14 February 2012

പരീക്ഷകളുടെ ഉത്സവം.


എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഈ 13 നു ആരംഭിച്ചു.  തുടര്‍ന്ന് മാര്‍ച്ചില്‍ ശരിക്കുള്ള പരീക്ഷയും. അതിനിടയ്ക്ക് ഐ.ടി.പരീക്ഷ.... ചുരുക്കത്തില്‍ ഇനി പരീക്ഷകളുടെ നാളുകളാണ്`. ശരിക്കും ആഘോഷിക്കാവുന്ന ദിവസങ്ങള്‍... പഠനത്തിന്റേയും പ്രയോഗത്തിന്റേയും ഉത്സവം.......


കുട്ടിക്ക് പഠനം വളരെ ആവേശകരമാണ്`. പഠനം പോലെ ആവേശകരമാണ്` പരീക്ഷയും. താന്‍ എത്രത്തോളം പഠിച്ചു എന്നതിന്റെ പ്രയോഗവും അളക്കലുമാണ്` പരീക്ഷ. പെട്ടെന്ന് തന്നെ ഫലം- റിസല്‍ട്ട് അറിയുകയും ചെയ്യും. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമെന്നാണ്` സ്കൂള്കാലഘട്ടത്തെ പൊതുവെ എല്ലാവരും പറയാറ് . ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളൊക്കെയും പഠനം, പരീക്ഷ, ഫലം എന്നിവയില്‍ ഊന്നി നില്ക്കുന്നതാണ്`. ഇവയിലൂടെ കുട്ടി നിരന്തരം നേടിയ വളര്‍ച്ചയും അതിന്റെ ആവേശവുമാണ്` ജീവിതം നിറയെ. അന്ന് നന്നായി പഠിപ്പിച്ച / വിജയിക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ മാഷ് / ടീച്ചര്‍ ആണ്` കുട്ടിയില്‍ എന്നും നിറഞ്ഞു നില്‍ക്കുക. ഈ ഓര്‍മ്മകള്‍ ജീവിതാവസാനം വരെ നിലനില്‍ക്കും.

പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെ പരീക്ഷ. ക്ളാസ് മുറിയില്‍ / വീട്ടില്‍ പഠനമുറിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്` പരീക്ഷക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍. ഏതു വിഷയത്തിലും ഈ രീതിക്ക് മാറ്റമില്ല. ഭാഷയില്‍ ഒരു ബയോഡാറ്റയോ കവിതാസ്വാദനമോ തയ്യാറാക്കാനായിരിക്കും ഇത്. കണക്കില്‍ ഒരു നിര്‍മ്മിതിയോ പ്രശ്നം പരിഹരിക്കലോ [problem solving] ആയിരിക്കും. ഭൂമിശാസ്ത്രത്തില്‍ സമുദ്രജലപ്രവാഹങ്ങളുടെ സവിശേഷതകള്‍ തിരിച്ചറിയലും ബയോളജിയില്‍ ആരോഗ്യശീലങ്ങളോ , രോഗാതുരതയോ ആയിരിക്കും. ഇതെല്ലാം തന്നെ ക്ളാസിലും വീട്ടിലും ഇരുന്ന് നാം ചെയ്തു ശീലിച്ചവയും ആകും. ചെയ്തു ശീലിച്ചവ നിശ്ചിതസമയത്തിന്നുള്ളില്‍ എത്രത്തോളം മികവുറ്റതായി ചെയ്യാനായി എന്നതാണ്` റിസള്‍ട്ടില്‍ മനസ്സിലാവുക. അത് മുങ്കൂട്ടി ഉറപ്പിക്കാന്‍ - ഇത്ര സ്കോറ് കിട്ടും... ഇന്ന ഗ്രേഡ് കിട്ടും ... എന്ന് ഉറപ്പാക്കാന്‍ കഴിയലാണ്`` പരീക്ഷയിലെ ആവേശം.. തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിക്കൊക്കെ ഈ ആവേശം ഉണ്ട്. പരീക്ഷയടുക്കും തോറും ഇത് ക്രമത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. കുട്ടിയുടെ ഉടുപ്പിലും നടപ്പിലും സ്വഭവത്തിലും ഇത് പ്രത്യക്ഷമണ്`. കുട്ടിയില്‍ വളരുന്ന ഈ ഉഷാറ് വീട്ടിലും സ്കൂളിലും സമൂഹത്തില്‍ മുഴുവനും നിറയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണല്ലോ സമൂഹം മുഴുവനും സര്‍ക്കാരും മാധ്യമങ്ങളും ഒക്കെ പരീക്ഷ കുറ്റമറ്റതാക്കാനും ഗംഭീരമാക്കാനും കുട്ടികള്‍ക്കെല്ലാം മികച്ച വിജയം ലഭ്യമാക്കാനും ഒപ്പം നിന്ന് സഹായിക്കുന്നത്. 'ഉത്സവക്കമ്മറ്റിക്കാരാ' വുന്നത്.

