20 January 2012

പട്ടാളക്കാരന്റെ കഥ


കഥയായാലും കവിതയായാലും ആസ്വാദനം ഏകമുഖമല്ല. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം യോജിപ്പിലും വിയോജിപ്പിലും ഉണ്ട്. രണ്ടും ആസ്വാദനം തന്നെ. എഴുതിക്കഴിയുന്നതോടെ രചന എഴുത്തുകാരനെ കൈവെടിയുന്നു. അത് സ്വന്തം തനിമയില്‍ വികാസം പ്രാപിക്കുന്നു. ഈ വികാസം വായനക്കാരനിലൂടെയാണ`. കാലങ്ങള്‍ കടന്നും ഇതു സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് രചനകള്‍ കാലാതിവര്‍ത്തിയാകുന്നത്.
പഠിക്കാനുള്ള ഒരു കഥ നമുക്കിവിടെ ഒരു ദാഹരണത്തിന്നായി പരിശോധിക്കാം.

പട്ടാളക്കാരന്റെ കഥ
[ പത്താം ക്ളാസ് മലയാളം കേരളപാഠാവലിയില്‍ 'പട്ടാളക്കാരന്‍' എന്നകഥ അവലംബിച്ച് ]
പാഠപുസ്തകത്തിലെ ഒരു പാഠം എന്ന നിലയില്‍ ഈ കഥ ചര്‍ച്ചചെയ്യുമ്പോള്‍ അധ്യാപകന്ന്
  • യുദ്ധ ഭീകരത അനുഭവിപ്പിക്കുന്ന ഒരു കഥ
  • പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥ - അരക്ഷിതാവസ്ഥ
  • യുദ്ധ വിരുദ്ധ സന്ദേശം ഉല്പ്പാദിപ്പിക്കുന്ന ഒരു കഥ
  • യുദ്ധം മനുഷ്യരെ അനാഥരാക്കുന്ന സന്ദര്‍ഭങ്ങള്‍ - യുദ്ധ പരിണതികള്‍
  • കഥാ ശില്പ്പത്തിന്റെ മനോഹാരിത
  • സാഹിത്യകാരനെ കുറിച്ചും സാഹിത്യരൂപത്തെ കുറിച്ചുമുള്ള അറിവുകള്‍
  • ഭാഷാപരമായ സവിശേഷതകള്‍
തുടങ്ങിയ സംഗതികളില്‍ ഊന്നല്‍ നല്കേണ്ടതുണ്ട്. ഈ ഒരു ഫ്രയിമില്‍ നിന്നേ ക്ളാസില്‍ സ്വാഭാവികമായും ചര്‍ച്ചകള്‍ ഉണ്ടാവൂ.
എന്നാല്‍ കഥ സ്വതന്ത്രമായി ആസ്വദിക്കുന്ന ആള്‍ക്ക് [ കുട്ടിക്ക്] ഇതിനപ്പുറമുള്ള ഒരു ചില വൃത്തങ്ങളിലേക്ക് അറിയാതെ വായിച്ചു കയറേണ്ടതായി വരാം. അവിടെ അത് മൗലികമായ ആസ്വാദനത്തിന്റെ മേഖലകളിലേക്ക് വായനക്കാരനെ ചെന്നെത്തിക്കും.

മറ്റൊരു വായന

സൗജന്യങ്ങള്‍ കുറവെങ്കിലും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമായ ഒരു കാലഘട്ടത്തില്‍ - 1950 കളില്‍- കേരളീയരായ യുവജനങ്ങള്‍ സര്‍ക്കാര്‍ ജോലിമോഹിക്കാന്‍ തുടങ്ങിയിരുന്നു. റയില്‍വേയിലും മിലിട്ടറിയിലും ഇവര്‍ക്ക് ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു താനും. ഒരു ശരാശരി മലയാളി യുവാവിന്ന് പട്ടാളക്കാരനാവുക എന്നത് വലിയൊരാഗ്രഹമായിരുന്നു. [ വീട്ടില്‍ നിന്ന് 'ചാടിപ്പോയി ' പട്ടാളത്തില്‍ ചേര്‍ന്നവര്‍ എത്രയെന്നോ!] റയില്‍വേ, സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന ജോലികള്‍ എന്നിവയെക്കാളൊക്കെ അധികമായി പട്ടാളക്കാരനാകാന്‍ യുവാക്കള്‍ ആഗ്രഹിച്ചിരുന്നു എന്നു തോന്നും. ജീവിത - കുടുംബ സുരക്ഷ പട്ടാളക്കാരനാവുന്നതോടെ കൈവരുമായിരുന്നു. ചെലവ് കഴിച്ച് ശമ്പളം, പെന്‍ഷന്‍, ചികില്‍സാ സൗജന്യങ്ങള്‍ , യാത്രാ സൗജന്യങ്ങള്‍...തുടങ്ങിയുള്ള സംഗതികള്‍ ഇതു ശരിയെന്നും കാണിച്ചിരുന്നു. പട്ടാളക്കാരന്റെ രണ്ടു മാസത്തെ ലീവ് ജീവിതം ഏതൊരു യുവാവും ഇക്കാലത്ത് സ്വപ്നം കണ്ടിരുന്നു എന്നു പറയാം. പട്ടാളക്കാരന്റെ വീരശൂര കഥകള്‍ അവന്ന് സമൂഹത്തില്‍ വലിയൊരംഗീകാരം നേടിക്കൊടുത്തിരുന്നു. അവന്റെ ദൈനംദിന അനുഭവങ്ങള്‍ ഈ '' വട്ടം പ്രദേശത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിയിലേക്ക് വളര്‍ത്തിയിരുന്നു. ആസാമും, ലഡാക്കും, ജബല്‍പ്പൂരും, ...... എല്ലാം ഏതു കുഗ്രാമങ്ങള്‍ക്കും പരിചിതവും അയലുമായിരുന്നു. യുദ്ധഭൂമികള്‍ മുഴുവന്‍ പരിചിതങ്ങളായിരുന്നു. യുദ്ധ സാഹസികതകള്‍, വൈകാരിക സന്ദര്‍ഭങ്ങള്‍ , സുഖ ദു:ഖങ്ങള്‍ എല്ലാം ആബാലവൃദ്ധം ജനങ്ങള്‍ക്കും സ്വാനുഭവങ്ങളായിരുന്നു. [ കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റേയും പട്ടാളക്കഥകള്‍ വേറൊരു തലം വരച്ചുകാണിക്കുന്നുണ്ട് - വായിച്ചു നോക്കുമല്ലോ]
ഈയൊരു പശ്ചാത്തലത്തിലാണ്` നാം 'പട്ടാളക്കാരന്' വായിക്കേണ്ടത്. അനാഥനായ , തെണ്ടിയായ ഒരു യുവാവ് പട്ടാളക്കാരനാവുന്നതോടെ അയാള്‍ സനാഥനും ഉത്തരവാദിത്വമുള്ളയാളുമായി രൂപാന്തരം കൊള്ളുകയായിരുന്നു. ആത്മാഭിമാനമുള്ള, സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ തയാറാവുന്ന മനുഷ്യനാവുകയായിരുന്നു. കഥാകാരന്‍ പറയുന്നപോലെ ' ജീവിതത്തിന്ന് പിടിപ്പും കനവും വന്നു' . സ്വന്തമായൊരു മുഴുപ്പേരുപോലും ' രാമന്‍ നായര്‍' പട്ടാളക്കാരനായ ശേഷം കൈവന്നതാണയാള്‍ക്ക്![ അല്‍പ്പം കഴിഞ്ഞ് ജൂനിയര്‍മാര്‍ 'നായര്‍ സാബ്' എന്നു വിളിക്കുന്നതോടെ ഈ സ്ഥിതി വീണ്ടും ഉയരുകയായി!]
ഒരു കഥ എന്ന നിലയില്‍ സ്വാഭാവികമായും രാമന്‍ നായരുടെ ജീവിതം ഉയര്‍ച്ച താഴ്ച്ച കളിലൂടെ മുന്നോട്ട് പോകയാണ്`. ലീവില്‍ നാട്ടിലെത്തല്‍ , വിവാഹം, പട്ടാളത്തിലേക്ക് - യുദ്ധം-മടക്കം, മരണം...... തുടങ്ങിയ സന്ദര്‍ഭങ്ങളിലൂടെ. കഥാകാരന്‍ അതത്രയും ഭാവോജ്വലമാക്കിയിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
പട്ടാളക്കാരന്റെ ജീവിതത്തിന്റെ രണ്ടുമുഖങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു കഥാകാരന്‍.

ഒന്ന് ] യുദ്ധത്തിന്റേയും വേര്‍പാടിന്റേയും അനിശ്ചിതത്വത്തിന്റേയും.
രണ്ട് ] സനാതത്വത്തിന്റേയും സ്വത്വത്തിന്റേയും സുരക്ഷയുടേയും.

ഈ രണ്ടു വഴികളിലൂടെയും ഈ കഥ വായിക്കാനാകും. ഇത് പട്ടാളമെന്ന - യുദ്ധമെന്ന പശ്ചാത്തലത്തിന്റെ സവിശേഷതയാണ്`. റയില്‍വേ, പോസ്റ്റല്‍ [ സെണ്ട്രല്‍ ഗവണ്‍മെന്റ്] തുടങ്ങിയവായിരുന്നു പശ്ചാത്തലമെങ്കില്‍ ഇത്രയും സാധ്യത കൈവരുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ജോലികളായിരുന്നെങ്കില്‍ സാധ്യതകള്‍ ഇനിയും പരിമിതപ്പെട്ടേനേ.
പട്ടള [ യുദ്ധ] സഹചര്യത്തിന്ന് ഇനിയും തലങ്ങളുണ്ട്. യുദ്ധത്തിന്റെ നിഷേധ വശങ്ങള്‍ ഒക്കെത്തന്നെ [ നശീകരണം,ക്രൂരത, മരണം, ജയില്‍, ശിക്ഷ, അനാഥത്വം, ..... ] യാഥാര്‍ഥ്യമെന്നിരിക്കിലും പിന്നൊരു മറുവശവുമുണ്ട്. അതില്‍ പ്രധാനമായവ

പട്ടാളക്കാരന്റെ കുടുംബത്തിലും ചുറ്റുപാടും ഉണ്ടാവുന്ന ആത്മാഭിമാനം
രാജ്യസ്നേഹത്തിന്റെ ഭാഗമായി ഉളവാകുന്ന ജനതയിലെ ഐക്യബോധം
ആരോഗ്യ- വാര്‍ത്താവിനിമയ രംഗത്ത് ഉളവാകുന്ന പുതിയ കണ്ടെത്തലുകള്‍
രാജ്യ സുരക്ഷയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ജന ജാഗ്രതകള്‍
ചെലവ് ചുരുക്കല്‍ ശീലങ്ങള്‍ - ആര്‍ഭാടങ്ങള്‍ മുഴുവന്‍ ഒഴിവാക്കല്‍

എന്നിങ്ങനെയാണല്ലോ. ഇതില്‍ ഏതു മുഖം കഥയില്‍ അവതരിപ്പിക്കണം എന്ന തീരുമാനം തികച്ചും കഥാകാരന്റെ തന്നെയാണ്`. അതിനെ ക്കുറിച്ച് വിമര്‍ശിക്കാനോ അഭിപ്രായം പറയാന്‍ പോലുമോ വായനക്കാരന്ന് അവകാശമില്ല.
എന്നാല്‍ കഥ ഒരു സൃഷ്ടിയായി ത്തീരുന്നതോടെ ആയത് സ്രഷ്ടാവിനെ കൈവെടിയുകയും വായനക്കാരെ പ്രാപിക്കുകയും ചെയ്യുകയാണ്`. വായനക്കാരന്‍ ഉള്ളടക്കത്തെ ഭിന്ന മാനങ്ങളില്‍ , ഭിന്ന കാലങ്ങളില്‍, ഭിന്ന സാഹചര്യങ്ങളില്‍ വായിച്ചുകൊണ്ടേയിരിക്കും. അവിടെവെച്ചെല്ലാം കഥ പുനര്‍രചനക്ക് വിധേയമാവുകയാണ്`. വായനക്കാരന്‍ കഥ മാറ്റിയെഴുതിക്കൊണ്ടേ ഇരിക്കുകയാണ്`. എല്ല്ലാ നല്ല കഥകളുടേയും [ കാലാതിവര്‍ത്തികളായ ] ജീവിതം ഇതാണ്`.
അങ്ങനെയെങ്കില്‍ ' പട്ടാളക്കാരന്‍' ഇനി ഒന്നു കൂടി വായിച്ചു നോക്കൂ. ക്ളാസില്‍ ടീച്ചര്‍ പറഞ്ഞതു മാത്രമാണോ ഈ കഥ?


2 comments:

ഇ.എ.സജിം തട്ടത്തുമല said...

പോസ്റ്റ് വായിച്ചു.

ഇ.എ.സജിം തട്ടത്തുമല said...

ഈ ബ്ലോഗ് എന്റെ വായനശാലയിൽ ഉൾപ്പെടുത്തി
വായനശാല