15 August 2020

school notes 07

 

നൈപുണീവികസനം


    നൈപുണി [ skill ] വികസനം ജ്ഞാനാർജ്ജനത്തിൽ പ്രധാനമാണ്. ജ്ഞാനാർജ്ജനത്തിനുള്ള നൈപുണികൾ വികസിച്ചേ മതിയാവൂ, അറിവുൽപ്പാദിപ്പിക്കാൻ അക്കജ്ഞാനം, അക്ഷരജ്ഞാനം , പദബോധം, വിജ്ഞാനകോശം ഉപയോഗിക്കൽ , സംവാദങ്ങളിലേർപ്പെടൽ ,ലാബ് ഉപയോഗം , കമ്പ്യൂട്ടറിൽ ടൈപ്പിങ്ങ് , മൊബൈൽ ഉപയോഗം തുടങ്ങിയവ പ്രധാനമാണ്.

    തൊഴിൽ അടിസ്ഥാനമാക്കിയുള്ള നൈപുണികളും [ vocational skills ] നൈപുണികളാണ് [skill] , എന്നാൽ ഇവയുടെ വികാസം പരമപ്രധാനമായിക്കാണുന്നത് വിജ്ഞനനൈപുണികളെ അപ്രധാനീകരിക്കലാവും. ജീവിതാവശ്യത്തിന്ന് തൊഴിൽ പഠനം പ്രധാനമാണ്. അടിസ്ഥാനപഠനത്തിന്ന് ഒപ്പമോ പകരമോ തൊഴിൽപഠനം മുന്നിൽ വരുന്നത് വിദ്യാഭ്യാസത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ ക്ളാസുവരെ വിജ്ഞാനം തന്നെയാവണം ലക്ഷ്യം. പഠിക്കാൻ പഠിക്കലാണവിടെ നടക്കുന്നത്. സ്കില്ലിന്ന് പ്രധാന്യം വരുന്നതോടെ ജ്ഞാനാർജ്ജനവും അതിന്റെ രീതികളും കൈക്കലാക്കുന്നതിന്ന് തടസ്സം നേരിടും.

    മാത്രമല്ല, ചെറിയക്ളാസിലേ തൊഴിൽപഠനം എന്തിന്റെയൊക്കെ പേരിലായാലും അത് മാതാപിതാക്കളുടെ തൊഴിൽ പരിശീലിക്കുന്ന ഒന്നായി മാറും. സ്കൂളിലും വീട്ടിലും അതാവും കുട്ടിക്ക് മികവ് കാട്ടാൻ എളുപ്പമാക്കുക. മികവാണല്ലോ അളക്കുക. പൂന്തോട്ടനിർമ്മാണം, കളിമൺപാത്ര നിർമ്മാണം ,മരപ്പണി, ഇരുമ്പുപണി ,മണ്ണുപരിശോധന , കോഴിവളർത്തൽ ഒക്കെയാണല്ലോ തൊഴിൽപരിശീലനമെന്ന് മനസ്സിലാക്കുന്നത്. അടിസ്ഥാനവിഷയങ്ങൾ ആഴത്തിൽ പഠിക്കാനുള്ള സമയമാണ് ഇതിനൊക്കെ വേണ്ടി ചെലവാക്കപ്പെടുന്നത്.

    സമഗ്രവികാസത്തിലൂടെ നാളെക്കുള്ള പൗരൻമ്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സങ്കല്പ്പം തൊഴിൽ നൈപുണികൾക്ക് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകുന്നതിലൂടെ പൊളിഞ്ഞുവീഴും. തൊഴില്പരമായ വൈദദ്ധ്യം കൊടുക്കേണ്ട ബാധ്യത തൊഴിൽ നൽകുന്നവർക്കാണ്. അപ്പൊഴെ അത് ആവശ്യാധിഷ്ഠിതമായും മെച്ചപ്പെട്ടതുമാവൂ. കമ്പനികൾക്ക് ഹ്യൂമൻഡവലപ്പ്മെന്റ് സംവിധാനങ്ങൾ അവരുടെ പ്ളാനിൽ ഉൾപ്പെട്ടതാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണിത്. സ്കിൽ മുൻകൂട്ടി പഠിച്ചുവെക്കേണ്ട ഒന്നല്ല പലപ്പോഴും.മാത്രമല്ല, സ്കില്ലൊക്കെ പഠിപ്പിച്ച് തൊഴിൽകമ്പോളത്തിലേക്ക് മനുഷ്യവിഭവം നൽകേണ്ടപണിയല്ല പൊതുവിദ്യാഭ്യാസത്തിന്ന് ഉണ്ടാവേണ്ടത്.

    ഇനി , കോഴിവളർത്തൽ, പൂന്തോട്ടനിർമ്മാണം പോലുള്ള സാമ്പ്രദായിക സ്കില്ലുകൾ പഠിച്ച് കുട്ടി ആഗോളപൗരനാവേണ്ടതിനു പകരം പ്രാദേശികമായി കെട്ടിയിടപ്പെട്ടുപോകും. അവളുടെ '' വട്ടം വിട്ടുപോകാൻ കഴിയാതെ വരും. സ്കൂളിങ്ങ് സ്കിൽ ഡവലപ്പ്മെന്റിന്റിൽ ഊന്നിയതുകൊണ്ട് ജ്ഞാനാർജ്ജനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഇല്ലാതായി തന്റെചുറ്റുപാടുകളെ മനസ്സിലാക്കാനോ മെച്ചപ്പെടുത്താനോ വിമർശനാത്മകമായി തിരിച്ചറിയാനോ കെൽപ്പില്ലാത്തവളായി ഒറ്റപ്പെടും.

2 comments:

Sujathaparvathi said...

വളരെ നല്ല വീക്ഷണം മാഷേ.. ചെറുപ്പത്തിലേ തൊഴിൽ പരിശീലനം കുട്ടിയെ ഒതുക്കുന്നതാവരുത്..

Unknown said...

Inganeyum oru face ithinund enathipozhanu orthath .thank u for giving such thinking