17 August 2020

school notes 10

 

അദ്ധ്യാപന നൈപുണികൾ


ജ്ഞാനനിർമ്മിതിയിൽ അധിഷ്ഠിതമായ ക്ളാസ് മുറിയിൽ കടങ്കഥകൾ കൊണ്ട് എന്ത് പ്രയോജനം എന്ന് ആലോചിക്കാവുന്നതാണ്. ഡിപി ഇ പി യുടെ തുടക്കത്തിൽ കടങ്കഥക്കും പഴഞ്ചൊല്ലിനും ഭാഷാക്ളാസുകളിൽ വലിയ പ്രയോഗങ്ങളുണ്ടായിരുന്നല്ലോ. ഇപ്പോൾ തീരെ കുറഞ്ഞിട്ടുണ്ട്.

ഭാഷാവികാസത്തിന്റെ ചരിത്രപഠനത്തിലും ഭാഷാപ്രയോഗങ്ങളുടെ വിചിത്രസാധ്യതകളിലും സാമ്സ്കാരിക പഠനത്തിലും കടങ്കഥകൾക്ക് ചിലത് ചെയ്യാനുണ്ട്. പതിപ്പ് നിർമ്മാണമൊക്കെ അതിന്റെഭാഗമായി വരും. എന്നാൽ ക്ളാസ് മുറിയിൽ കടങ്കഥ പയറ്റാണ് ആകർഷകമായി കുട്ടിക്കും ടീച്ചർക്കും തോന്നാറുള്ളത്.

കടങ്കഥപയറ്റിൽ ജ്ഞാനനിർമ്മിതിയുടെ ഒരു പ്രയോഗ സാധ്യതയുമില്ല. വെറും മനപ്പാഠമാണല്ലോ കടങ്കഥയിൽ ഉള്ളത്. നേരത്തെ കേട്ട് ഓർത്തുവെക്കുന്നത് മാത്രം ജയസാധ്യത നൽകും. കടങ്കഥയുടെ അടിസ്ഥാനപ്രശ്നം / മികവ് അതൊരു ഗൂഢഭാഷയാണ്. വ്യക്തിപരമായ യുക്തിയിൽ നിലനിൽക്കുന്നതാണ്. ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്നയാളിൽ [ നേരത്തേ കേട്ടത് ഓർമ്മയില്ലെങ്കിലോ, ആദ്യമായി കേൾക്കുമ്പൊഴോ ] സ്ഥിതിചെയ്യുന്നു. ചോദ്യവും ഉത്തരവും ശരി / തെറ്റ് തീരുമാനവും എല്ലാം ചോദിക്കുന്നയാളിൽ ഒതുങ്ങുന്നു. ഉത്തരം പറയുന്നയാൾക്ക് ഒന്നും ചെയ്യാനില്ല, ഓർമ്മിക്കുകയെന്നതൊഴികെ.

അധികം ചോദ്യം ചോദിക്കുന്നയാൾക്കാണ് ജയം. ഉത്തരം പറഞ്ഞ് ജയിക്കൽ എളുപ്പമല്ല. ഉത്തരം പറഞ്ഞാലും ജയം നിശ്ചയിക്കുന്നത് ചോദ്യം ചോദിച്ചയാളാണ്. പൊതുവെ ക്ളാസിൽ അധികം പേരും തോൽക്കുകയാണ്ചെയ്യുക. ക്ളാസ് റൂം പ്രവർത്തനങ്ങളുടെ ലക്ഷ്യം എല്ലാവരേയും ജയിക്കാൻ പ്രാപ്തരാക്കുകയാണുതാനും. ഈ വൈരുദ്ധ്യം കടങ്കഥ പയറ്റിലില്ലേ?

പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അത് പ്രക്രിയാപരമായി നിർവഹിക്കുന്നതിലും അദ്ധ്യാപികക്ക് ആഴമേറിയ നൈപുണി ഉണ്ടാവണം.


[ പ ലി: കഥപറയുന്നത് മനുഷ്യജീവിതത്തെ വിജയിപ്പിക്കാനാണ് , മുന്നേറാനാണ്. ]

No comments: