19 February 2012

കൂൾ-ഓഫ്

Re Publishing

മോഡൽ പരീക്ഷ തീരുന്നതോടെ പരീക്ഷാ ഒരുക്കം പൂർത്തിയാവുകയാണ്. പിന്നെ ചെറിയ മിനുക്കുപണികൾ മത്രം.ഒരാവർത്തികൂടി ഒക്കെ ഒന്നൊരുക്കിവെക്കൽ. ഇനി പരീക്ഷ. ഒരു നിശ്ചിത സമയത്തിൽ ചോദ്യങ്ങളിലൂടെ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചിട്ടയായി എഴുതാൻ കഴിയുന്നതുമാത്രമാണ് പരീക്ഷയിലെ  മിടുക്ക്.

പരീക്ഷയുടെ പ്ലാനിങ്ങിൽ -സവിശേഷമായും സമയോപയോഗത്തിൽ (time planning)മിക്ക കുട്ടികളും  സമർഥരല്ല. അനുവദിച്ച സമയം നന്നായി വിനിയോഗിക്കാനുള്ള പരിശീലനം ക്ലാസ്മുറികളിൽ നിന്നു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതുകുട്ടിയും അവസാനം പറയുന്നത് ‘എഴുതാൻ സമയം കിട്ടിയില്ല’ എന്നാവും. സമയം കിട്ടാതിരിക്കാൻ രണ്ടുകാരണങ്ങൾ ഉണ്ട്.
1. ചോദ്യങ്ങൾ തയ്യാറാക്കുന്നവർ പലപ്പോഴും സമയച്ചെലവ് ശാസ്ത്രീയമായി കണക്കാക്കുന്നില്ല. ചോദ്യം വായിച്ച് മനസ്സിലാക്കാനും എഴുതാനും വേണ്ട ശരാശരി സമയം മിക്കപ്പോഴും ഉണ്ടാവാറില്ല.
2. കിട്ടുന്ന സമയം നന്നായി ഉപയോഗിക്കാൻ വേണ്ട ഒരു പരിശീലനവും ക്ലാസ്മുറിയിൽ ഇല്ല.’ നന്നായി അറിയുന്നത് ആദ്യം എഴുതണം’ എന്ന ഒരു പൊതു ഉപദേശം മാത്രമേ അധ്യാപികയുടെ വകയായുള്ളൂ.
പരീക്ഷാ ഹാളിൽ ലഭിക്കുന്ന ആദ്യ സമയം- കൂൾ-ഓഫ് സമയം 15 മിനുട്ട് ആണ്.ഈ 15 മിനുട്ട് നന്നായി പ്രയോജനപ്പെടുത്താനുള്ള കഴിവ് പ്രധാനപ്പെട്ടതാണ്. നിലവിൽ ഇതിന്റെ പ്രയോഗം ‘പരീക്ഷാവെപ്രാളം’ ഒഴിവാക്കാൻ എന്നതാണ്. എന്നാൽ ഇതെങ്ങനെയെന്ന കാര്യം കുട്ടിക്ക് ആരും പറഞ്ഞുകൊടുക്കുന്നില്ല.15 മിനുട്ട് കുട്ടിക്ക് കൊടുക്കുമ്പോൾ അതിനെ വിനിയോഗക്രമം കൂടി ക്ലാസിൽ ചർച്ച ചെയ്യേണ്ടതായിരുന്നു.എന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ.  കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ഇങ്ങനെയാണ്:
1. പരീക്ഷക്ക് സ്കൂളിലെത്തിയാൽ പിന്നെ പരീക്ഷാവിഷയത്തിൽത്തന്നെ ശ്രദ്ധിക്കണം. മറ്റു വർത്തമാനങ്ങൾ അരുത്. താരത‌മ്യങ്ങൾ വേണ്ട. (‘നീയ്യതു പഠിച്ചൊ; ഇതെന്താ; അതുനോക്കിയില്ലേ; ഞാനിതാ പഠിച്ചേ…തുടങ്ങിയവ. ) പാഠഭാഗങ്ങളും എഴുതാനുള്ള കാര്യങ്ങളും സംശയങ്ങൾ സ്വയം പരിഹരിക്കലും മാത്രം മതി മനസ്സിൽ.
