27 November 2009

സാഹിത്യാകാശത്തെ നിത്യതാരകൾ

തുടർന്നുള്ള നക്ഷത്രങ്ങൾ SUJAWORD ൽ വായിക്കുമല്ലോ

ജനയുഗം-സഹപാഠിയിൽ പ്രസിദ്ധീകരിച്ചത്
നക്ഷത്രം ഒന്ന്

സാഹിത്യാകാശത്തെ നിത്യതാരകൾ

ആമുഖം
(പുസ്തകം ഒരു നക്ഷത്രം)

കാലപ്രവാഹത്തിൽ എന്നും പുതുമകൾ ഉണ്ടാക്കിക്കൊണ്ടാണ് പ്രകൃതി നിലനിൽക്കുക.പ്രകൃതി മാത്രമല്ല ജീവിതവും.ജീവിതത്തിലെ ക്രിയകൾക്കെല്ലാം ഇതു ബാധകം.മനുഷ്യവൃത്തികളുടെ സുപ്രധാനമായ ഒരു സാക്ഷ്യം കലയാണ്. കലകളിൽ പ്രധാനപ്പെട്ടത് സാഹിത്യം. “ഇവിടെയുണ്ടുഞാനെന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി” എന്നു കവി.പി.പി.രാമചന്ദ്രൻ പറയും(ലളിതം എന്ന കവിത).ഇങ്ങനെ പുതുമകൾ ഉണ്ടാക്കാനുള്ള ഊർജ്ജം സംഭാവനചെയ്യുന്നതും കാലം തന്നെയാണ്. കാലം കനിഞ്ഞരുളുന്ന ഈ ഊർജ്ജം ലഭിക്കുന്ന ഇനങ്ങൾ വീണ്ടും പുതുമയോടെ നിലനിൽക്കും.നാം പറയാറുള്ളതുപോലെ കാലപ്രവാഹത്തിൽ ഒലിച്ചുപോകില്ല. ഒലിച്ചുപോകില്ലെന്നു മാത്രമല്ല നവ്യമായ ഓജസ്സോടെ നിലനിൽക്കുകയും ചെയ്യും.

ഇതു കാണിക്കുന്നത് കാലവും കർമ്മവും തമ്മിലുള്ള ഒരു ഊർജ്ജകൈമാറ്റ തന്ത്രം തന്നെ.മനുഷ്യന്റെ സാഹിത്യപ്രവർത്തനം സാഹിത്യസൃഷ്ടികൾ രൂപപ്പെടുത്തുന്നു. ഈ സാഹിത്യകൃതികൾ=പുസ്തകങ്ങൾ സ്വയം ഊർജം ഉല്പാദിപ്പിക്കുകയും കാലവുമായി കൈമാറ്റം ചെയ്യുകയും ആണ് എന്നു കരുതാം.അതുകൊണ്ടവ സ്വയം ഊർജ്ജപ്പെടുകയും കാലപ്രവാഹത്തിൽ ഒലിച്ചുപോവാതെ എക്കാലവും നിലനിൽപ്പു നേടുകയും ചെയ്യുന്നു.ഇതു പുസ്തകങ്ങളുടെ ഭൌതികവിദ്യയാണ്.എന്നാൽ എല്ലാ പുസ്തകങ്ങൾക്കും ഈ വിദ്യ സ്വായത്തമല്ല.ആയിരക്കണക്കിന്ന്/ നൂറുകണക്കിന്ന് വർഷങ്ങളായി നിലനിൽക്കുന്ന അപൂർവം പുസ്തകങ്ങൾ നമുക്കുണ്ട്.അവയൊക്കെ ഇന്നും വായിക്കാൻ നാം തയ്യാറാവുന്നു.രാമായണം, മഹാഭാരതം, കാളിദാസകൃതികൾ, ഷേക്സ്പിയർ, ടാഗോർ, തുടങ്ങിയുള്ളവ ഉദാഹരണം.കാലവുമായി നടത്തുന്ന ഊർജ്ജകൈമാറ്റത്തിന്റെ വിദ്യ ഉൾക്കൊള്ളുന്നവയാണീ കൃതികൾ എന്നു തീർച്ച.ഇന്നും പ്രസ്ക്തിയും ആസ്വാദനവും നിലനിർത്തുകയും വർദ്ധിപ്പിക്കുകയും സമകാലികമാക്കുകയും ചെയ്യുന്ന ഊർജ്ജതന്ത്രം.ഇതുതന്നെയല്ലെ നക്ഷത്രങ്ങങ്ങളുടെയും ഭൌതികം.കോടിക്കണക്കിനു വർഷങ്ങളായി ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ടിരിക്കുക എന്നത്?

വക്കുകളാണ് അടിസ്ഥാനം. വാക്കുകൾ കൊണ്ട് കവിതയെഴുതുന്നു കവി. എന്നാൽ രണ്ടുവാക്കുകൾ കൂടിച്ചേരുമ്പോൾ അതു ഒരു നക്ഷത്രമായി മാറുന്നു എന്നാണ് സാഹിത്യചിന്തകന്മാർ പറയുക.കവിത നക്ഷത്രമാണ്. നമ്മുടെ ഭാഷയിൽ നിരവധി നക്ഷത്രങ്ങൾ ഉണ്ട്. അവയിൽ ചിലതൊക്കെ തുടർന്ന് നമുക്ക് പരിചയപ്പെടാം.

ആകാശങ്ങളുടെ വൈവിധ്യം
(നമ്മുടെ മുറ്റത്ത് നിന്ന് നോക്കുന്ന ആകാശം മാത്രമല്ല ആകാശം)

മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികൾ പരിചയപ്പെടുന്നതോടൊപ്പം ഭാരതത്തിലെ വിവിധ ഭാഷകളിലുണ്ടായ സാഹിത്യ രത്നങ്ങൾ കൂടി ചിലത് അറിയാൻ ശ്രമിക്കേണ്ടി വരും. ലോകസാഹിത്യത്തിലെ മഹാഗ്രന്ഥങ്ങൾ കുറേയെണ്ണം തീർച്ചയായും അറിയേണ്ടി വരും.ഇതെല്ലാം കുറെയേറെ അറിയുമ്പോഴാണ് സാഹിത്യാസ്വാദനം സമഗ്രമാവുക. അതിനുള്ള ശ്രമങ്ങൾ നമ്മുടെ ക്ലാസ്മുറികളിലും വായനാവേദികളിലും ഒക്കെ ഉണ്ടാവണം. ഈ അറിവ് തീർച്ചയായും ഒരു വായനക്കാരിക്ക് രസകരമായിരിക്കും. നമ്മുടെ കാവ്യങ്ങളിലെ കഥകൾ ഈഷദ്ഭേദങ്ങളോടെ ഗ്രീക്ക് ഇംഗ്ലീഷ് സാഹിത്യങ്ങളിൽ നാം കാണുന്നു.രാമായണകഥ തന്നെയാണ് ഹോമർ തന്റെ മഹാകാവ്യത്തിൽ പാടുന്നത്. ഉള്ളടക്കപരമായി മാത്രമല്ല സാഹിത്യരീതികളും രചനാശിൽപ്പങ്ങളും ഒക്കെ അറിയുന്നത് രസകരമാവും. നമ്മുടെ ഭാഷാപിതാവ് കിളിപ്പാട്ടുകൾ രചിക്കുന്ന കാലത്ത് ഷേക്സ്പിയർ തന്റെ മഹത്തായ കൃതികളൊക്കെ എഴുതി രംഗത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ കാളിദാസരചനകളുടെ കാലത്ത് ഇക്കൂട്ടർ കാട്ടുമനുഷ്യരായിരുന്നു. ഭാഷപോലും കൈവശമില്ലാത്തവർ. കുമാരനാശാൻ വീണപൂവ്വ് എഴുതുമ്പോൾ റ്റി.എസ്.എലിയട്ട് വേസ്റ്റ്ലാന്റ് എഴുതി പ്രസിദ്ധീകരിച്ചു. പിന്നെയും ഒരു 60 കൊല്ലം കഴിഞ്ഞാണ് അയ്യപ്പപ്പണിക്കർ കുരുക്ഷേത്രം എഴുതുന്നത്.ഈ തരത്തിലുള്ള കാലക്രമപട്ടികപോലും വായനക്കാരിക്ക് കൌതുകമുണ്ടാക്കും.ഈ യൊരു ശ്രമമാണ് ഈ കുറിപ്പുകളിലൂടെ മുന്നേറുന്നത്. താരതമ്യപരിശോധന എപ്പോഴും ഗുണം ചെയ്തിട്ടുണ്ട്.
നമ്മുടെ വായന
(നന്നായി വായിച്ച് കുറിപ്പെടുക്കൂ, സഹപാഠിക്കയക്കൂ)
സമകാലിക സാഹിത്യകാലാവസ്ഥയിലെ ഒരു മുഖം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാവ്യനക്ഷത്രത്തെ കുട്ടികളുടെ മുന്നിലെത്തിക്കുകയാണ്.അതിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങളും (കവി, കൃതി), കാവ്യത്തിന്റെ ഉള്ളടക്കവും (വളരെ ലഘുവായി), ഈ കൃതിയുടെ സുപ്രധാനമായ ആസ്വാദനാശവും കുറിപ്പിൽ ഉണ്ടാവും. ഇതിന്റെ സമകാലിക പ്രസക്തികൂടി സൂചിപ്പിക്കുന്ന ചെറുകുറിപ്പുകൾആണ് സഹപാഠിയുടെ മനസ്സിൽ.
എന്നാൽ ഇതു ഓടിച്ച് വായിക്കുന്നതിലൂടെ കൂട്ടുകാർ ഈ പുസ്തകം തപ്പിയെടുത്ത് വായിക്കാൻ ശ്രമിക്കും.ഏതു നല്ല വായനക്കാരനും ഒരു കൃതി വായിക്കുന്നത് ഇങ്ങനെ ആരെങ്കിലും പരിചയപ്പെടുത്തുമ്പോഴാണല്ലോ. ഈ പരിചയം ലഭിക്കുമ്പോൾ നമുക്കത് വായിക്കാൻ തോന്നും.നന്നായി വായിക്കാൻ വേണ്ടത്ര സമയമെടുത്ത് ഒരു ആസ്വാദനക്കുറിപ്പ് സഹപാഠിക്കു അയക്കണം. ഒരു പുസ്തകത്തെ കുറിച്ചു വരുന്ന ഈ ആസ്വദനങ്ങളൊക്കെ നമുക്ക് സഹപാഠിയിൽ പ്രസിദ്ധീകരിക്കാം. എല്ലാം കൂടി ചേരുമ്പോൾ നല്ലൊരു പുസ്തകവിചാരം നമുക്കു കിട്ടും.കൂട്ടുകാരുടെ വായനയും എഴുത്തും ഇതുകൊണ്ടൊക്കെ വളരെ വളരെ വളരും.