04 January 2012

ഗൃഹപാഠങ്ങള്‍


കുട്ടി ക്ളാസ്‌‌മുറിയില്‍ ഇരുന്ന് പഠിക്കുന്നതേക്കാള്‍ അധികസമയം വീട്ടിലിരുന്നാണ്` പഠിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്?

മാറിവന്ന പഠനരീതിയും ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളും എന്തൊക്കെയായാലും പൊതുവെ നമ്മുടെ കുട്ടികളുടെ പഠനരീതിയില്‍ ഇതിന്നനിസൃതമായ മാറ്റങ്ങള്‍ രൂപം കൊണ്ടില്ല എന്നാണ്` അനുഭവം. [കുട്ടിയുടെ ആവശ്യത്തിനോ ആഗ്രഹത്തിനോ ഒന്നും പരിഗണന നല്കാതെ തന്നെ ] അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം ക്ളാസ്‌‌ മുറിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ച , ഇടപെടലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ , തിരുത്തലുകള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ ഒക്കെ ഉണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ച വീട്ടു പഠനത്തില്‍ ഉണ്ടാകാറില്ല.

ക്ളാസ് മുറിയിലെ തുടര്‍ച്ച അതേ പടി വീടുകളില്‍ അസാധ്യമാണ്` എന്നത് വസ്തുതതന്നെ. എന്നാല്‍ പിന്നെ അതെങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വേണ്ടത്ര ധാരണകള്‍ കുട്ടിക്ക് ലഭിക്കുന്നില്ല / നല്കുന്നില്ല . അതുകൊണ്ടുതന്നെ ഗൃഹപഠനം ഇപ്പോഴും പരമ്പരാഗത ക്രമത്തില്‍ ഒതുങ്ങിപ്പോകുന്നു. കുട്ടി സ്കൂള്‍ സമയത്തേക്കാള്‍ അധികസമയം വീട്ടുപഠനത്തിലാണെന്നത് അറിയുമ്പോള്‍ ഇതു നിസ്സാരമായി കാണാനും ആവില്ല.

ഗൃഹപഠനത്തില്‍ ഉള്‍പ്പെടുന്നത്

    അധ്യാപിക ക്ളാസ് മുറിയില്‍ വെച്ച് നല്കുന്ന ഃഒമെവൊര്ക് കള്‍

    കുട്ടി സ്വയമേവ തയ്യാറാവുന്നത് - പരീക്ഷക്ക് , അധികഅറിവ് ആഗ്രഹിച്ച് [ ഇതില്‍ ഏറിയ പങ്കും പരീക്ഷാപ്പഠിപ്പ് തന്നെ ]

    കുട്ടിയുടെ സര്‍ഗാത്മക [ കല- ശാസ്ത്രം ] പ്രവര്‍ത്തനങ്ങള്‍

ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നത് ആദ്യ ഇനത്തില്‍ത്തന്നെ. അതാകട്ടെ ക്ളാസ്‌‌റൂം പ്രവര്‍ത്തനത്തിന്റെ ക്രിയാരഹിതമായ പൂരണങ്ങള്‍ മാത്രം. ഒരു കണക്ക് ചെയ്യല്‍, ഒരു കുറിപ്പ് തയാറാക്കല്‍ /പകര്‍ത്തിയെഴുതല്‍, ഒരു ചെറിയ ഭാഗം വായന, ഒരു ചിത്രം വരയ്ക്കല്‍, ചില ഡാറ്റ ശേഖരിക്കല്‍ , ക്രമപ്പെടുത്തല്‍, മന:പ്പാഠമാക്കല്‍, ഉത്തരം പഠിക്കല്‍ [ ഉത്തരം പഠിക്കാന്‍ മാത്രം ആവശ്യപ്പെടുന്നതുകൊണ്ട് ചോദ്യം പഠിക്കാതിരിക്കുകയും അതെന്തെന്നുപോലും അറിയാതെ ഉത്തരം മാത്രം മന:പ്പാഠമാക്കുകയും ചെയ്യുന്ന രീതിയൊന്നും ഇപ്പോഴും മാറിയിട്ടില്ലല്ലോ . അതൊകൊണ്ടാണല്ലോ പലരും ചോദ്യപ്പേപ്പറിലെ ചോദ്യപാഠങ്ങള്‍ വായിച്ച് മനസ്സിലാക്കാനുള്ള ക്ഷമപോലും കാണിക്കതിരിക്കുന്നത്. ] എന്നിങ്ങനെ ഉള്ളവയില്‍ ഒതുങ്ങുന്നു.ഇതാകട്ടെ ക്ളാസ് മുറിയില്‍ നടന്ന പഠന തന്ത്രങ്ങളോ , പ്രക്രിയകളോ ഒന്നും വീട്ടില്‍ സാധ്യമല്ലെന്നിരിക്കേ കുട്ടി ചെയ്യേണ്ടിവരുമ്പോള്‍ അത് ക്രിയാരഹിതമായി / നിര്‍ജ്ജീവമായിപ്പോകയും ചെയ്യുന്നു. അതായത് കുട്ടിയുടെ അധികസമയപഠനവും [ഗാര്‍ഹികം] ഇപ്പോഴും പാഠ്യ പദ്ധതി ആഗ്രഹിക്കും പോലെ ശാസ്ത്രീയമാക്കപെട്ടിട്ടില്ല എന്നല്ലേ!

ഇതിന്ന് രണ്ടു തരത്തില്‍ സമീപനം പ്രതീക്ഷിക്കുന്നു.

    നല്കുന്ന ഗൃഹപാഠങ്ങളില്‍ അധ്യാപിക മാറ്റം വരുത്തണം. [ അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കണം]

    ഗൃഹപഠനത്തില്‍ കുട്ടിക്ക് ശാസ്ത്രീയമായ വൈദഗ്ധ്യം നല്കണം. [ ക്ളാസിലെ പഠനവും ഗൃഹപഠനവും വെവ്വേറേ ഡിസൈന്‍ ചെയ്യപ്പെടണം. ]

സമീപനങ്ങള്‍ക്ക് അടിസ്ഥാനം

    ഗൃഹപാഠം എന്നാലെന്ത്?

    ഗൃഹപാഠം ഉദ്ദേശ്യലക്ഷ്യങ്ങള്‍

    കുട്ടിക്ക് സ്വയം നിവര്‍ത്തിപ്പിക്കാവുന്ന തന്ത്രങ്ങള്‍

    വീടും - ക്ളാസും ബന്ധിപ്പിക്കാവുന്ന കണ്ണികള്‍

എന്നിങ്ങനെയായിരിക്കണം. ഈ സംഗതികളിലുള്ള പ്രയോഗങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍

    വീട്ടിലെ പഠനം വളരെ വളരെ പ്രയോജനപ്രദമാകും.

    \' കുട്ടി വീട്ടില്‍ വന്നാല്‍ പിന്നെ എഴുത്തോടെഴുത്താ...... പഠിക്കാന്‍ നേരല്യാ...\' എന്ന ആവലാതി ഒഴിവാക്കാം

    രക്ഷിതാക്കളെ കുറേകൂടി പ്രത്യക്ഷ പഠനവുമായി അടുപ്പിക്കാം

    സ്കൂള്‍കാലം വിട്ടാലും കുട്ടിയില്‍ അറിവ് തേടാനുള്ള ഒരു സാംസ്കാരിക ഭൂമിക നിര്‍മ്മിക്കാം

No comments: