04 September 2020

Teacher's Day 2020

 

അദ്ധ്യാപകദിനം 


 

അഛനമ്മമാരെപ്പോലെ ടീച്ചറും ഇപ്പൊഴും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ചില മാതൃകകൾ എന്ന നിലക്കാണ് പലപ്പോഴും സ്വാധീനം. ശാരീരിക വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല , മാനസികവികാസത്തിലും ഈ മോഡൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

വികാസമാതൃകകൾ എപ്പോഴും മാതൃകകൾക്കപ്പുറം എന്ന ആഗ്രഹത്തിലൂടെയാണ് പൂർത്തീകരിക്കുക.അഛനെപ്പോലെ എന്നല്ല, അഛനേക്കാൾ – എന്നാണ് ചിന്തിക്കുക. അപ്പുറത്തേക്കുള്ള വളർച്ച.അത് ഭാവനാത്മകമാണ് . സർഗപരമാണ്. എല്ലാ വികാസത്തിന്റേയും അടിക്കല്ല് ഈ ക്രിയേറ്റിവിറ്റിയാണ്. അപ്പുറത്തേക്ക് കടന്നുനിൽക്കാനുള്ള വെമ്പലാണ്.

കുടുംബത്തിൽ അഛനമ്മമാരും സമൂഹത്തിൽ മുതിർന്നവരും സ്കൂളിൽ ടീച്ചർമാരും ഈ ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കേണ്ടതാണ്. എന്നാൽ സംഭവിക്കുന്നത് അപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തെ 'ഒപ്പ ' മാക്കാനുള്ളതായി മാറുകയാണ്. creativity ക്കല്ല standardization ആണ് സ്ഥാപനപരമായി പ്രധാനം. ചിന്തക്കും പ്രവൃത്തിക്കും പൊതുമാനകങ്ങൾ ഉണ്ട്. അതിനനുസൃതമാക്കുകയാണ് അദ്ധ്യാപികയുടെ കടമ എന്നു തീരുമാനിക്കപ്പെടുന്നു. standardize ചെയ്യുക. ഇതിന്റെ പ്രധാനപണികൾ നടക്കുന്നത് ക്ളാസ്‌‌മുറികളിലാണ്. പിന്നെ സമൂഹത്തിൽ. ക്രിയേറ്റിവിറ്റി ഏറ്റവും കൂടുതൽ കലാവിഷയങ്ങൾക്ക് അപ്രധാനസ്ഥാനവും ഗണിതം ഭാഷ വിഷയങ്ങൾക്ക് സുപ്രധാനസ്ഥാനവും ആണല്ലോ.

ഈയിടെകേട്ട ഒരു കഥയുണ്ട്. ഡ്രോയിങ്ങ്ക്ളാസാണ്. ടീച്ചർ ഇഷ്ടമുള്ള ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാവരും വര തുടങ്ങി . ടീച്ചർ വേണ്ട സഹായം ചെയ്യുന്നുണ്ട്. അതിനിടയിൽ ഒരു പെൺകുട്ടി വരയ്ക്കുന്നത് ശ്രദ്ധിച്ചു. വിചിത്രമായ ഒന്ന്. നീയെന്താണ് വരയ്ക്കുന്നത്?

അവൾ പറഞ്ഞു : ദൈവത്തെ
അതിന്ന് ദൈവത്തിന്റെ രൂപം ആർക്കും അറിയില്ലല്ലോ ഇതേവരെ - ടീച്ചർ

ഉടനെ അവൾ പറഞ്ഞു : ഒരു മിനുട്ട് കഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും. ഇതൊന്ന് പൂർത്തിയാക്കട്ടെ.

ടീച്ചർക്ക് കുട്ടിയോട് വളരെ പ്രിയം ഉണ്ട്. ചിത്രം വര ക്ളാസിൽ കുട്ടി തോൽക്കരുത്. ദൈവത്തിന്റെ ചിത്രം വരച്ച് തെറ്റിയാലോ. തെറ്റും. ശരി എന്താണെന്ന് ടീച്ചർക്കും ഉറപ്പില്ല. കുട്ടി തോൽക്കും. എന്റെ കുട്ടികൾ തോൽക്കരുത്. തെറ്റിനെ പേടിക്കണം. കുട്ടികളുടെ പ്രധാന പേടി തെറ്റിനെയാണ്.

ആദ്യമേ ശരിയാവുന്നത് standard അറിവാണ്. തെറ്റി തെറ്റി തെറ്റി ശരിയിലേക്കെത്തുന്നത് creativity. ആദ്യമേ ശരിയാവണം ക്ളാസിൽ എല്ലാവർക്കും. എന്നാലേ നല്ല ടീച്ചറാവൂ. നല്ല കുട്ടിയാവൂ. സർഗാത്മകത ടീച്ചർക്ക് അലോചിക്കാനേ വയ്യ. തെറ്റരുത്. കലകളൊക്കെതെറ്റി തെറ്റിയാണ് ശരിയാവുന്നത്. സർഗാത്മകത തെറ്റിൽ നിന്ന് ശരിയിലേക്കുള്ള യാത്രയാണ്.

കുട്ടികൾ ജന്മനാ സർഗാത്മകതയുള്ളവരാണ്. സ്കൂളുകൾ അവരെ 'ഒപ്പമാക്കുന്നു '. standardize ചെയ്യുന്നു. എല്ലാവർക്കും ഒരേ മൂല്യമുള്ള അറിവ്. തെറ്റാൻ അനുവാദമില്ല. പഠിപ്പിക്കും. ശരി മാത്രം. അംഗീകാരം മാത്രം. തെറ്റുമോ എന്നാണല്ലോ നമ്മുടേയും പേടി . അല്ലേ ?

സ്കൂളുകളിൽ കണക്ക് ഭാഷ പോലെ പ്രധാനപ്പെട്ടതാകണം കലാപഠനം. അതറിയുന്നവരാകണം അദ്ധ്യാപകർ. പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകണം. തെറ്റി തെറ്റി ശരിയിലേക്ക് എത്തണം. ഇനിയും ശരിയാവണമെന്ന തോന്നലുണ്ടാകണം. അങ്ങനെയാണ് ബുദ്ധിയും ശരീരവും വികസിക്കുക. സ്റ്റാൻഡേർഡ് - ശരാശരി ബുദ്ധിയിൽ നിന്നും ഉയർന്നു പോകുന്ന ബുദ്ധി വികസിക്കണം. ഇതറിയണം നല്ല മാഷാകാൻ


No comments: