അദ്ധ്യാപന നൈപുണികൾ
നിലവിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള മനശ്ശാസ്ത്രപരവും ദാർശനികവുമായ കാഴ്ചപ്പാടുകളിൽ ഊന്നിനിന്നുകൊണ്ട് പ്രായോഗിക അനുഭവങ്ങളിലൂടെ കടന്നുപോയി നൂതനവും ഗവേഷണാത്മകവുമായ സ്വതന്ത്രമായ അദ്ധ്യാപന ശൈലി വികസിപ്പിക്കാനുള്ള കഴിവ് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. അദ്ധ്യാപികയുടെ തനിമയുടെ മുദ്ര ഇങ്ങനെയാണ് പ്രത്യക്ഷമാകുക.
നാളിതുവരെ രൂപപ്പെട്ടുവന്ന മനശ്ശാസ്ത്ര സിദ്ധാന്തങ്ങളും വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ളദർശനങ്ങളും ഒക്കെ ഇരിക്കെ , ക്ളാസിൽ അദ്ധ്യാപികക്ക് അനുഭവം ഇതിലേതെങ്കിലും ഒരു സിദ്ധാന്തം മാത്രമായി പ്രയോഗവത്ക്കരിക്കുന്നത് മതിയാവുന്നില്ല എന്നാണ്. പരക്കെ അംഗീകരിക്കപ്പെട്ട ഒന്ന് പഠനത്തിന്റെ അടിസ്ഥാനം motivation തന്നെയാണ്. അദ്ധ്യാപികക്ക് എത്രത്തോളം motivate ചെയ്യാനാവുന്നു എന്നാണ് പ്രധാനം. നിലവിലുള്ള ഒരു പരാധീനത പ്രയോഗപദ്ധതികളൊക്കെ ക്ളാസ്‌മുറിക്കകത്തും മാനസികപ്രക്രിയകളിൽ ഊന്നിയുമായുള്ളതാണ് എന്നാണ്.
കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ്. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.
ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .
[ പ.ലി: അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്. ]
No comments:
Post a Comment