില സംഗതികൾ നോക്കാം .

ജൂൺ ജൂലായ് സ്കൂളിലെ ആദ്യത്തെ രക്ഷാകർത്തൃസമിതിയോഗത്തിന്റെ കാലമാണ്. പി ടി എ കൂടും. സ്കൂളിൽ ഒന്നിച്ചോ ക്ലാസ് പിടിഎകളായോ ഇത് നടക്കും. പി ടി എ കളിലെ സ്ഥിരം അജണ്ടകൾ ഉണ്ടാവട്ടെ. എന്നാൽ രക്ഷിതാവിന്ന് വീട്ടിൽ എങ്ങനെ കുട്ടിയെ സഹായിക്കാമെന്നത് സംബന്ധിച്ച ചില അനുഭവങ്ങൾ ഇപ്രാവശ്യം പി ടി എ കളിൽ ആലോചിക്കണം .

രക്ഷിതാവിന്ന് കുട്ടിയെ പഠനകാര്യങ്ങളിൽ നേരിട്ട് സഹായിക്കാനാവും. അതു നിലവിൽ ക്ലാസ്രൂമിലെ പ്രവർത്തനാധിഷ്ഠിത രീതിയിൽത്തന്നെ. എല്ലാ വിഷയങ്ങളിലും ചിലത് ചെയ്യാനാവും. എല്ലാ രക്ഷിതാവിനും ചിലത് ചെയ്യാൻ കഴിയും. അതിന്റെ ചില മാതൃകകൾ പി ടി എ യിൽ ഉണ്ടാവണം. അദ്ധ്യാപകർ മുങ്കൂട്ടി തയ്യാറെടുപ്പുകൾ നടത്തണം എന്നു മാത്രം.



ഈ രക്ഷാകർത്തൃശാക്തീകരണത്തിന്ന് കുട്ടികളെകൂടി കൂട്ടണം . 10 രക്ഷിതാക്കളും അവരുടെ കുട്ടികളും കൂടി 20-21 പേരുള്ള ഗ്രൂപ്പുകളാക്കണം. തയ്യാറായ ഒരദ്ധ്യാപിക ആഗ്രൂപ്പിൽ കൂടെ കൂടണം. ഇനി വിവിധ പ്രവർത്തനങ്ങൾ – ക്ലാസ് റൂമിൽ പതിവുള്ള പ്രവർത്തനങ്ങൾ ഓരോന്നായി ഈ ഗ്രൂപ്പിൽ ചെയ്യിച്ച് നോക്കൂ .

പ്രവർത്തനങ്ങൾ :
1. കഥയുണ്ടാക്കൽ [ ഒരാൾ ആദ്യം ഒരു വാക്യം. പിന്നീടുള്ളവർ ഒരോരുത്തരായി ഓരോ വാക്യങ്ങൾ കൂട്ടിച്ചേർത്ത് കഥമെനയൽ
2. കവിതകൾ ഈണം കൊടുക്കൽ
3. വിപരീതം പറയൽ [ ഒരാൾ ഒരു വാക്ക് - അടുത്തയാൾ അതിന്റെ വിപരീതം, പര്യായങ്ങൾ, വാക്യപ്രയോഗം, വ്യാകരണ കാര്യങ്ങൾ – ഒക്കെ ഗ്രൂപ്പിന്ന് ആവും പോലെ മതി
4. മെഴുകുതിരി നിരീക്ഷണം [ നടുക്ക് ഒരു മെഴുകുതിരി കത്തിച്ചു വെക്കുക. നിരീക്ഷിക്കുക. അവരവർ കാണുന്ന മാറ്റങ്ങൾ, സ്ഥിതി നിരീക്ഷിച്ച് പറയുക 65-70 നിരീക്ഷണ വാക്യങ്ങൾ ശരാശരി കിട്ടും. 30-35 മിനുട്ട് സമയം വേണം. അപ്പോൾ ഗ്രൂപ്പിന്റെ ഉദ്ഘാടനം മെഴുകുതിരി കത്തിച്ച് തുടങ്ങാം. ഗ്രൂപ്പ് പ്രവർത്തനം അവസാനിക്കുമ്പോഴേക്ക് ഈ നിരീക്ഷണം പൂർത്തിയാക്കാം. ]
5. കടങ്കഥ , പഴംചൊല്ല്. ശൈലികൾ, കാവ്യശകലങ്ങൾ, തത്വചിന്താപരമായ വാക്യങ്ങൾ ഒക്കെയാവാം - ഓരോന്നായി പറയുക
6. കസേരക്കളി , മാണിക്യച്ചെമ്പഴുക്ക, ഒറ്റയക്കം ഇരട്ടയക്കം, 5 ഇരട്ടികൾ.... എന്നിങ്ങനെയുള്ള കളികൾ
7. കയ്യെഴുത്ത് മാസിക നിർമ്മാണം
8. നോട്ടിസ് ബോർഡ് നിർമ്മാണം
9. പോസ്റ്റർ നിർമ്മാണം, അറിയിപ്പുകൾ , നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കൽ
10. ലഘു പരീക്ഷണങ്ങൾ
11. വായിച്ച് പുസ്തകത്തെ കുറിച്ച് പറയൽ [ മെല്ലെ മെല്ലെ എല്ലാവരും ഒരുങ്ങും ]
12. ഭൂപടം നോക്കി സ്ഥലം പറയൽ, അക്ഷാംശം രേഖാംശം കണ്ടെത്തൽ, നദികൾ കണ്ടെത്തൽ.....
13. ഗ്രാഫ് വരയ്ക്കൽ
14. വിലയിടൽ [ എല്ലാവരും ഒരോ സാധനങ്ങൾ പ്രദർശിപ്പിച്ച് അതിന്റെ വില – മൂല്യം കണക്കാക്കാനുള്ള വാദമുഖങ്ങളും ചർച്ചയും വിലയിടലും
15. ചിത്രം വരയ്ക്കൽ , കവിതയെഴുതൽ, കത്തെഴുതൽ

ഈ പട്ടിക എത്രയും വലുതാക്കാം. കുട്ടികൾ പഠിക്കുന്ന ക്ലാസ്, രക്ഷിതാക്കളുടെ മികവ്, കുട്ടികളുടെ മികവ്,
സമയലഭ്യത, സൗകര്യങ്ങൾ എന്നിവയൊക്കെ പരിശോധിച്ച് പ്രവർത്തനങ്ങൾ ഒരുക്കണം. രക്ഷിതാവുമൊത്ത് ചെയ്യുന്ന ഈ പ്രവർത്തനങ്ങൾ സ്കൂളിൽ പി ടി എ യിൽ ഒരിക്കൽ ചെയ്താൽ ഇതിന്റെ സാധ്യതകൾ മനസ്സിലാവുകയും അതൊക്കെയും വീടുകളിൽ കുട്ടികളുമൊത്തിരുന്ന് രക്ഷിതാവിന്ന് വീട്ടിലെ എല്ലാവരും കൂടി - ഹാ വീടൊരു പാഠശാലയായി മാറും !! - ചെയ്യാനാവുകയും ചെയ്യും. വീടുകളിൽ മാത്രമല്ല, കുട്ടികൾ ഒത്തുചേരുന്നിടത്തൊക്കെ ഇത്തരം കളികൾ സാധ്യമാവുമ്പോൾ അത് കുട്ടിയുടെ ക്ലാസ്റൂം പ്രവർത്തനങ്ങളെ അത്യധികം സഹായിക്കും. ഏതു ക്ലാസിലേയും ഏതുകുട്ടിക്കും വീട്ടുകാർക്കും കൂട്ടുകാർക്കും ഇത് ചെയ്യാൻ ഒരു പ്രയാസവുമില്ല. ബോധപൂർവം തയ്യാറാവണമെന്നു മാത്രം. വെറുതെ നേരം കളയുന്ന വസ്ഥ ഉണ്ടാവില്ല. എന്നാൽ ഇതൊക്കെയും കളികളും പഠനവും ആയി രസകരമാവുകയും ചെയ്യും.

പത്താം ക്ലാസിലെ 'പ്ലാവിലക്കഞ്ഞി ' എന്ന പാഠവുമായി ബന്ധപ്പെട്ട ഗൃഹപാഠസാധ്യത നോക്കൂ
ഗ്രൂപ്പ് : വീട്ടിലെ 4-5 പേർ [ അടുത്ത വീട്ടിലെ ആളുകളെ കൂടി കൂട്ടാമെങ്കിൽ 7-8 പേർ. സവിശേഷ തയ്യാറെടുപ്പുകൾ ഒന്നും വേണ്ട. പ്രയാസമില്ലെങ്കിൽ രക്ഷിതാവ് ഒന്നു തയ്യാറെടുക്കട്ടെ. അറിയുന്ന കാര്യങ്ങൾ ആത്മാർഥമായി പങ്കുവെക്കുകയേ വേണ്ടൂ. കളി ഒരു ഭാരമാവരുത് ആർക്കും !

പ്രവർത്തനം
1. കഥ വായന – പ്ലാവിലക്കഞ്ഞി
2. തകഴി ശിവശങ്കരപ്പിള്ളയെ കുറിച്ച് എന്തറിയാം - ഓരോരുത്തരും ഓരോവാക്യം [ ജീവചരിത്രം, കൃതികൾ , അവാർഡുകൾ ഒക്കെ വരും ]
3. കഥയിലെ കഥാപാത്രങ്ങലുടെ പേരുമറയൽ
4. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം - കാരണങ്ങൾ പറയൽ
5. സംഭവങ്ങൾ ക്രമത്തിൽ വിവരിക്കൽ – ഒരോരുത്തർ ഓരോന്ന് [ തെറ്റുകൾ പരിശോധിക്കണം തിരുത്തണം ]
6. പദങ്ങൾ : അർഥം പറയൽ , വാക്യപ്രയോഗം
7. പകരം പദം പറയൽ [ പ്രാദേശികപദങ്ങൾ ]
8. ചോദ്യം ഉത്തരം പയറ്റ്
9. കഥാപാത്രങ്ങളായി അഭിനയിക്കൽ – അഛനും അമ്മയും മുത്തശ്ശിയും ഒക്കെ ചേരുന്ന നാടകം എത്ര മനോഹരമായിരിക്കും !!
10. കഥയെക്കുറിച്ച് അഭിപ്രായം പറയൽ
11. സമാന ജീവിതകഥകൾ പറയൽ [ മുത്തശ്ശിക്കൊക്കെ എത്ര പറയാനുണ്ടാകും ! ]
12. ഇഷ്ടപ്പെട്ട വാക്യങ്ങൾ പറയൽ / പാട്ടുണ്ടാക്കൽ
13. സംഭാഷണങ്ങൾ നമ്മുടെ ഭാഷയിലേക്ക് മാറ്റിപ്പറയൽ
14. തകഴിയുടെ മറ്റു കഥകൾ / നോവലുകൾ വായനശാലയിൽ നിന്ന് കണ്ടെത്താൻ ചുമതലപ്പെടുത്തൽ
15.
ഉത്തരം കിട്ടാതെ പോയവ അദ്ധ്യാപികയോട് ചോദിച്ച് മനസ്സിലാക്കി വരാൻ ചുമതല ഏൽപ്പിക്കൽ


ഇനിയുമുണ്ട്... ഇങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനേക്കാൾ വലിയ പഠവും ഗൃഹപാഠവും മറ്റെന്തുണ്ട്? ഒരിക്കൽ പരീക്ഷിച്ച് നോക്കൂ. നമ്മുടെ കുട്ടികളും രക്ഷിതാക്കളും ഒരുപാടൊരുപാട് മെച്ചപ്പെടുകയില്ലേ

No comments: