അദ്ധ്യാപന നൈപുണികൾ
അദ്ധ്യാപന നൈപുണികളെകുറിച്ചുള്ള ഈ കുറിപ്പിൽ തൊഴിൽപരമായ ഒരു മികവ് എന്ന നിലയിൽ ക്ളാസിലെ എല്ലാ കുട്ടികളുടേയും സമഗ്രവികസനം ഉറപ്പാക്കാനും മാത്രമല്ല അവരുടെ മികവുകൾ പ്രദർശിപ്പിക്കാനും അവസരം കൊടുക്കാനുമുള്ള അദ്ധ്യാപക വൈദഗ്ദ്ധ്യത്തെക്കുറിച്ച് ആലോചിക്കുന്നു.
എല്ലാ കുട്ടികളുടെയും - എന്ന് പറയുന്നത് പ്രധാനമാണ്. ഓരോ കുട്ടിയും ഓരോ കുട്ടിയാണ്. ബുദ്ധി [ ബഹുമുഖബുദ്ധി എന്നർഥത്തിൽ ] , സാമൂഹ്യസാംസ്കാരികസാമ്പത്തിക നിലകൾ, പഠനവേഗത, പഠനരീതികൾ , ഭിന്നശേഷിക്കാർ തുടങ്ങി നാനാതരത്തിൽ വ്യത്യസ്തത നിലനിർത്തുന്നവരാണ് ഓരോ കുട്ടിയും. ഒരു ക്ളാസിൽ ഒരു സമയത്ത് ഇരിക്കുന്നു ഒരു അദ്ധ്യാപികയുടെ മുന്നിൽ ഇരിക്കുന്നു എന്നു മാത്രമാണ് സമാനത. 40-45 കുട്ടിയും ഒരദ്ധ്യാപികയും ആണല്ലോ ക്ളാസ് .
40-45 കുട്ടികൾ എന്നത് വലിയൊരു പ്രതിബന്ധമാണ്. 20 ആണ് യുക്തിസഹം. ഒന്നിലധികം അദ്ധ്യാപകർ പങ്കെടുക്കുന്ന പാനൽക്ളാസുകൾ, സാങ്കേതികവിദ്യാസഹായം എന്നിവ സാധ്യമാക്കാൻ നോക്കണം.
ഒരു കണ്ടന്റ് വിനിമയം ചെയ്യാൻ ഒരാക്ടിവിറ്റി എന്നതിനു പകരം ഒരു പാക്കേജ് രൂപത്തിൽ ഒന്നിലധികം ആക്ടിവിറ്റികളുടെ സാധ്യത ആലോചിക്കണം. തനിക്ക് താല്പ്പര്യമുള്ള ആക്ടിവിറ്റി തെരഞ്ഞെടുക്കാൻ [ബഹുമുഖബുദ്ധി അംഗീകരിക്കൽ ] കുട്ടിക്ക് സാധ്യമാകണം. അതെല്ലാം ശരിയായി സൂചകങ്ങൾ വെച്ച് വിലയിരുത്തപ്പെടണം.
ഒരു കഥാസ്വാദനം കുറിപ്പ് - എന്ന ഒറ്റ ആക്ടിവിറ്റി പോര. കഥ ശരിയായി ആഴത്തിൽ ആസ്വദിക്കുന്നു എന്നുറപ്പാക്കാൻ ആസ്വാദനക്കുറിപ്പ് , ഉപന്യാസം എന്ന ഒരാക്ടിവിറ്റിക്ക് പകരം 1) കഥ വായിക്കൽ 2) കഥ കേൾക്കൽ 3) കഥ പുനാവിഷ്ക്കരിക്കൽ 4) തിരക്കഥാരചന 5)വ്യവഹാരം മാറ്റൽ 6) സ്കിറ്റ് തയാറാക്കൽ 7) നാടകീകരണം 8) സ്ളൈഡുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കൽ 9)മനോചിത്രണം 10) കഥാചിത്രീകരണം 11) ബ്ളോഗിങ്ങ് 12) വീഡിയോ റക്കോഡിങ്ങ് & ഷെയറിങ്ങ് തുടങ്ങി നിരവധി ആക്ടിവിറ്റികൾ ഗ്രൂപ്പുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കണം. ശ്രദ്ധാപൂർവം ഗ്രൂപ്പുകൾ ഉണ്ടാക്കൽ അവയ്ക്ക് ചാക്രികരീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള സന്നദ്ധത രൂപപ്പെടുത്തൽ എന്നിവ തുടർച്ചയായി ഉണ്ടാവണം. ഗ്രൂപ്പുകൾ സക്രിയമാകാനുള്ള ഇടപെടലുകൾ വേണം. ഓരോ ആക്ടിവിറ്റിയും ഓരോ ചെറുഗ്രൂപ്പ് ഏറ്റെടുത്താൽ ഒന്നോ രണ്ടോ പീരിയേഡ് കൊണ്ട് എല്ലാം അവതരിപ്പിക്കാനും വിലയിരുത്താനും കഴിയും.ഒരു ടേം കണക്കാക്കി പ്ളാൻ ചെയ്താൽ എല്ലാ കുട്ടിക്കും വികാസവും ഉറപ്പാക്കാം.
പ ലി : കുട്ടിയുടെ ശീലങ്ങളിലല്ല, അദ്ധ്യാപകരുടെ ശീലങ്ങളിലാണ് ആദ്യം മാറ്റം വേണ്ടത്.
No comments:
Post a Comment