20 August 2020

school notes 14

 

അദ്ധ്യാപനനൈപുണികൾ

[ പഠിക്കാൻ പഠിപ്പിക്കൽ നൈപുണി ]

ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേപോലെയല്ല. ഒരേ ലക്ഷ്യമല്ല. ഒരേ പ്രയോഗവുമല്ല. ആയിരിക്കരുത്. തുടക്കം പഠിപ്പിക്കലാണ്. അത് ക്ളാസ് അവസാനിക്കുന്നതോടെ പഠിക്കാൻ പഠിപ്പിക്കലായി മാറണം. ഈയൊരു പ്രയോഗപരിവർത്തന നൈപുണി അദ്ധ്യാപികക്ക് ഉണ്ടാവണം.

സ്കൂളിങ്ങിന്റെ സുപ്രധാനമായ ലക്ഷ്യം ' പഠിക്കാൻ പഠിപ്പിക്കലാണ്' ' . വിവരം / അറിവ് കൊടുക്കലല്ല, അറിവ് നേടാൻ / നിർമ്മിക്കാൻ പഠിപ്പിക്കലാണ്. വിപുലമായ സ്കൂൾ സംവിധാനം മിക്കവാറും ഇതിനു പാകത്തിലാണ് . പ്രക്രിയാബന്ധിതമാക്കുന്നത് അതിനാലാണ്. അറിവ് കൊടുക്കാൻ ഇത്രയും പ്രക്രിയകൾ ആവശ്യമില്ല. ശ്രവണം, കാഴ്ച, വായന , എഴുത്ത് എന്നിവ മതിയാവും. നമ്മുടെ ക്ളാസ്‌‌മുറികൾ ഇപ്പൊഴും എഴുത്തിൽ ഊന്നുന്നതാണ്. വായനപോലും പിന്നെ [ പരീക്ഷക്ക് മുന്പ് ] മതി ! ലാബ്, ലൈബ്രറി , കളിസ്ഥലം, ചുറ്റുപാടുകൾ, ദിനാചരണങ്ങൾ , യാത്രകൾ, ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ , സാങ്കേതികവിദ്യാസഹായം തുടങ്ങിയവ മിക്കപ്പോഴും പ്രയോജനപ്പെടുത്തേണ്ടി വരാതിരിക്കുന്നത് , നമ്മുടെ ശ്രദ്ധ അറിവ് കൊടുക്കുന്നതിൽ ഒതുങ്ങുന്നു എന്നതുകൊണ്ടാണോ? ഐ ടി /ലാബ് /ലൈബ്രറി ഇല്ലങ്കിലും സാരമില്ല, പഠിപ്പിക്കാം എന്നു അദ്ധ്യാപികക്ക് തോന്നുന്നത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അബദ്ധബോധമാണോ?

പഠിക്കാൻ പഠിച്ചല്ല , മറിച്ച് പഠിച്ച് പാസായാണ് നമ്മുടെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും അവരുടെകാലത്തെ സ്കൂളിങ്ങ് കടന്നുപോന്നത് എന്നത് വലിയൊരു കടമ്പയാണ്. അതുകൊണ്ടുതന്നെ പഠിച്ചത് പാടാനേ ആവുന്നുള്ളൂ. അതിനെ ബോധപൂർവം മറികടക്കാനുള്ള നിപുണതയാണ് ആദ്യം വേണ്ടത്. ഇൻസർവീസ് കോഴ്സുകളും പലവിധ ട്രൈനിങ്ങുകളും സ്വന്തം അന്വേഷണങ്ങളും പഠനങ്ങളും പരിചയവും കൊണ്ട് സാധിച്ചെടുക്കേണ്ടതാണത്.

[ . ലി : എത്ര പഠിപ്പിച്ചാലും / പറഞ്ഞുകൊടുത്താലും കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണല്ലോ ഇപ്പൊഴും ആദ്യ പരാതി ! ]

No comments: