16 August 2020

school notes 08

 

അദ്ധ്യാപന നൈപുണികൾ


    കൃത്യമായും വ്യക്തമായുമുള്ള ഉത്തരങ്ങളിലേക്കെത്തിക്കലല്ല അദ്ധ്യാപനം. കൃത്യമായ അവ്യക്തകളിലേക്ക് ആനയിക്കലാണ്. ഉത്തരങ്ങളേയല്ല കണ്ടെത്താൻ ശീലിപ്പിക്കേണ്ടത്. ഉത്തരങ്ങൾ താൽക്കാലികം മാത്രമാണ്. പിന്നീടത് മാറാം. ഗണിതം പോലുള്ള വിഷയങ്ങളിൽപ്പോലും മാറാം . സാഹിത്യ , മാനവിക ശാസ്ത്രങ്ങളുടെ കാര്യം പറയുകയേ വേണ്ട.

    അതുകൊണ്ടുതന്നെ അദ്ധ്യാപിക പരിശ്രമിക്കേണ്ടത് കുട്ടിയെ ചിന്തയിലേക്ക് നയിക്കാനാണ്. തുറന്ന [ open ended ] ഉത്തരങ്ങളിൽ പ്രവർത്തിക്കാനാണ്.വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്താനാണ്. ജനാധിപത്യം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.കുട്ടിയുടെ ജ്ഞാനശേഖരവും സർഗാത്മകതയും വിലമതിക്കപ്പെടുന്നതും ഇവിടെയാണ്.

    കൃത്യമായ, വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണം. വ്യവസ്ഥപ്പെടുത്തിയ [ systematic ] ക്ളാസ്‌‌മുറിയിൽ ചോദ്യങ്ങൾ ഇല്ല. സംശയങ്ങളില്ല. അവ്യവസ്ഥയും അവ്യക്തതയും അതോടെ ഉണ്ടാവുന്ന അൽപ്പം അരാജകത്വവുമുള്ള ക്ളാസ്‌‌മുറിയിലാകട്ടെ ധാരാളം ചോദ്യങ്ങൾ ഉണ്ടാവും. ക്ളാസ്‌‌മുറിയെ അവ്യവസ്ഥപ്പെടുത്താൻ അദ്ധ്യാപികക്ക് കഴിയണം. നൈപുണിയാണത് , അതോടെ കുട്ടിയുടെ അറിവും സർഗാത്മകതയും സ്വതന്ത്ര ചിന്തയും പ്രവർത്തിക്കും . ചോദ്യങ്ങൾ ഉയരും. നല്ല ക്ളാസിന്റെ ലക്ഷണം എത്ര ഉത്തരം കിട്ടി എന്നാവരുത് . പകരം എത്ര ചോദ്യം കുട്ടി ചോദിച്ചു എന്നാവണം .


[. ലി: ചോദ്യം ചോദിക്കാൻ അദ്ധ്യാപികയും ഉത്തരം പറയാൻ കുട്ടിയും എന്ന കളി മാറ്റിക്കളിക്കണം. ]

No comments: