27 June 2012

റിട്ടണായി എഴുതിവെക്കാം.....'written ആയി എഴുതിവെക്കുക ' എന്നത് ഒരു ഭാഷത്തെറ്റല്ല. ഭാഷയിലെ ഏറ്റവും വലിയ ശരിയാണിത്. ഭാഷ മനുഷ്യന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സുപ്രധാനകാര്യങ്ങളൊക്കെ ' പറഞ്ഞുവെച്ചിരുന്നു' . പിന്നെ എഴുത്തുവിദ്യ വന്നു. അപ്പോള്‍ പ്രധാനപ്പെട്ട സംഗതികളൊക്കെ 'എഴുതിവെക്കാന്‍' തുടങ്ങി. ഇനി ഈ കാലത്ത് 'ഡിജിറ്റലൈസ്' ചെയ്തുവെക്കണം.
ആധികാരികതയുടെ മുദ്രയാണിതെല്ലാം. കാലികമായ അതിനൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ആധികാരികതക്ക് വേണ്ടിയാണ്`. ഉള്ളടക്കത്തിലെ ആധികാരികത ഉള്ളടക്കം അവതരിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ ആധികാരികതകൂടിയാണ്`. ഒരിക്കലും നശിച്ചുപോവാത്ത കരിങ്കല്ലില്‍ ഇന്നാരും (ചെലവ് താരതമ്യേന കുറവാണെങ്കിലും.... ) രേഖകള്‍ ഉണ്ടാക്കാറില്ലല്ലോ.ശിലാഫലകങ്ങള്‍ ആരും പരിഗണിക്കാറുമില്ല. പുതുമ മാത്രമല്ല, സാങ്കേതികത്തികവുകൂടി ചേരുമ്പോഴാണ്` ആധികാരികത. ഭാഷാപരമായ ആധികാരികതയും ഉണ്ട്. അതാണ്` ഇംഗ്ളീഷിന്റെ പ്രസക്തി. ലോകഭാഷ എന്ന നിലയില്‍ ഇംഗ്ളീഷ്ന്ന് സ്ഥനമുണ്ട്. അപ്പോള്‍ എഴുതിവെക്കുന്നത് ഈ ഭാഷയിലാകുമ്പോള്‍ കുറേകൂടി ഉറപ്പുള്ളതാകുന്നു എന്നു വിശ്വസിക്കപ്പെടും. എഴുതുന്നത് മലയാളത്തിലാണെങ്കിലും അതു ' written' ആക്കുക എന്നത് - ഒരു നിര്‍ദ്ദേശവും ആധികാരികതക്കുള്ള ദാഹവുമാണ്`.
................................................................................................................................................
ഭാഷയുടെ വികാസം

ഭാഷ ആരംഭിക്കുന്നത് ഉച്ചാരണമായിട്ടാണ്`. ഒരു ചെറിയ കൂട്ടം ആളുകള്‍ക്ക് മാത്രം പരസ്പരം ആശയങ്ങള്‍ കൈമാറാനുള്ള ഒരു ശബ്ദ സംവിധാനം. ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് ഇത് നിരര്‍ഥകമായ ഒന്നുമാത്രം. ഇതു ക്രമേണ വികസിക്കുകയും ഘടനാപരമായ ദാര്‍ഢ്യം കൈവരുത്തുകയും ചെയ്തു. ആയിരക്കണക്കിന്ന് സുദൃഢഭാഷകള്‍ നിലവില്‍വന്നു.
ഉച്ചാരണം എന്ന ഘടനയില്‍ നിന്ന് എഴുത്തിലേക്ക് വളര്‍ന്നു. ഭാഷക്ക് ലിപി കണ്ടുപിടിക്കപ്പെട്ടത് മാനവികതയുടെ വലിയൊരു കുതിച്ചു ചാട്ടമായിരുന്നു. പാറക്കഷണങ്ങളിലും കളിമണ്‍ ഫലകങ്ങളിലും പനയോലയിലും മരത്തൊലിയിലും മൃഗത്തോലിലും ലോഹത്തകിടുകളിലും ഒക്കെ അല്പ്പാല്പ്പമായും വ്യാപകമായും എഴുതാന്‍ തുടങ്ങി. തുടര്‍ന്ന് കടലാസിലും എഴുത്താരംഭിച്ചു. മരത്തില്‍നിന്ന് ഉല്പ്പാദിപ്പിക്കുന്ന കടലാസ് പിന്നെ പിന്നെ കളിമണ്ണ് പ്ളാസ്റ്റിക്ക് ഫൈബര്‍ തുടങ്ങിയവയിലേക്ക് പരിണമിച്ചു. ഇതെല്ലാം സാധ്യതകളായിരുന്നു. ഇപ്പോള്‍ കമ്പ്യൂട്ടറിലും / മൊബൈലിലും / പാഡുകളിലും സൈബര്‍സ്പേസിലും എഴുതിവെക്കുന്നു. അതാകട്ടെ ഓരോന്നും ദീര്‍ഘകാലം നിലനില്ക്കുന്ന്തും ആയിത്തീര്‍ന്നു.
..............................................................................................................................................

ഗുട്ടന്‍ബര്‍ഗ്

ഗുട്ടന്‍ ബര്‍ഗ് ജോഹന്‍ 1398 ഇല്‍ ജനിച്ച് 1468 വരെ ജീവിച്ചു . ജര്‍മ്മനിയിലെ മൈന്‍സില്‍ ആണ്‍ ജനനം . ലോഹപ്പണിയാണ്` [ സ്വര്‍ണ്ണം...] പഠിച്ചത്. പല നൂതന സംഗതികളും കണ്ടുപിടിക്കാനുള്ള വാസന ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ലോകം വിലമതിക്കുന്നത് അച്ചടി വിദ്യയും അച്ചുകൂടവുമാണ്`.1450-ൽ ഗുട്ടൻബർഗ് ഓരോ അക്ഷരങ്ങൾക്കുമുള്ള അച്ചുകൾ വെവ്വേറെ വാർത്തെടുക്കുകയും അവ ചേർത്തുണ്ടാക്കിയ പേജുകൾ മുദ്രണം ചെയ്യാൻ തടികൊണ്ട് അച്ചടിയന്ത്രം നിർമ്മിക്കുകയും ചെയ്തു. അച്ചു വാർക്കുന്നതിനുള്ള മൂശയുടെ ആസൂത്രണം, മൂശയിൽ നിന്നു വേണ്ടത്ര അച്ചുകളുടെ നിർമ്മാണം, അച്ചുകൾക്കുപറ്റിയ ലോഹസങ്കര നിർണയം, അച്ചടിയന്ത്രനിർമ്മാണം, പേജ് അനുസരിച്ച് അച്ചുനിരത്തുന്ന സമ്പ്രദായം, അച്ചടി കഴിഞ്ഞ് അച്ചുകൾ പിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന പദ്ധതി എന്നിവയായിരുന്നു ഗുട്ടൻബർഗിന്റെ സംഭാവനകൾ.
അച്ചടിയുടെ പിതാവായി നാം ഗുട്ടന്‍ബര്‍ഗിനെ ഓര്‍മ്മിക്കുന്നു.
..............................................................................................................................................

അച്ചടിയുടെ വ്യാപനം

ഗുട്ടൻബർഗ് 1455-ൽ അച്ചടിച്ച ഒരു കലണ്ടറും, 1456 ആഗ. 24-ന് 42 വരികൾ വീതം രണ്ടു കോളങ്ങളിലായി സംവിധാനം ചെയ്ത, 1282 പേജുകളുള്ള ഗുട്ടൻബർഗ് ബൈബിളും കണ്ടുകിട്ടിയിട്ടുണ്ട്. മെയിൻസിൽനിന്ന് അച്ചടി ജർമനിയിലെ മറ്റു പട്ടണങ്ങളിലേക്കും, അവിടെനിന്ന് ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 15-ാംശതകത്തിന്റെ അവസാനത്തോടെ യൂറോപ്പിലെ എല്ലാ പ്രമുഖനഗരങ്ങളിലും അച്ചടിശാലകൾ സ്ഥാപിതമായി. ഇറ്റലിയിൽ ആദ്യമായി അച്ചുകൂടം സ്ഥാപിതമായത് 1464-ലാണ്. സ്വിറ്റ്സർലണ്ടിൽ 1465-ലും ഫ്രാൻസിലും നെതർലൻഡ്സിലും 1476-ലും സ്വീഡനിൽ 1483-ലും ആദ്യത്തെ പ്രസ്സുകൾ സ്ഥാപിതങ്ങളായി. 1563-ലാണ് സോവിയറ്റ് യൂണിയനിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്. സ്പെയിനിലും ഹംഗറിയിലും ആദ്യം പ്രസ് സ്ഥാപിച്ചത് 1473-ലാണ്. ഇംഗ്ലണ്ടിൽ 1476-ലാണ് ആദ്യത്തെ അച്ചുകൂടം തുടങ്ങിയത്. 1500-ൽ യൂറോപ്പിൽ 300 പട്ടണങ്ങളിലായി 1,700-ഓളം പ്രസ്സുകളുണ്ടായിരുന്നു. 1,500-150 ലക്ഷത്തിനും 200 ലക്ഷത്തിനും മധ്യേവരുന്ന 40,000 പതിപ്പുകൾ ഇവയിൽനിന്നും പുറത്തുവന്നു.[ അവലംബം : വിക്കി മലയാളം]

.......................................................................................................................................

അച്ചടി ഇന്ത്യയില്‍

കൃസ്തുമത പ്രചാരണവുമായി ബന്ധപ്പെട്ടാണ്` ഇന്ത്യയില്‍ അച്ചടി ആരംഭിക്കുന്നത്. അതും കേരളത്തില്‍. പോര്‍ച്ചുഗീസുകാരുടെ കാലത്താണിത്. 1579 ആവുമ്പോഴേക്ക് കൊച്ചിയിലെ അമ്പഴക്കാട് അച്ചടിയുടെ സുപ്രധാനകേന്ദ്രമായിരുന്നു. ഭാരതീയ ഭാഷകളില്‍ ആദ്യം അച്ചടിക്കപ്പെട്ടത് തമിഴില്‍ 'കൃസ്തീയതത്വങ്ങള്‍' എന്ന പുസ്തകമാണെന്ന് കരുതപ്പെടുന്നു. മലയാളം അച്ചുകള്‍ ഉണ്ടാക്കുകയും 'വേദോപദേശം ' എന്ന മലയാളപുസ്തകം ആദ്യമായി കൊച്ചിയില്‍ അച്ചടിക്കുകയും ചെയ്തു എന്ന് അച്ചടിചരിത്രം. എന്നാല്‍ ഇതിലെ ലിപിയെല്ലാം തമിഴ് ആയിരുന്നുവെന്ന ഒരു വാദവും ഉണ്ട്.

മലയാളത്തില്‍ ആദ്യമായി അച്ചടിച്ച പ്രസിദ്ധമായ ഒരു പുസ്തകം 'ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ആണ്`. ഇത് അച്ചടിച്ചതും പ്രസാധനം ചെയ്തതും ആംസ്റ്റര്‍ഡാം [ ഹോളണ്ട്] ഇല്‍ നിന്നാണ്`. 1686 ഇല്‍.
ആദ്യമായി പുസ്തകരൂപത്തില്‍ അച്ചടിക്കപ്പെട്ട മലയാളപുസ്തകം ' സംക്ഷേപവേദാര്‍ഥ ' മാണ്`. 1772 ഇല്‍ സര്‍വഭാഷാമുദ്രണാലയത്തില്‍ ആണ്` ഇത് അച്ചടിക്കപ്പെട്ടത്. ക്ളമെന്റ് എന്ന വൈ ദികനായിരുന്നു ഇതിന്റെ പ്രധാനപ്രവര്‍ത്തകന്‍. മലയാളത്തിലെ 51 അക്ഷരങ്ങള്‍ക്കായി 1128 അച്ചുകളാണ്` ഇതിനുവേണ്ടി ഉണ്ടാക്കിയത്.
പ്രശസ്ത നിഖണ്ഡുകാരനായ ബെഞ്ചമിന്‍ ബെയ്‌‌ലി സ്ഥാപിച്ച [ 1811] CMS പ്രസ്സാണ്` കേരളത്തിലെ ആദ്യത്തെ പ്രസിദ്ധ അച്ചുകൂടം. ആധുനിക മുദ്രണത്തിന്റേയും പുസ്തകപ്രസിദ്ധീകരണവ്യവസായത്തിന്റേയും പിതാവന്` ബെയ്‌‌ലി. തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടിയുള്ള ആദ്യകാല അച്ചടിപ്പണിയൊക്കെ CMS ഇല്‍ ആയിരുന്നു.
തുടര്‍ന്ന് നിരവധിപ്രസ്സുകളും നിരവധി പത്രമാസികാദികളും മലയാളത്തില്‍ ഉണ്ടായത് ചരിത്രം.
..............................................................................................................................................

അച്ചടിയിലെ സത്യം

വാക്കാണ്` സത്യം. ഒരു മനുഷ്യനെകുറിച്ചുള്ള ഏറ്റവും വലിയ ബഹുമതി ' സത്യവാക് ' എന്നാണ്` . മഹാന്‍മാരെക്കുറിച്ചുള്ള ഖ്യാതി 'സത്യവാക്ക്' ആണെന്നാണ്`. വാക്കിലാണ്` സത്യം. എന്നാല്‍ അച്ചടിയുടെ വ്യാപനത്തോടെ സത്യത്തെ പ്രിന്റ് ലേക്ക് മാറ്റിപ്രതിഷ്ഠിച്ചു നാം. ' ഇന്ന പേപ്പറില്‍.... ഇന്ന പുസ്തകത്തില്‍.... ഇത്രാം പേജ് ...ഇത്രാം വരി.... ഇന്ന വാക്യം.... ' എന്ന നിലയിലേക്ക് സത്യം കുടിയിരുത്തപ്പെട്ടു. എന്തു കാര്യവും സത്യമാകുന്നതിന്റെ പ്രധാന സാക്ഷ്യം ഏതു പുസ്തകത്തില്‍ ? ഏത് പത്രത്തില്‍? എന്ന അന്വേഷണത്തില്‍ എത്തിച്ചേരുന്നു. ഈ മാധ്യമസാങ്കേതികതയുടെ കാലത്തും ചിത്രത്തേക്കാളും ദൃശ്യങ്ങളേക്കാളും സംഭാഷണത്തേക്കാളും 'സത്യത' എഴുതിക്കാണിക്കുന്നതിന്റെ അടിസ്ഥാനത്തിലാവുന്നത് നോക്കുക. മന്ത്രിയുടെ ഉത്തരവ് എഴുതിക്കിട്ടിയെങ്കിലേ നടപടികള്‍ തുടങ്ങൂ എന്നല്ലേ! ഡിജിറ്റലൈസേഷന്റെ ഈ കാലത്തും സംഗതികള്‍ ' written ആയി എഴുതി' ക്കിട്ടണം !

അതുകൊണ്ടുതന്നെ ഏത് അസത്യത്തേയും സത്യമാക്കി ക്കാണിക്കാനുള്ള ചാടുത എഴുത്തിന്ന് ഉണ്ടാവുകയാണ്`. ഇതിന്റെ സാധ്യത ഉപ (ദുരു) യോഗപ്പെടുത്തിന്നത് പ്രിന്റ് മീഡിയ തന്നെ. വാര്‍ത്തകളും സ്റ്റേറ്റ്മെന്റുകളും എന്നല്ല ഇതിന്റെ സാധ്യത ഏറ്റവും കണ്ടറിഞ്ഞവര്‍ പരസ്യ രംഗത്തുള്ളവരും.
.............................................................................................................................................

അച്ചടിയുടെ പാരിസ്ഥിതികഘടകം

ഗ്രന്‍ഥകാരനും ബ്ളോഗറുമായ ശ്രീ വി.കെ ആദര്‍ശിന്റെ ഇ-മെയില്‍ സിഗ്നേച്ചര്‍ നോട്ട് ഇങ്ങനെയാണ്`.

V K Adarsh
Manager (Tech), Union Bank of India
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees


സാധാരണനിലയില്‍ അച്ചടിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ഘടകം കടലാസ് തന്നെ. ഒപ്പം മഷി, പത്രവേസ്റ്റ് എന്നിവയും. ഇതിലേറ്റവും പ്രധാനം കടലാസ് തന്നെ. മുള, ഈറ, കനം കുറഞ്ഞ മരങ്ങള്‍ എന്നിവ ടണ്‍ കണക്കിന്ന് കടലാസിന്ന് വേണ്ടി വെട്ടിയെടുക്കേണ്ടിവരുന്നു. ഇതുണ്ടാക്കുന്ന ലോകവ്യാപകമായ പരിസ്ഥിതിനാശം ചെറുതല്ല. കളിമണ്‍, ഫൈബര്‍ എന്നിവയുടെ ഭാഗം താരതമ്യേന വളരെ ചെറുതാണ്`. മരം തന്നെ മുഖ്യം. പണ്ടാണെങ്കില്‍ ഇത് ജന്തുക്കളുടെ തോല്‍, മരങ്ങളുടെ തോല്‍ എന്നിവയായിരുന്നു. എഴുത്താവശ്യത്തിന്ന് മുഴുവന്‍ ഇത് ലഭ്യമാക്കുക എളുപ്പമല്ല.
കടലാസ് വേസ്റ്റ് മറ്റൊരു പ്രശ്നം തന്നെ. സൂക്ഷിക്കപ്പെടുന്ന രേഖകള്‍ കാലം ചെല്ലുമ്പോള്‍ പൊടിഞ്ഞുപോകുന്നു. നമ്മുടെ ഓഫീസുകളിലും വായനശാലകളിലും കടന്നുചെല്ലുമ്പോള്‍ നമുക്കിത് ബോധ്യമാകും. രേഖകള്‍ നശിക്കുന്നു എന്നു മാത്രമല്ല അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിസ്സാരമല്ല. മറ്റൊന്ന് താല്ക്കാലികാവശ്യത്തിന്നായി ഉപയോഗിക്കുകയും പിന്നെ കീറിക്കളയുകയും ചെയ്യുന്ന കടലാസ് വേസ്റ്റ് എത്രയാ? ഒരു കടലാസ് കീറുമ്പോള്‍ ഒരു മരമാണ്` കീറിപ്പോകുന്നത്. ഈ കടലാസൊക്കെ സൂക്ഷിക്കുക എന്നതും പ്രായോഗികമല്ല. സൂക്ഷിച്ചവ ആവശ്യത്തിന്ന് തെരെഞ്ഞെടുക്കുക എന്നതും എളുപ്പമല്ല. അതാണല്ലോ ഫീസുകളില്‍ 'തെരച്ചില്‍ ഫീസ് ' ഏര്‍പ്പെടുത്തുന്നത്.
പതിനായിരക്കണക്കിന്ന് രേഖകള്‍ ഒരു കൊച്ചു സി.ഡി യില്‍ സൂക്ഷിക്കാമെന്ന ' ഡിജിറ്റല്‍ സൗകര്യം ' അത്രയും പരിസ്ഥിതിയെ സംരക്ഷിക്കുകയാണ്` എന്നു നമുക്ക് മനസ്സിലാക്കാം.
...............................................................................................................................................


1 comment:

S.V.Ramanunni SUJANIKA said...

സാധാരണനിലയില്‍ അച്ചടിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ഘടകം കടലാസ് തന്നെ. ഒപ്പം മഷി, പത്രവേസ്റ്റ് എന്നിവയും. ഇതിലേറ്റവും പ്രധാനം കടലാസ് തന്നെ. മുള, ഈറ, കനം കുറഞ്ഞ മരങ്ങള്‍ എന്നിവ ടണ്‍ കണക്കിന്ന് കടലാസിന്ന് വേണ്ടി വെട്ടിയെടുക്കേണ്ടിവരുന്നു. ഇതുണ്ടാക്കുന്ന ലോകവ്യാപകമായ പരിസ്ഥിതിനാശം ചെറുതല്ല. കളിമണ്‍, ഫൈബര്‍ എന്നിവയുടെ ഭാഗം താരതമ്യേന വളരെ ചെറുതാണ്`. മരം തന്നെ മുഖ്യം. പണ്ടാണെങ്കില്‍ ഇത് ജന്തുക്കളുടെ തോല്‍, മരങ്ങളുടെ തോല്‍ എന്നിവയായിരുന്നു. എഴുത്താവശ്യത്തിന്ന് മുഴുവന്‍ ഇത് ലഭ്യമാക്കുക എളുപ്പമല്ല.