2. ബെല്ലടിക്കുന്നതിന്ന് മുൻപോ തൊട്ടോ ക്ലാസിൽ കയറിയിരിക്കണം. എഴുത്തു സാമഗ്രികൾ എല്ലാം പരിശോധിച്ച് ഒരുക്കിവെക്കണം. ഒന്നും വേറൊരാളിൽനിന്ന് തൽക്കാലം വാങ്ങാം എന്ന ചിന്ത അരുത്.
3. കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ കയ്യിൽ കിട്ടും. അധ്യാപികയിൽ നിന്ന് എഴുന്നേറ്റു നിന്ന് വാങ്ങണം. (ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള കടലാസുകളും ഒക്കെ എഴുന്നേറ്റു നിന്ന് വാങ്ങുന്നത് സ്വയം ഒരായാസത്തിന്നും അധ്യാപികക്ക് ‘നല്ല കുട്ടി’ എന്ന തോന്നലുണ്ടാക്കാനും ഇടനൽകും. അതാവശ്യമാണ്.)
4. പരീക്ഷാ പേപ്പർ ലഭിക്കുന്നതിന്ന് മുൻപ് 1 മിനുട്ട് ചെറിയൊരു പ്രാർഥനയാവാം. മനസ്സ് ഏകാഗ്രവും ശാന്തവുമാകാൻ ഇതു വേണം. പ്രാർഥനയിൽ താൽ‌പ്പര്യമില്ലെങ്കിൽ സ്വയം ധ്യാനവും ആവാം 1 മിനുട്ട് മതി.
5. സാധാരണനിലയിൽ ചോദ്യപേപ്പർ 4 പേജ് കാണും. ആദ്യം മുതൽ വായിക്കണം. മനസ്സിലാക്കി വായിക്കണം. ചോദ്യപാഠങ്ങൾ 2 ഭാഗമായി മനസ്സിലാക്കണം. ഒന്നു-നിർദ്ദേശം. രണ്ട് -ഉള്ളടക്കം. നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികൾ ശ്രദ്ധിക്കാറില്ല. അതു കുഴപ്പം ചെയ്യും. നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതണം. ഉള്ളടക്കം പാഠപുസ്തകവുമായി ബന്ധപ്പെട്ടിരിക്കും. ഭാഷാവിഷയങ്ങളിൽ തികച്ചും പുതിയ ഉള്ളടക്കം ഉണ്ടാവും. വായിക്കാൻ ഒരു കഥ, കവിത . സംഭാഷണം, ബയോഡാറ്റ, അഭിപ്രായക്കുറിപ്പ്….എന്നിങ്ങനെ. ആദ്യവട്ട വായനക്ക് 7-8 മിനുട്ട് ഉപയോഗിക്കാം.
6. ഇനി 1 മിനുട്ട് സമയമെടുത്ത് നന്നായി എഴുതാനറിയാവുന്നവ പെൻസിൽകൊണ്ട് മാർക്ക് ചെയ്യണം. (പെൻസിൽ കൊണ്ടേ ആകാവൂ. അല്ലെങ്കിൽ ചോദ്യപേപ്പറിൽ എഴുതീ എന്നാവും. 15 മിനുട്ട് ഒന്നും എഴുതാൻ പാടില്ലെന്നാ നിയമം. ഇതിലെ അശാസ്ത്രീയത അധികാരികൾക്ക് ബോധ്യമായിട്ടില്ല. വായിക്കുമ്പൊൾ പെട്ടെന്ന് തോന്നുന്ന സംഗതികൾ പിന്നീട് മറന്നുപോകാതിരിക്കാൻ -ഒന്നു കുറിക്കാൻ-ഒരു സ്ക്രിബിളിങ്ങ് ഷീറ്റ് നൽകിയാൽ എത്ര നന്ന്? അവസാനം ഈ സ്ക്രിബിളിങ്ങ് ഷീറ്റുകൂടി വെച്ചു തുന്നിക്കെട്ടുകയുമാവാം.അതുകൊണ്ടൊന്നും ഒരു തകരാറും ഇല്ല.) ആദ്യമാദ്യം എഴുതാനുള്ള ഉത്തരങ്ങൾ ക്രമപ്പെടുത്തി വെക്കണം.
7. ഇനി 4-5 മിനുട്ട് സമയം ഉപയോഗിച്ച് മനസ്സിലാവാത്തവ ഒന്നു കൂടി നോക്കണം. നിർദ്ദേശങ്ങളും ഉള്ളടക്കവും. ആദ്യവായനയിൽ കിട്ടാതെപോയതൊക്കെ ഇതിൽ കിട്ടും. അക്ഷരത്തെറ്റുകൾ, ചോദ്യത്തെറ്റുകൾ എന്നിവ നോക്കണം. മിക്കപ്പൊഴും ഇതൊക്കെ കാണും. അതിൽ വല്ലാതെ ആലോചിച്ച് സമയം കളയരുത്. 
8. ഇത്രയും സമയം കൊണ്ട് ചോദ്യപേപ്പർ പരിചയപ്പെട്ടുകഴിഞ്ഞാൽ ഇനി എഴുത്താണ്. എഴുത്തിന്നു മുൻപും ഒരാവർത്തി ചോദ്യം ശ്രദ്ധിക്കണം. കൂടുതൽ തെളിമ ഉണ്ടാവാൻ ഇതു വേണം.
9. തുടർന്ന് 1 മിനുട്ട് സമയം എടുത്ത് ഉത്തരക്കടലാസിൽ മുൻ പേജിൽ പൂരിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണം. ആദ്യ ദിവസം ഒരൽ‌പ്പം സമയം എടുക്കുമെങ്കിലും തുടർന്ന് എളുപ്പം ചെയ്യാൻ കഴിയും. അധ്യാപികയുടെ സഹായം ഇതിന്നുണ്ടാവും. സംശയങ്ങൾ ചോദിക്കണം.
10. പരീക്ഷ തുടങ്ങുന്നതിന്ന് മുൻപ് കൂൾ ഓഫ് ടൈം ഉണ്ടെങ്കിലും പരീക്ഷയുടെ അവസാനം ഇതില്ല. അതുകൊണ്ട് അവസാന 5 മിനുട്ട് നാം സ്വയം ഇതിന്നായി നീക്കിവെക്കണം. എഴുതിയ ഉത്തരങ്ങളിലൂടെ ഒന്നോടാനും പേജ് നമ്പർ, ക്രമം എന്നിവ സൂക്ഷിക്കാനും ഈ സമയം വേണം. 5 മിനുട്ട് മുൻപേ ‘വാണിങ്ങ്ബെല്ല്’ ഉണ്ട്. സമയം കഴിഞ്ഞതായി അറിയിക്കുന്ന ‘ലോങ്ങ്ബെല്ല്’ വരെ നമുക്ക് പരീക്ഷാ സമയം ആണ്. പലപ്പോഴും അധ്യാപിക 5 മിനുട്ട് ബെല്ല് കേൾക്കുമ്പോൾ എഴുത്തു നിർത്താനും പേപ്പർ തുന്നിക്കെട്ടാനും ആവശ്യപ്പെടുന്ന അനുഭവം ഉണ്ട്. അതു ശരിയല്ല. ‘ലോങ്ങ് ബെല്ല്’ വരെയാണ് കുട്ടിക്ക് സമയം . അതിനു ശേഷം തുന്നിക്കെട്ടലും പേപ്പർ കൊടുക്കലും ഒക്കെ മതി. അതുവരെ തീർച്ചയായും എഴുതാം.എഴുതണം.
സമയക്രമീകരണം സാധിക്കാൻ കുട്ടിക്ക് കഴിഞ്ഞാൽ തീർച്ചയായും അതു നല്ല വിജയം നൽകും. അതുകൊണ്ടുതന്നെ ക്ലാസ്‌മുറികളിൽ ഇതിന്നയുള്ള പരിശീലനം നടക്കണം.  വിജയത്തിന്റെ വഴികളിലേക്ക് കുട്ടിയെ നയിക്കുന്നത് പ്രധാനമായും അധ്യാപികയാണല്ലോ.

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കുറിപ്പുകളിലേക്ക്: http://sujanika.blogspot.com


No comments: