02 February 2012

'സ്ഥലവും കാലവും ചിത്രകലയില്‍ ' എന്ന പാഠം


ബഹുമാനപ്പെട്ട സാർ,ദയവായി  മാഷെ..........ഒൻപതാം    ക്ലാസ്സിലെ  കേരളപാഠാവലി  പുസ്തകത്തിലെ  5-ാമത്തെ  യൂണിറ്റിലെ  സ്ഥലവും കാലവും ചിത്രകലയിൽ  എന്നപാഠഭാഗത്തെ ചിത്രം.2 നെ കുറിച്ചൊന്ന്  വിശദമാക്കിത്തരാൻ  കഴിയുമോ?ബഹു.വിജയകുമാർ മേനോൻ  പറഞ്ഞിരിക്കുന്ന  കാര്യങ്ങൾ  കുട്ടികൾപ്രായോഗികമായി  ചിന്തിച്ചാൽ മിഥ്യയാണെന്നു തോന്നും.കൃഷ്ണനും കൂട്ടുകാർക്കും  ഇവിടെ അമാനുഷികമായ  ശക്തിയുണ്ടോ?ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല  സാർ.

picture from indiaminiaturepaintings blog : with thanks : [only for educational purpose]
'സ്ഥലവും കാലവും ചിത്രകലയില്‍ ' എന്ന പാഠം

കുട്ടികളില്‍ ചിത്രകല ആസ്വദിക്കാനുള്ള അനുശീലനം നല്കുന്നു. മുന്‍കാലങ്ങളില്‍ ഭാഷാപാഠങ്ങളില്‍ ഈ സംഗതി ഉണ്ടാകാറില്ല. ചിത്രവും ഒരു തരത്തില്‍ ഭാഷ തന്നെ. അതു സര്‍ഗ്ഗത്മകമായ ഭാഷാ പ്രയോഗവുമാണ്`. തീര്ച്ചയായും നമ്മുടെ കുട്ടികള്‍ ചിത്രവും ശില്പ്പവും എല്ലാം ആസ്വദിക്കാന്‍ പഠിക്കേണ്ടതുതന്നെ.

  • എല്ലാ കലയും - ചിത്രകലയും മനുഷ്യജീവിതത്തെയാണ്` ആവിഷ്ക്കരിക്കുന്നത്. കലാകാരന്‍മാര്‍ ' മനുഷ്യകഥനുഗായികള്‍ ' ആണല്ലോ.
  • ജീവിതം സ്ഥലത്തിലും കാലത്തിലും വ്യാപിച്ചു നില്ക്കുന്നതാണ്`.
  • സ്ഥലം ജീവിതം സംഭവിക്കുന്ന ഇടം തന്നെ.
  • കാലം ജീവിതത്തിന്റെ ചലനമാകുന്നു. ചലനം നില്‍ക്കുമ്പോള്‍ ജീവിതം നിലയ്ക്കുന്നു.
  • ജീവിതം ആവിഷ്കരിക്കുമ്പോള്‍ , ചിത്രകലയുടെ വലിയൊരു പരിമിതി അതില്‍ കാലം പകര്‍ത്താന്‍ കഴിയില്ല എന്നാണ്`. കാരണം കാലത്തെ ആവിഷ്കരിക്കുന്നത് ചലനത്തിലൂടെയാണ്`.
  • ചിത്രകല സ്ഥലത്തില്‍ ഒതുങ്ങുന്നു എന്ന് പൊതുവെ പറയാം .അതും വെറും പരന്ന പ്രതലത്തില്‍ . നീളത്തിലും വീതിയിലും മാത്രമല്ല ജീവിതം . ത്രിമാനങ്ങളിലാണ്`. ഉയരവും ഒപ്പം ഉണ്ട്. പക്ഷെ, ചിത്രത്തില്‍ ഉയരം എഴുതാനാവില്ല. എന്നാല്‍ ശില്പ്പത്തിലും ധൂളീചിത്രത്തിലും ത്രിമാനങ്ങളും സാധ്യം. പക്ഷെ, അവിടേയും ഇത് സ്ഥലത്തില്‍ ഒതുങ്ങും. കാലം - ചലനം ആവിഷ്കരിക്കാന്‍ സാധ്യമല്ല.

സാധ്യമല്ലാത്തതിനെ സാധ്യമാക്കാനുള്ള ശ്രമം സര്‍ഗാത്മകതയാണ്`. കലാകാരന്‍ നേരിടുന്ന വെല്ലുവിളിയാണ്`. ' ഇന്ന് ഭാഷയിതപൂര്‍ണ്ണം ' ... എന്നാണ്` കുമാരനാശാന്‍ വിലപിച്ചത്.

ഒരു സംഭവം കഴിഞ്ഞാല്‍ അടുത്ത സംഭവം...പിന്നെ അടുത്തത്... ഇങ്ങനെ ആവിഷ്കരിക്കാന്‍ കഴിയുന്നത് കഥ പറച്ചിലിലാണ്`. [ സിനിമയില്‍ ഇതു സാധ്യമാണ്`.] ഒരു കഥ = ആഖ്യാനം സ്ഥലത്തിലും കാലത്തിലും പ്രവര്‍ത്തിക്കുന്നു. ഈ ആഖ്യാന വിദ്യ ചിത്രകലയില്‍ സാധ്യമാക്കാനായിരുന്നു ആഖ്യാനചിത്രങ്ങള്‍ [ narrative paintings] ശ്രമിച്ചത്. ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യുന്ന മൂന്നു ചിത്രങ്ങളും ആഖ്യാന ചിത്രങ്ങളാണ്`. ഒരു ചിത്രത്തിലൂടെ ഒരു കഥപറയാനാണ്` ഈ കലാകാരന്‍മാര്‍ ശ്രമിച്ചത്.

ടെക്സ്റ്റ് ബുക്കിലെ രണ്ടാം ചിത്രം [ എല്ലാം തന്നെ ] വളരെ അവ്യക്തമാണ്`. അത് കളര്‍, കടലാസ് ഗുണം, പ്രിന്റിങ്ങ് മികവ്... തുടങ്ങിയ സംഗതികളെ ആശ്രയിച്ചാണ്`. വെണ്ണ മോഷ്ടിക്കുന്ന പഹാഡി ചിത്രം ഒറിജിനല്‍ കണ്ടാലേ വിജയകുമാരമേനോന്‍ പറയുന്ന സംഗതികള്‍ കുറച്ചെങ്കിലും വ്യക്തമാകൂ . indiaminiaturepaintings. blog ഇല്‍ നിന്ന് കുറേകൂടി തെളിച്ചമുള്ള ഒരു ചിത്രം ലഭിച്ചത് [ ഒറിജിനലുമായി ഒത്തുപോകുന്നത് ] ആസ്വദിക്കുമ്പോള്‍ കാര്യങ്ങളില്‍ അല്പ്പം കൂടി വ്യക്തത വരും എന്നു തോന്നുന്നു.

വിജയകുമാരമേനോന്‍ വിശദീകരിക്കുന്നത് ആവര്‍ത്തിക്കുന്നില്ല

തൈരുകടയുന്ന ഗോപസ്ത്രീയുടെ ശ്രദ്ധയൊന്ന് തെറ്റിയപ്പോള്‍ ശ്രീകൃഷ്ണനും കൂട്ടരും ഞൊടിയിടകൊണ്ട് വെണ്ണ മോഷ്ടിക്കുന്ന ഒരു കഥയാണ് ഈ ചിത്രം വരച്ചുവെക്കുന്നത്. ഒരു കഥയാണെന്നതുകൊണ്ട് ചലനം - കാലം കൂടി ചിത്രത്തില്‍ ആവിഷ്കൃതമാവുകയാണ്`.

തൈര്‍ കലം നോക്കൂ: ഗോപസ്ത്രീ കടഞ്ഞിരുന്നത് നിര്‍ത്തി മറ്റേ മുറിയിലേക്ക് നീങ്ങിയിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ എന്നത് തൈര്‍ കടയുന്ന കടകോലിലെ നടുക്ക് വലിക്കുന്ന കയര്‍ അഴിഞ്ഞ് താഴെ എത്തിയിട്ടില്ല എന്ന ചിത്രണം കാണിച്ചു തരുന്നു. അല്പ്പ സമയം കഴിഞ്ഞിരുന്നെങ്കില്‍ നടുക്ക് വലിക്കുന്ന കയര്‍ കടകോലിന്റെ താഴെ ഭാഗത്ത് അഴഞ്ഞ് എത്തുമായിരുന്നു.

നിമിഷനേരം കൊണ്ട് കുട്ടികള്‍ മോഷണം നിര്‍വഹിച്ചു എന്ന് ആവിഷ്കരിക്കുന്നു.
ഇത്ര കുറച്ച് സമയം കൊണ്ട് കുട്ടികള്‍ക്കിത് ചെയ്യാനാവുമോ എന്ന സാധാരണയുക്തി അസ്ഥാനത്താണ്`. ശ്രീകൃഷ്ണനും കൂട്ടര്‍ക്കും വെണ്ണകട്ടുണ്ണല്‍ നിത്യ പരിപാടിയാണ്`. അതുകൊണ്ടുതന്നെ അതെത്രയും വേഗം ലഭ്യമാക്കാനുള്ള റ്റെക്നോളജി അവര്‍ക്കുണ്ട്. കുട്ടികളുടെ അവശ്യം അവശ്യമായ സംഗതികള്‍ ഇതിലും കുറച്ച് സമയം കൊണ്ട് ചെയ്തുതീര്‍ക്കുന്നത് നാം നമ്മുടെ വീടുകളില്‍ തന്നെ കണ്ടിട്ടില്ലേ !
ഈ യുക്തിയൊന്നും അല്ല പ്രധാനപ്പെട്ട വിഷയം. നിമിഷനേരം കൊണ്ട് ഇത്രയും കാര്യങ്ങള്‍ സാധിച്ചോ എന്നല്ല പ്രശ്നം. ഇത്രയും സംഭവങ്ങള്‍ തുടര്‍ച്ചയോടെ ആലേഖനം ചെയ്തതോടെ ' ആ കുറേ നിമിഷങ്ങളെ ' പൂര്‍ണ്ണമായും ആവിഷ്കരിച്ചു ചിത്രകാരന്‍ എന്നാണ്`. .

  • തൈര്‍ കടയുന്നത് നിര്‍ത്തി തൈര്‍ക്കലം ഒരു മുക്കിലേക്ക് സ്ത്രീ നീക്കിവെച്ചു / അല്ലെങ്കില്‍ അവിടെത്തന്നെ വെച്ചു.
  • സ്ത്രീ എഴുന്നേറ്റു
  • എഴുന്നേറ്റ് വസ്ത്രം ശരിയാക്കി
  • [ കുരങ്ങനും കുട്ടികളും അവിടെ ഇരിക്കുന്നതുകൊണ്ട് ഒരു പക്ഷെ, കുട്ടികളോട് കുരങ്ങനെ ഉദ്ദേശിച്ച് - 'നോക്കണേ.. ഇപ്പോ വരാം ... എന്ന് പറഞ്ഞിരിക്കും.
  • കുട്ടികള്‍ തലകുലുക്കി അതേറ്റിരിക്കും.
  • തുടര്‍ന്ന് സ്ത്രീ മറ്റേ മുറിയിലേക്ക് നീങ്ങി
  • കുട്ടി പിറമിഡുണ്ടാക്കി.
  • വെണ്ണ എടുത്ത് കൈമാറി.
  • ഇനി രണ്ടാള്‍ക്ക് കൂടി ഓരോ ഉരുള വേണം... അതിനല്പ്പം സമയം കൂടി വേണം.
ഇത്രയും പ്രവര്‍ത്തനങ്ങള്‍ - ചലനങ്ങള്‍ - കാലം ഒരു ചിത്രത്തില്‍ ചേര്‍ക്കാന്‍ കലാകാരന്ന് കഴിഞ്ഞു എന്നതാണ്` പ്രധാനം.
ഈ ഒരു സംഗതിയാണ്` നാം ആസ്വദിക്കുന്നത്. ചിത്രകല ആസ്വദിക്കാനുള്ള ചില പാഠങ്ങള്‍ ആണല്ലോ വിജയകുമാരമേനോന്‍ എഴുതുന്നത്.

കുട്ടികള്‍ പ്രായോഗികമായി ചിന്തിച്ചാല്‍.....
ടീച്ചര്‍ 'പ്രായോഗികത ' എന്ന് പറയുന്നത് 'യുക്തി ' ആണല്ലോ.
കല ആസ്വദിക്കുന്നതിന്ന് കലയുടെ പ്രായോഗികത / യുക്തി ഉപയോഗിക്കണം.
ചെടിക്ക് വെള്ളം ഒഴിക്കുമ്പോള്‍ ജലസേചനത്തിന്റെ പ്രായോഗികത / യുക്തി ഉപയോഗിക്കണം.
കഥകളിക്ക് കഥകളിയുടെ യുക്തിയും നാവേറ് പാട്ടിന്ന് അതിന്റെ യുക്തിയും ഉണ്ട്.
അല്ലെങ്കില്‍
' മന്ദമന്ദമെന്‍ താഴും മുഗ്‌‌ദ്ധമാം മുഖം പൊക്കി
സ്സുന്ദര ദിവാകരന്‍ ചോദിച്ചു മധുരമായ് '

എന്ന വരികളിലെ സൗന്ദര്യം ആസ്വദിക്കാനാവില്ല. കവിതക്ക് കവിതയുടെ യുക്തി .















No comments: