20 August 2020

school notes 13

 

അദ്ധ്യാപന നൈപുണികൾ 13

[വിജ്ഞാനവും ചിന്തയും ]


കുട്ടിയുടെ ഭാഷാവികാസം വൈജ്ഞാനികവികാസവുമായും ചിന്താശേഷിയുടെ വളർച്ചയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഊഹിക്കുക, ഭാവനയിൽ കാണുക, പ്രവചിക്കുക, വിവരിക്കുക,വർണ്ണിക്കുക എന്നിങ്ങനെ പഠിതാവിന്റെ ചിന്താശേഷി ചടുലമായും സർഗാത്മകമായും ഉപയോഗപ്പെടുത്തുന്നതിന്ന് അവസരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണം. [ 303/ പി ഡി എഫ്. പേജ്: 22 ]നാമിതിനെ കാണേണ്ടത് കുട്ടിക്കുള്ള നൈപുണികൾ എന്നനിലയിൽ ചുരുക്കിയല്ല, അദ്ധ്യാപികക്കും എപ്പോഴും കൈവശം വേണ്ടതും സ്ഥിരമായി നവീകരിക്കേണ്ടതുമായവ എന്ന നിലയിലാണ്.

വിജ്ഞാനം ചിന്തയുടെ ഫലവും ചിന്ത വിജ്ഞാനത്തിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിന്റെ പാരസ്പര്യം. ചിന്തയില്ലാതെ അറിവില്ല [ വിവരം / ഡാറ്റ അല്ല ] . അറിവില്ലാതെ ചിന്ത സാധ്യമല്ല. ചിന്താപ്രക്രിയകളാണ് ഊഹിക്കുക, ഭാവനയിൽ കാണുക ... തുടങ്ങിയവ. ഫലം പുതിയ ജ്ഞാനമാണ്. ഈ ജ്ഞാനം പുതിയ ചിന്തകളിലേക്ക് ചടുലമായി പ്രവേശിക്കുന്നു. ഇത് സാധ്യമാക്കലാണ് പഠനം.

അക്കാദമികമായി ഈ പ്രക്രിയകൾ നമുക്കും ബാധകമാണ്. പഠിച്ചു കഴിഞ്ഞല്ല പഠിപ്പിക്കൽ. പഠിപ്പ് കഴിഞ്ഞല്ല പയറ്റ്. പഠിപ്പും പയറ്റും സമകാലത്തിലാണ്. [സഹപഠിതാവെന്ന സങ്കൽപ്പം ]

ക്ളാസിൽ നൽകുന്ന പ്രവർത്തനക്കൂട്ടങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യുന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് കാണിക്കുന്നു. ആക്ടിവിറ്റികളുടെ സ്വഭാവത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഇത് കാണാം. തുടർച്ചയാണ് ആക്ടിവിറ്റികളുടെ പ്രധാന സ്വഭാവം. തുടർച്ച നിശ്ചയിക്കുന്നത് പാഠ / യൂണിറ്റ് ഉള്ളടക്ക ഭാഗവും. അറിവിനെ കേന്ദ്രീകരിച്ചുമാത്രമാണിത്. പരീക്ഷാകേന്ദ്രിതമായി മനസ്സിലാക്കരുത്. അറിവ് ഏതു പരീക്ഷയിലും വിജയം സ്വാഭാവികമാക്കും. മറിച്ചാണെങ്കിൽ പരീക്ഷ കഴിയുന്നതോടെ ജ്ഞാനം ഭാരമായി വരും. ഭാരം ഒഴിവാക്കലാണല്ലോ മനുഷ്യ സ്വഭാവം.


[ .ലി : പാഠപുസ്തകം കുട്ടിക്ക് മാത്രമല്ല, നമുക്കുകൂടിയാണ്. പഠിക്കാൻ !! ]

2 comments: