27 March 2011

അവധിക്കാലം-പഠനകാലം


അടുത്ത വിദ്യാഭ്യാസവർഷപ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാനായി ഞങ്ങൾ സ്കൂളിൽ കൂടിയിരുന്നപ്പോൾ ഏറ്റവും ആദ്യം ആലോചിച്ചത് അവധിക്കാലം എങ്ങനെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു. വെക്കേഷൻ ക്ലാസും സ്പെഷൽ ക്ലാസും ഒന്നും അല്ലേഅല്ല. പിന്നെന്ത് എന്നായിരുന്നു ആലോചന.
.
വെക്കേഷൻ കാലം കുട്ടിക്ക് പൂർണ്ണമായി സ്വയം ചെലവാക്കാൻ അധികാരപ്പെട്ട കാലം തന്നെ. മധ്യവേനലവധി എന്ന സങ്കൽ‌പ്പം സ്കൂൾകുട്ടിക്കു മാത്രമുള്ളതാണ്. കുട്ടികൾക്ക് മധ്യവേനലവധിയുള്ളതുകൊണ്ട്  രക്ഷിതാക്കൾക്കും അതു പ്രയോജനപ്പെടുത്താനാവുന്നു എന്നു മാത്രം.യാത്രകൾ, കളികൾ, ആഘോഷങ്ങൾ, വിനോദങ്ങൾ എന്നിവയാൽ വേനലറിയാതെ കടന്നുപോകുന്നു. കേവലം കാലാവസ്ഥയിലൂടെയുള്ള
ഒരു പ്രയാണമാണിത്. ഇതു കുട്ടിക്ക് വളർച്ചക്കുള്ള ഒരു ഇടവേള കൂടി ആകേണ്ടതാണ്.
അവധികൾ കുട്ടിക്ക് ഇത്രമേൽ പ്രിയംകരമാവുന്നതിന്ന് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘നിർബന്ധങ്ങളുടെ‘ കെട്ടുകളില്ല എന്നതാണ്. സ്കൂളിൽ അവധിയില്ല. അവധി സ്കൂളിന്ന് പുറത്താണ്. നാമമാത്രമായി സ്കൂളിന്നകത്തുലഭിക്കുന്ന ലിഷർ പീരിയേഡ് ഒരിക്കലും അവധിയുടെ സുഖം നൽകുന്നില്ല.  മറ്റൊരു കാര്യം അവധിയിലെ മികച്ചസ്വാതന്ത്ര്യമാണ്. ഗാർഹികമായ ചെറിയൊരു നിയന്ത്രണം ഉണ്ടെങ്കിലും സ്നേഹസാമീപ്യം കൊണ്ട് അത് ഒരിക്കലും അരോചകമാവുന്നില്ല. അധ്യാപകരുടെ മേൽനോട്ടത്തിലുള്ള പഠനപ്രവർത്തനങ്ങൾ ഒട്ടും തന്നെയില്ല എന്നതും ഒരു കാരണമാണ്. സാമൂഹ്യമായും വ്യക്തിപരമായും ഇനിയും കാരണങ്ങൾ ഉണ്ടാവാം.
മറ്റൊരാളുടെ മേൽനോട്ടത്തിലുള്ള പഠനം, അധിക സ്വാതന്ത്ര്യം, നിർബന്ധങ്ങളില്ലായ്ക എന്നീ മൂന്നു സംഗതികളിലൂന്നി ചെലവഴിക്കപ്പെടുന്ന അവധിക്കാലം എങ്ങനെ പ്രയോജപ്പെടുത്താമെന്നതായിരൂനു ഞങ്ങളുടെ കൂട്ടായ ചിന്ത.
നാമമാത്രമായി ക്ലാസ്മുറിയിൽ ലഭിക്കുന്ന ഒരു ലിഷർ പീരിയേഡ് എങ്ങനെയൊകെ ചെലവഴിക്കുന്നു എന്നു നോക്കുക. അവധിക്കാലത്തിന്റെ ഒരു കൊച്ചു രൂപം തന്നെയാണിത്. ഒന്നോ രണ്ടോ ബെഞ്ച് കേന്ദ്രീകരിച്ചുകൊണ്ടുള്ള കളികൾ തന്നെയാണ് പ്രധാന പരിപാടി. ഈ കളികളൊക്കെയും നാമീപ്പറയുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ തന്നെയാണ്. ഉള്ളടക്കവും പ്രോസസ്സും മൂല്യനിർണ്ണയനവും ഒക്കെ കുട്ടികൾ-ഗ്രൂപ്പ് തന്നെ ആവിഷ്കരിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെയും ഫീഡ്ബാക്കും ഒക്കെ ഇങ്ങനെത്തന്നെ.  കളികൾക്കു പുറമേ വ്യക്തിപരമായ – ഒറ്റക്കുള്ള- പ്രവർത്തനങ്ങൾ-വായന, ചിത്രം, പാട്ട്, എന്നിവയും പതിവുണ്ട്. ഫലപ്രദമായ ഒരു ലിഷർ പീരിയേഡ് കഴിഞ്ഞു പുറത്തുവരുന്ന കുട്ടി മാനസികമായും ശാരീരികമായും ബുദ്ധിപരമായും നല്ലൊരു വളർച്ച നേടിയിരിക്കും എന്നു തീർച്ച.ശരിക്കാലോചിചാൽ ഏഴുപീരിയേഡിൽ ഒരെണ്ണം എന്നും ലിഷർ പീരിയേഡാക്കാൻ നാം തീരുമാനിക്കേണ്ടതാണ്. സ്വതന്ത്രമായി- ഒറ്റക്കും കൂട്ടായും പ്രവർത്തിക്കാനുള്ള ഒരു അവസരം എന്ന നിലയിൽ ഇതു മനസ്സിലാക്കണം.
മാനുഷികമായ ഒരു വ്യവഹാരരീതിവെച്ച് പരിശോധിച്ചാൽ ഒരളിന്റെ ഒരു പ്രവർത്തനം അതിന്ന് മുൻപ് ചെയ്ത ഒരു പ്രവർത്തനത്തിന്റെ സ്വാഭാവികമായ തുടർച്ച ആയിരിക്കും. അല്ലെങ്കിൽ ഇനി ചെയ്യാനുള്ള ഒരു പ്രവർത്തനത്തിന്നുള്ള ഒരുക്കമായിരിക്കും.ഈ സാധ്യതയാണ് അവധിക്കാലം ചെലവഴിക്കുന്നതിൽ നാം പ്രയോജനപ്പെടുത്തേണ്ടത്. സ്കൂളിൽ ഇതു സംഭവിക്കുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. കണക്ക് ക്ലാസ് കഴിഞ്ഞാൽ ഉടനെ ഒഴിവുപീരിയേഡെങ്കിൽ കുട്ടി കണക്കുമായി ബന്ധപ്പെട്ട കളിയൊന്നും കളിക്കുന്നില്ല. അതിന്ന് കാരണം കണക്ക് ക്ലാസിന്റെ അശാസ്ത്രീയതയും- ശിശുസൌഹൃദപരമല്ലാത്ത പ്രവർത്തനങ്ങൾ- അതുമൂലം ഉണ്ടാവുന്ന ജാഡ്യവുമാണ്. ഈ ജാഡ്യത ഒഴിവാക്കാനായാൽ കുട്ടി നിരന്തര പഠിതാവായിരിക്കും. മാത്രമല്ല ഒരു ക്ലാസ്കഴിയുന്നതോടെ അതിന്റെ തുടർച്ച അവശ്യമെന്ന രീതിയിൽ ഒരു വെല്ലുവിളിയും കുട്ടിക്ക് ഉണ്ടാവുന്നുമില്ലല്ലോ. ഇനിയെന്ത്?, എന്തുകൊണ്ട്?, ഇതു മാത്രമാണോ?ഇനിയും മെച്ചപ്പെടുത്താമോ? തുടങ്ങിയ ബുദ്ധിപരമായ ഒരു വെല്ലുവിളിയും ഉണ്ടാക്കാൻ നമുക്കാവുന്നില്ല. അതുകൊണ്ടുതന്നെ കണക്ക് ക്ലാസ് കഴിഞ്ഞാൽ ഉടൻ കുട്ടി ക്രിക്കറ്റ് ബാറ്റുമായി കളിക്കാനിറങ്ങുന്നു. കണക്കിലെ ഒരു കടംകഥ ഉത്തരം ചെയ്യാനോ ചോദിക്കാനോ മാനസികമായി കുട്ടി തയ്യാറാവുന്നില്ല.
ഈ വസ്തുതകൾ ചർച്ച ചെയ്തപ്പോൾ സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ട് ചില പ്രവർത്തനങ്ങൾ ആലോചിച്ചു. ബഹുഭൂരിപക്ഷം കുട്ടികളും സ്കൂൾ സമീപവാസികളാണ് എന്നതുകൊണ്ടുകൂടിയാണിത്.
·         സ്കൂൾ ഗ്രൌണ്ട്, ലാബ്, ലൈബ്രറി എന്നിവ എല്ലാ ദിവസവും ഉച്ചവരെ കുട്ടികൾക്ക് ലഭ്യമാക്കുക
·         വായിക്കാൻ പത്രങ്ങൾ, മാസികകൾ എന്നിവ സംഘടിപ്പിക്കുക
·         കമ്പ്യൂട്ടർ ലാബ് തുറന്നിടുക
·         പ്രശസ്തമായ സിനിമകളുടെ പ്രദർശനം (മുങ്കൂട്ടി അറിയിച്ചുകൊണ്ട്)
·         വായാനുഭവം പങ്കുവെക്കൽ
·         കളികൾ-മത്സരങ്ങൾ
·         കണക്കിന്ന് ഒരു ലാബ് നിർമ്മാണം
·         ചിത്രം വര-പ്രദർശനം
·         ലഘുശാസ്ത്ര പരീക്ഷണങ്ങൾ
·         കവിയരങ്ങ്
·         ശാസ്ത്ര സദസ്സുകൾ
·         ഇംഗ്ലീഷ് –സംഭാഷണ കോർണർ
·         പ്രകൃതി നിരീക്ഷണം-യാത്ര
ഇതു തയ്യാറാക്കുന്നത് അധ്യാപകർ തന്നെ. ഇതിലൊക്കെ കുട്ടികൾ പങ്കെടുക്കുന്നത് പൂർണ്ണമായും ആരുടേയും നിർബന്ധമില്ലാതെ. പങ്കെടുക്കുന്ന കുട്ടികൾ ചെയ്യുന്ന തുടർ പ്രവർത്തനങ്ങൾ തികച്ചും കുട്ടികളുടെ ഇച്ഛക്ക് അനുസൃതമായി. പൂർണ്ണ സ്വാതന്ത്ര്യം.
കുട്ടികളുടെ പങ്കാളിത്തം, ഇടപെടൽ എന്നിവ അധ്യാപകർ നിരീക്ഷിക്കും. ആവശ്യപ്പെടുമ്പോൾ വേണ്ട സഹായം-നിർദ്ദേശങ്ങൾ നൽകും.
നോക്കൂ: അവധിക്കാലം നമ്മുടെ സ്കൂളുകൾ അവധിക്കാലമായിത്തന്നെ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതു തുടർപ്രവർത്തനങ്ങൾക്കുള്ള ഇടവേളകളായി ഫലപ്രദമായി മാറ്റിത്തീർക്കാവുന്നവയാണ്. ഓരോ സ്കൂളിന്റേയും സാധ്യതകൾ പരിശോധിച്ച് അവിടെയുള്ളവർ ഇതുപോലുള്ളവ പ്ലാൻ ചെയ്താൽ കുട്ടികളുടെ അവധിക്കാലങ്ങൾ യഥാർഥ പഠനകാലങ്ങളായി മാറും.

No comments: