അദ്ധ്യാപന നൈപുണികൾ
കുട്ടി അറിവ് നിർമ്മിക്കുകയാണ്. അദ്ധ്യാപിക അറിവ് നിർമ്മാണപ്രക്രിയയിൽ പൂർണ്ണ സഹായിയും സഹപഠിതാവുമാണ്. നിർമ്മിക്കപ്പെടുന്ന അറിവുകൾ കുട്ടികൾക്ക് മാത്രമല്ല വലിയൊരളവോളം അദ്ധ്യാപികക്കും ലഭിക്കുന്നു. ക്ളാസിൽ പങ്കുവെക്കപ്പെടുന്നതോടെ എല്ലാവർക്കും കിട്ടുന്നു.
അറിവ് , അറിവായി നിലനിൽക്കുന്നില്ല. ചിന്തയായും പ്രവൃത്തിയായും പരിണമിക്കുന്നു. കേവലമായ അറിവ് ഇല്ല. അറിവ് , അറിവായി കുട്ടിക്കും / അദ്ധ്യാപികക്കും പുറത്തല്ല, അകത്താണ്. ചിന്തക്കും പ്രവൃത്തിക്കും പുറത്ത് നിന്ന് സഹായിക്കുന്ന വിശുദ്ധസാന്നിദ്ധ്യമല്ല, ചിന്തയും പ്രവൃത്തിയുമായി മാറുന്നതും പുതിയ അറിവുകളിലേക്ക് കടന്നുചെല്ലുന്നതുമാണ്. നിത്യമായി പരിണാമിക്കുന്നതാണ്.
ഈ നിർവഹണപ്രക്രിയ ഇല്ലാത്ത അറിവ് അറിവല്ല. വെറും ഡാറ്റ. അറിവ് ചിന്തയിലും പ്രവൃത്തിയിലും നിറയണം. പഠനത്തിന്റെ പ്രധാന ലക്ഷ്യം ഇതാണ്. അതിലേക്ക് നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ട ഒരു അദ്ധ്യാപന നൈപുണിയാണ്. ജനാധിപത്യത്തെ , ശാസ്ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളെ , ഗണിതപ്രക്രിയകളെ, ചരിത്രവികാസരൂപങ്ങളെ, ഭാഷയുടെ ഘടകങ്ങളെ,ഭാഷയുടെ സാധ്യതകളെ, സാമ്പത്തിക പ്രക്രിയകളെ , പൗരബോധത്തെ - കുറിച്ചൊക്കെ ശരിയായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിക്കും ടീച്ചർക്കും ചിന്തയിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കും.
പഠിപ്പിക്കുന്നത് പരീക്ഷക്ക് വേണ്ടിമാത്രമാവുന്നതുകൊണ്ട് ഈപരിണാമം അറിവ് -> ചിന്ത+ പ്രവൃത്തി ] കുട്ടിയിലും അദ്ധ്യാപികയിലും സംഭവിക്കുന്നില്ല എന്ന് നമ്മുടെ ക്ളാസ്‌മുറിയിൽ കാണാം. നാളത്തെ പൗരനെ രൂപപ്പെടുത്തലാണെങ്കിൽ പരീക്ഷ നിരവധി ലക്ഷ്യങ്ങളിൽ ഒന്നു മാത്രമേ ആവൂ. അപ്രധാനമായഒന്ന്.
[ പ.ലി: പഠിപ്പിച്ചാൽ കുട്ടി മാത്രമല്ല വികസിക്കുന്നത് അദ്ധ്യാപകരും കൂടിയാണ്. തോൽക്കുന്നത് മാഷാണ് ]
No comments:
Post a Comment