23 March 2012

എല്ലാരേയും തൃപ്തിപ്പെടുത്തുന്ന പാഠപുസ്തകങ്ങള്‍ അസാധ്യമോ?


മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ' മതമേ, മതമേ പുസ്തകം കീറല്ലേ...' എന്ന ലേഖനം [ പ്രേമന്‍മാഷ്] വളരെ പ്രഗത്ഭമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിശകലനങ്ങളുടെയൊക്കെ ആധാരശില നിലവിലുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെടുന്നതാണ്`. ഉള്ളടക്കം എന്നാല്‍ (ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സവിശേഷമായി) ലിറ്ററേച്ചര്‍ മാത്രമല്ല. ഭാഷയുടേയും സാമൂഹ്യപാഠങ്ങളുടേയും ശാസ്ത്രവും രീതിയും ഉണ്ട്. വ്യാകരണം, സംസ്കാരം, വ്യവഹാരരൂപം, സമൂഹ്യപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണമെങ്കില്‍ ഇടപെടുന്നതിനും ഉള്ള അക്കാദമിക് രീതികള്‍ , ഇതെല്ലാം പഠിക്കാന്‍ കുട്ടികള്‍ ( അധ്യാപകരും) അനുവര്‍ത്തിക്കുന്ന രീതികള്‍... എന്നിവയെല്ലാം ചേരുന്നതാണ്` ഏതു പാഠത്തിന്റേയും - പാഠപുസ്തകത്തിന്റെയും ഉള്ളടക്കം. ഇതില്‍ മതം, സമുദായം, എന്നീ ഘടകങ്ങള്‍ ഇടപെടുന്നത് ലിറ്ററേച്ചറില്‍ മാത്രമാണ്`. വ്യാകരണം, ശാസ്ത്രരീതി, വ്യവഹാരരൂപങ്ങള്‍, പഠനരീതി എന്നിവയിലൊന്നും കാര്യമായ ഇടപെടലുകള്‍ നാളിതുവരെ ഉണ്ടായിട്ടില്ല.

അപ്പോള്‍ പ്രശ്നം ലിറ്ററേച്ചറിലാണ്`. ഇതാണ് 'പാഠം' എന്ന് ഉറപ്പിക്കുകയാണ്`. ഒരു കഥയുടെ / കവിതയുടെ / ഉപന്യാസത്തിന്റെ ഒരു ചെറിയ ഭാഗമാണ്` ഈ ലിറ്ററേച്ചര്‍ - പാഠം. പാഠം പഠിപ്പിക്കുക എന്നാല്‍ ഈ 'സാഹിത്യം' പഠിപ്പിക്കുക എന്നായിരിക്കുകയാണ്`. പാഠപുസ്തകം എന്നാല്‍ ഈ ' സാഹിത്യത്തിന്റെ സമാഹാരമായിരിക്കുകയാണ്`. ലേഖകന്‍ പോലും ഈ വഴിയിലാണ്` ആലോചിച്ചു പോയത് എന്നു തോന്നും. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരവും എളുപ്പമല്ലാതാവുന്നു. സര്‍വസമ്മതമായ ഒരു കഥ / കവിത / ഉപന്യാസം / നാടകം / ചരിത്ര കൃതി സാധ്യമല്ലല്ലോ.

അതുകൊണ്ട് നിലവിലുള്ള പാഠപുസ്തകങ്ങളുടെ രൂപപരവും ഉള്ളടക്കപരവുമായ സംവിധാനത്തിലെ അപാകതകള്‍ അന്വേഷിക്കണം. വിദ്യാഭ്യാസരംഗത്തു നടക്കുന്ന പരിഷ്കാരങ്ങള്‍ പാഠപുസ്തകം തൊട്ടു തുടങ്ങണം.
ഭാഷാപാഠപുസ്തകത്തിലെ ഒരു പാഠം എന്തായിരിക്കണം. ഭാഷാപഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും , ക്ളാസ്റൂം പ്രവര്‍ത്തനങ്ങളും , മൂല്യനിര്‍ണ്ണയവും ഒക്കെ ആധാരമാക്കിക്കൊണ്ടുതന്നെ (വേണ്ട മാറ്റങ്ങള്‍ വരുത്തിയും) പാഠങ്ങള്‍ തയ്യാറാക്കണം. അങ്ങനെ ഉണ്ടാക്കുന്ന പാഠം ഇന്നത്തെപ്പോലെ ഒരു കഥ / കവിത / ഉപന്യാസഭാഗം എന്നിവയിലൂന്നിയാവരുത്. പ്രവര്‍ത്തനങ്ങളിലൂന്നിയാവണം. പഠന രീതികളിലൂന്നി നിന്നാവണം. ഭാഷാ ശേഷികളിലൂന്നി നിന്നുകൊണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യാന്‍ സാഹിത്യകൃതികള്‍ ഉപയോഗിക്കേണ്ടിവരും. ആയത് സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ കുട്ടികളും അധ്യാപകരും കണ്ടെത്തുന്നതാവണം. ( ഇന്നിപ്പോള്‍ ഒരു ലൈബ്രറിയിലും പോകാത്ത , പാഠപുസ്തകമൊഴിച്ച് മറ്റൊരു പുസ്തകവും വായിക്കാത്ത കുട്ടിക്കും ഫുള്‍ എ+ കിട്ടുന്നുണ്ടല്ലോ. അതല്ലെ എല്ലാ ലൈബ്രറികളും എന്നും പൂട്ടിക്കിടക്കുന്നതു? ) ഒരു ദാഹരണത്തിന്ന് - താന്‍ ജീവിക്കുന്ന ചുറ്റുപാട്, പ്രകൃതി , മറ്റു ജീവജാലങ്ങള്‍ എന്നിവയുടെ സംരക്ഷണവും സാംസ്കാരികബോധവും വളരാന്‍, അത് നല്ല ഭാഷയില്‍ (ഭാഷാശേഷി ) പ്രകടിപ്പിക്കാന്‍ പാഠപുസ്തകത്തിലൊരു കഥ/ കവിത/ ഉപന്യാസഭാഗം തന്നെ ഉണ്ടാവണമെന്ന് ആരാ പറയുക? മലയാളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ലക്ഷക്കണക്കിന്ന് രചനകള്‍ കേരളത്തിലങ്ങഓളമിങ്ങോളം ലഭ്യമാണല്ലോ. അതില്‍ നിന്ന് ചിലതെടുത്ത് വായിക്കാനും പഠിക്കാനും ചര്‍ച്ച ചെയ്യാനും സെമിനാറില്‍ അവതരിപ്പിക്കാനും നോട്ടിസ് തയ്യാറാക്കാനും, ആസ്വാദനക്കുറിപ്പെഴുതാനും ഒക്കെ കഴിയുന്ന രീതിയില്‍ അധ്യാപകരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങളും സത്യസന്ധമായ സഹായങ്ങളുമാവണം പാഠപുസ്തകം. ഭാഷ, ചരിത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള പാഠപുസ്തകങ്ങളെങ്കിലും ഇങ്ങനെയാവണം.

ഇതിന്റെ സാധ്യതകള്‍ വളരെ വലുതാണ്`. കുട്ടിയുടേയും അധ്യാപകന്റേയും സര്‍ഗാത്മകതയും നിര്‍വഹണശേഷിയും എത്രയോ വളരും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ജ്ഞാനസ്രോതസ്സുകള്‍ അന്വേഷിക്കപ്പെടും; ഉപയോഗിക്കപ്പെടും. ലൈബ്രറികള്‍ പ്രവര്‍ത്തിപ്പിക്കാതെ കഴിയാനാവില്ലെന്നാകും. കുട്ടികളുടെ പഠനരീതികളില്‍ വളരെ വലിയ മാറ്റം ഉണ്ടാവും. ഓരോ ക്ളാസും സത്യത്തില്‍ അറിവുല്പ്പാദിപ്പിക്കുന്ന ഇടങ്ങളായിത്തീരും. അന്വേഷണത്തിലെ ജനാധിപത്യവും സര്‍ഗശേഷിയും നൂറിരട്ടി വികസിക്കും. അധ്യാപകന്റെ തൊഴില്പരമായ ഉത്തരവാദിത്തം അര്‍ഥപൂര്‍ണ്ണമാകും. പാഠം പഠിക്കുന്ന / പഠിപ്പിക്കുന്ന തത്തമ്മേ പൂച്ച പൂച്ച സ്കൂളില്‍ നിന്ന് പടികടക്കും. മൂല്യനിര്‍ണ്ണയം ശക്തിപ്പെടും.

പരാതികള്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാവും. ചില എഴുത്തുകാരെ മാത്രം എടുത്തു; മഹാന്‍മാരായ ചിലരെ ഒഴിവാക്കി എന്ന ആക്ഷേപം ഇല്ലാതാവുമെന്നു മാത്രമല്ല , മലായളത്തിലെ എല്ലാ എഴുത്തുകാരും പരിഗണിക്കപ്പെടും. പുതിയവായനകള്‍ നടക്കും. സംവാദാത്മകമായ ക്ളാസുമുറികള്‍ എങ്ങും കാണാറാകും. ഭാഷയും സാമൂഹ്യശാസ്ത്രവും ചരിത്രവും എല്ലാം കുട്ടിയില്‍ സര്‍ഗാത്‌‌മകവും അര്‍ഥപൂര്‍ണ്ണവുമായി പ്രവേശിക്കും. ഭാഷയും ശാസ്ത്രവും ചരിത്രവും പഠിക്കേണ്ടകുട്ടി ഇന്നത്തെ പാഠപുസ്തകങ്ങളുടെ കെട്ടുകുറ്റിയില്‍ തളക്കപ്പെടേണ്ടതില്ല. കുട്ടിയുടെ ക്ളാസിനും പ്രായത്തിനും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുക്കും അനുസരിച്ചുള്ള ചുറ്റുപാടില്‍ നിന്ന് പഠിച്ച് പരിമിതികളെ മനസ്സിലാക്കാനും മറികടക്കാനും കെല്പ്പുള്ളവരായിത്തീരും.

2 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

രാമായണം, മഹാഭാരതം,മനുസ്മൃതി, ഖുർ‌ആൻ, ബൈബിൾ തുടങ്ങിയ മതഗ്രന്ഥങ്ങൾ മാത്രം പാഠപുസ്തകളാക്കി പഠിപ്പിക്കുന്നതിനെപ്പറ്റി ആലോചുക്കുന്നതായിരിക്കും ഇന്നത്തെ നിലയിൽ പ്രായോഗികം. ഓരോ പാഠപുസ്തകവും തയ്യാറാക്കിയശേഷം മതമേലധികാരികളെ കാണിച്ച് നോ ഒബ്ജക്ഷൻ സർട്ട്ഫിക്കറ്റ് വാങ്ങി പുസ്തകം അച്ചടിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഭൂമി ഉരുണ്ടതാണെന്ന് പണ്ടേ തെളിഞ്ഞതു നന്നായി. ഇന്നായിരുന്നെങ്കിൽ അത് പഠിപ്പിക്കാൻ കഴിയുമായിരുന്നില്ല. മതമില്ല്ലാത്ത ജീവൻ എന്നൊരു പാഠഭാഗം സർക്കാരിനെക്കൊണ്ട് വലിച്ചുകീറിച്ച മതങ്ങളുടെ നാടാണിത്. മതമില്ലെന്ന് നമ്മുടെ നാട്ടിൽ ഒരാൾക്ക് പറഞ്ഞുകൂടത്രെ!