പരീക്ഷാഹാള്‍:

 • ക്ളാസ് മുറിപോലല്ല പരീക്ഷാഹള്‍ . ക്ളാസ്മുറിപോലെയോ പരീക്ഷാഹാള്‍ പോലെയോ അല്ല വീട്ടിലെ പഠനമുറി . ഈ അന്തരീക്ഷമാറ്റം മുന്‍കൂട്ടി അറിയണം. ക്ളാസ് മുറിയേക്കാള്‍ സ്വാതന്ത്ര്യം കൂടും പരീക്ഷാഹാളിന്ന്. ശാന്തതയും സൗകര്യങ്ങളും കൂടും.
 • സ്വന്തം അറിവ് നിര്‍ഭയമായി എഴുതിവെക്കാം. സ്വന്തം അഭിപ്രായം നിര്‍വിശങ്കം എഴുതിവെക്കാം. ക്ളാസ്മുറിയില്‍ അധ്യാപികയുടേയോ വീട്ടില്‍ മുതിര്‍ന്നവരുടേയോ മേല്‍നോട്ടമുണ്ട്.
 • എഴുതിവെക്കുന്നവക്ക് അടിസ്ഥനമായ യുക്തിയും ചിന്തയും നമ്മുടെ സ്വന്തമാണ്`. ഉത്തരക്കടലാസ് പരിശോധിക്കുന്നവര്‍ ഈ മൗലികതയിലാണ്` സ്കോര്‍ ഉയര്‍ത്തുന്നത്.ഈ മൗലികയുക്തിക്ക് ക്ളാസില്‍ പലപ്പോഴും അംഗീകാരം ലഭിക്കാറില്ല.
 • ഗണിതം, ശാസ്ത്രം പോലുള്ള വിഷയങ്ങളില്‍ ഈ സ്വാതന്ത്ര്യത്തിന്ന് വലിയ സ്ഥാനമുണ്ട്.
 • ഗ്രൂപ്പ് അഭിപ്രായങ്ങള്‍, അധ്യാപികയുടെ കൂട്ടിച്ചേര്‍ക്കലുകള്‍, എന്നിവയൊന്നും പരീക്ഷാഹാളില്‍ ആവശ്യമില്ല. സ്വന്തം പഠനാനുഭവങ്ങളുടെ തേജസ്സില്‍ ഉത്തരങ്ങള്‍ രൂപപ്പെടുത്താം.
 • പ്രവര്‍ത്തനങ്ങളില്‍ ഏതാദ്യം എന്ന മുന്‍ഗണന നിര്‍ണ്ണയിക്കാന്‍ പരീക്ഷാഹാളില്‍ കുട്ടിക്ക് അവകാശമുണ്ട്. ക്ളാസില്‍ അധ്യാപിക മുന്‍ഗണന നിശ്ചയ്ക്കും.
  ശരിക്കാലോചിച്ചാല്‍ സ്വാതന്ത്ര്യത്തിന്റേയും സ്വന്തം ചിന്തയുടേയും സര്‍ഗാതമകതയുടേയും പൂത്തുലയലാണ് പരീക്ഷാഹാളില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് 100ഇല്‍ 100 സ്കോറും ലഭിക്കുന്ന ഉത്തരങ്ങള്‍ പരീക്ഷാപേപ്പറില്‍ രൂപം കൊള്ളുന്നത്. [ പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ ഈ മൗലികത ശരിക്കും ആസ്വദിക്കാറുണ്ട്.]
 • ..
 • .
  പരീക്ഷാപ്രവര്‍ത്തനങ്ങള്‍ :
  എല്ലാ പരീക്ഷാപ്രവര്‍ത്തനങ്ങളുടേയും സുപ്രധാന അടിത്തറ പാഠങ്ങളാണ്`. അതിലെ ഉള്ളടക്കമാണ്`. ഈ ഉള്ളടക്കം വിട്ട് ഒരിക്കലും പുറത്ത് പോകില്ല ഒരു ചോദ്യവും. അതിനാല്‍ ത്തന്നെ ഉള്ളടക്കത്തെ ക്കുറിച്ചുള്ള പൂര്‍ണ്ണധാരണ അനുപേക്ഷണീയമാണ്`.
  ഭാഷാവിഷയങ്ങളില്‍ നിന്ന് ഒരു ദാഹരണം നോക്കാം.
  'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം ' എന്ന പാഠഭാഗം അടിസ്ഥനമാക്കിയാണ്` - പ്രായം മറന്നുള്ള ചാപല്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് സമകാലിക സാമൂഹ്യ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്തുക.

പാഠഭാഗം നന്നായറിയുന്ന കുട്ടിക്ക് തന്റെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്താനും കുറിക്കാനും കഴിയും. ഇതാണ് പരീക്ഷയിലെ പ്രവര്‍ത്തനരീതി. ഭാഷയില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഈ സങ്കേതം തന്നെയാണ്` പ്രവര്‍ത്തിപ്പിക്കുന്നത്.
ഇത് ക്ളാസ് മുറിയുടെ തുടര്‍ച്ചയാണ്`. ക്ളാസിലും ഈ പാഠഭാഗം [ ഉള്ളടക്കം ] കുട്ടിയില്‍ എത്തിക്കുന്നത് സമൂഹ്യ ചുറ്റുപാടുകളുമായി പ്രതികരിച്ചുകൊണ്ട് / യുക്തിയുക്തം കാര്യങ്ങള്‍ മനസ്സിലാക്കിച്ചുകൊണ്ട് / സ്വന്തം നിരീക്ഷണ വിശകലനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് തന്നെയാണ്`. ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യശസ്ത്രത്തിലും ഭാഷകളിലും ഒക്കെ ഇതാണ്` നിര്‍വഹിച്ചുപോന്നത്. ക്ളാസില്‍ നിന്നും ഉണര്‍ന്നുവന്ന യുക്തിബോധവും, നിരീക്ഷപാടവവും നിര്‍ഭയമായി കുട്ടി പരീക്ഷാഹാളില്‍ എഴുതിവെക്കുകയാണ്`.
പരീക്ഷ എഴുതുന്ന മിടുക്കിയായ കുട്ടി പോലും ഒരിക്കലും ഇതിനെത്ര സ്കോര്‍ ലഭിക്കണം എന്ന് ചിന്തിച്ചല്ല ; മറിച്ച് മികച്ച ഉത്തരം എഴുതണം എന്ന ബുദ്ധിയിലാണ്` പ്രവര്‍ത്തിക്കുക. സ്കോറിനെ കുറിച്ചൊക്കെ പരീക്ഷ കഴിഞ്ഞേ ആലോചിക്കൂ ഏതു കുട്ടിയും.

അറിയാവുന്ന ഉത്തരങ്ങള്‍ എറ്റവും ആദ്യം നന്നായി എഴുതുക എന്നതാണ് ഏതു കുട്ടിയുടേയും പരീക്ഷാതന്ത്രം. ചോദ്യങ്ങള്‍ ശരിക്ക് മനസ്സിലാക്കി പ്രധാനാംശങ്ങളൊക്കെ ഉള്‍പ്പെടുത്തിയുള്ള ഉത്തരങ്ങള്‍. അറിയാത്തവയെ കുറിച്ച് ആലോചിച്ച് ആരും സമയം കളയാറില്ല. പിന്നെ അറിയാത്തതെന്ന് വിചാരിക്കുന്ന വീണ്ടുമൊരു നോട്ടത്തില്‍ അറിയുന്നവയായിത്തീരാറുണ്ട്. അപ്പോള്‍ അത് നന്നായി എഴുതുകയും ആവാം.
പരീക്ഷാ സമയമാനേജ്മെന്റ്:

ഒരു മണിക്കൂര്‍, ഒന്നരമണിക്കൂര്‍, രണ്ടര മണിക്കൂര്‍ പരീക്ഷകളാണ്`. ഇത്രയും സമയം മികച്ചരീതിയില്‍ വിനിയോഗിക്കാനുള്ള പരിശീലനം ഇനിയും നമ്മുടെ കുട്ടികള്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. അത് സ്കൂളില്‍ നിന്ന്തന്നെ ലഭ്യമാക്കേണ്ടതുണ്ട്. എല്ലാ കുട്ടിയും സമയം തികഞ്ഞില്ല എന്ന പരാതി മിക്കപ്പോഴും ഉന്നയിക്കാറുണ്ട്. [ ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ സമയം സംബന്ധിച്ച് ആലോചിച്ചിരിക്കും എന്നു നമുക്ക് വിശ്വസിക്കാം ; വെറുതെയെങ്കിലും. ]

 • ആകെ ചോദ്യങ്ങള്‍ അവക്കോരോന്നിനും എടുക്കാവുന്ന പരമാവധി സമയം കണക്കാന്‍ കഴിയണം.
 • ഈ കണക്ക് ഉണ്ടാക്കുമ്പോള്‍ ചോദ്യങ്ങളുടെ / ഉത്തരങ്ങളുടെ വലിപ്പം , ഘടന, അതിന്ന് അനുവദിച്ചിരിക്കുന്ന സ്ക്കോര്‍ എന്നിവ പരിഗണിക്കണം. പട്ടിക പൂരിപ്പിക്കാനും ആസ്വാദനക്കുറിപ്പെഴുതാനും, പരിവൃത്തം വരച്ച് പ്രശ്നം പരിഹരിക്കാനും ഒക്കെ സമയോപയോഗത്തില്‍ വ്യത്യാസങ്ങളുണ്ടല്ലോ.
 • എഴുതാനും, പരീക്ഷ തീരുന്നതിന്ന് മുമ്പ് ഉത്തരങ്ങളിലൂടെ ഒരു വട്ടം കൂടി ഒരോട്ടപ്രക്ഷിണം നടത്താനും വേണ്ട സമയം മുന്‍കൂട്ടി കരുതിയിരിക്കണം. ചെറിയ തിരുത്തലുകള്‍ അടക്കം.


കൂള്‍ ഓഫ് ടൈം:

കൂളോഫ് ടൈമിന്റെ വിനിയോഗവും കുട്ടികള്‍ക്ക് വേണ്ടത്ര ധരിപ്പിച്ചുകാണില്ല. അതുകൊണ്ടുതന്നെ 'കൂള്‍ ഓഫ് ' കുട്ടിക്കും അധ്യാപകര്‍ക്കും ഒരു ഫലിതം പോലെയാണ്`. 15 മിനുട്ട് നന്നായി ഉപയോഗിച്ചാല്‍ വളരെ ഗുണം ചെയ്യില്ലേ എന്നാലോചിക്കണം
ബെല്ലടിച്ചാല്‍ 15 മിനുട്ട് കൂള്‍ ഓഫ് ആണ്`
 • ആദ്യ 1 മിനുട്ട് ചെറിയൊരു പ്രാര്‍ഥന/ മനസ്സിനെ ഏകാഗ്രമാക്കാനുള്ള ധ്യാനം
 • പിന്നെ 7-8 മിനുട്ട് ചോദ്യപേപ്പര്‍ വായന [ ചോദ്യപേപ്പരില്‍ രണ്ടു ഭാഗം ഉണ്ട്. 1] ചോദ്യം 2] നിര്‍ദ്ദേശം രണ്ടും വായിച്ച് മനസ്സിലാക്കണം ]
 • ഇനി 1 മിനുട്ട് - നന്നായി എഴുതാനറിയാവുന്നവ തിരിച്ചു വെക്കണം. [ പെന്‍സില്‍കൊണ്ട് ചെറിയ അടയാളം ഇട്ടുവെക്കാമോ? ചോദ്യപേപ്പറില്‍ ഒന്നും എഴുതാന്‍ പാടില്ലെന്നാ പരീക്ഷയുടെ നിയമം! ]
 • ഇനി 4-5 മിനുട്ട് കൊണ്ട് ആദ്യവട്ടം മനസ്സിലാകാതെ പോയവ ഒന്നുകൂടെ പരിശോധിക്കണം. മിക്കവയുടേയും ഉത്തരങ്ങള്‍ അപ്പോള്‍ കിട്ടും. അതാണനുഭവം.
 • ഇനി 1 മിനുട്ട് ഉത്തരക്കടലാസില്‍ പൂരിപ്പിക്കാനുള്ള സംഗതികള്‍ക്കായി പ്രയോജനപ്പെടുത്താം.

പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ 'കൂള്‍ ഓഫ് ഇല്ല . എന്നാല്‍ ഒരഞ്ചു മിനുട്ട് അതിനായി മൊത്തം സമയത്തില്‍ നിന്ന് നീക്കിവെക്കണം. എഴുതിയവയിലൂടെ ഒന്നോടിപ്പോകാനും , പേജ് നമ്പ്ര്,ക്രമം, റജിസ്റ്റര്‍ നമ്പ്ര്, എന്നിവ ഒന്നുകൂടി ഉറപ്പുവരുത്താനും ഈ സമയം വേണം.
പരീക്ഷ കഴിയുന്നതിന്ന് 5 മിനുട്ട് മുന്‍പ് ഒരു വാണിങ്ങ് ബെല്ല് ഉണ്ട്. അതുകഴിഞ്ഞ് സമയം അവസാനിച്ച് അറിയിപ്പ് തരുന്ന ബെല്ല് അടിക്കുന്നതുവരെ കുട്ടിക്ക് സമയം ഉണ്ട്. [ പലപ്പോഴും അധ്യാപകന്‍ വാണിങ്ങ് ബെല്ല് കേട്ടാല്‍ ....ശരി...ഇനി എഴുത്തു നിര്‍ത്തി ഒക്കെ തുന്നിക്കെട്ടിന്‍ എന്നു കല്പ്പിക്കാറുണ്ട്. അതു ശരിയല്ല. പരീക്ഷാസമയം മുഴുവന്‍ എഴുതാനുള്ളതുതന്നെ. തുന്നിക്കെട്ടലൊക്കെ പിന്നെ മതി ]

പരീക്ഷാക്കാലത്തെ സ്കൂള്‍ :
കുട്ടികളുടെ മികവുകളുടെ [ നിര്‍ഭയവും / സ്വതന്ത്രവും ആയ ] ആവിഷ്കാരമാണ്` പരീക്ഷയെന്നതുകൊണ്ട് പരീക്ഷകള്‍ അവര്‍ക്ക് മികവിന്റെ ഉത്സവങ്ങളാണ്`. എന്നാല്‍ സ്കൂള്‍ അന്തരീക്ഷം ഇതോടൊപ്പം നില്‍ക്കാറില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അരോചകമായ ഒരവസ്ഥ ഇന്നിവിടെയുണ്ട്. ഇതു മാറ്റാന്‍ -
 • സ്കൂള്‍ പരിസരം [കഴിയുന്നത്ര ] വൃത്തിയും വെടിപ്പും ഉള്ളതാക്കാമോ?
 • തോരണങ്ങളും മാലകളും കൊണ്ട് നന്നായി അലങ്കരിക്കാമോ?
 • വിജയാശംസകളോടെയുള്ള പോസ്റ്ററുകള്‍ പതിക്കാമോ?
 • നല്ല ഭക്ഷണം [ അതു എല്ലാ സ്കൂളിലും ഉണ്ട് ] രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ നല്കാമോ?
 • പരീക്ഷതുടങ്ങുന്നതിന്ന് മുന്‍പ് , ഒരു ദിവസം ഒരല്‍പ്പം സമയം കുട്ടികളെ ആശിര്‍വദിക്കാനായി ഒരു യോഗം ചേരാമോ? രക്ഷിതാക്കളും ഭരണരംഗത്തുള്ളവരും.... എല്ലാം പങ്കെടുക്കുന്ന യോഗം? പൊതു മീറ്റിങ്ങോ പ്രഭാഷണമോ അല്ലാതെ. 4-5 കുട്ടികളെ ഗ്രൂപ്പാക്കി അവരുമായി ഒന്നോ രണ്ടോ മുതിര്‍ന്നവര്‍ കുട്ടികളുമായി നേരിട്ട് നല്കുന്ന ആശിര്‍വാദവും പ്രോത്സാഹനവും എന്ന രീതിയില്‍ ഒരു യോഗം?

ഇതൊക്കെ ചെയ്യുന്നതോടെ കുട്ടിയില്‍ ഉണ്ടാവുന്ന ഊര്‍ജം പരീക്ഷക്ക് വലിയ സഹായം ചെയ്യും. മികച്ച വിജയം നമുക്ക് പ്രതീക്ഷിക്കാം.No comments: