17 August 2020

school notes 09

 

അദ്ധ്യാപന നൈപുണികൾ


പൊതുബോധങ്ങളിൽ നിന്ന് ശരിബോധങ്ങളിലെത്താൻ കഴിയുക എന്നത് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. യുക്തിയുക്തമായി ആലോചിക്കാനും ശരികളിലേക്ക് നീങ്ങാനുമുള്ള കഴിവ്. ആത്യന്തിക ശരികളില്ല. ശരിയോടടുക്കുന്ന ശരികളേ ഉള്ളൂ.


പൊതുബോധങ്ങൾ പലപ്പോഴും സമകാലികത പരിഗണിക്കുന്നില്ല. പഴഞ്ചൊല്ലുകളുടെ നിലയിലാണവ. പഴയ ഒരു ശരിയാവാം. പഴയ ശരികൾ സമകാലികമായി ശരിയാവണമെന്നില്ല. ഇന്നത്തെ ശരി നാളത്തെയും ശരിയല്ല. കാലാതീത ശരികൾ വളരെ കുറവാണ്.


ഗ്രാമങ്ങളെ /നാട്ടിൻപുറങ്ങളെ ആദർശവത്ക്കരിക്കുന്നത് കേൾക്കാറില്ലേ?നാമും ചെയ്യാറില്ലേ? നഗരങ്ങൾ നാട്യപ്രധാനമാണ് നാട്ടിൻപുറം നമകളാൽ നിറഞ്ഞതാണ് എന്നൊക്കെ? കേരളത്തിൽ നഗരഗ്രാമ വ്യത്യാസം തീരെ ഇല്ല. ' ഗ്രാഗര ' ങ്ങളാണ്. നഗര ഗ്രാമ വ്യത്യാസം അത്രക്ക് ഫീൽ ചെയ്യില്ല. എന്നാലും ഉണ്ട്.കേരളം വിട്ടാൽ ഇതല്ല സ്ഥിതി.


നാട്ടിൻപുറം / ഗ്രാമം മനോഹരമാണെന്ന് തോന്നുന്നത് നഗരത്തിൽ കഴിയുന്നവർക്കാണ്. അതൊരുതോന്നൽ മാത്രമാണ്. നഗരം വിട്ടവർ പോരില്ല. ഗ്രാമത്തിലുള്ളവർക്ക് ഗ്രാമം മനോഹരമാണെന്ന് തോന്നില്ല. നല്ല റോഡുകൾ, വാഹനസൗകര്യം, വിദ്യാഭ്യാസസ്ഥാപനം, തൊഴിൽശാലകൾ, അവകാശബോധം, ആഘോഷങ്ങൾ , കലാപരിപാടികൾ , ശുചിത്വം, ആരോഗ്യസംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി മികച്ചതൊക്കെ നഗരസ്ഥിതമാണ്. ഗ്രാമങ്ങൾ പൊതുവെ ദാരിദ്രസങ്കേതമാണ്. പാരമ്പര്യത്തൊഴിലുകൾ, പാരമ്പര്യ ഡിസൈനിലുള്ള വീടുകൾ, പാരമ്പര്യഭക്ഷണം, ശുഷ്കമായ ആഘോഷങ്ങൾ , പഴയ ചെറിയ കടകൾ, പഴയ വഴികൾ , പാരമ്പര്യ കുടുംബരീതികൾ , ഇനിയും നവീകരിക്കേണ്ട വിദ്യാഭ്യാസ സംവിധാനങ്ങൾ, നിരക്ഷരത , ചൂഷണം ,പലതരത്തിലുള്ള അടിമത്തം എന്നിവയാണ് ഗ്രാമങ്ങളിൽ പൊതുവെ. മലിനീകരണം ഗ്രാമങ്ങളിൽ ഇല്ല , നഗരമലിനീകരണം പരിഹരിക്കാനാവുന്നതും ആണ്.


ഗ്രാമങ്ങൾ ആകർഷകങ്ങളാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം ഗ്രാമീണരെ ഗ്രാമങ്ങളിൽത്തന്നെ നിലനിർത്താൻ കാരണമാകുന്നു എന്നാണ്. എന്നാൽ ഗ്രാമത്തിന്റെസൗന്ദര്യം പ്രചരിപ്പിക്കുന്നവർ ഇടക്ക് വിനോദയാത്രക്ക് ഗ്രാമങ്ങളിലെത്തുന്നു എന്നുമാത്രമാണ്. ഗ്രാമീണൻ നാഗരികനാവുമ്പോഴണ് പരിഷ്കൃതമായ ജീവിതം കയ്യാളന്നത്. വികസനത്തിന്റെ ആസൂത്രകനും ഗുണഭോക്താവുമാകുന്നത്.


[ .ലി.: ഗ്രാഗരം - ഡോ എം പി പരമേശ്വരൻ കോയിൻ ചെയ്ത പദം ]

No comments: